ജോലിക്ക് പോകാൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, യമുന അവിടെ ജോലിയ്ക്ക് പോയത്. അവിടത്തെ രേണുചേച്ചിയ്ക്ക് അത്യാവശ്യമായി ലീവ് എടുക്കേണ്ടി വന്നപ്പോൾ, അതും വളരെ നിർബന്ധിച്ചപ്പോൾ പോയതാണ് അവൾ.
വിവാഹം കഴിഞ്ഞ് വീട്ടിൽ വന്നതിന് ശേഷം, ഭർത്താവും അമ്മായി അമ്മയും വളരെ നിർബന്ധിച്ചതാണ് എന്തെങ്കിലും ജോലിക്ക് പോകാൻ. മടി പിടിച്ചു വീട്ടിലിരിയ്ക്കാനൊന്നും പറ്റില്ല. ഭർത്താവിൻ്റെ മെഡിക്കൽ റെപ്രസൻററ്റീവിന്റെ ജോലി കൊണ്ട് കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല എന്ന് അവൾക്കും അറിയാം. തറവാട് വീട്ടിൽ അമ്മയും അച്ഛനും അനിയനും ഉണ്ട്. അവർക്ക് ആർക്കും ഒരു വരുമാനവും ഇല്ല. ആനന്ദൻ ചേട്ടൻ ഒരു പാവമായതിനാൽ തന്നെ ഇവരെയൊക്കെ തീറ്റിപ്പോറ്റുകയാണ്.
എപ്പോഴും പറയും വീട് മാറാമെന്ന്. അപ്പോൾ സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. എവിടെ കേൾക്കാൻ!
അച്ഛനേയും അമ്മയേയും അനിയനേയുമൊന്നും വിട്ടു പോകാൻ പറ്റില്ല.
അങ്ങനെയാണ് യമുന എവിടെയെങ്കിലും താല്ക്കാലിക ജോലിയ്ക്ക് പോകാൻ തയ്യാറായത്. പലയിടത്തും അങ്ങനെ താല്ക്കാലിക ജോലിയ്ക്ക് ആളെ എടുക്കും. ഡെയിലി വേജസ് എന്ന ഓമനപ്പേരിൽ കിട്ടുന്ന ശമ്പളം. ചിലപ്പോൾ മാസങ്ങളോളം ലീവ് എടുക്കേണ്ടി വരുമ്പോൾ യമുനയെപ്പോലെയുള്ളവരെ തേടി വരും.
വേറെ ഒരു ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നും കിട്ടില്ല. എൺപത്തി ഒമ്പത് ദിവസം വരെ മാത്രമേ കിട്ടുകയുള്ളൂ.
പിന്നീട് സർവീസ് ബ്രേക്ക് ചെയ്ത് വീണ്ടും വേണമെങ്കിൽ ആ ജോലി തന്നെ കിട്ടും.
മൂന്ന് മാസം വരെ ചിലപ്പോൾ, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം.
ചില കേന്ദ്ര, സംസ്ഥാന സർക്കാരിൻ്റെ ഓഫീസുകളിൽ ഇങ്ങനെ ജോലി ചെയ്യുന്ന അനേകം പേർ ഉണ്ട്. ഇങ്ങനെ ഒരു വേക്കൻസി അന്വേഷിച്ചു വരുന്നവരുമുണ്ട്.
യമുനയ്ക്ക് അധികം ജോലിയൊന്നും ഈ പുതിയ ഓഫീസിൽ ഉണ്ടായിരുന്നില്ല. കാലത്ത് പോയി കുറച്ചു പണികൾ ചെയ്തു കൊടുത്തു പോരാം. പിന്നീട് ഉച്ചയ്ക്ക് ശേഷം വീണ്ടും പോകണം. പാർട്ട് ടൈം ജോലി.
