രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ട് വന്ന കുഞ്ഞൂട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഒന്നരവയസേ ഉള്ളെങ്കിലും കുരുത്തക്കേടിൻ്റെ കൂടാണ് ഈ വികൃതിക്കുട്ടി എന്നാണ് അവൻ്റെ അമ്മ സീമ പറഞ്ഞിട്ടുള്ളത്.
ഇതിപ്പോൾ മാസത്തിൽ ഒന്നോ രണ്ടോ തവണ അവന് ആശുപത്രിസന്ദർശനം പതിവ് ആയിട്ടുണ്ട്.
കരയുന്ന കുഞ്ഞിനെയും എടുത്തോണ്ട് സീമ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു വന്നപ്പോൾ ആദ്യമേ ഒന്ന് ഭയന്നു.
കുഞ്ഞിൻ്റെ കൈ കണ്ടപ്പോഴേ പൊട്ടലോ ഒടിവോ ഉണ്ടാകുമെന്ന് ഊഹിച്ചിരുന്നു.xray എടുത്ത് വരാൻ പറഞ്ഞു ഡോക്ടർ അവരെ പറഞ്ഞയച്ചു.
ഡോക്ടർ എക്‌സ്-റേ എടുത്ത് വരാൻ പറഞ്ഞതോടെ സീമയുടെ മുഖത്ത് ഭയം കൂടുതൽ തെളിഞ്ഞു. കുഞ്ഞൂട്ടൻ മാത്രം അതൊന്നും അറിയാത്ത പോലെ കരച്ചിലിനിടയിലും ചുറ്റുമുള്ള ആളുകളെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.
എക്‌സ്-റേ റിപ്പോർട്ട് കണ്ട ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഭയപ്പെടാനൊന്നുമില്ല. രണ്ട് കൈകളിലും ചെറിയ ഫ്രാക്ചർ ഉണ്ട്. പ്ലാസ്റ്റർ ഇട്ടാൽ ശരിയാകും.”
“രണ്ട് കൈയിലുമോ?” സീമയുടെ ശബ്ദം വിറച്ചു.
“അതെ. പക്ഷേ കുട്ടികളിൽ എല്ല് വേഗം ചേരും.”
പ്ലാസ്റ്റർ ഇടുന്ന സമയത്ത് ആശുപത്രി മുഴുവൻ കേൾക്കുമാറ് കുഞ്ഞൂട്ടൻ കരഞ്ഞു. ആ കരച്ചിൽ കേട്ട് അമ്മയുടെ കണ്ണും നിറഞ്ഞു. എന്നാൽ പ്ലാസ്റ്റർ ഇട്ട് കഴിഞ്ഞ് പത്ത് മിനിറ്റ് പോലും ആയില്ല, അവൻ കരച്ചിൽ നിർത്തി.
രണ്ട് കൈകളും നേരെ നീട്ടി വച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുന്ന ആളുകളെ നോക്കി ചിരിക്കാൻ തുടങ്ങി.
“ഇത്രയും നേരം കരഞ്ഞത് ഇവനല്ലേ?” ഞാൻ തമാശയായി ചോദിച്ചു.
“കരഞ്ഞതും ഇവനാണ്. നാളെ മുതൽ പ്ലാസ്റ്റർ കൊണ്ട് ആളുകളെ അടിക്കാൻ നോക്കുന്നതും ഇവനാകും…”
സീമ നെടുവീർപ്പോടെ പറഞ്ഞു.
അവളുടെ വാക്ക് കേട്ട് ഞാൻ ചിരിച്ചു.
രണ്ട് കൈയിലും വെള്ള പ്ലാസ്റ്ററുമായി സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിന്റെ ഗൗരവത്തോടെ കുഞ്ഞൂട്ടൻ ചുറ്റും നോക്കിയിരുന്നു.
നഗരത്തിലെ പേര് കേട്ട ആശുപത്രിയിലെ നഴ്സ് ആണ് ഞാൻ എന്നത് കൊണ്ട് തന്നെ ഇത്തരം കേസുകളും രോഗികളെയും ദിവസവും കാണാറുണ്ട്.
കുഞ്ഞൂട്ടനെ പോലെയുള്ള ചെറിയ കുഞ്ഞുങ്ങൾ മുതൽ കിടപ്പിലായ വൃദ്ധർ വരെ…
ഓരോ ദിവസവും ഓരോ കഥകളാണ്.
ചിലർ വേദന സഹിക്കാനാവാതെ കരയും. ചിലർ രോഗം മറച്ചുവച്ച് ചിരിക്കും. ചിലർക്ക് മരുന്നിനേക്കാൾ ആശ്വാസം വേണ്ടിവരും. ചിലർക്ക് ഒരു മനുഷ്യന്റെ കരുതലുള്ള വാക്ക് മാത്രം മതി.
വർഷങ്ങളായി ഈ യൂണിഫോം ധരിക്കുന്നുണ്ടെങ്കിലും, മനുഷ്യജീവിതം എന്നെ അത്ഭുതപ്പെടുത്തുന്നത് ഇന്നും അവസാനിച്ചിട്ടില്ല.
ആശുപത്രിയിലെ ഓരോ കിടക്കയ്ക്കും പറയാനൊരു കഥയുണ്ട്.
ചില കഥകൾ സന്തോഷത്തോടെ അവസാനിക്കും.
ചിലത് മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കും.
ചില മുഖങ്ങൾ ഡിസ്ചാർജ് ആയതിനു ശേഷം പോലും മറക്കാനാവാതെ മനസ്സിൽ തങ്ങിനിൽക്കും.
എന്നാൽ ഒരു നഴ്സിന്റെ ജീവിതം പലരും കരുതുന്നത് പോലെ മരുന്നും ഡ്രിപ്പും ഇഞ്ചക്ഷനും മാത്രമല്ല.
ചില രാത്രികളിൽ ഉറക്കം പോലും മറന്ന് രോഗിയുടെ കിടക്കയ്ക്കരികിൽ നിൽക്കേണ്ടി വരും.
ചില മരണവാർത്തകൾ സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടത് പോലെ മനസ്സിനെ തളർത്തും.
ചില ജനനങ്ങൾ കണ്ണിൽ അറിയാതെ സന്തോഷക്കണ്ണീർ നിറയ്ക്കും.
അതിനിടയിൽ എവിടെയോ നമ്മുടെ സ്വന്തം ജീവിതം പതിയെ കൈവിട്ടുപോകുന്നതും അറിയാറില്ല.
ആഘോഷങ്ങൾ നഷ്ടമാകും.
കുടുംബസംഗമങ്ങൾ നഷ്ടമാകും.
ചിലപ്പോൾ സ്വന്തം ജന്മദിനം പോലും ഡ്യൂട്ടിയുടെ തിരക്കിൽ മറന്നുപോകും.
പക്ഷേ അതൊന്നും ഓർക്കാൻ സമയം കിട്ടാറില്ല.
അടുത്ത ബെഡ്ഡിൽ ആരോ വേദന കൊണ്ട് വിളിക്കുന്നുണ്ടാകും.
മറ്റൊരിടത്ത് ആരോ ജീവൻ പിടിച്ചുനിർത്താൻ പോരാടുന്നുണ്ടാകും.
ചെറിയ തിരക്ക് ഒഴിഞ്ഞ് ചായ കുടിക്കുന്ന സമയത്താണ് സൂരജിന്റെ മെസേജ് ഉണ്ടോ എന്ന് ഫോൺ എടുത്ത് നോക്കിയത്.
