“എന്റെ പൊന്നു പപ്പേട്ടാ… ഒന്ന് അനങ്ങി അനങ്ങി കേറി വാ… പൊള്ളുന്ന വെയിലാ ഇവിടെ…”
നല്ല ഉയരമുള്ള ആ കെട്ടിടത്തിന്റെ മുകളിലേക്ക് ഏണിയിലൂടെ ഓരോ ചുവടും സൂക്ഷിച്ച് വലിഞ്ഞുകയറുന്ന പപ്പേട്ടനെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു.
ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരുന്നു പൈപ്പിംഗ് പണി നടക്കുന്നത്. ചുട്ടുപഴുത്ത ഇരുമ്പുകമ്പികൾ തലങ്ങും വിലങ്ങും കിടക്കുന്നു. താഴെനിന്ന് അടിച്ചുകയറുന്ന ചൂടും മുകളിൽ തലപൊള്ളിക്കുന്ന സൂര്യന്റെ കാഠിന്യവും ചേർന്ന് മുഖം കരുവാളിച്ച് ചുവന്നിരുന്നു. ലിഫ്റ്റിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. അതുകൊണ്ട് മുകളിലേക്കുള്ള ഏക ആശ്രയം ആ നീണ്ട ഏണിയായിരുന്നു.
ഓരോ ചുവടും ഒരു അപകടസാധ്യത… ഓരോ ദിവസവും ജീവൻ പണയം വെച്ചുള്ള അധ്വാനം… അങ്ങനെയാണ് എത്രയോ മനുഷ്യർ അവരുടെ കുടുംബങ്ങളുടെ സ്വപ്നങ്ങൾ ചുമന്നുകൊണ്ട് ജീവിക്കുന്നത്.
വെയിലേറ്റ് കണ്ണുകൾ ചിമ്മിക്കൊണ്ട് പപ്പേട്ടൻ മുകളിലേക്ക് എന്നെ നോക്കി.
“എടാ… മക്കളേ… എനിക്ക് രണ്ട് പെമ്പിള്ളേരാ… അവരുടെയൊക്കെ കല്യാണം കൂടും മുമ്പേ എന്നെ നീ കൊലയ്ക്ക് കൊടുക്കോ? അവരുടെ കല്യാണം കാണാൻ സമ്മതിക്കില്ലേ..?”
മുഖത്ത് ക്ഷീണമുണ്ടായിരുന്നെങ്കിലും മുൻപോട്ടൊന്ന് ശ്വാസം വലിച്ചെടുത്ത് ഏണിയിൽ ഒന്ന് നിന്ന ശേഷം പപ്പേട്ടൻ എന്നെ നോക്കി ചിരിച്ചു. ഞാനും.
മുകളിലേക്ക് ശ്വാസം വലിച്ച് കയറി വന്ന പപ്പേട്ടൻ ഞാൻ കൊടുത്ത വെള്ളക്കുപ്പി തുറന്ന് വെള്ളം മടമടാ കുടിച്ചു.
ഉച്ചയ്ക്ക് ചോറ് കഴിക്കാനായി താഴെ മരത്തിൻ്റെ തണലിന് ചുറ്റും കൂടുന്നത് വരെ കഠിന പണിയായിരുന്നു. പൊരിഞ്ഞ വെയിലും ചൂട് കമ്പിയും ഒക്കെയായി ശരീരവും മനസും നന്നേ ക്ഷീണിച്ചു. എങ്കിലും ജീവിക്കാൻ ഇത് താങ്ങേണ്ടത് എൻ്റെ കൂടി ആവശ്യമാണല്ലോ എന്ന് കരുതി വിയർത്ത് പണിയെടുത്തു.
കയ്യും കാലും കഴുകി ആഹാരത്തിന് മുന്നിൽ ചെന്ന് നിന്നപ്പോൾ വല്ലാത്ത വിശപ്പുണ്ടായിരുന്നു. പപ്പേട്ടൻ എനിക്കുള്ള പങ്ക് ഒരു വശത്തേക്ക് നീക്കി വച്ച് കഴിക്കാൻ തുടങ്ങി. ഞാൻ അമ്മ കെട്ടിത്തന്ന പൊതിച്ചോറ് അഴിച്ചു. രണ്ടു പേരും കൂടി പങ്ക് വച്ച് കഴിക്കുന്നതിനിടയിൽ അദ്ദേഹം തൻ്റെ പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്നു.
