കേരളത്തിലെ സാമൂഹ്യജീവിതത്തിന്റ താളം എവിടെയോ തെറ്റിയിരിക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ദിവസവും ഇടിത്തീ പോലെ നമ്മിലേക്ക് കൊണ്ടുവരുന്നത് ആത്‍മഹത്യകളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണെന്നത് എത്രയോ ദു:ഖകരമാണ്.
കേരളത്തിൽ ആത്‍മഹത്യാ നിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനു പല കാരണങ്ങളും കണ്ടെത്തി ചെറുവിരൽ പോലും അനക്കാതെ ഇരുന്ന്, പുതിയ പുതിയ കേസുകൾ വരുന്നത് നിസംഗതയോടെ കണ്ട് കാലം കഴിക്കുന്ന ഒരു ജനത.
കൊച്ചു കൊച്ചു തോൽവികളിലും ഒറ്റപ്പെടലുകളിലും മനമിടിഞ്ഞു സ്വയം തീർക്കുന്ന തുരുത്തുകളിൽ ഒതുങ്ങിക്കൂടി, ജീവിതത്തിലും മറ്റുള്ളവരുടെ മുന്നിലും തോറ്റു എന്ന് സ്വയം കരുതി, മരണത്തിൽ അഭയം കണ്ടെത്തുന്നവർ… ജീവന്റെ വില എന്തെന്ന് മനസ്സിലാക്കാതെ, സ്വന്തം മരണത്തിനു പുറമേ കൂടെയുള്ള ഉറ്റവരുടെ മരണവും കൂടി ഉറപ്പാക്കുന്നവർ…
തൊട്ടടുത്ത നിമിഷം മരിക്കുകയാണെന്നു മനസ്സിലാകാതെ മരണത്തിന് കീഴടങ്ങുന്ന ജീവിതപങ്കാളിയും കുഞ്ഞുങ്ങളും. “ഞാൻ ഇല്ലെങ്കിൽ അവർ എങ്ങനെ ജീവിക്കും ” എന്ന കരുതൽ… അല്ല… ഇത് കരുതലല്ല.. തികഞ്ഞ സ്വാർത്ഥത. “വാ കീറിയവൻ ഇര നൽകും.” എന്നൊരു പഴഞ്ചൊല്ല് തന്നെ ഉണ്ടല്ലോ. മാതാപിതാക്കൾ ഇല്ലാത്ത എത്രയോ കുഞ്ഞുങ്ങൾ ഇവിടെ ജീവിക്കുന്നു?
ജീവിതത്തിന്റെ സ്വപ്‌നങ്ങൾ ചെറുതിലേ തന്നെ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങൾ… മരണത്തിനു മുന്നിൽ നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്ന ഉറ്റവർ… ഒരു തെറ്റും ചെയ്യാത്തവർ…. ഒരു തിരഞ്ഞെടുപ്പിന് പോലും സാവകാശം കിട്ടാതെ, അവർ പോലും അറിയാതെ മരണത്തിലേക്ക് വഴുതി വീഴ്ത്തപ്പെടുന്നു.
ഇതിനു പുറമേ പരസ്പരം തോൽപ്പിക്കാൻ വേണ്ടി സ്വജീവനും കുഞ്ഞുങ്ങളുടെ ജീവനും എടുക്കാൻ ശ്രമിക്കുന്ന ദമ്പതികളും ധാരാളം.മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ, അത് ഏറ്റവും പ്രിയപ്പെട്ട പങ്കാളിയുടെയോ സ്വന്തം കുഞ്ഞുങ്ങളുടെയോ ആയാൽ പോലും ജീവനിൽ ഇടപെടുന്നതിനു ഒരു പരിധി ഒക്കെ ഉണ്ട് എന്ന് നാം എന്ന് മനസ്സിലാക്കും?