അന്ന് രാവിലെ “ഗുഡ് മോർണിംഗ്” അയച്ചതിന് ഒരു റിപ്ലൈ ഇട്ടതല്ലാതെ വേറെ ഒരു മെസേജ് പോലും ഇല്ല.
വിളിച്ചിട്ടുമില്ല.
കുറേ കാലങ്ങൾക്ക് മുന്നേ അങ്ങനെ ആയിരുന്നില്ല.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും ഷെഡ്യൂൾ പോലെ വിളിച്ചുകൊണ്ടിരിക്കും.
താനോ അവനോ തിരക്കിലാണെങ്കിൽ പോലും ഒരു മെസേജ് എങ്കിലും ഇട്ടുവയ്ക്കാൻ മറക്കാറില്ലായിരുന്നു.
ഇപ്പോൾ…
സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതായതാണോ,
അതോ സംസാരിക്കാനുള്ള ആഗ്രഹം ഇല്ലാതായതാണോ എന്ന് പോലും മനസ്സിലാകുന്നില്ല.
സ്നേഹം അവസാനിക്കുമ്പോൾ പലപ്പോഴും വലിയ വഴക്കുകളോ പിണക്കങ്ങളോ ഉണ്ടാകണമെന്നില്ല.
ചിലപ്പോൾ ഒരു “കഴിച്ചോ?” എത്തിയോ?” ” “എവിടെയാണ്?” “Ok അല്ലേ?” എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇല്ലാതാകുന്നതിലൂടെയും മെസ്സേജുകൾ നഷ്ടമാകുന്നതിലൂടെയും,
ഒരു ഫോൺ കോളിനായി കാത്തിരുന്ന രാത്രികൾ പതിയെ ഇല്ലാതാകുന്നതിലൂടെയുമാണ് അത് തുടങ്ങുന്നത്.
ചായയുടെ അവസാന കവിൾ കുടിക്കുമ്പോൾ അറിയാതെ വീണ്ടും വാട്ട്‌സ്ആപ്പ് തുറന്ന് നോക്കി.
ഓൺലൈനിൽ ഉണ്ടായിരുന്നു.
പക്ഷേ എനിക്ക് ഒരു മെസേജും ഇല്ലായിരുന്നു.
നെഞ്ചിനുള്ളിൽ എവിടെയോ ഒരു ചെറിയ കുത്ത് തോന്നി.
“തിരക്കിലായിരിക്കും…”
സ്വന്തം മനസ്സിനെ ആശ്വസിപ്പിക്കാൻ ഞാൻ വീണ്ടും അതേ കള്ളം പറഞ്ഞു.
കാരണം സ്നേഹിക്കുന്നവർക്ക് ഒരു ശാപമുണ്ട്…
അവർക്ക് ആദ്യം നഷ്ടപ്പെടുന്നത് പ്രിയപ്പെട്ടവരെയല്ല.
അവരെക്കുറിച്ചുള്ള സത്യങ്ങൾ അംഗീകരിക്കാനുള്ള കഴിവാണ്.
അവന്റെ വിഷമഘട്ടങ്ങളിലൊക്കെയും താനുണ്ടായിരുന്നു.
സാമ്പത്തിക ഞെരുക്കം കൊണ്ട് ബുദ്ധിമുട്ടുമ്പോൾ സ്വന്തം പ്രശ്നങ്ങൾ പോലും മാറ്റിവച്ചിട്ടാണ് അവന് പൈസ അയച്ചുകൊടുത്തിരുന്നത്.
ചിലപ്പോൾ മാസാവസാനം തന്റെ അക്കൗണ്ടിൽ ബാക്കി നിൽക്കുന്നതിലും കൂടുതൽ അവന്റെ ആവശ്യങ്ങൾക്കായിരുന്നു പ്രാധാന്യം കൊടുത്തത്.
“നിനക്ക് ബുദ്ധിമുട്ടാവില്ലേ?”
എന്ന് അവൻ ചോദിക്കുമ്പോഴൊക്കെ,
“നിനക്ക് വേണ്ടിയല്ലേ..?”
എന്നൊരു മറുപടിയിൽ എല്ലാം ഒതുക്കിയിരുന്നു.
സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അന്ന് ഒരിക്കലും ത്യാഗങ്ങളായി തോന്നിയിരുന്നില്ല.
അവന്റെ പ്രശ്നങ്ങൾ തന്റെ പ്രശ്നങ്ങളും,
അവന്റെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളുമായി മാറിയിരുന്നു.
പക്ഷേ ചില ബന്ധങ്ങളുടെ ഏറ്റവും വലിയ ദുരന്തം അതാണ്.
നമ്മൾ കൊടുക്കുന്നതെല്ലാം സ്നേഹത്തിന്റെ ഭാഷയാണെന്ന് കരുതും.
അവർ അത് പതിയെ പതിയെ ഒരു അവകാശമായി കാണാൻ തുടങ്ങും.
ഒരുകാലത്ത് “നീയില്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു?” എന്ന് ചോദിച്ചിരുന്ന മനുഷ്യൻ,
ഇന്ന് ഒരു ദിവസം മുഴുവൻ കടന്നുപോയാലും ഒരു ഫോൺ കോൾ പോലും ചെയ്യില്ല.
പൈസ അയച്ച ദിവസങ്ങളുടെ കണക്കൊന്നും എനിക്ക് ഓർമ്മയില്ല.
പക്ഷേ ഓരോ തവണയും അവൻ വിളിച്ച്,
“നീ ഉണ്ടല്ലോ… അതുമതി.”
എന്ന് പറഞ്ഞിരുന്ന ആ ശബ്ദം ഇപ്പോഴും ഓർമ്മയുണ്ട്.
ചില ഓർമ്മകൾ അങ്ങനെയാണ്.
സന്തോഷം തന്ന നിമിഷങ്ങൾ കഴിഞ്ഞ് പോകും.
പക്ഷേ അവശേഷിക്കുന്നത് അവയുടെ വേദനയാണ്.
ഫോൺ സ്ക്രീനിൽ അവന്റെ പേര് നോക്കി നിൽക്കുമ്പോൾ ഒരു കാര്യം മാത്രം മനസ്സിൽ തെളിഞ്ഞു.
ചില മനുഷ്യർക്ക് നമ്മുടെ സ്നേഹവും കരുതലും കരുണയും ഒക്കെ ആവശ്യമായിരിക്കും.. പൂർണമായും നമ്മളെ ആവശ്യമായി വരാറില്ല!
സ്വയം തോൽവി സമ്മതിച്ച് “എവിടെയാണ്?” എന്നൊരു മെസേജ് ഇട്ടിട്ട് കുറേനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നു.
കണ്ടിട്ടില്ല.
കണ്ടാൽ എപ്പോഴെങ്കിലും മറുപടി ഇടട്ടെ.
അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.
ഒരു ദീർഘനിശ്വാസത്തോടെ ഫോൺ പോക്കറ്റിലിട്ടു.
എന്നെ ആവശ്യമുള്ള ചില മനുഷ്യർ ഇവിടെ കാത്തിരിപ്പുണ്ടല്ലോ.
എന്റെ മൂഡ് കാരണം അവരുടെ കാര്യങ്ങൾ തെറ്റാൻ പാടില്ലല്ലോ.
പ്രണയത്തിൽ പരാജയപ്പെട്ട ഒരാൾ ഒരു നഴ്സായി പരാജയപ്പെടാൻ പാടില്ല.
വീണ്ടും കാഷ്വാലിറ്റിയിലേക്ക് നടക്കുമ്പോൾ എതിർവശത്ത് നിന്ന് ഒരു വാർഡ് ബോയ് ഓടിവന്നു.
