കഥ – മൗനപ്രണയം
എന്റെ മൗനം നിന്നോടുള്ള പ്രണയമാണ്.
എന്റെ ഉള്ളിലൂറുന്ന പ്രണയത്തേൻകണങ്ങൾ ഹൃദയരസങ്ങളിൽ ചാലിച്ചെടുത്ത് ആകാശവീഥികളിൽ മഴവില്ലുകൾ നിറയ്ക്കുന്നത് നിന്റെ ഓർമ്മകളാണ്.
എന്റെ കണ്ണുകൾ വികസിക്കുന്ന നിറങ്ങളാണ് ഓർമ്മകളിലെ നിന്റെ കാഴ്ചകൾ. മനസ്സിന്റെ വിഭ്രമാത്മകമായ ചലച്ചിത്ര കാഴ്ചകളാണ് നിന്റെ വാക്കുകൾ.
കാലം എത്രയോ കടന്നുപോയി, എന്നിട്ടും നിന്റെ വാക്കുകൾ എന്റെ മനസ്സിൽ ജ്വലിച്ചുനിൽക്കുന്നത് എന്തുകൊണ്ടാകാം.
അടുത്തകാലത്താണ് നീ കഥകൾ എഴുതുന്നുണ്ടെന്ന് നമ്മുടെ ഒരു സഹപാഠി പറഞ്ഞത്. പുസ്തകത്താളുകളിൽ നീ ഒളിപ്പിച്ചു വെച്ചിരുന്ന അക്ഷരങ്ങൾ മയിൽപ്പീലികൾ ആയിരുന്നെന്നു ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ മയിൽപ്പീലികളെല്ലാം പെറ്റുപെരുകി ഇപ്പോൾ അനേകം കഥകളായല്ലേ.
മലയുടെ മുകളിലേയ്ക്ക് കയറി പാറയിൽ പരസ്പരം ചാരിയിരുന്ന് നിന്റെ കഥകൾ നീ തന്നെ വായിച്ചു കേൾപ്പിക്കണമെന്ന് എനിക്ക് അതിയായ കൊതിയുണ്ട്. ഇപ്പോൾ കൊതിക്കാനല്ലേ കഴിയൂ. ജീവിതം നമ്മളെ എത്രയോ ദൂരെയാക്കിയിരിക്കുന്നു.
ഞാൻ ഏഴാംകടൽ കടന്നുപോകുമെന്നോ നീ ഗൾഫിലെ മരുഭൂമികൾക്കിടയിലുള്ള നഗരത്തിൽ ഒളിക്കുമെന്നോ നാം ഒരിക്കലും കരുതിയിരുന്നില്ലല്ലോ. രണ്ടുപേരും പഠിച്ചു ജോലിനേടി എന്നെങ്കിലും ഒന്നിക്കും എന്ന ഒരു സ്വപ്നം ചിലപ്പോഴെങ്കിലും നാം അറിഞ്ഞോ അറിയാതെയോ കൊണ്ടുനടന്നിരുന്നു.
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും രണ്ടും രണ്ടാണ്. കഥകളും ജീവിതവും രണ്ടും രണ്ടാണ്.
ഇന്നത്തെ സാമ്പത്തിക നിലയൊക്കെ നോക്കുമ്പോൾ നമുക്കൊന്നിക്കാമായിരുന്നു എന്ന് തോന്നും. എന്നാൽ ജീവിതം എങ്ങോട്ടൊക്കെയാണ് നമ്മളെ വലിച്ചുകൊണ്ടുപോയത്.
ഞാൻ ഡൽഹി വഴി അമേരിക്കയിൽ എത്തിയപ്പോൾ, എന്നോട് പറയാതെ നീ പഠനം കഴിഞ്ഞു പിറ്റേന്ന്തന്നെ കുടുംബത്തിന്റെ കടപ്പാടുകൾ തീർക്കാൻ മുംബൈയിലേയ്ക്ക് തീവണ്ടി കയറിയിരുന്നു. പോകുന്നു എന്നൊരു വാക്ക് നിനക്ക് പറയാമായിരുന്നു.
അല്ലെങ്കിലും സത്യങ്ങളിൽനിന്ന് ഒളിച്ചോടുന്നതാണല്ലോ നിന്റെ രീതി.
എന്നെ ഇഷ്ടമാണെന്ന് പഠനകാലത്ത് ഒരിക്കൽപോലും നീ എന്നോട് വാക്കുകൾകൊണ്ട് പറഞ്ഞിട്ടില്ല, പക്ഷേ നിന്റെ കണ്ണുകൾ എന്റെ കണ്ണുകളെ അതെന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അന്നും മൗനമായിരുന്നു നിന്റെ രീതി.
പ്രാരാബ്ധങ്ങളുടെ ഒരു മല അന്നേ നീ ചുമലിൽ ഏറ്റിയിരുന്നു, അതിറക്കിവെക്കാനാണ് നീ മുംബൈയുടെ തിരക്കിലേയ്ക്ക് ഓടി ഒളിച്ചതെന്ന് എന്റെ മനസ്സ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും ഒരു വാക്ക് പറയാമായിരുന്നു. എല്ലാ ഉത്തരങ്ങളും മൗനങ്ങളായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ നമ്മുടെ ഒരു സഹപാഠിയുടെ വീട്ടിൽ നിന്റെ പുസ്തകങ്ങൾ നിരത്തിവെച്ചിരിക്കുന്നത് കണ്ടു. മൈഥിലി, മാലതി, സ്റ്റെല്ല, പത്മ തുടങ്ങിയ പുസ്തകച്ചട്ടകളിലൂടെ കൈകൾ തഴുകിയപ്പോൾ എവിടെയൊക്കെയോ ഞാൻ എന്നെ തിരിച്ചറിഞ്ഞു. അക്ഷരങ്ങളിലൂടെ നിന്റെ പ്രണയം നീ വാരിവിതറിയിരിക്കുന്നു. എല്ലാം മനസ്സിൽ ഒളിപ്പിച്ചുവെയ്ക്കാനേ നിനക്കറിയൂ, ജീവിതത്തിൽ അതെല്ലാം വാരിവിതറി ആഘോഷിക്കാൻ നിനക്കിന്നും അറിയില്ല.
നീ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പ്രണയങ്ങൾ ആണോ കുമ്പസാരങ്ങളായി നിന്റെ കഥാപാത്രങ്ങളിലൂടെ അഴിഞ്ഞാടുന്നത്. അതിൽ എവിടെയൊക്കെയാണ് ഞാനുള്ളത്. അതോ അതെല്ലാം ഞാൻതന്നെയാണോ?
നിന്നെ ഒന്ന് കെട്ടിപ്പിടിച്ചു നിന്റെ കാതുകളിൽ ചോദിക്കണമെന്നുണ്ട്, മുരൻ, നീയിന്നും എന്നെ പ്രണയിക്കുന്നുണ്ടോ?
നീ വെറുതെ ഒന്ന് ചിരിക്കും, നിനക്കുത്തരമുണ്ടാകില്ല.
നിന്റെ മൗനം, വാചാലമായ പ്രണയമാണ്.
@കാവല്ലൂർ മുരളീധരൻ

