വേട്ടക്കാരൻ, അയാൾ ഇന്നത്തെ രാത്രിയും സുഖമായുറങ്ങും. പതിവുപോലെ നാളത്തെ സന്തോഷങ്ങളിലേക്ക് ഉണർന്നെണീൽക്കും.തലയുയർത്തി ലോകത്തെ അഭിമുഖീകരിക്കും. നല്ലൊരു ഗൃഹനാഥനെന്ന് കുടുംബാംഗങ്ങൾ അടക്കം പറയും.
ഇര,വേട്ടക്കാരനെ അഭിമുഖീകരിക്കേണ്ടി വരുമോ എന്നോർത്ത് ഉറങ്ങാതെ രാവു തീർക്കും. ഇനി അയാളുടെ മുന്നിൽ പെട്ടാലോ, അറിയാതെ ചവിട്ടു കൊണ്ട അട്ടയെപ്പോലെ ചൂളിച്ചുരുങ്ങും. കുറ്റം തൻ്റേതാവാം എന്ന് പിറുപിറുക്കും. തല ഉയർത്താൻ ഭയന്ന് മുന്നോട്ട് നടക്കാൻ പഠിക്കും.
വേട്ടക്കാരൻ, അയാൾ വീണ്ടും വല നെയ്യും, അടുത്ത ഇരയ്ക്കായി കാത്തിരിക്കും.