“ചേച്ചി… പുതിയ അഡ്മിഷൻ വന്നിട്ടുണ്ട്.”
“എന്ത് കേസ്?”
“ആക്സിഡന്റാണ്.”
അത്രയും നേരം സ്വന്തം സങ്കടങ്ങളിൽ കുടുങ്ങിക്കിടന്ന മനസ്സ് ഒരു നിമിഷം കൊണ്ട് ജോലിയിലേക്ക് മടങ്ങി.
അതാണ് ഈ ജോലിയുടെ പ്രത്യേകത.
നമ്മുടെ ഹൃദയം എത്ര തകർന്നിരിക്കുകയാണെങ്കിലും,
മറ്റൊരാളുടെ ഹൃദയമിടിപ്പ് നിലനിർത്തേണ്ട ഉത്തരവാദിത്തം വന്നാൽ സ്വന്തം വേദനയെ തൽക്കാലം മാറ്റിവയ്ക്കേണ്ടി വരും.
ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്…
ജീവിതം എന്നെക്കാൾ കരുണ കാണിക്കുന്നത് എന്റെ രോഗികളോടാണെന്ന്.
കാരണം അവരുടെ മുറിവുകൾ എവിടെയാണെന്ന് എനിക്കറിയാം.
മരുന്നും കൊടുക്കാം.
ഡ്രസ്സിംഗും ചെയ്യാം.
സമയം കഴിഞ്ഞാൽ അത് ഉണങ്ങുകയും ചെയ്യും.
പക്ഷേ സ്വന്തം മനസ്സിലെ മുറിവുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ,
ഇത്രയും വർഷം ആശുപത്രിയിൽ ജോലി ചെയ്ത ഒരു നഴ്സ് പോലും പലപ്പോഴും തീർത്തും നിസ്സഹായയാണ്.
വിളിക്കുമ്പോൾ പോലും അവൻ “വീട്ടുകാരുണ്ട്…”, “വീട്ടിലാണ്…”, “ജോലിസ്ഥലത്താണ്…” എന്നൊക്കെ പറഞ്ഞ് പെട്ടെന്ന് ഫോൺ വച്ചുകളയും.
അല്ലെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോഴേക്കും വേറെ ആരുടെയെങ്കിലും കോൾ വരും.
“ഞാൻ പിന്നെ വിളിക്കാം…”
എന്ന് പറഞ്ഞ് കട്ട് ചെയ്യുന്ന ആ ഫോൺ കോൾ പലപ്പോഴും അന്നത്തേക്കുള്ള അവസാന സംഭാഷണമായി മാറും.
ഒരുകാലത്ത് ഒരു ദിവസം നടന്ന ഓരോ ചെറിയ കാര്യവും എന്നോട് പറയാതെ ഉറങ്ങാൻ പോലും കഴിയാതിരുന്ന മനുഷ്യനായിരുന്നു.
ഇന്ന് ഒരു ദിവസം മുഴുവൻ സംസാരിക്കാതിരുന്നാലും അയാൾക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല.
അതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്.
അകലം അല്ല.
മാറ്റം.
കാരണം അകലം പലപ്പോഴും സാഹചര്യങ്ങളുടെ സൃഷ്ടിയാണ്.
പക്ഷേ മാറ്റം…
അത് ഒരു തിരഞ്ഞെടുപ്പാണ്.
പണ്ടെപ്പോഴോ
“എന്റെ ജീവിതത്തിന്റെ എൺപത് ശതമാനം മാറ്റത്തിന്റെയും കാരണം നീയാണ്…”
എന്ന് പറഞ്ഞവനാണ്.
ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞല്ലോ എന്നൊരു സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു.
ഇന്ന് ആലോചിക്കുമ്പോൾ ഒരു കാര്യം മാത്രം മനസ്സിലാകുന്നു.
മനുഷ്യർ മാറുന്നതിന് എല്ലായ്പ്പോഴും വലിയ കാരണങ്ങൾ വേണ്ട.
ചിലപ്പോൾ അവരുടെ ആവശ്യങ്ങൾ മാറും.
മുൻഗണനകൾ മാറും.
ജീവിതത്തിൽ പുതിയ ആളുകൾ വരും.
പുതിയ തിരക്കുകൾ വരും.
പിന്നെ ഒരുകാലത്ത് ഏറ്റവും പ്രധാനപ്പെട്ടവരായിരുന്ന ചിലർ,
അറിയാതെ തന്നെ പട്ടികയുടെ ഏറ്റവും താഴേക്ക് തള്ളപ്പെടും.
വേദനിപ്പിച്ചത് അവൻ മാറിയതല്ല.
അവൻ മാറിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അത് കാണുകയും,
അംഗീകരിക്കാൻ മാത്രം വൈകിപ്പോവുകയും ചെയ്തതാണ്.
കാരണം സ്നേഹത്തിന് ഒരു ദുശ്ശീലമുണ്ട്…
ഒരാൾ നമ്മളെ വിട്ടുപോയെന്ന് മനസ്സിലാകുന്നതിനേക്കാൾ ഏറെക്കാലം,
അവർ പഴയ ആളായി തിരിച്ചുവരുമെന്ന് വിശ്വസിച്ചുകൊണ്ടിരിക്കും.
“കുഞ്ഞൂട്ടനെ വീണ്ടും കൊണ്ട് വന്നു…”
സഹപ്രവർത്തകയായ നഴ്സ് മീര ഓടി വന്നു പറഞ്ഞു. അവനുമായി എനിക്കുള്ള അടുപ്പം അറിയാവുന്നത് കൊണ്ടാണ് അവൾ ഓടി വന്ന് പറഞ്ഞത്. നോക്കി കൊണ്ടിരുന്ന ഫയൽ അടച്ചു വച്ചിട്ട് അവൾക്ക് പിന്നാലെ ഓടി.
ഇപ്പൊ എന്താണാവോ പുതിയ വള്ളിക്കെട്ട്..
വീണിട്ടുണ്ടാവോ.. അതോ മുറിഞ്ഞിട്ടുണ്ടാവോ.. ആശങ്കയോടെയാണ് ഓടിയെത്തിയത്. അതിനിടയിൽ നഴ്സ് മീര പറഞ്ഞു.
അവൻ്റെ അച്ഛൻ ചോറ് വാരി കൊടുക്കുന്നതിന് ഇടയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത് ആണെന്ന്.. ഈശ്വരാ അവനൊന്നും സംഭവിക്കല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചാണ് അത്യാഹിതവിഭാഗത്തിലേക്ക് ഓടി കേറിയത്.
കുഞ്ഞിനെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടർ എൻ്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
” കഴിഞ്ഞു….”
ഡോക്ടറുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു.
പക്ഷേ ആ അക്ഷരങ്ങൾ എന്റെ നെഞ്ചിലേക്ക് ഒരു പാറക്കല്ല് വന്ന് വീണതുപോലെ തോന്നി.
“ഡോക്ടർ…”
എന്റെ ശബ്ദം പോലും പുറത്തുവന്നില്ല.
തൊട്ടുമുന്നിൽ കിടക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് രണ്ട് കൈയിലും പ്ലാസ്റ്ററിട്ട് ആശുപത്രി മുഴുവൻ കുസൃതി കാണിച്ച കുഞ്ഞൂട്ടനായിരുന്നു.
ആ കുസൃതിക്കണ്ണുകൾ അടഞ്ഞുകിടക്കുന്നു.
ആ ചെറിയ വിരലുകൾ അനക്കമില്ലാതെ കിടക്കുന്നു.