പക്ഷേ എവിടെയും പോയി ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത യമുനയ്ക്ക് ഈ ഓഫീസിൽ കൊണ്ടുപിടിച്ചു പണി കിട്ടി. വൈകിട്ട് വീട്ടിൽ എത്താൻ വരെ നേരം വൈകി. അഞ്ചാറ് ദിവസം കൊണ്ട് യമുനയ്ക്ക് വയ്യാതായി. കാല് വേദന, കൈവേദന എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും വീട്ടുകാർ, പ്രത്യേകിച്ച് ഭർത്താവിൻ്റെ അമ്മ സമ്മതിച്ചില്ല. വല്ലപ്പോഴും കിട്ടുന്ന വരുമാനം കളയരുതല്ലോ. ഒരു മാസം ലീവാണ് എന്നാണ് രേണുചേച്ചി പറഞ്ഞത്.
എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയണം, ഇങ്ങനെ ചത്തു പണിയെടുക്കാനൊന്നും വയ്യ എന്നാണ് യമുനയുടെ ഉള്ളിൽ.
ഇനിയെന്തു ചെയ്യണം എന്ന് ആലോചിച്ചു രാത്രി മുഴുവൻ. അങ്ങനെയാണ് ഒരു സൂത്രപ്പണി യമുനയുടെ മനസ്സിൽ തോന്നിയത്.
പിറ്റേന്ന് തന്നെ അത് നടപ്പിലാക്കുകയും ചെയ്തു.
പിറ്റേന്ന് വൈകുന്നേരം കരഞ്ഞു പിഴിഞ്ഞ് വീട്ടിലേക്ക് വരുന്ന യമുനയെ കണ്ടപ്പോൾ
രേണു അമ്പരന്നു.
” എന്ത് പറ്റി യമുനേ.. ഇങ്ങനെ കരയാൻ? ആരെങ്കിലും എന്തെങ്കിലും ഉപദ്രവിച്ചോ?” രേണു ചോദിച്ചു.
” ഇനി ഞാൻ നിങ്ങളുടെ ഓഫീസിലേക്ക് ഇല്ല. മതിയായി. ഞാൻ നിർത്തി. ഇങ്ങനെ ഒരാളാണ് നിങ്ങളുടെ ഓഫീസർ എന്ന് ഞാൻ അറിഞ്ഞില്ല. ” യമുന കരയുക തന്നെയായിരുന്നു.
“ആര്? വേണുസാറോ? അദ്ദേഹം എന്ത് ചെയ്തു? ഒരു പാവം സാറാണ് അത്. ” രേണു പറഞ്ഞു.
” അതെ അതെ. പാവം സാറ് തന്നെ. പക്ഷേ കയ്യിലിരുപ്പ് കൊള്ളില്ല.
ദേ.. ആരുമില്ലാത്ത സമയത്ത് ആ സാറ് എന്റെ കയ്യിൽ കയറിപ്പിടിച്ചു.
ഞാൻ കുതറി ഓടി.
നേരെ ഇങ്ങോട്ട് വന്നു.
മതിയായേ നിങ്ങളുടെ ജോലി. നിങ്ങളൊക്കെ എങ്ങനെ അവിടെ കഴിയുന്നു?”
” യമുന എന്താണ് ഈ ഇല്ലാത്ത കാര്യമൊക്കെ പറയുന്നത്? ഞങ്ങൾ എത്ര കാലമായി അവിടെ ജോലി ചെയ്യുന്നു? ഞാനും വീണചേച്ചിയും ഒക്കെ… ഇത് വരെ ഒരു കുഴപ്പവുമില്ല. അത്ര നല്ല പെരുമാറ്റവും സ്വഭാവവും ആണ് വേണുസാറിന്റെ… എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ” രേണു പറഞ്ഞു.
” എന്തായാലും വേറെ ആളെ നോക്കിക്കോ നാളെ മുതൽ. ഞാൻ വരണില്ല. “
ആശ്വാസത്തോടെ യമുന വീട്ടിലേക്ക് പോയി.
അവിടെ ചെന്നതും വീണ്ടും കരച്ചിലും പിഴിച്ചിലും തുടങ്ങി.
” എന്ത് പറ്റി മോളേ ” എന്ന് ചോദിച്ചു അമ്മായി അമ്മ.
