ചില പുസ്തകങ്ങൾ നമ്മൾ വായിച്ചു തീർക്കുകയല്ല, മറിച്ച് അവ നമ്മെ വന്നു വായിക്കുകയാണ് ചെയ്യുന്നത്. കൃഷ്ണയുടെ “നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടില്ല, നിന്നോളം ഒരു നിഴലും എന്നെ അലട്ടിയിട്ടില്ല.. ” എന്ന കവിതാസമാഹാരം എനിക്ക് വെറുമൊരു പുസ്തകമല്ല, എന്റെ ഉള്ളിന്റെ ഉള്ളിലെപ്പോഴോ എഴുതപ്പെടാതെ പോയ എന്റെ തന്നെ പല അനുഭവങ്ങളുടെയും താളുകളാണ്.
കൃഷ്ണ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്.. ഒരുപക്ഷേ അതുകൊണ്ടാവാം പുസ്തകത്തെക്കുറിച്ച് ഒരെഴുത്ത് ഇത്രത്തോളം വൈകിയതും. എപ്പോഴും വളരെ പ്രിയപ്പെട്ടതിനെയൊക്കെ നമ്മൾ കുറച്ച് പിന്നിലേക്ക് മാറ്റിവെക്കാറുണ്ടല്ലോ, നെഞ്ചോട് ചേർത്തുപിടിക്കാൻ കുറച്ചുകൂടി സമയം വേണമെന്ന് തോന്നിയിട്ടാവാം അത്.
എത്രയോ നാളുകൾക്ക് മുൻപ് കയ്യിലെടുത്തതാണ് ഈ പുസ്തകം, പക്ഷേ ഇന്നും ഈ വരികൾ എന്നിൽ വായന അവസാനിക്കാതെ തുടർന്നുകൊണ്ടേയിരിക്കുകയാണ്. മാനസികമായി പലവിധ അവസ്ഥകളിലൂടെ കടന്നുപോവുമ്പോൾ, ഉള്ളിലൊരു കനൽ പുകയുമ്പോൾ, അറിയാതെ തന്നെ കൈകൾ വീണ്ടും വീണ്ടും ഈ പുസ്തകത്തിലേക്ക് നീളും. ചിലപ്പോൾ ദൂരയാത്രകളിൽ കൂടെപ്പോരുന്ന പ്രിയപ്പെട്ട തണലായി, ചിലപ്പോൾ ഒരു തനിച്ചിരിപ്പിൽ എന്നോട് മാത്രം സംസാരിക്കുന്ന കൂട്ടുകാരനായി ഈ വരികൾ ഒപ്പമുണ്ട്. പലപ്പോഴും താളുകൾ മറിക്കുമ്പോൾ എന്നെത്തന്നെയാണ് പലപ്പോഴും കാണുന്നത്. ‘ ഇത് എനിക്ക് പറയാനുള്ളതല്ലേ, എന്റെയുള്ളിലെ ഏതോ വിതുമ്പലല്ലേ അവൻ അക്ഷരങ്ങളാക്കി മാറ്റിയത് ‘ എന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്..
മനുഷ്യമനസ്സ് ഏറ്റവും കൂടുതൽ കൊതിക്കുന്നത് സ്നേഹിക്കപ്പെടാനാണ്, ആ സ്നേഹം നിഷേധിക്കപ്പെടുമ്പോഴാണ് ഉള്ളിൽ അസ്വസ്ഥതകളും കലാപങ്ങളും ജനിക്കുന്നത്. “സ്നേഹം നിഷേധിക്കപ്പെട്ട മനുഷ്യരോളം കലാപകാരികൾ വേറെയില്ല ഭൂമിയിൽ” എന്ന് കൃഷ്ണ എഴുതുമ്പോൾ അത് സ്നേഹത്തിനും പ്രതിരോധത്തിനും ഇടയിലുള്ള പച്ചയായ യാഥാർത്ഥ്യമാണ്. വാൻ ഗോഗിന്റെ ഒടുവിലത്തെ ചിത്രവും റൂമിയുടെ അവസാന കവിതയും പോലെ തീവ്രവും ഉന്മാദവും നിറഞ്ഞതാണ് ഇതിലെ ഓരോ വാക്കുകളും..
പ്രണയത്തിന്റെ അതിതീവ്രമായ ആകുലതകൾ പറയുമ്പോൾ, ” നീ നിറഞ്ഞു പോയൊരു പാനപാത്രം, ഒരു തുള്ളി വീണാൽ പോലും നമ്മൾ തൂകുമെന്ന് അവരറിയുന്നില്ലല്ലോ ” എന്ന വരികൾ നമ്മെ ഒരു തരം പ്രണയോന്മാദത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
നമ്മുടെ ഉള്ളിലെ പ്രണയത്തെയും വിരഹത്തെയും മുറിവുകളെയുമൊക്കെ അത്രമേൽ ആഴത്തിൽ കൃഷ്ണ ഇതിൽ തൊട്ടുവിളിക്കുന്നുണ്ട്.