ഒരു കുഞ്ഞിന്റെ മരണം എത്ര തവണ കണ്ടാലും അതിനോട് പൊരുത്തപ്പെടാൻ കഴിയില്ല.
വർഷങ്ങളായി ഈ ജോലി ചെയ്യുന്നുണ്ടെങ്കിലും ചില മരണങ്ങൾ മനസ്സിന്റെ ഉള്ളിലേക്ക് വന്ന് കൂടുകൂട്ടും.
കുഞ്ഞൂട്ടൻ അങ്ങനെയൊരു മരണമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
അവന്റെ അച്ഛൻ ഭിത്തിയിൽ ചാരി നിന്നുകൊണ്ട് കരയുന്നുണ്ടായിരുന്നു.
അമ്മയുടെ നിലവിളി അത്യാഹിത വിഭാഗത്തിന്റെ ചുവരുകളിൽ തട്ടി തിരിച്ചുവരുന്നുണ്ടായിരുന്നു.
പണ്ട് അത്തരം ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ
ആ സ്ഥലത്ത് നിന്ന് മാറി മറ്റ് പല രോഗികളുടെയും കിടക്കയ്ക്കരികിൽ പോയി ഞാൻ നിൽക്കാറുണ്ട്.
പക്ഷേ അന്നെനിക്ക് ഓടിപ്പോകാൻ കഴിഞ്ഞില്ല.
കാരണം ആ നിലവിളിയിൽ ഒരു അമ്മയുടെ ഹൃദയം തകർന്നടിയുന്ന ശബ്ദമുണ്ടായിരുന്നു.
ഞാൻ കണ്ണുകൾ അടച്ചു.
അന്ന് ഉച്ചയ്ക്ക് സൂരജിന് അയച്ച മെസേജും, അവന്റെ അവഗണനയും, എന്റെ സങ്കടങ്ങളും എല്ലാം എവിടെയോ അപ്രത്യക്ഷമായി.
ജീവിതം ചിലപ്പോൾ അങ്ങനെയാണ്.
നമ്മൾ വലിയ വേദനയാണെന്ന് കരുതിക്കൊണ്ടിരിക്കുന്നതിന്റെ അരികിൽ യഥാർത്ഥ ദുരന്തം വന്ന് നിൽക്കും.
അപ്പോൾ മനസ്സിലാകും…
മറുപടി കിട്ടാത്ത ഒരു മെസേജ് പോലും ചിലർക്കൊരു ഭാഗ്യമായിരിക്കാം.
കാരണം അവർക്ക് ഇപ്പോഴും അയക്കാൻ ഒരാൾ ഉണ്ടല്ലോ.
പക്ഷേ കുഞ്ഞൂട്ടന്റെ അമ്മയ്ക്ക്…
ഇനി എത്ര വിളിച്ചാലും മറുപടി പറയാൻ ഒരു കുഞ്ഞില്ല.
കുഞ്ഞൂട്ടന്റെ മരണത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിച്ചു.
പക്ഷേ അവന്റെ മുഖം ഇടയ്ക്കിടയ്ക്ക് ഓർമ്മയിൽ തെളിയും.
രണ്ട് കൈകളിലും പ്ലാസ്റ്ററുമായി ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്ന ആ കുഞ്ഞ്…
അവന്റെ ചിരി…
അവന്റെ കണ്ണുകളിലെ കുസൃതി…
എല്ലാം.
അവന്റെ മരണം ഒരു അപകടമാണെന്നാണ് ആദ്യം കരുതിയത്.
ചോറ് തൊണ്ടയിൽ കുടുങ്ങി മരിച്ച ഒരു നിർഭാഗ്യകരമായ സംഭവം.
അതിൽ കൂടുതൽ ഒന്നും അന്നറിഞ്ഞില്ല
പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ നഗരത്തിലെ എല്ലാ വാർത്താ ചാനലുകളിലും ഒരേ വാർത്തയായിരുന്നു.
“അസ്വാഭാവിക മരണത്തിൽ ദുരൂഹത.”
ഞാൻ ശ്രദ്ധിക്കാതെ കടന്നുപോകാൻ ശ്രമിച്ചു.
അത്തരം വാർത്തകൾ പലതും കാണുന്നതാണ്.
പക്ഷേ സ്ക്രീനിൽ തെളിഞ്ഞ ചിത്രം കണ്ട നിമിഷം എന്റെ ശരീരം മരവിച്ചു.
കുഞ്ഞൂട്ടൻ.
ഞാൻ റിമോട്ട് താഴെ വച്ചു.
വാർത്താവതാരകന്റെ ശബ്ദം തുടർന്നു.
“പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ പഴയ മുറിവുകളുടെ പാടുകളും മർദ്ദനത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തി…”
എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
അടുത്തതായി കേട്ട വാർത്ത എന്നെ പൂർണ്ണമായും തകർത്തു.
പോലീസ് അന്വേഷണത്തിൽ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം കുഞ്ഞ് ദീർഘകാലമായി ശാരീരിക പീഡനത്തിന് ഇരയായിരുന്നു.
അമ്മയും അയാളും ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നും സംശയമുണ്ടായിരുന്നു.
ടെലിവിഷനിലെ ശബ്ദം അകലെയെവിടെയോ നിന്ന് കേൾക്കുന്നതുപോലെ തോന്നി.
എന്റെ മനസ്സിൽ തെളിഞ്ഞത് ആശുപത്രിയിൽ കണ്ട ദൃശ്യങ്ങളായിരുന്നു.
വീണു….
കൈ ഒടിഞ്ഞു….
മേശയിൽ ഇടിച്ചു…..
കളിക്കുന്നതിനിടെ സംഭവിച്ചതാണ്…..
ഓരോ തവണയും ഓരോ കാരണങ്ങൾ.
ഞങ്ങൾ വിശ്വസിച്ചു.
കാരണം ഒരു അമ്മ സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് അംഗീകരിക്കാൻ മനസ്സ് തയ്യാറായിരുന്നില്ല.
വീണ്ടും വീണ്ടും അവന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ.
രണ്ട് കൈയിലും പ്ലാസ്റ്ററിട്ട് എന്നെ നോക്കി ചിരിച്ച കുഞ്ഞ്…
ഇഞ്ചക്ഷൻ എടുക്കുമ്പോൾ പേടിച്ച് കരഞ്ഞ കുഞ്ഞ്…
ഡ്രസ്സിംഗ് ചെയ്യുമ്പോൾ എന്റെ വിരലിൽ മുറുകെ പിടിച്ച കുഞ്ഞ്…
എത്രയോ തവണ ഞങ്ങൾ അവനെ കണ്ടിട്ടുണ്ട്.
ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, ഞങ്ങൾ കണ്ടത് അവന്റെ മുറിവുകളെ മാത്രമാണ്…അവന്റെ വേദനയെ അല്ല.
ഓരോ തവണയും അവനെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഓരോ കാരണങ്ങളായിരുന്നു.
കുട്ടികളല്ലേ…
സംഭവിക്കാറുണ്ട്.
ഞങ്ങളും അത്രയേ കരുതിയുള്ളൂ.
കാരണം ഒരു അമ്മയുടെ കൈകളിൽ നിൽക്കുന്ന കുഞ്ഞിനെ കാണുമ്പോൾ സ്വാഭാവികമായും നമ്മൾ സുരക്ഷിതനാണെന്ന് വിശ്വസിക്കും.
പക്ഷേ ചില വിശ്വാസങ്ങളാണ് ഏറ്റവും അപകടകരം.
പോലീസ് പുറത്തുവിട്ട വിവരങ്ങൾ വായിക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു.