രേണുവിനോട് പറഞ്ഞതിൻ്റെ ഇരട്ടി കൂട്ടിച്ചേർത്തു അമ്മായി അമ്മയെ ബോധ്യപ്പെടുത്തി, യമുന. എങ്ങനെയെങ്കിലും ജോലിക്ക് പോകാതിരിക്കണം എന്ന് മാത്രമേ യമുനയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
അമ്മായി അമ്മ കേട്ടത് പാതി കേൾക്കാത്തത് പാതി അലറിക്കൊണ്ട് രേണുവിൻ്റെ വീട്ടിൽ എത്തി.
” എടി ഭയങ്കരി, നീ പെണ്ണുങ്ങളെ കൂട്ടി കൊടുക്കാനാണോ പോകുന്നത്? നിന്റെ സാറിന് വേണ്ടിയാണോ ജോലി എന്ന് പറഞ്ഞ് എന്റെ മോളേ അവിടേയ്ക്ക് വിട്ടത്? “
” ദേ വിലാസിനി ചേച്ചി, ആവശ്യമില്ലാത്ത കാര്യം പറയരുത്. ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുന്ന നിങ്ങളുടെ മരുമോൾക്ക് എന്തെങ്കിലും പണി ആയിക്കോട്ടെ എന്ന് കരുതി വിളിച്ചതിന് എനിക്കായോ കുറ്റം!
ഇനി ആ സാറ് എന്തെങ്കിലും ചെയ്യാൻ പോയെങ്കിൽ അത് നിങ്ങളുടെ മരുമകളുടെ കൈയിലിരിപ്പ്… “
രേണുവിന് ആകെ ദേഷ്യം വന്നു.
“സഹായിക്കാൻ പോയിട്ട് ഇപ്പോൾ എന്റെ മെക്കട്ട് കയറാൻ വന്നിരിക്കുന്നു. നിങ്ങളെയൊക്കെ വിളിച്ചു ജോലി കൊടുക്കാൻ പോയ എന്നെ പറഞ്ഞാൽ മതി” രേണു പറഞ്ഞു.
വിലാസിനിയാണെങ്കിൽ അല്പം കിട്ടിയാൽ മതി, അത് പൊടിപ്പും തൊങ്ങലും ചേർത്ത് നല്ലൊരു കഥയാക്കി ഇറക്കാൻ ഇഷ്ടമുള്ള ഒരാളാണ്. സ്വന്തം മരുമകളാണ് ഈ കഥയിൽ നാണം കെടുന്നത് എന്ന് അറിഞ്ഞിട്ടും പലരോടും ഇത് പറഞ്ഞു നടന്നു.
തല്ക്കാലം ജോലിക്ക് പോകാതിരിയ്ക്കാൻ ഒരു കാരണം എന്ന് വച്ച് യമുന ഉണ്ടാക്കിയ കഥ, നാട് മുഴുവൻ പരന്നു. രേണുവിനോടാണ് ആളുകൾ ചോദിക്കുന്നത്. അവളുടെ ഓഫീസറാണല്ലോ.
വിലാസിനി അവിടെ ഓഫീസിൽ ചെന്ന് ബഹളം വച്ചത് രേണു അറിഞ്ഞില്ല. കുട്ടിയ്ക്ക് സുഖമില്ലാത്തത് കൊണ്ട് അവൾ ലീവിലായതിനാൽ വേറെ ഒരാളെ വച്ചിരിയ്ക്കുകയായിരുന്നു.
അവർക്ക് ഈടും മൂടുമൊന്നും ഇല്ലാത്തതിനാൽ അവർ അവിടെ ചെന്ന് വേണുസാറിനെ ചീത്ത കൊണ്ട് അഭിഷേകം ചെയ്തു. തെറിവാക്കുകൾ പറയാൻ ഒരു മടിയില്ലാത്ത അവർ പച്ചയ്ക്ക് പറഞ്ഞത് കേട്ട് അവിടെ ഉണ്ടായിരുന്നവരൊക്കെ ചെവി പൊത്തി.
