അങ്ങനെ കാത്തു കാത്തിരുന്ന ലോങ് വീക്കെൻഡു പോലോരെണ്ണം വന്നെത്തി. സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയായോണ്ട് കിട്ടിയ മെച്ചം. മക്കൾക്കൊക്കെ വെള്ളിയാഴ്ച വരമഹാലക്ഷ്മി പൂജ എന്നും പറഞ്ഞ് അവധിയുണ്ട്, പിന്നെ ശനിയും ഞായറും ചേർത്ത് നാലു ദിവസത്തെ നീണ്ട അവധി..
ഞങ്ങൾ വലിയോർക്ക് വെള്ളിയാഴ്ച working day ആണ്. എങ്കിലും വെള്ളി ലീവെടുത്ത് Bangalore ൻ്റെ പകുതി ജനങ്ങളും നാടു ചുറ്റാൻ വേണ്ടി വണ്ടിയുമെടുത്ത് ബുധനാഴ്ച വൈകീട്ട് തന്നെ ഇറങ്ങിയിട്ടുണ്ട് ..
നേരത്തെ ഹോട്ടലും ടിക്കറ്റുമൊന്നും book ചെയ്യാതിരുന്നത് കൊണ്ട് പതിവു പോലെ ഇത്തവണയും ഞങ്ങൾ Bangalore പോസ്റ്റ് ആയേക്കുന്നു.
എല്ലാ അവധി ദിവസവും പോലെ അതി രാവിലെ എഴുന്നേൽക്കണമെന്ന പ്ലാൻ പ്രകാരം വെളുപ്പിനെ 10 മണിക്ക് തന്നെ ഉണർന്നു. പുട്ടും കടലയും തട്ടിക്കൊണ്ടിരുന്നപ്പോഴാണ് പച്ചക്കറി മീനാദികളുടെ ലിസ്റ്റും കൊണ്ട് ഭാര്യ വന്നത്. ഞങ്ങൾ എർണാളത്തുകാർക്ക് മീനില്ലാതെ ചോറിറങ്ങാൻ പാടായതു കൊണ്ടും, അവധി ദിവസമായതു കൊണ്ടും, വലിയ മീൻ കിട്ടാനുള്ള സാധ്യത വിലയിരുത്തിയും ലുലുവിൽ പോകാം എന്നു തീരുമാനിച്ചു.

ഓഫീസ് ജോലിയുടെ പെൻഡിങ് പറഞ്ഞ് ഭാര്യ അപ്പഴേ സ്കൂട്ട് ആയി. ഭാര്യ സ്കൂട്ടായപ്പോഴേ പിള്ളാര് രണ്ടും ഇൻ്ററസ്റ്റോടെ ചാടിയിറങ്ങി. അവർക്ക് കൊതിയുള്ളതെല്ലാം അവരുടെ പേരും പറഞ്ഞ് അവരേക്കാൾ കൊതിയനായ ഞാൻ വാങ്ങിക്കുമല്ലോ.. മാത്രമല്ല, പച്ചക്കറിയും മീനും വാങ്ങാൻ പോയാൽ ഞാൻ പണ്ട് ഹനുമാൻ മരുത്വാമല കൊണ്ടുവന്ന പോലെ ഏതാണ്ട് തൂത്തുവാരി കൊണ്ടുവരുമെന്നും വേണ്ട സാധനങ്ങളൊഴികെ ബാക്കിയെല്ലാം അതിൽ ഉണ്ടാവുമെന്നും പരക്കെ ഒരു കിംവദന്തിയുണ്ട്.
അങ്ങനെ ഞങ്ങൾ മൂന്നാളും ലുലുവിലേക്ക് തിരിച്ചു. തെറ്റില്ലാത്ത തിരക്ക് റോഡിലും ലുലുവിലും.
ഇന്ന് independence day പ്രമാണിച്ച് അവിടെ മിനിമം ഒരു നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങിക്കുമ്പോൾ സമ്മാന കൂപ്പണും ഒപ്പം ഒരു ലക്കി വീലും ണ്ട് ..

