വളവിനപ്പുറത്ത് ബസിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് നോക്കി അവളുടെ കഴുത്ത് വേദനിച്ചു തുടങ്ങി. ഭാഗ്യത്തിന് മൊബൈൽ ഫോണിൽ ചാർജ് ഉണ്ട്. കുറച്ചു നേരം വൈകിയാൽ പോലുംഎടുക്കാൻ വരണോ എന്ന് നൂറാവർത്തി ചോദിക്കുന്ന കിരൺ ഇന്ന് ഫോൺ പോലും എടുക്കുന്നില്ല. ആ വഴിക്ക് ആലോചന കടന്നപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ. ഒരു ചെറിയ വഴക്കിടുമ്പോൾ പോലും ഭാര്യയെയുംകുടുംബത്തെയും തിരിഞ്ഞു നോക്കാത്ത വിധം ദേഷ്യം കാണിക്കുന്നത് ഒരു പതിവ് കാര്യം ആയിട്ടുണ്ട് ഇപ്പോൾ. ദേഷ്യം ഇറങ്ങിയാൽ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും സ്നേഹം!
മനുഷ്യരുടെ മനസ്സ് വല്ലാത്തൊരു പ്രഹേളിക തന്നെ.
വയ്യാതായി കിടക്കുന്ന അമ്മയുടെ അടുത്ത് പോയി ഇറങ്ങുമ്പോൾ ഇടക്കൊക്കെ നേരം വൈകാറുണ്ട്. അവിടന്ന് ഇറങ്ങാൻ വൈകിയാൽ കണക്ഷൻ ബസ് പിന്നെ രാത്രി ഏഴ് മണിക്കുള്ള അവസാന ബസ് ആണ്. എട്ട് മണിക്ക് വീടിന്റെ പടിക്കൽ ചെന്നിറങ്ങാമെങ്കിലും കിരൺ അതിനവസരം തരാറില്ല. ആറര ആകുമ്പോഴേക്ക് വീട്ടിൽ നിന്ന് വരുന്ന ബസ്സും കാത്ത് സ്റ്റാൻഡിൽ എത്തിക്കാണും. വഴിയിൽ നിന്ന് തട്ടുദോശയും ചായയും കഴിച്ച് മക്കൾക്ക് പാർസലും വാങ്ങിയാവും രണ്ടാളും അന്ന് വീട്ടിലെത്തുക.
ഇന്ന് കാലത്ത് ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു ചെറിയ കശപിശ. അതിൻ ഫലമായുണ്ടായ ഒരു മുഖം വീർപ്പ്. നിസ്സാരകാര്യങ്ങൾക്ക് ദേഷ്യപ്പെടാതെ കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ നേരിടണം എന്ന തന്റെ വാചകം തീരെപിടിച്ചില്ല . എനിക്കിങ്ങനെയൊക്കെയേ പറ്റൂ, പറ്റുമെങ്കിൽ മതി എന്നൊക്കെ തുടങ്ങി എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയി. മക്കൾ സ്കൂളിൽ പോകാനിറങ്ങുന്നതിന്റെ ഒപ്പം വീട്ടിലേക്ക് ഇറങ്ങാൻ റെഡി ആവുകയായിരുന്നു. സാധാരണ കിരൺ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തിട്ട് ഓഫീസിൽ പോകുകയാണ് പതിവ് ഇങ്ങനെയുള്ള ദിവസങ്ങളിൽ. ഇന്ന് ആരെയും കാത്ത് നിന്നില്ല! പിന്നീട് ഫോൺ വിളിച്ചിട്ട് എടുത്തതും ഇല്ല. കഷ്ടകാലത്തിന് അമ്മയുടെ അടുത്ത് നിന്ന് ഇറങ്ങാനും വൈകി.
വളവിനപ്പുറത്ത് നിന്ന് നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഹോൺ മുഴങ്ങി. പിന്നാലെ കണ്ണഞ്ചിക്കുന്ന ഹെഡ്ലൈറ്റിന്റെ വെളിച്ചവും. ബസിൽ കയറുമ്പോൾ ആശ്വാസം തോന്നി, സീറ്റ് ഒഴിവുണ്ട്. ജനാലയിലൂടെ ഉള്ള കാറ്റേറ്റ്സീറ്റിൽ ഇരുന്ന് ഒന്ന് മയങ്ങിയോ.. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ബാഗിൽ നിന്ന്മൊബൈൽ പുറത്തെടുക്കുമ്പോൾ സ്ക്രീനിൽ കിരണിന്റെ ചിരിക്കുന്ന മുഖം. ഒരു നിശ്വാസത്തോടെ പുറത്തേക്ക് നോക്കുമ്പോൾ വീടിന്റെ ഗേറ്റ് എത്തിക്കഴിഞ്ഞു. ഫോൺ സൈലന്റ് ആക്കി ബസ്സിൽ നിന്നിറങ്ങുമ്പോൾ കണ്ടു, ഉമ്മറത്ത് ബൈക്ക് സ്റാൻഡിലിട്ട് ഫോൺ ചെവിയിൽ വെച്ച് നിൽക്കുന്ന കിരണും സിറ്റ്ഔട്ടിൽ മക്കളും. ദേഷ്യമിറങ്ങിക്കാണും. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് നടക്കുമ്പോൾ അവൾക്ക് മടുപ്പ് തോന്നി. പിന്നിൽ അവൾ വന്ന ബസ് പോയിക്കഴിഞ്ഞിരുന്നു.
#എൻ്റെരചന
#വണ്ടിമിസ്സായരാത്രി
#കൂട്ടക്ഷരങ്ങൾ