ഓരോ ആത്മഹത്യ വാർത്തകൾക്കും, അത് ഒരു വ്യക്തിയുടെ ആത്‍മഹത്യയോ, അല്ല കൂട്ട ആത്‍മഹത്യകളോ, ഏതായാലും ഒന്നോ രണ്ടോ ദിവസത്തെ വാർത്താ പ്രാധാന്യമേ കിട്ടുന്നുള്ളു.അതിനു ശേഷം നാം അത് സൗകര്യപൂർവം മറക്കുന്നു. ചുരുക്കത്തിൽ ഒരു സാമൂഹിക പഠനത്തിന്റെ പ്രസക്തിയെ കുറിച്ച് ചിന്തിക്കാൻ നാം താമസിച്ചു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ.
സ്വയം സ്നേഹിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിൽ എന്തെങ്കിലും പോരായ്മകൾ വന്നാൽ പോലും അവനവനോട് തന്നെ ക്ഷമിക്കാനും സാധിക്കണം. അപ്പോൾ മറ്റുള്ളവരോടും ക്ഷമിക്കാനും അവരെ സ്നേഹിക്കാനും സാധിക്കും. ജീവിതത്തിൽ തോറ്റു പോയി എന്ന് ചിന്തിക്കുന്നവർ, ഈ ലോകം വിജയിക്കുന്നവരുടേതു മാത്രമല്ല എന്ന് മനസ്സിലാക്കുന്നില്ലല്ലോ. ചരിത്രം പലപ്പോഴും വിജയിച്ചവരുടെ ഗാഥകൾ ആയിരിക്കും പാടിയിട്ടുള്ളത്. പക്ഷേ തോറ്റവരും ഇവിടെ ജീവിച്ചിരുന്നു.വിവേകം വികാരത്തിനു വഴി മാറരുത്.
ആധുനിക കാലത്തിലുള്ളത് പോലെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും കുറവായിരുന്ന കാലത്തിൽ ജീവനെയും ജീവിതത്തെയും മുറുകെപ്പിടിച്ചവരെ ശിരസ്സാ നമിക്കേണ്ടിയിരിക്കുന്നു.
പലപ്പോഴും ഒരു നിമിഷത്തെ വികാരത്തള്ളിച്ചയായിരിക്കും ബുദ്ധിശൂന്യമായ തീരുമാനത്തിലേക്കെത്തിക്കുന്നത്. ആ ഒരു നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ സമചിത്തത വീണ്ടെടുക്കാൻ കഴിയും. ഏതവസ്ഥയിലും നമ്മെ നിരുപാധികം ചേർത്തുപിടിക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ടല്ലോ. അവയിലേക്ക് വല്ലപ്പോഴുമെങ്കിലും ഹൃദയവും മനസും ഇട്ടു കൊടുക്കുക..
വാക്കുകളാൽ മുറിവേൽക്കപ്പെടുന്നതും ക്രൂശിക്കപ്പെടുന്നതും മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്. അന്ന് മുതൽ മു റിവേൽക്കപ്പെട്ടവർ എല്ലാം സ്വയം നശീകരണത്തിന് മുതിർന്നിരുന്നുവെങ്കിൽ ഈ ലോക ചരിത്രം എങ്ങനെയായേനെ?
കൂട്ട ആത്‍മഹത്യകളിലെ പ്രധാന വില്ലൻ മിക്കപ്പോഴും സാമ്പത്തിക ബാധ്യത കളായിരിക്കും. ഒറ്റയ്ക്കുള്ളവയ്ക്ക് പങ്കാളിയുടെ സ്വഭാവദൂഷ്യങ്ങളും, സ്ത്രീധനപീഡനങ്ങളും, പ്രണയ നൈരാശ്യങ്ങളും മറ്റുള്ളവരുടെ അധിക്ഷേപങ്ങളും ഭീഷണികളും ഒക്കെ കാരണമാകുന്നതായി കാണാം. ഇതിനു പുറമേ ആണ് മദ്യപാനവും വിഷാദരോഗങ്ങളും മറ്റ് മാനസിക രോഗങ്ങളും കടന്നു വരുന്നത്.