അവനെ ആശുപത്രിയിൽ കൊണ്ടുവന്ന മനുഷ്യൻ അവന്റെ അച്ഛനല്ല.
അമ്മയുടെ കാമുകനായിരുന്നു.
അതിലും ഭയാനകമായത് മറ്റൊന്നായിരുന്നു.
അവനെ ഉപദ്രവിച്ചിരുന്നത് അയാൾ മാത്രമായിരുന്നില്ല.
അമ്മയും അതിന് കൂട്ടുനിന്നിരുന്നു.
ആ വാർത്ത വായിച്ച നിമിഷം എനിക്ക് ഏറ്റവും കൂടുതൽ ഓർമ്മ വന്നത് കുഞ്ഞൂട്ടന്റെ മരണദിവസമല്ല.
ഒരു ദിവസം അവൻ എന്റെ യൂണിഫോമിൽ പിടിച്ച് ചിരിച്ചതാണ്.
ആ ചിരി ഇപ്പോഴും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
ആ ചിരിയുടെ പിന്നിൽ ഇത്രയധികം വേദന ഒളിച്ചിരുന്നുവെന്ന് ഞങ്ങളിൽ ആരും അറിഞ്ഞില്ല.
ചില കുട്ടികൾക്ക് ലോകം മുഴുവൻ ശത്രുക്കളായാലും ഒരു അഭയം ഉണ്ടാകും.
‘അമ്മ’ എന്ന അഭയം.
പക്ഷേ കുഞ്ഞൂട്ടന് അതുപോലും ഉണ്ടായിരുന്നില്ല.
അവന്റെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായിരിക്കേണ്ട മനുഷ്യർ തന്നെയായിരുന്നു അവന്റെ ഏറ്റവും വലിയ ഭയം.
ആ രാത്രി ആശുപത്രിയുടെ ജനലരികിൽ നിന്നുകൊണ്ട് ഞാൻ ഏറെ നേരം പുറത്തേക്ക് നോക്കി.
സൂരജിനെക്കുറിച്ച് ഞാൻ വിഷമിച്ചിരുന്നതും ഓർമ്മ വന്നു.
മറുപടി തരാത്ത മെസേജുകളെക്കുറിച്ച്.
അവഗണനയെക്കുറിച്ച്.
പക്ഷേ അന്നാദ്യമായി എന്റെ വേദന ചെറുതാണെന്ന് തോന്നി.
കാരണം എനിക്ക് ഇപ്പോഴും ജീവിച്ചിരിക്കാൻ അവസരമുണ്ട്.
സംസാരിക്കാൻ ആളുകളുണ്ട്.
പക്ഷേ കുഞ്ഞൂട്ടന്…
ഒരു അവസരം പോലും കിട്ടിയില്ല.
അവനെ സ്നേഹിക്കേണ്ടവർ തന്നെ അവന്റെ ജീവിതം മോഷ്ടിച്ചെടുത്തു.
ഇന്നേരത്ത് തനിക്ക് തങ്ങും തണലുമാകേണ്ടവൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്ന വസ്തുത എന്നെ കൂടുതൽ ട്രോമയിലാക്കി.
പലപ്പോഴും അവനോട് കുഞ്ഞൂട്ടനെ പറ്റി പറഞ്ഞു ചിരിച്ചിട്ടുണ്ട്.
“ഇന്ന് അവൻ ഇതാണ് കാട്ടിയത്…”
“ഇന്ന് വീണ്ടും വീണു…”
“ഇന്ന് എന്നെ കണ്ടിട്ട് ചിരിച്ചു…”
എന്നൊക്കെ പറഞ്ഞ് മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ കുഞ്ഞൂട്ടന്റെ മരണവാർത്തയും, അതിന് പിന്നിലെ ക്രൂരതയും അവൻ അറിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
വാർത്തകളിലും സാമൂഹികമാധ്യമങ്ങളിലും ദിവസങ്ങളോളം നിറഞ്ഞുനിന്ന സംഭവമായിരുന്നു അത്.
ഞങ്ങളുടെ ആശുപത്രിയുടെ പേരും വാർത്തകളിൽ വന്നിരുന്നു.
എന്നിട്ടും…
ഒന്നന്വേഷിക്കാൻ…
ഒന്ന് ആശ്വസിപ്പിക്കാൻ…
“നീ ഒക്കെയാണോ?” എന്ന് ചോദിക്കാൻ പോലും അവൻ വന്നില്ല.
ഞാൻ പ്രതീക്ഷിച്ചത് വലിയ കാര്യങ്ങളൊന്നുമായിരുന്നില്ല.
മണിക്കൂറുകളോളം സംസാരിക്കണമെന്നും ഇല്ല.
എന്റെ സങ്കടം മുഴുവൻ കേൾക്കണമെന്നും ഇല്ല.
വെറുതെ… ” പോട്ടെ സാരമില്ല… ഞാനില്ലേ കൂടെ..?
എന്നൊരു വാക്ക്.. തലോടൽ… ചേർത്ത് പിടിക്കൽ. അത്രയും മാത്രം മതിയായിരുന്നു.
പക്ഷേ ചിലപ്പോൾ ഒരു മനുഷ്യന്റെ സ്നേഹം അളക്കുന്നത് അവൻ നമ്മളോടൊപ്പം ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സമയത്തല്ല.
നമ്മൾ തകർന്നിരിക്കുമ്പോൾ അവൻ നമ്മളോടൊപ്പം നിൽക്കുന്നുണ്ടോ എന്നതാണ്.
അന്നാണ് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത്…
എന്റെ ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റുകളിലും കൂടെ നിൽക്കും എന്ന് ഞാൻ വിശ്വസിച്ച മനുഷ്യൻ,
എന്റെ ഏറ്റവും ഇരുണ്ട ദിവസങ്ങളിൽ എവിടെയും ഉണ്ടായിരുന്നില്ലെന്ന്.
കുഞ്ഞൂട്ടനെ കൊന്നത് അവന്റെ അമ്മയും കാമുകനുമായിരുന്നു.
പക്ഷേ ആ സംഭവത്തിന് ശേഷം എന്റെ ഉള്ളിൽ മറ്റൊന്ന് കൂടി മരിച്ചിരുന്നു.
എന്ത് വന്നാലും എന്നെ ചേർത്ത് പിടിക്കാൻ ഒരാളുണ്ടെന്ന വിശ്വാസം.
കാരണം അവഗണനയ്ക്കും ഒരു ശബ്ദമുണ്ട്.
നിശബ്ദതയുടെ ശബ്ദം.
ആ നിശ്ശബ്ദതയിലാണ് ചില ബന്ധങ്ങൾ അവസാനിക്കുന്നത്.
പിന്നെയെപ്പോഴോ അറിഞ്ഞു…
പണത്തിന്റെ പേരിൽ മാറ്റിനിർത്തിയ ബന്ധുക്കളും വീട്ടുകാരും കൂട്ടുകാരുമൊക്കെ ഇപ്പോൾ അവനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന്.
ഒരുകാലത്ത് അവന്റെ ഫോൺ കോളുകൾ എടുക്കാൻ പോലും സമയമില്ലാതിരുന്നവർ,
ഇന്ന് മണിക്കൂറുകളോളം സംസാരിക്കുന്നു.
അവന്റെ വിഷമകാലത്ത് ഒപ്പമില്ലാതിരുന്നവർ,
ഇപ്പോൾ അവന്റെ നല്ല സമയത്തിന്റെ ഭാഗമാകാൻ മത്സരിക്കുന്നു.
