ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നത് ഇത്തരം കഥകൾ കാരണമാണ് – പുരുഷൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അതേ രീതിയിൽ തുല്യതയോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ. Netflix-ൽ ഇപ്പോൾ ലഭ്യമായ Laapataa Ladies (2023) എന്ന ചിത്രത്തെക്കുറിച്ചുള്ള എൻ്റെ അവലോകനം ഇതാ.
#spoileralerthead
രണ്ട് ഗ്രാമീണ നവവധുക്കൾ ശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരിക്കുന്നതിനാൽ അബദ്ധത്തിൽ ട്രെയിനിൽ വച്ച് മാറിപ്പോകുന്നു. അതിന് ശേഷം നടക്കുന്നത്, സമൂഹത്തിൻ്റെ ഇരട്ടത്താപ്പിലേക്ക് വെളിച്ചം വീശുന്ന രസകരവും വൈകാരികവുമായ നിമിഷങ്ങളാണ്. സ്ത്രീ സൗഹൃദങ്ങളെക്കുറിച്ചും രണ്ട് സാധാരണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു. സൂക്ഷ്മമായും യഥാർത്ഥമായും; ആരവങ്ങളില്ലാതെ ! ശ്രദ്ധിക്കുക – പുരുഷവർഗ്ഗത്തെ അപമാനിക്കാതെ, നിന്ദിക്കാതെ !
സ്ത്രീശാക്തീകരണം വളരെ ലളിതമായ പ്രവൃത്തികളിലൂടെ ചെയ്യാൻ കഴിയും: അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സ്വപ്നങ്ങൾ പിൻതുടരാൻ അനുവദിക്കുക, അവരുടെ ഉപദേശം വിലമതിക്കുക, പാടവത്തെ അഭിനന്ദിക്കുക, ആത്മവിശ്വാസം വളർത്തുക, അവരുടെ വ്യക്തിത്വം അംഗീകരിക്കുക, വികാരങ്ങളും വിചാരങ്ങളും ഉള്ള വ്യക്തികളെന്ന നിലയിൽ അവരോട് സ്നേഹം കാണിക്കുക. ലിസ്റ്റ് നീണ്ടതായി തോന്നുമെങ്കിലും, നടപ്പിലാക്കാൻ പ്രയാസമല്ല. ചിലപ്പോൾ, ഒരു സ്ത്രീക്ക് സ്വയം “കണ്ടെത്താൻ” നാല് ദിവസം മതിയാകും.
സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ഒത്തിരി ഇഷ്ടപ്പെട്ടു; ജീവിതത്തോട് ഏറെ സാമ്യമുള്ളതായി തോന്നി. രവി കിഷൻ്റെ അഭിനയപാടവം സമീപ വർഷങ്ങളിൽ എന്നെ കീഴടക്കിയിട്ടുണ്ട്. ഹ്രസ്വമായ വേഷത്തിൽ പോലും ഛായ കദം അതിശയിപ്പിച്ചു. സമൂഹത്തിൻ്റെ പ്രതീക്ഷകളാൽ കുടുങ്ങിപ്പോയ സ്ത്രീകളെ വളരെ വൈദഗ്ധ്യത്തോടെ അവതരിപ്പിച്ച പ്രതിഭ രന്തയും നിതാൻഷി ഗോയലും എല്ലാ അഭിനന്ദനവും അർഹിക്കുന്നു. സ്പർശ് ശ്രീവാസ്തവ് അവതരിപ്പിച്ച ദീപക് നിങ്ങളുടെ ഹൃദയത്തെ കീഴടക്കും. ഈ അഭിനേതാക്കളെല്ലാം അവരുടെ വേഷങ്ങളിൽ മുഴുവനായി മുഴുകിയതാണ് എന്നെ ആകർഷിച്ചത് – വസ്ത്രത്തിലൂടെ ആയാലും ശരീരഭാഷയിലൂടെ ആയാലും ഉച്ചാരണത്തിലൂടെ ആയാലും !