“എടാ… എനിക്ക് രണ്ട് പെമ്പിള്ളേരാ…
മൂത്തവൾ നഴ്സിംഗ് പഠിക്കുവാ… ഇളയവൾ ഡിഗ്രിക്കും. അവരെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണം. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം.
ഗൾഫിൽ കിടന്ന് വർഷങ്ങളോളം ചോര നീരാക്കി പണിയെടുത്തു. കടങ്ങളൊക്കെ വീട്ടി… സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞ് വീടും വച്ചു. അതോടെ ജീവിതം ഒന്ന് പച്ചപിടിക്കുമെന്നാ കരുതിയത്.
പക്ഷേ ഓരോ കടം തീരുമ്പോഴും പുതിയ ചിലവുകൾ വാതിൽക്കൽ കാത്തുനിൽക്കും.
വീട്ടിൽ ആണെങ്കിൽ അവരുടെ അമ്മയ്ക്ക് സുഖമില്ല. മരുന്നിനും ആശുപത്രിക്കും തന്നെ നല്ലൊരു തുക വേണം. ഇതൊക്കെ കഴിഞ്ഞിട്ട് മക്കളുടെ പഠിപ്പും… കല്യാണവും…
അതുകൊണ്ടാ ഈ വയസ്സിലും വയ്യാഞ്ഞിട്ടും ഈ ഏണിയിലും തൂണിലും ഒക്കെ വലിഞ്ഞു പിടിച്ചു കയറുന്നത്.
എടാ… എനിക്ക് ഇപ്പോൾ മരിക്കാൻ പോലും പറ്റില്ല…
എന്റെ പെൺമക്കൾ രണ്ടുപേരും സ്വന്തം കാലിൽ നിൽക്കുന്നതും, അവരുടെ കൈ പിടിച്ച് നല്ല വീട്ടിലേക്കയക്കുന്നതും കണ്ടിട്ടേ എനിക്ക് കണ്ണടയ്ക്കാൻ പറ്റൂ.
അത് വരെ ഈ ശരീരം താങ്ങുന്നിടത്തോളം പണിയെടുക്കും.”
അയാളുടെ കണ്ണ് നിറയുന്നത് കണ്ട് എനിക്കും വേദന തോന്നി.
കൈയിലെ ചോറ് വായിലേക്ക് വയ്ക്കാൻ എനിക്കും തോന്നിയില്ല. ജീവിതത്തിൽ എത്ര വലിയ ഭാരം ചുമന്നാലും, സ്വന്തം പ്രാരാബ്ധങ്ങൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നിടാൻ അധികമാരും ഇഷ്ടപ്പെടാറില്ല. പക്ഷേ ചില മനുഷ്യർക്ക് നെഞ്ചിലെ ഭാരം കുറയ്ക്കാൻ ഒരാൾ കേൾക്കാൻ ഉണ്ടെങ്കിൽ അതൊരു ആശ്വാസമാണ്.
ചോറ് ഉണ്ടു കഴിഞ്ഞു കുറച്ച് നേരം വിശ്രമിക്കാനായി ആ മരത്തണലിൽ തന്നെ കയ്യിലുള്ള തോർത്ത് എടുത്ത് തലയിണയാക്കി കുറേനേരം കിടന്നു.
പപ്പേട്ടൻ ചെറുതായി ഒന്ന് മയങ്ങിയെന്ന് തോന്നുന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
അഭിരാമിയാണ്. ഊണ് കഴിഞ്ഞ് വിശ്രമിക്കുന്ന നേരം അവൾക്കറിയാം. ഇങ്ങനെയൊരു വിളിയും പതിവാണ്.
“എന്താടാ കണ്ണാ…?”ഞാൻ ഫോണെടുത്തതും അപ്പുറത്ത് നിന്ന് അഭിരാമിയുടെ പരിഭവം നിറഞ്ഞ ശബ്ദം.
“അയ്യോടാ… എന്തൊരു സ്നേഹം! ഇന്നലെ വിളിക്കാമെന്ന് പറഞ്ഞിട്ട് പോയ ആളാണ്. ഇന്നീ നേരം വരെ ഒരു വിളിയുമില്ല. ഞാൻ ഇങ്ങോട്ട് വിളിച്ചപ്പോഴോ ഒരു പുന്നാരവും… മോനേ അനൂപേ… കളിക്കല്ലേ.”
ഞാൻ പൊട്ടിച്ചിരിച്ചു.
