മുട്ട പൊരിച്ചു. പച്ച മാങ്ങ ചേർത്തു ചമ്മന്തി അരച്ചു. പപ്പടം കാച്ചി… ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും തൂവി പച്ചമോരു കലക്കി എടുത്തു.
പുറത്തൊരു ബൈക്കിന്റെ ശബ്ദം… അത്രയും നേരം മൊബൈലിൽ തല കുമ്പിട്ടിരുന്ന പ്രിയ മകൻ ഒറ്റച്ചാട്ടത്തിന് പുറത്തിറങ്ങി എന്തോ തന്നത്താൻ പറഞ്ഞു കൊണ്ട് ഒരു കവറുമായി തിരിച്ചെത്തി.
“എന്താടാ പറഞ്ഞത്? എന്റെ മുഖത്തു നോക്കി കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞാലേ എനിക്കു കേൾക്കാൻ പറ്റുകയുള്ളു. പ്രായമായ ചെവിയാ. “
“ഒന്ന് പോമ്മേ… ഞാൻ ഒരു റാപ്പ് പാടിയതാ. “
ശേഷം മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പൊതി അഴിച്ചു കഴിക്കാൻ തുടങ്ങി..
“ചോറുണ്ണുന്ന സമയത്തു കടയപ്പം തിന്നാലെങ്ങനാടാ? “
എന്റെ നിയന്ത്രണം വിട്ടു തുടങ്ങി..
“കടയപ്പമോ? ഇത് നിങ്ങടെ കാലത്തെ ചീള് പലഹാരം ഒന്നുമല്ല. ഞാൻ സ്വിഗിയിൽ ഓർഡർ ചെയ്തതാ. “
“അമ്മാ… നിങ്ങൾ ഈ ബൂമേഴ്സിനൊന്നും ഞങ്ങൾ ജെൻസീയെ മനസ്സിലാവൂല്ല. “
“ഞങ്ങൾ ബൂമേഴ്സിന്റെ വയറ്റിൽ നിന്നല്ലേ ഈ ജെൻസീ വന്നത്. “
“അമ്മ വളരെ അപ്ഡേറ്റഡ് ആണല്ലോ. “
“പൊക്കോണം… “
“എന്നാൽ നിനക്കു നേരത്തെ പറയാൻ മേലായിരുന്നോ? എന്നെ വെറുതെ പാട് പെടുത്തിയതെന്തിനാ?”
“ഓ.. സോറി.. അമ്മാ.. “
“അല്ല… അമ്മ കഴിക്കുന്നില്ലേ? ബാക്കി ഉണ്ടെങ്കിൽ അച്ഛൻ വൈകുന്നേരം വരുമ്പോൾ കൊടുക്കാമല്ലോ. “
“അതവിടെ നിൽക്കട്ടെ.. ദേ.. ആ ജംഗ്ഷനിലെ ഹോട്ടലുകാരൻ നിന്നെ അന്വേഷിച്ചു പുറത്തു നിൽക്കുന്നു. ചെന്നു നോക്ക്. “
“ആ… പൊറോട്ട മാസ്റ്റർ.. “
“അമ്മേ.. പുറകു വശത്ത് കിടക്കുന്ന പഴയ തടികഷണങ്ങൾ ആ ചേട്ടനു കൊടുത്തേക്കട്ടെ.. നമുക്ക് വേണ്ടല്ലോ. വെറുതെ സ്ഥലം മിനക്കെടുത്തുവ… ല്ലേ. “
“അയാൾക്കെന്തിനാ അത്? പണ്ട് ഒരു പാഴ്മരം വെട്ടിയിട്ടിട്ടു അയാളോട് കൊണ്ടു പൊക്കോളാൻ നിന്റെ അച്ഛൻ പറഞ്ഞപ്പോൾ അയാൾക്കെന്തൊരു പുച്ഛമായിരുന്നു?”
“അന്നതിന്റ ആവശ്യം ഇല്ലായിരുന്നു. ഇപ്പോൾ ഗ്യാസിന് ക്ഷാമം ആയതുകൊണ്ടല്ലേ?കൊണ്ടു പോട്ടമ്മേ.. “
“കൊണ്ടുപോയ്ക്കോട്ടെ. “
“ആദ്യകാലങ്ങളിൽ തെങ്ങിന്റെ മടലും കൊതുമ്പും ചൂട്ടും ഒക്കെ ആയിരുന്നു തീ കത്തിക്കാൻ ഉപയോഗിച്ചിരുന്നത്. റബ്ബർ വ്യാപകമായപ്പോൾ അതിന്റെ ഉണങ്ങിയ കമ്പുകൾക്കും മറ്റും പ്രിയമേറി. റബ്ബറിനു വിലയിടിഞ്ഞപ്പോൾ അവയും അപ്രത്യക്ഷമായി. ഇനി എല്ലാവരും വിറകിനു പുറകെ പോകും “
“അല്ല. ഇവൻ ഇതെവിടെ പോയി? അയാളെ സഹായിക്കാൻ പോയോ? വീട്ടിൽ ഉപകാരമില്ലെങ്കിലും നാട്ടുകാർക്കെങ്കിലും പ്രയോജനമുണ്ടാകട്ടെ. “
“അമ്മേ.. ചേട്ടൻ അമ്മയ്ക്ക് താങ്ക്സ് പറഞ്ഞു. “
“വരവ് വെച്ചിരിക്കുന്നു. എടാ ഗ്യാസിന്റെ പ്രശ്നം തീർന്നില്ലെങ്കിൽ സ്വിഗി എന്തു ചെയ്യും? നീയൊക്കെ പട്ടിണി ആകുവേലെ? “
“അതിനല്ലേ അമ്മേ ഈ കമ്മ്യൂണിറ്റി കിച്ചൺ? ഇതു പഴയ കാലമൊന്നുമല്ല. “
“എന്റെ അമ്മ… അതായതു നിന്റെ അമ്മൂമ്മ നിന്റെ അപ്പൂപ്പന്റെ തറവാട്ടിലേക്കു വരുമ്പോൾ അവിടെ കമ്മ്യൂണിറ്റി കിച്ചൻ ആയിരുന്നെടാ. എല്ലാവരും കൂടി ഒരുമിച്ചു പാചകം ചെയ്യുന്നു. ഒരുമിച്ചു കഴിക്കുന്നു. ഓരോരുത്തർക്കും അവരവരുടെ പാചക നൈപുണ്യം പുറത്തെടുക്കാം. “
“അമ്മേ. മതി… ഞാനീ ഭിത്തിയിൽ ഒന്നു പിടിച്ചോട്ടെ..
“അമ്മേടെ തള്ള് അത്രക്കുണ്ട്. “
എടാ.. പണ്ടൊക്കെ എല്ലാ വീടുകളിലും അങ്ങാനായിരുന്നെടാ. ചേട്ടനിയന്മാർ ഒന്നിച്ചല്ലായിരുന്നോ താമസം?
അത് കേൾക്കാൻ നിൽക്കാതെ. ചെറുക്കൻ ഒറ്റച്ചാട്ടത്തിന് റോഡിലെത്തി.