പണ്ട് കൂട്ടുകുടുംബങ്ങളായിരുന്ന കാലത്ത്, പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥകൾ കുറവായിരുന്നു. പരസ്പരം താങ്ങാകുവാൻ ആരെങ്കിലും ഒക്കെ ഉണ്ടാകുമായിരുന്നു. സാമൂഹിക വ്യവസ്ഥകൾ മാറി അണു കുടുംബങ്ങളിലേക്ക് നാം ചേക്കേറിയപ്പോൾ എല്ലാവരും അവരവരിലേക്ക് ഒതുങ്ങിക്കൂടി.
ഒന്ന് തുറന്നു സംസാരിക്കുവാനോ ഒരു അഭിപ്രായം ചോദിക്കുവാനോ ആരുമില്ല. ഒന്ന് ചേർത്തുപിടിക്കുവാനോ ഗുണകരമായ ഇടപെടലുകൾ നടത്താനോ ആർക്കും തന്നെ താല്പര്യമില്ല.മറ്റുള്ളവരുടെ ‘സ്വകാര്യതയെ ‘ മാനിക്കണമല്ലോ എന്നുള്ള ന്യായവും.
ആത്‍മഹത്യകൾക്കു പുറമേ കുറച്ചു കാലം മുമ്പ് മുതൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരുന്ന ഒന്നാണ് നടുറോഡുകളിലെ കൊലപാതകങ്ങൾ. പ്രണയിച്ചു കൊണ്ടിരിക്കുന്നവർ… ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാർ ഒക്കെ ആ പ്രണയത്തിന്റെയും ഇഷ്ടത്തിന്റെയും തിളക്കത്തിന് മങ്ങലേൽക്കുമ്പോൾ, അല്ലെങ്കിൽ രണ്ട് പേരിൽ ഒരാൾ ആ ബന്ധത്തിൽ നിന്ന് പിൻവാങ്ങാൻ താല്പര്യപ്പെടുമ്പോൾ മറ്റേ ആൾ, കടുത്ത അസഹിഷ്ണുതയും നശീകരണ പ്രവണതയും കാണിക്കുന്നത് ദിവസേന എന്നോണം നാം കണ്ടുകൊണ്ടിരുന്നു .
ഒരു ജീവൻ എടുക്കാനല്ലാതെ ജീവൻ കൊടുക്കാൻ നിസ്സാരനായ മനുഷ്യന് സാധിക്കില്ലല്ലോ. മഹാകവി ചങ്ങമ്പുഴയുടെ രമണനിൽ നിരാശകാമുകനായ നായകൻ ആത്‍മഹത്യ ചെയ്യുമ്പോൾ, ചെമ്മീനിലെ കാമുകൻ വിരഹഗാനം പാടി കടപ്പുറത്തു കൂടി അലഞ്ഞു തിരിയുകയാണ് .
ഈ കാമുകന്മാർ പ്രണയിക്കുന്നവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നതുകൊണ്ട് അവർക്ക് ഒരു ദോഷവും വരാൻ ആഗ്രഹിച്ചിരുന്നില്ല.അവരുടേത് ദിവ്യമായ പ്രണയം ആയിരുന്നു. വേദനയോടെയെങ്കിലും പ്രണയിനിയുടെ ജീവിതത്തിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയായിരുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഒരു കവിതയിൽ.. തന്നെ വിട്ടിട്ട് വേറെ വിവാഹം കഴിക്കുന്ന കാമുകിയ്ക്ക് എത്ര ഉദാത്തമായിട്ടാണ് കാമുകൻ മംഗളങ്ങൾ നേരുന്നത്…. ആ പുണ്യ ദാമ്പത്യ വർണ്ണവല്ലരിയിൽ ആയിരം മുകുളങ്ങൾ ജനിക്കട്ടെ എന്നാണ് ആശംസിക്കുന്നത്..
പക്ഷേ ഈ കാലഘട്ടത്തിൽ അങ്ങനെ അല്ല…. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്നാണ് ചിന്താഗതി.മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.
എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് ശക്തമായി മനസ്സിൽ ഉറപ്പിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ യഥാർത്ഥത്തിൽ ഉള്ളു. റിയാലിറ്റിയെ അതായിട്ട് തന്നെ സ്വീകരിക്കുക. നല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമീപ്യവും കരുതലും തേടണം. മറ്റേവ്യക്തിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കാൻ ശ്രമിക്കാം. ‘നോ’ പറയുന്നവരെ ഇല്ലാതാക്കുകയും സ്വയം നശീകരണത്തിനു മുതിരുകയും ചെയ്യുമ്പോൾ തകരുന്നത് രണ്ട് വ്യക്തികൾ മാത്രമല്ല, രണ്ട് കുടുംബങ്ങൾ കൂടി ആണ്.
വീടുകൾക്കുള്ളിലെ അന്ത:ച്ചിദ്രങ്ങൾ സ്വന്തം രക്തത്തെയും ഏറ്റവും പ്രിയപ്പെട്ടവരെ തന്നെയും ഇല്ലാതാക്കാനും ശേഷം സ്വയം ഇല്ലാതാകാനും തുനിയുമ്പോൾ വിറങ്ങലിച്ചുനിൽക്കാനേ സമൂഹത്തിനു കഴിയുന്നുള്ളു എന്നത് ഏറെ ദുഃഖകരമാണ്.
ഇങ്ങനെ സ്വയം മരിച്ചും കൊന്നും ഇരിക്കുന്ന ഒരു സമൂഹത്തിൽ നിന്നും മാറണ്ടേ നമുക്ക്.
ഇന്ന് മൈത്രി പോലുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടെങ്കിലും ആത്മഹത്യ പ്രവണത ഉള്ളവരെ തിരിച്ചറിഞ്ഞ് അവിടെ വരെ എത്തിക്കാൻ നല്ല പ്രവർത്തനം ആവശ്യമാണ്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും മറ്റ് എൻ ജി ഓ കൾക്കും വാർഡ് തലം മുതലേ കൂടുതൽ ഗുണപരമായി പ്രവർത്തിക്കാൻ സാധിക്കും.
എങ്കിലും അതിലേറെ ഗുണകരമായി പ്രവർത്തിക്കാൻ കഴിയുന്നത് സാമുദായിക സാമൂഹിക സംഘടനകൾക്ക് ആണ്. റെസിഡൻസ് അസോസിയേഷനുകൾ പലയിടത്തും ഗുണകരമായി ഇടപെടുന്നുണ്ട് എന്നുള്ളത് വളരെ ആശ്വാസകരമാണ്. കുടുംബ കൂട്ടായ്മകൾ ഉള്ള സമൂഹങ്ങൾക്ക് വളരെ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന ഒരു മേഖലയാണിത് എന്നു പറയാതെ വയ്യ.
സങ്കടങ്ങളിൽ അകപ്പെട്ട .. പ്രകാശം കെട്ടുപോയ മനസ്സുകളെ തിരിച്ചറിയാനും സഹായിക്കാനും ഉള്ള ഉത്തരവാദിത്തം എല്ലാ ‘മനുഷ്യർ’ക്കുമുണ്ട്.
വൈകാരികമായ പ്രശ്നങ്ങളെ ഒറ്റക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ വിദഗ്ധരുടെ സഹായം തേടുന്നതിൽ എന്തിനാണ് വൈമനസ്യം?
അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും പെട്ടെന്ന് പോകേണ്ടി വരുന്നവർ ഇവിടെ ഒരു ജന്മം കൂടി കൊതിക്കുമ്പോൾ ഈ മനുഷ്യർ ഈ സുന്ദരതീരത്തെ വാസം പെട്ടെന്ന് അവസാനിപ്പിച്ച് എങ്ങോട്ടാണ് ഇത്ര ധൃതിയിൽ പോകുന്നത്? പരിചിതമല്ലാത്ത, കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ലോകത്തിലേക്ക്, ഇപ്പോൾ ജീവിക്കുന്ന ഈ പറുദീസ ഉപേക്ഷിച്ചു പോകാൻ എന്താണ് ഇത്ര തിടുക്കം?
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
കണ്ണു തുറപ്പിക്കുന്ന എഴുത്ത്. ഇത്തരം എഴുത്ത് എല്ലാവരും ഹൃദയത്തിനോടു ചേർത്തുവെച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.👏
Thank you