അവളായിരുന്നു എന്റെ ലോകം. ജീവിക്കാൻ ഒരു കാരണമുണ്ടെങ്കിൽ പോലും അത് അവളായിരുന്നു.
കുറച്ചുനേരം സംസാരിച്ച് അവളുടെ പിണക്കമെല്ലാം മാറ്റി ഫോൺ വച്ചു. തിരിഞ്ഞുനോക്കിയപ്പോൾ പപ്പേട്ടൻ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു.
“എന്താ പപ്പേട്ടാ…?” ഞാൻ ആശങ്കയോടെ ചോദിച്ചു.
അദ്ദേഹം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരി പാതിവഴിയിൽ മാഞ്ഞുപോയി.
“ഒന്നുമില്ലെടാ… എന്റെ മോളെ ഓർത്തുപോയതാ…
ജീവിതം ആസ്വദിക്കേണ്ട പ്രായമല്ലേ അവൾക്ക്. പക്ഷേ എന്റെ മോള്… പഠിത്തവും വീട്ടിലെ ജോലിയും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും എല്ലാം അവളാ നോക്കുന്നത്.
അതും പോരാഞ്ഞിട്ട് വൈകുന്നേരം പിള്ളേർക്ക് ട്യൂഷൻ എടുത്താ സ്വന്തം പഠിപ്പിനും വീട്ടിലെ ചില ചെലവുകൾക്കും സഹായിക്കുന്നത്.
ഒരിക്കൽ പോലും ഒരു പുതിയ ഡ്രസ് വേണമെന്ന് പറഞ്ഞിട്ടില്ല… എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് വാശിപിടിച്ചിട്ടില്ല… എപ്പോഴും പറയുന്നത് ഒറ്റ കാര്യമാ…
‘അച്ഛൻ സൂക്ഷിച്ച് പണിയെടുത്താൽ മതി…’
അത് കേൾക്കുമ്പോഴാ നെഞ്ച് പൊട്ടുന്നത്.
ഈ വയസ്സിൽ അവൾ ചിരിക്കേണ്ട സമയത്താണ് ജീവിതത്തിന്റെ ഭാരം ചുമക്കുന്നത്.”
പപ്പേട്ടൻ അത്രയും പറഞ്ഞ് മിണ്ടാതെയായി.
എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.
അദ്ദേഹത്തെ സഹായിക്കണമെന്ന് മനസ്സ് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ആ ആഗ്രഹത്തേക്കാൾ വലുതായിരുന്നു എന്റെ നിസ്സഹായത. സ്വന്തം പ്രാരാബ്ധങ്ങളുടെ കൂട് കൂട്ടി, അതിനുള്ളിൽ സ്വയം പൂട്ടിയിട്ട ജീവിതമായിരുന്നു എന്റേത്. ദിവസവും പണിയെടുത്ത് ജീവൻ മുന്നോട്ടു തള്ളുന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.
ഈ കോൺട്രാക്റ്റ് പണി കഴിഞ്ഞാൽ ഞാൻ മറ്റൊരു സൈറ്റിലേക്ക് പോകും. പപ്പേട്ടൻ മറ്റെവിടെയെങ്കിലും പണിക്കിറങ്ങും. ഒരുപക്ഷേ, ഈ ജീവിതത്തിൽ ഇനി ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടുമുട്ടിയേക്കില്ല. എന്നാലും ഈ മനുഷ്യനും അയാളുടെ ദയനീയതയും നിഷ്കളങ്കതയും മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
കുറെക്കാലം കൂടി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
കോൺട്രാക്ട് പണി കഴിഞ്ഞതും എൻ്റെ ഓണർ എന്നെ മറ്റൊരു സൈറ്റിലേക്ക് പറഞ്ഞു വിട്ടു.
പോകുന്ന ദിവസം കൈപിടിച്ച് യാത്ര പറഞ്ഞപ്പോൾ പതിവ് ചിരിയോടെ അദ്ദേഹം പറഞ്ഞു.
“എടാ…പറ്റിയാൽ വീണ്ടും കാണാം… ഇല്ലെങ്കിൽ ദൈവം നിന്നേം എന്നേം കാത്തോളും…”
ഞാനും ചിരിച്ചു. “പപ്പേട്ടൻ ആദ്യം മക്കളുടെ കല്യാണം നടത്തുമ്പോൾ എന്നെ വിളിക്കണം എന്നിട്ട് മധുരം വാങ്ങിത്തരണം.”