എല്ലാം കണ്ട് വിലയിരുത്തി അകത്തു കേറി മരുത്വാമല മുഴുവൻ വാങ്ങി.. ബില്ലടിക്കുന്ന കൊച്ചിനോട് അറിയാവുന്ന ഹിന്ദിയിൽ “വോ അലക് അലക് ബിൽ കരോ.. വോ ലക്കി കൂപ്പൺ കേലിയേ സെപ്പറേറ്റ് ബിൽ ചാഹിയേ” ന്നൊക്കെ പറഞ്ഞു നാല് ബില്ലാക്കി പേ ചെയ്ത് പുറത്തിറങ്ങി.
ഏറ്റവും ചെറുത് മോളായത് കൊണ്ട് അവളെക്കൊണ്ട് രണ്ട് തവണ ലക്കി വീല് കറക്കിച്ചു. 2 പ്രാവശ്യവും 100 രൂപ ഗിഫ്റ്റ് വൗച്ചർ.. മോനൊരു കറക്ക് 250 രൂപ ഗിഫ്റ്റ് വൗച്ചർ, എൻ്റെ കറക്കിനൊരു മഗ്ഗും..
വൗച്ചർ വാങ്ങാൻ ചെന്നപ്പോഴാണ് 100 രൂപയുടെ വൗചർ Falooda nation ലേക്കുള്ളതും 250 രൂപയുടേത് enamor എന്നൊരു store ലേക്കും ആണെന്നറിഞ്ഞത്.
ഞാൻ മോനോട് പറഞ്ഞു. “അമ്മയുള്ളപ്പോ കൂപ്പണൊക്കെ പറ്റീരാണ് എന്ന് പറഞ്ഞോ, പിന്നെ നോക്കാം ന്ന് പറഞ്ഞോ അതിനെ expire ആക്കുക ആണ് പതിവ്.. കിട്ടിയ ചാൻസാ , നമക്കിന്ന് തന്നെ use ചെയ്യാം ”
Falooda Nation നമ്മൾ സ്ഥിരം പോകുന്നതാണ്, മറ്റേ കൂപ്പണിൻ്റെ പുറത്ത് നാലഞ്ച് കോളേജ് പെൺപിള്ളാർ casual wears ഉം ഒക്കെയായി നിൽക്കുന്നു.
മോളോട് പറഞ്ഞു ” ഈ ഷോപ്പീന്ന് മോൾക്ക് വല്ല ലിപ്സ്റ്റിക്കോ നെയിൽ പോളിഷോ വാങ്ങിക്കാം ” ന്ന്..
വാങ്ങിയ സാധനങ്ങൾ കാറിൽ കൊണ്ട് തള്ളിയപ്പോൾ സമയം മൂന്നര.. ലഞ്ച് കഴിച്ചിട്ടില്ല. ഓടിപ്പോയി പോപ്പേയ്സിൽ നിന്ന് ഒരു ക്വിക്ക് ലഞ്ചും കഴിച്ച് ഫലൂഡ നേഷനിലേക്ക്, അവിടെ കയ്യീന്ന് പൈസ ഇറങ്ങിയെങ്കിലും കിട്ടിയ കൂപ്പണും ചെലവാക്കിയ സംതൃപ്തി..


ഫലൂഡ കഴിച്ച് കഴിഞ്ഞപ്പോൾ ആ ഭീമാകാരൻ മാളിൽ enamor store തപ്പി കണ്ടുപിടിക്കാൻ ഞങ്ങൾ മൂന്നു പേരും കൂടി ഇറങ്ങി.
ഘടാഘടിയൻമാരായ സെക്യൂരിറ്റി ചേട്ടന്മാരോട് ഞാനും മോനും മാറി മാറി സ്റ്റോർ എവിടെയാണെന്ന് ചോദിക്കുന്നു. എല്ലാരും എന്നെ ആപാദചൂഢമൊന്ന് നോക്കിയിട്ട് മോളിലെ സെക്യൂരിറ്റി ചേട്ടൻ സ്റ്റോർ താഴത്തെ നിലയിലാന്നും താഴെയുള്ള സെക്യൂരിറ്റി ചേട്ടൻ മുകളിലാന്നെന്നും പറഞ്ഞു ചുമ്മാ നടത്തിക്കാനുള്ള പ്ലാനാണ് എന്ന് മനസിലായി.
അവസാനം idea കിട്ടി.
ഏതെങ്കിലും ലേഡീസിനോട് ചോദിക്കുക, അവിടെ മാളിൽ വന്ന ചേച്ചിമാരോടോ ഏതെങ്കിലും ഷോപ്പിലെ സെയിൽസ് ഗേൾസിനോടോ മറ്റോ.. അവർക്ക് അറിയുന്നുണ്ടാവും.
പിള്ളേർക്ക് നടന്നു മടുത്തു തുടങ്ങി. മോള് നെയിൽ പോളിഷിൻ്റെ ഷേഡും മനസ്സിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിന് വേണ്ടി മാത്രം നടക്കുന്ന പോലെയായിട്ടുണ്ട്..