നർമ്മം ചാലിച്ച സാധാരണ രംഗങ്ങളിലൂടെ ഗഹനമായ സന്ദേശങ്ങൾ സിനിമ നൽകുന്നു. ഉദാഹരണത്തിന്, ഒരു പുരുഷൻ ശിരോവസ്ത്രമണിഞ്ഞ വധുവിൻ്റെ ഫോട്ടോയെ വിമർശിക്കുന്ന ഒരു രംഗമുണ്ട്. അവളുടെ മുഖം മറയ്ക്കുന്നത് അവളുടെ ഐഡൻ്റിറ്റി മറയ്ക്കുകയാണെന്ന് അയാൾ അഭിപ്രായപ്പെടുന്നു. തൊട്ടു പിന്നാലെ അയാൾ ബുർക്ക ധരിച്ച ഭാര്യയിൽ നിന്ന് ചായ സ്വീകരിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന കാപട്യത്തെയും ഇരട്ടത്താപ്പിനെയും ഈ രംഗം ശക്തമായി ഉയർത്തിക്കാട്ടുന്നു.
ഞാൻ ജീവിതത്തിൽ ശിരോവസ്ത്രം അണിഞ്ഞിട്ടില്ല; ഇഷ്ടമില്ലാത്തത് ചെയ്യാൻ നിർബന്ധിക്കപ്പെട്ടിട്ടില്ല; പിന്നെ എന്താണ് എനിക്കും ഇവർക്കും സാമ്യം? പുരുഷ നിയന്ത്രിതമായ സാമൂഹ്യ വ്യവസ്ഥ കാരണം ഞാനും പല പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട് എന്നത് തന്നെ !
ഫൂൽ ട്രെയിനിൽ കയറുമ്പോൾ, പുഷ്പ ബസിൽ കയറുമ്പോൾ, മഞ്ജുമായി കലാകണ്ടിൻ്റെ രുചി ആസ്വദിക്കുമ്പോൾ – കണ്ണീരിലൂടെ ഞാൻ പുഞ്ചിരിക്കുകയായിരുന്നു.
ഏറ്റവും മനോഹരമായ കാര്യം, ഈ രണ്ട് സ്ത്രീകളും മാത്രമല്ല പരിണമിക്കുന്നത് എന്നതാണ്. മരുമകൾ അമ്മായിയമ്മയുമായി സുഹൃദ് ബന്ധം സ്ഥാപിക്കുന്നു. “നിശബ്ദയായ” മരുമകൾ അവളുടെ ശബ്ദവും കഴിവുകളും കണ്ടെത്തുന്നു. പരുക്കൻ സ്ത്രീ തന്റെ മൃദുവായ വശം കണ്ടെത്തുന്നു.
സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിൽ ചെറിയ പ്രവൃത്തികൾ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഈ സിനിമ കാണിക്കുന്നു. സാധാരണമെന്നു തോന്നുന്ന നിമിഷങ്ങളിലൂടെ ഫൂലും പുഷ്പയും അവരുടെ ശക്തിയും സ്വത്വവും കണ്ടെത്തുമ്പോൾ, നമുക്ക് നമ്മുടെ ഇടയിലെ സ്ത്രീകളെ പിന്തുണയ്ക്കുകയും ഉയർത്തുകയും ചെയ്യാം. ഓരോ സ്ത്രീയും വിലമതിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഒരു ലോകം നമുക്ക് ഉണ്ടാക്കാം.
ഇത്തരമൊരു ചിത്രം നമുക്ക് നൽകിയ കിരൺ റാവുവിന് അഭിനന്ദനങ്ങൾ!
– ദീപ പെരുമാൾ
#Cinema #LaapataaLadies
2 Comments
ശരിയാണ്. സ്ത്രീകൾക്ക് പൂർണ്ണസംതൃപ്തരാകാൻ അവരെ എല്ലാ വിധത്തിലും അംഗീകരിക്കുന്നവർ ചുററുമുണ്ടായാൽ മാത്രം മതി .
മനോഹരമായി എഴുതി❤️
അഭിനന്ദനങ്ങൾ🌹🌹
നന്ദി ….സ്നേഹം സുമ ❤️❤️