“അതൊക്കെ നടക്കുംടാ…” എന്ന് പറഞ്ഞ് അദ്ദേഹം കണ്ണുകൾ നിറഞ്ഞ് ചിരിച്ചു.
ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കണം.
പുതിയ സൈറ്റിൽ പണിയെടുക്കുന്നതിനിടയിലാണ് പഴയൊരു സഹപ്രവർത്തകന്റെ ഫോൺ വന്നത്.
“അനൂപേ… നമ്മുടെ പപ്പേട്ടൻ…”
അവന്റെ ശബ്ദം ഇടറി.
“എന്താ…?”
“അദ്ദേഹം പോയെടാ…”
ഒരു നിമിഷം എന്റെ കൈയിലിരുന്ന ചുറ്റിക താഴെ വീണു.
“എന്താ പറഞ്ഞത്…?”
“പുതിയ സൈറ്റിൽ… മുകളിലിരുന്ന് പണിയെടുക്കുമ്പോൾ കാൽ വഴുതി താഴെ വീണു… ആശുപത്രിയിലെത്തിക്കും മുമ്പേ…”
ബാക്കി കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഫോൺ കൈയിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ ഞാൻ മുറുകെ പിടിച്ചു.
കണ്ണിന് മുന്നിൽ തെളിഞ്ഞത് ആ നീണ്ട ഏണിയായിരുന്നു…
പൊള്ളുന്ന വെയിലിൽ വിയർത്ത് കയറിയ ആ മനുഷ്യൻ…
“എനിക്ക് ഇപ്പോൾ മരിക്കാൻ പോലും പറ്റില്ലെടാ…” എന്ന് വിറച്ച ശബ്ദത്തിൽ പറഞ്ഞ ആ അച്ഛൻ…
എല്ലാം ഒരൊറ്റ നിമിഷത്തിൽ മനസ്സിലൂടെ കടന്നുപോയി.
എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല.
രണ്ട് പെൺമക്കളുടെ തണലായിരുന്നു ആ വീണത്.
രോഗിയായ ഒരു ഭാര്യയുടെ ആശ്രയമായിരുന്നു ഇല്ലാതായത്.
ഒരു വീടിന്റെ വിളക്കായിരുന്നു അണഞ്ഞത്.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ആകാശത്തേക്ക് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല.
നിരന്ന് നിന്ന കെട്ടിടങ്ങൾ എന്നെ ഭയപ്പെടുത്തി.
ആകാശം തൊടാൻ മനുഷ്യർ കെട്ടിടങ്ങൾ പണിയുന്നു.
പക്ഷേ പലപ്പോഴും…
ആ കെട്ടിടങ്ങളുടെ അടിത്തറയിൽ സിമന്റും കമ്പിയും മാത്രമല്ല…
പപ്പേട്ടനെപ്പോലുള്ള മനുഷ്യരുടെ സ്വപ്നങ്ങളും, വിയർപ്പും, ചിലപ്പോൾ അവരുടെ ജീവനുമാണ് കലർന്നിരിക്കുന്നത്
അന്നുമുതൽ ഉയരമുള്ള കെട്ടിടങ്ങൾ കാണുമ്പോഴെല്ലാം ഞാൻ പപ്പേട്ടനെ ഓർക്കും.
ഏണിയിലൂടെ മുകളിലേക്ക് കയറുന്ന ഓരോ തൊഴിലാളിയെയും കാണുമ്പോഴും എന്റെ നെഞ്ച് പിടയും.
അവരിൽ ഓരോരുത്തർക്കും വീട്ടിൽ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്.
പൂർത്തിയാകാത്ത ചില സ്വപ്നങ്ങളുണ്ട്.
മടങ്ങിച്ചെല്ലേണ്ട ചില മനുഷ്യരുണ്ട്.
പപ്പേട്ടൻ ഇന്നില്ല…
പക്ഷേ ഇന്നും ഏതെങ്കിലും ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് ഒരാൾ ഏണിയിൽ വലിഞ്ഞ് പിടിച്ച് കയറുന്നത് കാണുമ്പോൾ അറിയാതെ എന്റെ മനസ്സിൽ ആ ശബ്ദം മുഴങ്ങും…
“എടാ… എനിക്ക് ഇപ്പോൾ മരിക്കാൻ പോലും പറ്റില്ല… എൻ്റെ മക്കളുടെ കല്യാണം കാണാതെ എനിക്ക് പോകാൻ പറ്റില്ല.”
Ajeesh Kavungal