” നിങ്ങൾ ഒരു മാന്യനാണ് എന്നാണല്ലോ കേൾക്കുന്നത്. എന്റെ മരുമോളേ മാത്രമേ നിങ്ങൾക്ക്….. കിട്ടിയുള്ളൂ… അവശേഷിക്കുന്ന നല്ല അന്തസ്സുള്ള തറവാട്ടിൽ നിന്ന് വന്ന് അതിലും വലിയ തറവാട്ടിലെ മരുമകളായതാണ്. ഞാനേ അവളെ സ്വന്തം മോളേപ്പോലേ കരുതിയതാണ്… എന്നിട്ടാണ്…. ഞാൻ ഇതിന് കേസ് കൊടുക്കും.. “
ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് വേണു സാർ തന്നെ പറഞ്ഞു.
അവിടെ ഉണ്ടായിരുന്ന എല്ലാവരും വേണു സാറിനെ കാലങ്ങളായി അറിയുന്നവരുമാണ്.
എന്ത് പറഞ്ഞിട്ടും കേൾക്കാതെ അങ്ങനെ ചാടിത്തുള്ളി പോയ അവർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി.
മകനും മരുമകളും അതിനൊന്നും പോകണ്ട എന്ന് പറഞ്ഞെങ്കിലും, വിലാസിനിയുടെ നിർബന്ധം സഹിക്കാൻ പറ്റാതെ അവരും സ്റ്റേഷനിൽ ചെന്നു.
” കേസ് വേണ്ട, താക്കീത് ചെയ്താൽ പോരെ? ഇതിനൊക്കെ പോയാൽ കുറെ ബുദ്ധിമുട്ടാണ് ” എന്ന് സബ് ഇൻസ്പെക്ടർ അവരോട് പറഞ്ഞു.
” എന്റെ മരുമകളുടെ മാനമാണ് സാറേ. അങ്ങനെ വെറുതെ വിടാൻ പറ്റില്ല “
കേസ് രജിസ്റ്റർ ചെയ്തു.
എസ്ഐയും രണ്ട് മൂന്ന് പോലീസ് കാരും ജീപ്പിൽ വേണുസാറിന്റെ ഓഫീസിൽ എത്തി.
” എന്താണ് സാർ.. ” വേണു ചോദിച്ചു.
” ഞങ്ങൾക്ക് ഒരു പീഡനപരാതി കിട്ടിയിട്ടുണ്ട്. സാറാണ് പ്രതി. പോലീസ് സ്റ്റേഷനിൽ ഒന്ന് വരണം.
കൂടുതൽ കാര്യങ്ങൾ അവിടെ ചെന്നിട്ട് പറയാം.. അപ്പോൾ പോവുകയല്ലേ…
” എസ്. ഐ ചോദിച്ചു.
” ഒരു മിനിറ്റ്.. ഞാൻ ഹെഡ് ഓഫീസിൽ ഒന്ന് അറിയിക്കട്ടെ.. എന്നിട്ട് അങ്ങോട്ട് വരാം.. “
വേണുസാറിനെ നേരത്തെ തന്നെ അറിയാവുന്ന എസ് ഐ പറഞ്ഞു..
” ശരി. അധികം വൈകാതെ വന്നാൽ നല്ലത്. “
അപ്പോഴേക്കും എങ്ങനെയൊക്കെയോ അറിഞ്ഞു പിടിച്ച് ആളുകൾ അവിടെ കൂടി.
അവിടെയുള്ള ചാനൽ പ്രതിനിധികൾ എത്തി വേണുവിനെ ചോദ്യം ചെയ്തു തുടങ്ങി.
” ഇല്ലാത്ത ഒരു കാര്യമാണ് ഇത്. ആ സ്ത്രീ എന്തോ വന്നു പറഞ്ഞത് കേട്ട് പോലീസ് അന്വേഷിക്കാൻ വന്നതാണ്”
എന്നൊക്കെ വേണുസാർ പറയുന്നത് കേൾക്കാൻ അവർക്ക് നേരമില്ല. ഉള്ളതും ഇല്ലാത്തതുമൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ക്യാമറയിൽ വേണുവിനെ പകർത്തി. ലൈവ് ടെലികാസ്റ്റ് പോവുകയായി.