“കേൾക്കാൻ പാടില്ലാത്തത് കേട്ട്, കാണാൻ പാടില്ലാത്തത് കണ്ട്, ഏൽക്കാൻ പാടില്ലാത്തത് ഏറ്റു വാങ്ങിയ” ആ ഉറക്കം നഷ്ടപ്പെട്ട കുട്ടിയുടെ നിസ്സഹായത വായിക്കുമ്പോൾ എന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. സൂചിയില്ലാത്ത ക്ലോക്ക് എന്ന കവിതയിൽ “നീ പോയതിന് ശേഷവും അതേ മുറിയിൽ തന്നെയാണ് ഞാൻ താമസിക്കാറ്… നീയും ലോകവും മാത്രമല്ലേ മുന്നോട്ട് പോവുന്നുള്ളൂ, ഞാൻ ഇവിടെ തന്നെയാണ്” എന്ന് വായിക്കുമ്പോൾ നഷ്ടപ്രണയത്തിന്റെ ആഴവും തനിച്ചാക്കലിന്റെ വേദനയും നെഞ്ചിലേക്ക് നേരിട്ടിറങ്ങും.
വിഷാദവും മരുന്നുകളും അതിനിടയിലെ ജീവിതവും സംസാരിക്കുന്ന “ചിരി ഒരു രാസപ്രക്രിയയാണ്” എന്ന കവിതയിലുമൊക്കെ കാണുന്നത് നമ്മുടെയൊക്കെ ജീവിതത്തിലെ സങ്കീർണ്ണമായ വൈകാരിക നിമിഷങ്ങളാണ്. തോറ്റുപോയതിന് ശേഷം ചിരി ഒരു നീല ഗുളികയായി മാറുന്നതും, ഫ്രിഡ്ജിൽ നിന്ന് പൂർണ്ണചന്ദ്രന്മാരെയെടുത്ത് തണുപ്പിച്ചു കുടിക്കുന്ന റം പോലെ ചിരിയെ ആസ്വദിക്കാൻ ശ്രമിക്കുന്നതുമെല്ലാം വായനക്കാരെ അത്രമേൽ പൊള്ളിക്കുന്ന ഭാവനാനിമിഷങ്ങളാണ്.
സ്വന്തം ഉള്ളിലെ വൈകാരിക പ്രപഞ്ചത്തിനപ്പുറം, ചുറ്റുമുള്ള മറ്റ് മനുഷ്യരുടെ വേദനകളിലേക്ക് കവി കണ്ണോടിക്കുമ്പോഴാണ് ഈ പുസ്തകം കൂടുതൽ ഗൗരവമുള്ള ഒന്നാകുന്നത്. അതിനൊരു ഉദാഹരണമാണ് ‘ജെസ്സിക്ക’ എന്ന കവിത. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും അടിച്ചമർത്തലുകൾക്കും ഇരയായി ഒടുവിൽ കയറിൽ ജീവനൊടുക്കേണ്ടി വന്ന ജെസ്സിക്കയുടെ കഥ പറയുമ്പോൾ, അവളോടൊപ്പം ചേർന്നുനിന്ന ഓർമ്മകളുടെ ആഴം നമ്മെ പിടിച്ചുലയ്ക്കും. “ആണും പെണ്ണും കെട്ടതാണോ” എന്ന് ചോദിക്കുന്ന ലോകത്തോട് “ആണും പെണ്ണും തെളിഞ്ഞത്” എന്ന് കൃഷ്ണ തിരുത്തുമ്പോൾ, അവിടെ വ്യക്തിപരമായ പ്രണയത്തിനപ്പുറം വലിയൊരു അനുകമ്പയും പ്രതിരോധത്തിന്റെ രാഷ്ട്രീയവുമാണ് തെളിയുന്നത്.
അതിജീവനത്തിന്റെയും വഞ്ചനകളുടെയും വിരഹത്തിന്റെയുമൊക്കെ അനേകം നിഴലുകൾ വീണുകിടക്കുന്ന ഒരു വലിയ ലോകമാണിത്. ഉള്ളിൽ സ്നേഹത്തിന്റെ ഒരു വസന്തവും നോവിന്റെ നിഴലുകളും ഒരേപോലെ സൂക്ഷിക്കുന്നവർക്ക് ഈ പുസ്തകം വലിയൊരു അനുഭവമായിരിക്കും. എനിക്കിത് വെറുമൊരു കവിതാസമാഹാരമല്ല, താളുകൾ മറിയുമ്പോഴൊക്കെ എന്നെത്തന്നെ തൊട്ടറിയുന്ന എന്റെ പ്രിയപ്പെട്ടവന്റെ ഹൃദയമിടിപ്പാണ്…
അതെ, ചില വരികൾ അങ്ങനെയാണ്.. വായന കഴിഞ്ഞാലും ഉള്ളിലൊരു കടലായി ഇരമ്പിക്കൊണ്ടേയിരിക്കും..
#booklovers #bookreview #malayalamliterature


1 Comment
അഞ്ജലിയുടെ book reviews വായിക്കുമ്പോൾ മനോഹരമായ ഒരു കവിത വായിക്കുന്ന സുഖമാണ്
ആശംസകൾ സ്നേഹം❤️❤️❤️