പള്ളിപ്പറമ്പിൽ, സെമിത്തേരിയുടെ അതിരുകളിൽ നട്ടു പിടിപ്പിച്ചിരുന്ന തേക്കിൽ നിന്നും താഴെ വീണ ഉണക്ക ഇലകളെ ശബ്ദത്തോടെ, ചവിട്ടി മെതിച്ചു നാരായണേട്ടൻ നടന്നു. ഇല്ലത്തെ നായർക്ക് പള്ളിപ്പറമ്പിൽ എന്താ കാര്യമെന്ന് നാട്ടുകാർ ചോദിക്കുമെന്ന് പേടിച്ചു, എപ്പോഴും ഒരു തോർത്ത് മുണ്ട് തലയിൽ ചുറ്റുന്ന പതിവുണ്ടായിരുന്നു. ഇന്ന് മുഖം മറയ്ക്കാതെ, ആത്മവിശ്വാസത്തോടെയാണ് ചെറിയാനെ കാണാൻ എത്തിയത്. ആ ആത്മാവിനോട് ഒരു തുറന്ന് പറച്ചിൽ ആവശ്യമാണ്.
നാരായണൻ നായർ, ദൂരെ പള്ളിയിലെ പാരിഷ് ഹാളിലേക്ക് തെല്ലു നേരം നോക്കി നിന്നു. ആണ്ട് പൂജ കഴിഞ്ഞു, വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു ആളുകൾ നാട്ടു വഴിയിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു. കാറുകൾ വളച്ചെടുക്കാൻ പാകത്തിന് ഹാളിന്റെ മുറ്റത്തു തന്നെ വിശാലമായ സ്ഥലമുണ്ട്. മിന്നുവും അമ്മുവും അവരുടെ കെട്ടിയോന്മാരും അതിഥികളെ യാത്രയാകുന്നത് അവിടെ നിന്നും കാണാം.
നാരായണൻ മുന്നോട്ടു നോക്കി, ചെറിയാന്റെ മൂന്നാമത്തെ ആണ്ട് പൂജയാണ്. അവന്റെ കല്ലറ വൃത്തിയാക്കാനും പൂക്കൾ കൊണ്ട് അലങ്കരിക്കാനും, ഈ വർഷം താൻ മാത്രം അവശേഷിച്ചു. കഴിഞ്ഞ വർഷം തന്നോടൊപ്പം സുഹൃത്ത് ജോസഫ് കൂടെ ഉണ്ടായിരുന്നു. ജോസഫിൻ്റെ കല്ലറയിലേക്കു നോക്കിയപ്പോൾ നാരായണന്റെ കണ്ണ് നിറഞ്ഞു. ഒരമ്മ പെറ്റില്ലന്നേയുള്ളു, ജനിച്ചതും വളർന്നതും ജോലി ചെയ്തതും എല്ലാം ഒന്നിച്ചായിരുന്നു. ചെറിയാനും ജോസഫും പോയി, താൻ മാത്രം അവശേഷിച്ചു.
“എന്തേ വൈകിയത്, ഞാൻ കാത്ത് നില്ക്കുവായിരുന്നു. “
“നിനക്ക് നിന്റെ കെട്ടിയവനോട് എന്തേലും സ്വകാര്യം പറയാനുണ്ടെങ്കിൽ……. ഞാൻ ഒരു കട്ടുറുമ്പു ആകേണ്ട എന്ന് കരുതി. “
ഇത്രയും പറഞ്ഞപ്പോൾ നാരായണന്റെ കണ്ണ് നിറഞ്ഞു. അപ്പോഴേക്കും മറിയാമ്മ നാരായണന്റെ കയ്യിൽ ഒരു നുള്ളു കൊടുത്തു. പണ്ടൊക്കെ ചെറിയാനൊപ്പം സുന്ദരിയായ മറിയാമ്മ നടന്ന് പോകുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്. തൻ്റെ പ്രിയപ്പെട്ടവളെ തട്ടിയെടുത്തതിന് ചെറിയാനോട് അരിശം തോന്നാത്ത രാത്രികൾ ഇല്ല.
“ജീവിച്ചിരുന്നപ്പോൾ എന്റെ വാക്കുകൾ ഒന്നും കേൾക്കാതെയിരുന്നയാൾ, ഇന്നിപ്പോൾ കേൾക്കുന്നുണ്ടാകുമോ നാരായണേട്ടാ. “
മറിയാമ്മ തല മറച്ചിരുന്ന സാരിയുടെ തുമ്പു കൊണ്ട് അടുത്തുള്ള ശവകുടീരത്തിൽ ഇലകളും പൊടിയും തുടച്ചു മാറ്റി. ആ തണുത്ത മാർബിൾ നിലത്തു മറിയാമ്മ ഇരുന്നു.