വേണുസാർ അതൊക്കെ തടയുന്നുണ്ടെങ്കിലും കാര്യമില്ല. ചാനൽ അവതാരകൻ വേണുസാർ ചെയ്ത പീഢനത്തിന്റെ വിവരണങ്ങൾ നൽകുകയാണ്.
സോഷ്യൽ മീഡിയ, യൂട്യൂബ് ചാനലുകൾക്ക് എന്തും പറയാമല്ലോ.
അതിനിടെ ഹെഡ് ഓഫീസിൽ പറഞ്ഞ് വേണുസാർ പോലീസ് സ്റ്റേഷനിൽ ഹാജരായി.
” സംഭവം കുറച്ച് ഗൗരവത്തിലാണ്. അതിജീവിത തന്നെ വന്ന് പരാതി തന്നതിനാൽ ഈ സംഭവം അങ്ങനെ തള്ളിക്കളയാൻ പറ്റില്ല.
ജോലിക്ക് വന്ന അവളെ നിങ്ങൾ കയറിപ്പിടിച്ചു. പീഡനത്തിനിരയാക്കി എന്നാണ് പറയുന്നത്. “
എന്തായാലും ഞങ്ങൾക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ല. ദേ.. ഈ ചാനലുകളിൽ ഒക്കെ വാർത്ത വന്നത് കൊണ്ട് തന്നെ മുകളിൽ നിന്ന് വിളിച്ച് ചോദിച്ചു.
ഞങ്ങൾക്ക് അവരോട് മറുപടി പറയണം. ” എസ്ഐ പറഞ്ഞു.
” പരിചയമുള്ള ആളായതിനാലാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്..
സഹകരിച്ചാൽ ഒരു കുഴപ്പവുമില്ല. അല്ലെങ്കിൽ ഞങ്ങൾ പോലീസ്കാരുടെ സ്വഭാവം അറിയാമല്ലോ.. ” എസ്ഐ പറഞ്ഞു.
എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. മൊഴിയെടുക്കൽ. എഫ്. ഐ. ആർ ഒക്കെ തയ്യാറാക്കി.
അല്പം എരിവും പുളിയും ചേർത്ത് തന്നെ.
വേണുസാറിനെ കസ്റ്റഡിയിൽ എടുത്തു.
അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.
വേണുവിൻ്റെ എതിരാളികളായ മറ്റേ യൂണിയൻ ഭാരവാഹികൾ അതിനിടെ അവിടെ വന്നു പോയി. എങ്ങനെയെങ്കിലും വേണുവിനെ ഒരുക്കണമെന്ന് കരുതിയിരിക്കെ കിട്ടിയ സുവർണ്ണാവസരം പാഴാക്കരുതല്ലോ. അവർ പറയുന്നത് തള്ളാൻ ഭരണകക്ഷിക്കാരനായ എസ്ഐയ്ക്ക് കഴിയുകയുമില്ല. അവർക്കൊക്കെ മുകളിൽ പിടിയുണ്ട് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ പിന്നീട് പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്തു ലോക്കപ്പിലടച്ചു.
വിവരം അന്വേഷിച്ചു വന്ന ചാനലുകാർക്ക് വേണ്ട വാർത്തയും കൊടുത്തു.
അപ്പോഴേക്കും വേണുവിൻ്റെ വീട്ടിൽ വിവരം അറിഞ്ഞു. ഭാര്യയും അമ്മയും കുഞ്ഞും മാത്രമേ ഉള്ളൂ വീട്ടിൽ.
അവർ വിവരമറിഞ്ഞ് കരച്ചിലും ബഹളവുമായി.
ആർക്കെങ്കിലും ഒരു കുഴപ്പം ഉണ്ടായാൽ ആളിക്കത്തിക്കാൻ ധാരാളം ആളുകൾ ഉണ്ടല്ലോ. ഒരു തരി തീപ്പൊരി കിട്ടിയാൽ അത് വലിയ ഒരു തീപിടിത്തം ആക്കി മാറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
പൊടിപ്പും തൊങ്ങലും വെച്ച് ആളുകൾ പലതും പറയാൻ തുടങ്ങി.