അവസാനം നെഞ്ചും തള്ളി കിരീടത്തിലെ ഹൈദ്രോസിനെ പോലെ ഞാൻ ചെന്നു ചോദിച്ച നേരം ഒരു ചേച്ചി കാണിച്ച വഴിയിൽ അങ്ങറ്റത്ത് ഞാൻ കണ്ടു ..
പിങ്ക് ബോർഡിൽ വെള്ള നിറത്തിലെഴുതിയ enamor
പിള്ളേരെയും കൊണ്ട് വിജയശീലാളിതനായി ഞാൻ ചെന്ന് കടയുടെ ഡോർ തള്ളിത്തുറന്നു.
ഒരു നിമിഷത്തേക്ക് ഞാൻ സ്തബ്ധനായി…

നിറഞ്ഞു കവിഞ്ഞ് ഓവർ സ്റ്റോക്കായി ഇടത്തും വലത്തും മുകളിലും പ്രതിമയിലും വലിയ ഓട്ടയുള്ളതും സുഷിരങ്ങളുള്ളതും ഇതൊന്നും ഇല്ലാത്തതുമായ പലവർണ പലജാതി പലവർഗ ജട്ടികൾ, ബ്രാകൾ..
*കൂപ്പണും പിടിച്ച് നെഞ്ചും തള്ളി ഇച്ചിരി നല്ലോണം തടിയുള്ള ഞാൻ ഈ ഷോപ്പ് അന്വേഷിച്ച സമയത്തുള്ള ചേച്ചിമാരുടെ ചിരിക്കുന്ന മുഖം മനസിൽ മിന്നിമറഞ്ഞു.
“മക്കളേ, ഇതു നമ്മളുദ്ദേശിച്ച നെയിൽ പോളിഷല്ലെടാ, മെല്ലെ ഇറങ്ങിക്കോ ഇവിടന്ന് ” എന്ന് പറഞ്ഞ് ഞങ്ങൾ ഒറ്റ സ്കൂട്ടാവൽ ആയിരുന്നു പിന്നെ..
പറ്റിയ അമളി വീട്ടിൽ വന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവൾക്കും ഒരേ ചിരി..
“ഇയ്യാളിത് എവിടെപ്പോയാലും ഇതു തന്നെയാണോ ” എന്നത് കൃത്യമായി അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു ..
* പിൻകുറിപ്പ് : ആണുങ്ങൾക്കോ കുട്ടികൾക്കോ ഇത്തരം ഷോപ്പുകളിൽ പോകുന്നതിനോ അവിടെയുള്ളത് വാങ്ങുന്നതിനോ സാധ്യമല്ല എന്നോ, അങ്ങനെ പാടില്ല എന്നോ ഈ കുറിപ്പുകൊണ്ടുദ്ദേശിക്കുന്നില്ല.
ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ പോയതിൻ്റെ ചമ്മൽ പങ്കു വച്ചന്നേ ഒള്ളു …


7 Comments
രസകരമായി എഴുതി👍🌹
😄😄
😀😀
🤣🤣🤣🤣👍👍
രസകരം. 👌
‘മരുത്വമല ‘, പൊക്കി കൊണ്ടുവരുന്നവർ ഇവിടെയും ഉണ്ട്.
ഇടയിലുള്ള നല്ല ചിത്രങ്ങളും ബ്ലോഗിനെ ആകർഷകമാക്കി.👌
By the way, മീൻ കേടില്ലാതെ മൂന്നര വരെ ഇരുന്നോ?🤔 കൂടെ ice box, കാറിൽ വെച്ചിരുന്നോ?
അഭിനന്ദനങ്ങൾ 👏
Thanks.. മീൻ ലുലുവിൽ freezer ൽ സൂക്ഷിക്കും .. പിന്നെ കറക്കം കഴിഞ്ഞ് മടങ്ങുമ്പോൾ ബില്ല് കാണിച്ച് അതു മാത്രം pick ചെയ്താൽ മതി ..
🤣🤣