“കുറച്ചു നേരം ഇവിടെ ഇരിക്ക് നാരായണേട്ടാ, നമുക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം. “
“ഞാൻ ജോസഫിന്റെ അടുത്തിരിക്കാം. അവനായിരുന്നല്ലോ എൻ്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ. “
നാരായണൻ മറിയാമ്മയെ അടിമുടി നോക്കി. അവളുടെ മുടിയിഴകളിൽ നര കയറി തുടങ്ങി. ഇപ്പോഴും ഇരുപതുകാരിയായ മറിയാമ്മയാണ് മനസ്സിൽ. നേരിയ പിങ്ക് നിറത്തിലുള്ള സാരിയിൽ മറിയാമ്മ, ഈ പ്രായത്തിലും അതീവ സുന്ദരിയായി കാണപ്പെട്ടു.
“ചെറിയാൻ മരിച്ചിട്ടു വർഷം മൂന്നായില്ലേ. നീയിങ്ങനെ ഒറ്റയ്ക്ക് എത്രനാൾ ഇവിടെ കഴിയും. നിനക്ക് മിന്നുവിന് ഒപ്പം അമേരിക്കയിലേയ്ക്ക് പൊയ്ക്കൂടേ. അവൾ എപ്പോഴും കൂടെ ചെല്ലാൻ വിളിക്കാറുണ്ടല്ലോ. “
“എന്നെ പറഞ്ഞയക്കാൻ നാരായണേട്ടന് അത്ര ധൃതിയായോ, മിന്നുവിന് എന്നോട് നല്ല സ്നേഹമൊക്കെയാണ്, സംശയമില്ല, പക്ഷെ ഇപ്പോൾ അവൾക്കു വേണ്ടത് കുട്ടികൾക്കൊരു ബേബി സിറ്ററിനെയാണ്. “
“എങ്കിൽ നിനക്ക് അമ്മുവിനൊപ്പം ഡൽഹിയിൽ പൊയ്ക്കൂടേ, അവിടെ ആകുമ്പോൾ ഇടയ്ക്ക് ഇടയ്ക്കു നാട്ടിൽ വന്ന് പോവുകയും ചെയ്യാമല്ലോ. “
“അവിടെ അമ്മുവിനൊപ്പം കെവിന്റെ അമ്മ എലിസബത്തുമുണ്ട്. കൂടെ രണ്ടു അമ്മമാർ അവർക്കു എന്തിനാ. മാത്രമല്ല, ഈ നാടും പള്ളിയും വെളുപ്പിനേയുള്ള കുർബാനയും ഒന്നും മുടക്കാൻ എനിക്ക് പറ്റില്ല. എല്ലാം മുടങ്ങിയാലും പ്രിയപ്പെട്ട ഒരാളെ എനിക്ക് മരണം വരെ കണ്ടു കൊണ്ടിരിക്കണം. “
മറിയാമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു നാരായണൻ സങ്കടപ്പെട്ടു.