സ്ത്രീവിഷയം, പീഡനം, അറസ്റ്റ്, പോരേ പൂരം.
അതിലൊക്കെ വല്ല കാര്യവും ഉണ്ടോ എന്ന് അന്വേഷിയ്ക്കാൻ ആരുമില്ല.
ചാനലുകളിൽ വേണുവിൻ്റെ കഥകളൊക്കെ വാർത്തകളായി വരുന്നുണ്ടായിരുന്നു.
വേണുവിൻ്റെ ഭാര്യ, സഹോദരനേയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തി.
കേസും അറസ്റ്റും ഒക്കെ ആയ നിലയ്ക്ക് സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പറ്റില്ല. പോരാത്തതിന് ചില രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദം മൂലം കോടതിയിൽ ഹാജരാക്കി ജാമ്യം കിട്ടുകയാണെങ്കിൽ ആകാം എന്ന് മാത്രം.
പിറ്റെ ദിവസം മാത്രമേ കോടതിയിൽ ഹാജരാക്കൂ. അപ്പോഴേയ്ക്കും നല്ലൊരു അഡ്വക്കേറ്റിനെ സംഘടിപ്പിച്ചു വരാമെന്ന് കരുതി. ഇന്ന് എന്തായാലും ഇവിടെ ലോക്കപ്പിൽ തന്നെ കിടക്കേണ്ടി വരും.
പിറ്റേന്ന് കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിച്ചു കിട്ടി. എതിരെ വലിയ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിയാത്തത് കൊണ്ട് തന്നെ. എന്നാലും സ്റ്റേഷനിൽ വന്ന് ഒപ്പിടണം. വേറെ എവിടെയെങ്കിലും പോകാൻ പാടില്ല. അങ്ങനെ കുറേ നിബന്ധനകൾ.
ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കാനാണോ പാട്. നിസ്സാരമായി ജോലിക്ക് പോകാതിരിക്കാൻ കണ്ട് പിടിച്ച ഒരു സൂത്രപ്പണി, നിരപരാധിയായ ഒരാളുടെ ജീവിതം തകർക്കുന്ന ഒന്നായി. പീഡനവീരനായി പാവം വേണുസാറിനെ മുദ്രകുത്തി, അറസ്റ്റ് ചെയ്യിച്ചു. ഇത്രയൊന്നും വരുമെന്ന് യമുന കരുതിയില്ല. തല്ക്കാലം
ഒരു രക്ഷനേടാൻ ചെയ്ത മാർഗ്ഗം ഇങ്ങനെയായിപ്പോയപ്പോൾ അവൾ തന്നെ ഭയപ്പെട്ടു. പോലീസ് കാരുടെ ചോദ്യം ചെയ്യലും, പത്രക്കാരുടേയും ചാനലുകളുടേയും മുന്നിൽ, അവർ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ വിരണ്ടു.
ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും കോടതിയിൽ പ്രതിഭാഗം വക്കീൽ അവളുടെ സൂത്രങ്ങൾ ഒക്കെ പൊളിച്ചടുക്കി.
ഇല്ലാത്ത കഥ കെട്ടിച്ചമച്ച് കേസുണ്ടാക്കി നിരപരാധിയായ, ഒരു ഉദ്യോഗസ്ഥനെ സമൂഹത്തിൻ്റെ മുന്നിൽ താറടിച്ചു മോശക്കാരനായി ചിത്രീകരിച്ചതിൽ കോടതിയുടെ ശാസനയുണ്ടായി.
“കള്ളം പറഞ്ഞു കേസ് ഉണ്ടാക്കിയതിന്ശിക്ഷ വേണ്ടതാണ്, എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഒരു ഇളവ് നൽകുന്നു. പക്ഷെ പിഴ അടയ്ക്കണം. ഇനി മേലാൽ ഇങ്ങനെ ഒരു കെട്ട് കഥ പറഞ്ഞ് കേസുണ്ടാക്കിയാൽ നിങ്ങൾക്കായിരിക്കും ശിക്ഷ വിധിക്കുന്നത്”
കോടതി പറഞ്ഞു.