അതിൽ എനിക്ക് പരിഭവമൊന്നുമില്ലായിരുന്നു.
മനുഷ്യർ വിജയത്തിലേക്ക് ആകർഷിക്കപ്പെടുന്നത് പുതിയ കാര്യമല്ലല്ലോ.
പക്ഷേ ഒരു കാര്യം മാത്രം എന്നെ വേദനിപ്പിച്ചു.
അവന്റെ ജീവിതത്തിൽ ആരൊക്കെയോ തിരിച്ചുവന്നപ്പോൾ,
ഞാൻ മാത്രം പതിയെ പുറത്തേക്ക് പോകുകയായിരുന്നു.
അവന് ഒന്നുമില്ലാതിരുന്ന കാലത്ത് അവനെ വിലപ്പെട്ടവനായി കണ്ട ആളുകളിൽ ഒരാളായിരുന്നു ഞാൻ.
ഇന്ന് അവന് എല്ലാവരുമുള്ളപ്പോൾ,
ഞാൻ ആവശ്യമില്ലാത്ത ഒരാളായി മാറിക്കൊണ്ടിരുന്നു.
ജീവിതത്തിന്റെ ഏറ്റവും ചീഞ്ഞ വശം അതാണ്…
ചില മനുഷ്യർ നമ്മളെ തേടിവരുന്നത് അവർ ഒറ്റയ്ക്കായിരിക്കുമ്പോഴാണ്.
അവരുടെ ജീവിതം നിറയാൻ തുടങ്ങുമ്പോൾ,
നമ്മൾ അറിയാതെ തന്നെ അവരുടെ ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റിവെക്കപ്പെടും.
ഒരുപക്ഷേ അവൻ മനഃപൂർവം ചെയ്തതാകില്ല.
ഒരുപക്ഷേ മനപൂർവം ചെയ്തതും ആകാം.
അതിനുള്ള ഉത്തരം ഇന്നും എനിക്കറിയില്ല.
ചിലർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ സ്നേഹിക്കാനല്ല.
ഒരു കാലഘട്ടത്തിൽ സ്വയം താങ്ങിനിൽക്കാൻ വേണ്ടിയാണ്.
ആ കാലഘട്ടം കഴിഞ്ഞാൽ അവർ മുന്നോട്ട് പോകും.
നമ്മൾ മാത്രം അവർ വിട്ടുപോയ ഇടത്ത് നിന്നുകൊണ്ട്,
അവർ പറഞ്ഞ വാക്കുകളെ സ്നേഹമെന്ന് തെറ്റിദ്ധരിച്ച് അതെവിടെയാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കും.
സാരമില്ല…
ആരുമില്ലെങ്കിലും എനിക്ക് ഞാനുണ്ടല്ലോ.
കുഞ്ഞൂട്ടന്റെ സംസ്കാരം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് വഴിയരികിലെ ഒരു അനാഥാലയത്തിൽ കയറിയത്.
എന്തിനാണെന്ന് ചോദിച്ചാൽ എനിക്കുതന്നെ വ്യക്തമായി അറിയില്ല.
ഒരുപക്ഷേ മനസ്സ് ആ ഓർമകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഇടം അന്വേഷിച്ചിരിക്കാം.
പക്ഷേ അവിടെ ചെന്നപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു.
കുറേ കുഞ്ഞുങ്ങൾ മുറ്റത്ത് ഓടിക്കളിക്കുന്നുണ്ടായിരുന്നു.
ചിലർ പന്ത് കളിക്കുന്നു.
ചിലർ വഴക്കിടുന്നു.
ചിലർ ഉറക്കെ ചിരിക്കുന്നു.
ലോകത്ത് ഒരു സങ്കടവും ഇല്ലാത്തതുപോലെ.
ആ ചിരികൾക്കിടയിൽ ഇരുന്നപ്പോൾ സമയം പോകുന്നത് പോലും അറിഞ്ഞില്ല.
ഒരു കൊച്ചുപെൺകുട്ടി വന്ന് എന്റെ കൈയിൽ പിടിച്ച് ചോദിച്ചു.
“ചേച്ചി, ചേച്ചി കരയുകയാണോ..?”
അറിയാതെ ഞാൻ ചിരിച്ചു.
“ഇല്ലല്ലോ…”
എന്ന് പറഞ്ഞെങ്കിലും എന്റെ കണ്ണുകൾ എന്നെ ഒറ്റിക്കൊടുത്തു.
അവൾ ഒന്നും പറഞ്ഞില്ല.
പകരം എന്റെ അടുത്തിരുന്ന് തോളിലേക്ക് തല ചായ്ച്ചു.
അത്ര മാത്രം.
ചില ആശ്വാസങ്ങൾക്ക് വാക്കുകൾ ആവശ്യമില്ലെന്ന് അപ്പോൾ തോന്നി.
കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ഒരു കുഞ്ഞിനെ മണ്ണിലേക്ക് ഏൽപ്പിച്ചിട്ടാണ് വന്നത്.
പക്ഷേ ഇവിടെ…
ജീവിതം വീണ്ടും ചിരിക്കുകയാണ്.
വീണ്ടും പ്രതീക്ഷിക്കാൻ പഠിപ്പിക്കുകയാണ്.
ചിലപ്പോൾ ദൈവം മുറിവുകൾ സുഖപ്പെടുത്താൻ മനുഷ്യരെയല്ല അയക്കുന്നത്.
കുഞ്ഞുങ്ങളെയായിരിക്കും.
കാരണം അവർക്ക് നമ്മുടെ ഭൂതകാലം അറിയില്ല.
നമ്മുടെ പരാജയങ്ങൾ അറിയില്ല.
നമ്മളെ വിധിക്കാനും അറിയില്ല.
അവർ വെറുതെ സ്നേഹിക്കും.
അത്രയേ ഉള്ളൂ.
ആ വൈകുന്നേരം അനാഥാലയത്തിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങുമ്പോൾ, കുഞ്ഞൂട്ടനെ നഷ്ടപ്പെട്ട സങ്കടം കുറഞ്ഞിരുന്നില്ല.
പക്ഷേ നെഞ്ചിലെ ഭാരം അൽപം ഇറങ്ങിയിരുന്നു.
കാരണം അന്ന് ഞാൻ ഒരു കാര്യം പഠിച്ചു.
നമ്മളെ തകർത്തെറിഞ്ഞ അതേ ജീവിതത്തിന് തന്നെ,
ചിലപ്പോൾ നമ്മളെ ചേർത്ത് പിടിക്കാനും അറിയാം.
സൂരജ് ഇടയ്ക്കെപ്പോഴോ വിളിച്ചു.
ഫോൺ സ്ക്രീനിൽ അവന്റെ പേര് തെളിഞ്ഞപ്പോൾ ഒരുകാലത്ത് തോന്നിയിരുന്ന ആ ആകാംക്ഷ എനിക്ക് തോന്നിയില്ല.
കോൾ എടുക്കാതിരിക്കാനും തോന്നിയില്ല.
എടുത്തു.
സംസാരിച്ചു.
പക്ഷേ പഴയതുപോലെയല്ല.
കുറച്ച് കാര്യങ്ങൾ…
വളരെ കാഷ്വലായി.
കാരണം ചില സമയങ്ങൾ കഴിഞ്ഞുപോയാൽ, അതിന് ശേഷം കിട്ടുന്ന കരുതലിന് പഴയ വില ഉണ്ടാകില്ല.
ഐ.സി.യുവിൽ കിടന്ന രോഗിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് കിട്ടാതെ പോയ പരിചരണം,
രോഗി പുറത്തുവന്നതിന് ശേഷം എത്ര നൽകിയാലും അതിന് അത്ര അർത്ഥമില്ലല്ലോ.
ചില ബന്ധങ്ങളും അങ്ങനെയാണ്.
ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്താണ് ചില മനുഷ്യരെ വേണ്ടത്.
ആ സമയത്ത് അവർ ഇല്ലെങ്കിൽ,
പിന്നീട് അവർ വരുമ്പോൾ നഷ്ടപ്പെട്ടത് സമയം മാത്രമല്ല.
വിശ്വാസവുമാണ്.
പക്ഷേ അതൊന്നും അവനോട് പറഞ്ഞില്ല.
പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി.പക്ഷേ
അവൻ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി.
“നിനക്കിപ്പോൾ പഴയ താല്പര്യമില്ല…നീ ഒരുപാട് മാറി…..ഈ ബന്ധം നിലനിർത്താൻ ശ്രമിക്കുന്നത് ഞാൻ മാത്രമാണ്…”
എന്നൊക്കെയായിരുന്നു അവന്റെ വാക്കുകൾ.
ഞാൻ ഒന്നും പറഞ്ഞില്ല.
കാരണം ചില മനുഷ്യർ ഒരു ഘട്ടം കഴിഞ്ഞാൽ സത്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കില്ല.
അവർക്കൊരു കുറ്റക്കാരനെ മാത്രമാണ് വേണ്ടത്.
അങ്ങനെ നോക്കുമ്പോൾ ഞാൻ വളരെ സൗകര്യപ്രദമായ ഒരു കുറ്റക്കാരിയായിരുന്നു.
അവൻ ഇല്ലാതിരുന്ന രാത്രികളെക്കുറിച്ച് ഞാൻ പറഞ്ഞില്ല.
ഞാൻ തകർന്നുനിന്ന ദിവസങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞില്ല.
കുഞ്ഞൂട്ടന്റെ മരണത്തിന് ശേഷം ഞാൻ എത്ര തവണ അവനെ തേടിയെന്നതും പറഞ്ഞില്ല.
പറഞ്ഞാൽ പോലും അവൻ മനസ്സിലാക്കുമെന്ന വിശ്വാസം എനിക്ക് അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
ഫോൺ വച്ചതിന് ശേഷം കുറേ നേരം ഞാൻ മിണ്ടാതിരുന്നു.
പിന്നെ അറിയാതെ ചിരി വന്നു.
കാരണം സ്നേഹം അവസാനിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ ലക്ഷണം വെറുപ്പല്ല.
നമ്മളെ വേദനിപ്പിച്ച കാര്യങ്ങൾ വിശദീകരിക്കാനുള്ള താല്പര്യം പോലും നഷ്ടപ്പെടുന്നതാണ്.
ഒരുകാലത്ത് ഏറ്റവും കൂടുതൽ എന്നെ മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച മനുഷ്യൻ “ഇനി ഒന്നും മനസ്സിലാക്കേണ്ട”
എന്ന് തോന്നിത്തുടങ്ങുന്ന നിമിഷം.
ഒരുപക്ഷേ ബന്ധം ശരിക്കും അവസാനിക്കുന്നത് അപ്പോഴായിരിക്കും.
അവന്റെ മുറപ്പെണ്ണിനെ അവന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് ഞാൻ അവന്റെ കൂട്ടുകാരിൽ നിന്നാണ് കേട്ടത്.
അത് പറയാനായിരിക്കും ഒരുപക്ഷേ അവൻ വിളിച്ചത്.
അല്ലെങ്കിൽ പറയാനുള്ള ധൈര്യം കണ്ടെത്താൻ ശ്രമിക്കുകയായിരിക്കും.
സത്യത്തിൽ അതൊന്നും ഇനി എന്നെ അത്ഭുതപ്പെടുത്തില്ല.
ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സ് തകരും.
പക്ഷേ ചില വാർത്തകൾ വരുന്നതിന് മുൻപേ തന്നെ മനസ്സ് അതിനായി തയ്യാറായിരിക്കും.
ഇത് അങ്ങനെയൊന്നായിരുന്നു.
എപ്പോഴോ മനസ്സിന്റെ ഒരു കോണിൽ ഞാൻ അത് പ്രതീക്ഷിച്ചിരുന്നിരിക്കണം.
അതുകൊണ്ടാവാം നെഞ്ച് പൊട്ടുന്ന വേദന ഒന്നും തോന്നാതിരുന്നത്.
പകരം ഒരു ശാന്തത മാത്രമാണ് തോന്നിയത്.
കുഴപ്പമില്ല…
എല്ലാവരും കൂടിച്ചേരട്ടെ.
ഒരുകാലത്ത് അവനെ വിട്ടുപോയ ബന്ധുക്കളും,
ഇപ്പോൾ തിരികെ വന്ന കൂട്ടുകാരും,
നാളെ കൂടെ നിൽക്കാൻ പോകുന്ന ജീവിതപങ്കാളിയും…
എല്ലാവരും.
ഞാൻ ആരെയും വെറുക്കുന്നില്ല.
ആരോടും മത്സരിക്കാനുമില്ല.
കാരണം സ്നേഹം മത്സരിച്ച് ജയിക്കേണ്ട ഒരു സ്ഥാനമല്ല.
ഒരാൾ തിരഞ്ഞെടുക്കുന്ന ഇടത്ത് നിൽക്കാൻ കഴിയില്ലെങ്കിൽ,
ബലമായി അവിടെ തുടരുന്നതിന് അർത്ഥമില്ല.
കൂട്ടത്തിൽ ചേരാത്ത ഞാൻ പുറത്തുപോയിക്കോളാം.
ചിലപ്പോൾ ജീവിതം നമ്മളെ ഒരു മുറിയിൽ നിന്ന് പുറത്താക്കുന്നതല്ല.
ആ മുറി ഇനി നമ്മുടേതല്ലെന്ന് മനസ്സിലാക്കിത്തരികയാണ്.
അപ്പോൾ വാതിൽ തുറന്ന് ഇറങ്ങിപ്പോകുന്നത് തോൽവിയല്ല.
ആത്മാഭിമാനമാണ്.
പിന്നെ…
ഞാൻ ഒറ്റയ്ക്കല്ലല്ലോ.
എനിക്ക് ഞാനുണ്ടല്ലോ..ഒരിടമുണ്ടല്ലോ…
ജീവനുണ്ടല്ലോ…
നിത്യച്ചെലവിന് പണമുണ്ടല്ലോ…
രാത്രിയിൽ തലചായ്ക്കാൻ ഒരു കിടക്കയുണ്ട്.
വിശന്നാൽ കഴിക്കാൻ ഭക്ഷണമുണ്ട്.
രോഗം വന്നാൽ ചികിത്സ തേടാൻ കഴിയുന്നുണ്ട്.
കരയണമെന്ന് തോന്നിയാൽ വാതിൽ അടച്ച് കരയാൻ കഴിയുന്ന ഒരു മുറിയുണ്ട്.
ഇതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നാം.
ഓരോ ദിവസവും എന്റെ കൈ പിടിച്ച് ജീവിക്കാൻ പഠിക്കുന്ന രോഗികളുണ്ട്.
ചിരിക്കാനറിയുന്ന കുഞ്ഞുങ്ങളുണ്ട്.
കണ്ണീരോടെ നന്ദി പറയുന്ന മനുഷ്യരുണ്ട്.
ഒരാൾ എന്നെ വേണ്ടെന്ന് വച്ചതുകൊണ്ട് എന്റെ വില കുറയുന്നില്ല.