നിരപരാധിയായ വേണുസാറിനെ വിട്ടെങ്കിലും അതിനിടെ വീട്ടിൽ നിന്ന് ഭാര്യ സുനന്ദ സ്വന്തം വീട്ടിലേക്ക് ഇനി മടങ്ങി വരില്ല എന്ന് പറഞ്ഞു പോയി. അവർക്ക് അതല്ലേ ചെയ്യാൻ പറ്റൂ.
അതാണ് വേണുവിനെ ആകെ വിഷമത്തിലാക്കിയത്. ബാക്കി എല്ലാവരും തെറ്റിദ്ധാരണ മൂലം തന്നെ സ്ത്രീ പീഡകനായി കരുതി പെരുമാറുന്നത് മനസ്സിലാക്കാം. എന്നാൽ സ്വന്തം ഭാര്യ പോലും തന്നെ അവിശ്വസിച്ച് പിണങ്ങി പോയത് വലിയ ഹൃദയവേദനയുണ്ടാക്കി. സ്വന്തം മകളെവരെ കാണാൻ അനുവദിച്ചില്ല.
അമ്മ മാത്രമേ അയാളുടെ കൂടെ നിന്നുള്ളൂ.
അമ്മയുടെ വിശ്വാസം അയാൾ നിരപരാധിത്വം തെളിയിച്ച് വരുമെന്നായിരുന്നു. സ്വന്തം മകൻ ഒരിക്കലും ഒരു തെറ്റ് ചെയ്യുമെന്ന് അവർ വിശ്വസിച്ചതേയില്ല.
കൂനിന്മേൽ കുരു എന്ന് പറയുന്നത് പോലെ അയാളുടെ ജോലിചെയ്യുന്ന സ്ഥാപനവും അയാളെ ഒഴിവാക്കി, സസ്പെൻഡ് ചെയ്തു. അയാളുടെ എതിരാളികളായ യൂണിയൻകാരുടെ സമ്മർദ്ദം മൂലം, അവസാനം അയാളെ പിരിച്ചു വിടാൻ തുനിഞ്ഞ സമയത്താണ് കേസ് വിധിയായത്. വർഷങ്ങളുടെ കേസ് നടത്തിപ്പിന് ഒടുവിലാണ് ഈ വിധി വന്നത്.
അതോടെ ഡിസ്മിസൽ മാറ്റി അകലേക്ക് ട്രാൻസ്ഫർ ചെയ്ത് അവർ പകരം വീട്ടി.
ജയിൽ ശിക്ഷ വിധിച്ചില്ലെങ്കിലും അതിലും ഭീകരമായ അവസ്ഥയായിരുന്നു. ജയിലിലാണെങ്കിൽ ആരേയും അഭിമുഖീകരിക്കേണ്ടി വരില്ലല്ലോ. ഇത് കേസ് നീട്ടി വച്ച് നീട്ടി വച്ച് വർഷങ്ങൾ കഴിഞ്ഞുപോയി. ആളുകളുടെ കുത്തും മുനയുമുള്ള ചോദ്യങ്ങൾ കേട്ട് ആകെ മരവിച്ച നിലയിലായി.
വിധി അറിഞ്ഞപ്പോൾ വേണുവിൻ്റെ ഭാര്യ ആകെ വിഷമവൃത്തത്തിലായി. അന്ന് ഒരു ചാട്ടത്തിന് അങ്ങോട്ട് പോയത് ഇനി തിരിച്ചു ഇങ്ങോട്ട് എങ്ങനെ വരും? എങ്ങനെ വേണുവിനെ അഭിമുഖീകരിയ്ക്കും? ആകെ തകർന്നു പോയ അയാളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കും!
മാപ്പ് പറഞ്ഞാലും തീരാത്ത ഒരു കുറ്റബോധം അവളെ വേട്ടയാടി.
അവളുടെ അമ്മയും അച്ഛനും സഹോദരനും അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു, വേണുവിൻ്റെ അടുത്തേക്ക് തിരിച്ചു പോകാൻ.