ഒരാൾ എന്നെ തിരഞ്ഞെടുത്തില്ല എന്നതുകൊണ്ട് ഞാൻ തിരഞ്ഞെടുക്കപ്പെടാൻ അർഹയല്ലാതാകുന്നുമില്ല.
ചില മനുഷ്യർ നമ്മുടെ കഥയിൽ ഒരു അധ്യായം മാത്രമായിരിക്കും.
നമ്മൾ അവരെ മുഴുവൻ പുസ്തകമാക്കി മാറ്റിയതാകാം തെറ്റ്.
സ്വന്തം മുറിയിൽ ജനലിലൂടെ പെയ്യുന്ന മഴ നോക്കി ചായക്കപ്പുമായി നിൽക്കുമ്പോൾ മനസിന് ഒരു ആശ്വാസം തോന്നി.
ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്.
ലോകത്ത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങൾ വളരെ ചെറുതാണ്.
വേദനയില്ലാത്ത ഒരു ദിവസം.
ഒരു നേരത്തെ ഭക്ഷണം.
സുരക്ഷിതമായ ഒരു രാത്രി.
പ്രിയപ്പെട്ട ഒരാളുടെ ജീവൻ.
അത്രയൊക്കെയാണ്.
മഴയിലേക്ക് നോക്കിനിൽക്കുമ്പോൾ കുഞ്ഞൂട്ടന്റെ മുഖവും മനസ്സിലൂടെ കടന്നുപോയി.
പിന്നെ സൂരജും.
ജീവൻ നഷ്ടപ്പെട്ടവരെയും അവരെ നഷ്ടപ്പെട്ടുപോയവരെയും ഓർത്തു.
ഇത്തവണ നെഞ്ച് പൊട്ടുന്ന വേദന തോന്നിയില്ല.
പകരം ഒരു കുഞ്ഞ് സങ്കടം മാത്രം.
മുറിവ് ഇപ്പോഴും ഉണ്ട്.
പക്ഷേ രക്തം വാർന്നുകൊണ്ടിരിക്കുന്നില്ല.
ജീവിതം ഞാൻ വിചാരിച്ചതുപോലെ നടന്നില്ല.
ചില മനുഷ്യർ ഞാൻ കരുതിയതുപോലെ നിന്നില്ല.
ചില കുഞ്ഞുങ്ങൾ ജീവിക്കേണ്ടത്ര കാലം ജീവിച്ചില്ല.
എങ്കിലും…
നാളെ രാവിലെ സൂര്യൻ ഉദിക്കും.
ആശുപത്രിയിൽ ഡ്യൂട്ടി ഉണ്ടാകും.
ആരൊക്കെയോ എന്നെ കാത്തിരിക്കും.
ഞാനും എഴുന്നേറ്റ് പോകും.
കാരണം..
പ്രതീക്ഷ എന്നത് എല്ലാം ശരിയാകും എന്ന വിശ്വാസമല്ല.
എല്ലാം ശരിയല്ലെങ്കിലും മുന്നോട്ട് പോകാൻ കഴിയുമെന്ന തിരിച്ചറിവാണ്.
ടിവിയിൽ കുഞ്ഞൂട്ടന്റെ കൊലപാതകികളെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു.
വാർത്താ ചാനലുകളിൽ ചർച്ചകൾ പൊടിപൊടിക്കുകയാണ്.
ആരൊക്കെയോ കുറ്റപ്പെടുത്തുന്നു.
ആരൊക്കെയോ നീതി ആവശ്യപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ കുഞ്ഞൂട്ടന്റെ ചിത്രങ്ങൾ വീണ്ടും വീണ്ടും പങ്കുവെക്കപ്പെടുന്നു.
ആ വാർത്തകൾ കണ്ടപ്പോൾ ഹൃദയത്തിലെ കനം അൽപം കുറഞ്ഞത് പോലെ തോന്നി.
നിയമം അതിന്റെ വഴിക്ക് നീങ്ങുന്നുണ്ട്.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്.
പക്ഷേ…
നീതി കിട്ടുന്നത് എല്ലായ്പ്പോഴും സമാധാനം തരണമെന്നില്ല.
കാരണം ചില നഷ്ടങ്ങൾക്ക് പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നുമില്ല.
അറസ്റ്റ് ചെയ്യപ്പെട്ടത് രണ്ട് മനുഷ്യരാണ്.
തിരികെ കിട്ടേണ്ടത് ഒരു കുഞ്ഞിന്റെ ജീവനാണ്.
അത് ഇനി ഒരിക്കലും സംഭവിക്കില്ല.
അപ്പോഴാണ് ഉള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
“അമ്മേ…”
ഒരു ഭയന്ന കുഞ്ഞിന്റെ നിലവിളി പോലെ.
ഒരുപക്ഷേ അത് കുഞ്ഞൂട്ടനായിരിക്കാം.
അല്ലെങ്കിൽ ഈ ലോകത്ത് സ്നേഹിക്കപ്പെടാതെ പോയ എല്ലാ കുഞ്ഞുങ്ങളുടെയും ശബ്ദമായിരിക്കാം.
അമ്മയുടെ മാറിൽ തലചായ്ക്കാൻ കൊതിച്ചിട്ടും,
അമ്മയുടെ കൈകളിൽ തന്നെ മുറിവേറ്റ എല്ലാ കുഞ്ഞുങ്ങളുടെയും…
എന്റെ കണ്ണുകൾ നിറഞ്ഞു.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
ആകാശം അതിന്റെ സങ്കടം പെയ്തുതീർക്കുന്നതുപോലെ.
ഞാൻ ജനലരികിൽ ഒഴിഞ്ഞ ചായക്കപ്പുമായി നിന്നു.
പെയ്യുന്ന മഴയെ നോക്കി…
പെയ്തൊഴിഞ്ഞ മനസ്സുമായി…
ഞാൻ വെറുതെ നിന്നു.
ചില കഥകൾക്ക് സന്തോഷകരമായ അവസാനങ്ങൾ ഉണ്ടാകില്ല.
ചില കഥകൾക്ക് അവസാനങ്ങൾ പോലും ഉണ്ടാകില്ല.
പക്ഷേ ഓരോ അവസാനത്തിനും ശേഷം ജീവിതം പുതിയൊരു പേജ് തുറക്കും.
ആ പേജിൽ എന്തെഴുതപ്പെടുമെന്ന് ആർക്കും അറിയില്ല.
അതുകൊണ്ട്…
ഹൃദയത്തിൽ എത്ര മഴ പെയ്താലും,
കണ്ണുകളിൽ എത്ര രാത്രി കെട്ടിക്കിടന്നാലും,
ജീവിക്കണം…..
കാരണം ചിലപ്പോൾ ജീവിച്ചിരിക്കുക എന്നത് തന്നെ
ഏറ്റവും വലിയ ധൈര്യമാണ്. ഭാഗ്യവും….!!!


3 Comments
“ചില മനുഷ്യർ നമ്മുടെ കഥയിൽ ഒരു അധ്യായം മാത്രമായിരിക്കും” പക്ഷേ മറ്റു ചിലർ നമ്മുടെ ജീവിതം തന്നെയാവുകയും ചെയ്യും.
വല്ലാത്ത എഴുത്ത്. മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഓടിയെത്തി
താങ്ക്സ് ജോ… 🫂🫂🫂 ചിലതൊക്കെ നമ്മുടെ ഉള്ളിലെ വിചാരങ്ങൾ കൂടിയാണല്ലോ
ഒന്നാന്തരം എഴുത്ത്. well penned, heart wrenching experiences. still filled with self love and hope. 👌❤️