അവളുടെ സഹോദരൻ പോലും വേണുവിനെ കണ്ടാൽ മുഖം തിരിച്ചു പോയിരുന്നു.
നിരപരാധിയായി കോടതി വിധിച്ചപ്പോൾ അയാളെ അന്വേഷിച്ചു വന്നിരിക്കുന്നു ഇപ്പോൾ.
വേറെ വല്ലവരും ആണെങ്കിൽ അന്ന് കൂടെ നില്ക്കാതെ പോയവരെയൊക്കെ തള്ളിക്കളഞ്ഞേനെ.
പക്ഷേ വേണുവിൻ്റെ സ്വഭാവം അങ്ങനെയല്ലല്ലോ.
അയാൾ ആരേയും തള്ളിപ്പറഞ്ഞില്ല. ആരേയും കുറ്റപ്പെടുത്തിയുമില്ല.
“സുനന്ദയ്ക്ക് തിരിച്ചു വരണമെന്നുണ്ട്. വേണുവിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ വരുകയുള്ളൂ… “
വേണുവിനോട് അയാൾ പറഞ്ഞു.
” എന്റെ സമ്മതം വാങ്ങിയല്ലല്ലോ അവൾ പോയത്? അത് കൊണ്ട് തന്നെ ഇങ്ങോട്ട് വരാൻ എന്തിനാണ് സമ്മതം!
എനിക്ക് ഒരിക്കലും അവളോട് ഒരു വിഷമവുമില്ല. വന്നുകൊള്ളട്ടെ.. “
വളരെയധികം വിഷമത്തോടെയാണ് സുനന്ദ കുട്ടിയുമായി വേണുവിൻ്റെ അടുത്തേക്ക് എത്തിയത്. മകൾ എത്ര വലുതായിരിയ്ക്കുന്നു.
അയാൾ എല്ലാം അടക്കിപ്പിടിച്ച് അവളേയും കുഞ്ഞിനേയും കെട്ടിപ്പിടിച്ചു. അത് വരെയുണ്ടായ വിഷമങ്ങൾ എല്ലാം ഉരുകിയൊലിച്ച് പോയതായി അയാൾക്ക് തോന്നി.
” വേണുവേട്ടനോട് എങ്ങനെയാണ് മാപ്പ് ചോദിക്കുക എന്നറിയില്ല. അത്രയധികം ഞാൻ തെറ്റ് ചെയ്തു. ഇല്ലാത്ത കഥകൾ വിശ്വസിച്ച് ഞാൻ വേണുവേട്ടനെ കുറ്റക്കാരനാക്കി… ” അവൾ കരയുകയായിരുന്നു.
എന്താണെന്ന് അറിഞ്ഞിട്ടോ എന്തോ മകളും അമ്മയോടൊപ്പം കരയുന്നത് കണ്ട് വേണു പറഞ്ഞു
” എന്തിനാണ് രണ്ടാളും ഇങ്ങനെ കരയുന്നത്! എല്ലാം കഴിഞ്ഞില്ലേ.. ഇനി ആരും കരയണ്ട… “
അതിനിടെ യമുനയും വീട്ടുകാരും വേണുവിൻ്റെ വീട്ടിൽ വന്ന് മാപ്പ് പറച്ചിലും കള്ളകണ്ണീരൊഴുക്കലും ഉണ്ടായി. വിലാസിനിയുടെ നെഞ്ചത്തടിയ്ക്കലും കരച്ചിലും കേട്ടാൽ എന്താണ് തോന്നുക!
ഇത്രയധികം ബുദ്ധിമുട്ടിച്ചിട്ട് മാപ്പ് പറഞ്ഞാൽ അത്രകാലം ചെയ്തതൊക്കെ ഇല്ലാതെയാകുമോ? മാപ്പിനൊന്നും ഒരു അർത്ഥവും ഇല്ലാതായി ഇക്കാലത്ത്.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_മാപ്പ്മുറിവുണക്കുമോ?
#കഥ_ജീവിതംതകർത്തുകളഞ്ഞവാക്കുകൾ
#രചന_രാമചന്ദ്രൻടിവി


1 Comment
നല്ല കഥ ❤️❤️