“എന്റെ മറിയേ, നിന്നെ പറഞ്ഞു വിടാനല്ല ഞാൻ ഇതൊക്കെ പറയുന്നത്. നീ ഒറ്റയ്ക്ക് ഇവിടെ കഷ്ടപ്പെടുന്നത് കാണുമ്പോൾ… “
“അത് വിട് നാരായണേട്ടാ, കഷ്ടപ്പാട് ഇപ്പോഴൊന്നുമല്ല തുടങ്ങിയത്. ചെറിയാൻ എന്നെ കെട്ടി കൊണ്ട് വന്നത് മുതൽ കഷ്ടപ്പാടാണ്. റബ്ബർഷീറ്റ് ഉണക്കലും, പുളി കുത്തലും, പശുവിനെ കറക്കലും സൊസൈറ്റിയിൽ പാല് കൊണ്ട് കൊടുക്കലും എന്തോരം ജോലിയായിരുന്നു ആ വീട്ടിൽ. വൈകിട്ടാകുമ്പോഴേക്കും കയ്യും കാലും കഴച്ചിട്ടു ഇത്തിരി വിശ്രമിക്കാൻ തോന്നും, ഞാൻ ആ കുന്നും പുറത്തേയ്ക്കു ഓടും. അപ്പോഴേക്കും ചെറിയാന്റെ അമ്മച്ചിയുടെ വിളി വരും. പക്ഷെ എന്റെ നാരായണേട്ടൻ ജോലി കഴിഞ്ഞു ബസിറങ്ങി വരുന്നത് വരെ ഞാൻ അവിടെ തന്നെയിരിക്കും. ഒളിഞ്ഞും തെളിഞ്ഞും നിന്ന് നിങ്ങളെ കണ്ടിട്ടേ ഞാൻ വീട്ടിലേയ്ക്കു മടങ്ങൂ. മടങ്ങി വരുമ്പോൾ ആ അമ്മച്ചി കഞ്ഞി തവിയുമായി നിൽക്കും എന്നെ അടിക്കാൻ. “
“എല്ലാം ഞാൻ കാരണമാണല്ലോ പെണ്ണേ. “
“അല്ല എനിക്ക് നിങ്ങളോടുള്ള ഇഷ്ടം കൊണ്ട്. ഇതൊക്കെ അറിയാവുന്ന ഒരാളേയുള്ളൂ, അമ്മച്ചി. ചെറിയാന്റെ ആത്മാവ് ഇവിടെയെങ്ങാനും ഉണ്ടേൽ കേൾക്കട്ടെ, അതാ ഞാനിപ്പോൾ എല്ലാം തുറന്നു പറയുന്നത്. “
“അപ്പുറത്ത് അമ്മച്ചിയുടെ കല്ലറയുണ്ട്. “
“അത് സാരമില്ല, എല്ലാം അമ്മച്ചിക്ക് അറിയാം. അമ്മച്ചിയുടെ അടി കുറെ നാൾ ഞാൻ കൊണ്ട് നിന്നിരുന്നു. അവസാനം എനിക്ക് ദേഷ്യം വന്നു, എന്റെ മേൽ നൊന്താൽ എനിക്ക് കലി വരും. ഞാൻ അമ്മച്ചിയെ പിടിച്ചൊരു തള്ള് കൊടുത്തു. അമ്മച്ചിയുടെ കാലൊടിഞ്ഞു നാലാഴ്ച കിടന്നു. അപ്പോഴൊക്കെ ഞാനല്ലേ അമ്മച്ചിയെ നോക്കിയത്. അമ്മച്ചിയോടു ഞാൻ പറഞ്ഞു, എനിക്ക് നാരായണേട്ടനെ ജീവനാണ്. ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് എൻ്റെ അപ്പൻ്റെ വാശിയാണ്. ഇക്കാര്യം അമ്മച്ചി ആരോടും പറയരുത്, മേലാൽ എന്നോട് ഇമ്മാതിരി വേലത്തരമൊന്നും കാണിക്കരുത്. ഞാൻ ആ കുന്നും പുറത്തു നിന്നും തള്ളിയിട്ട് കൊല്ലുമെന്ന്… “
“എടി ഭയങ്കരി, എന്നിട്ട് അമ്മച്ചി ഇതൊന്നും ചെറിയാനോട് പറഞ്ഞില്ലേ. “
“അമ്മച്ചി മരിക്കുന്നത് വരെ ആരോടും ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് എന്ത് കാര്യം. അമ്മച്ചിയും എന്നെ പോലൊരു പാവം ജന്മം. ചെറിയാൻ രാവിലെ എഴുന്നേൽക്കും പള്ളിയിൽ പോകും, ഭക്ഷണം കഴിക്കും നേരെ കടയിൽ പോകും, രാത്രി എട്ടു മണിക്ക് മടങ്ങി വരും. രണ്ടു മണിക്കൂർ ബൈബിൾ വായിക്കും. കുരിശു വരച്ചു കിടന്നുറങ്ങും, ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഉണ്ടെന്നു അങ്ങേര് വല്ലപ്പോഴുമേ ഓർക്കാറുണ്ടായിരുന്നുള്ളു. പിന്നെയത് നാലു പെണ്ണുങ്ങളുടെ ലോകമായി. “
മറിയാമ്മ നെടുവീർപ്പിട്ടു.
“രണ്ടു തവണ എനിക്ക് ഗർഭം ഉണ്ടായി, ഞാൻ പ്രസവിച്ചു എന്ന കാര്യം ഒഴിച്ചാൽ ബാക്കി എല്ലാം ഒരേപോലെ ആയിരുന്നു. എന്റെ മനസ്സ് കാണാൻ അയാൾക്ക് പറ്റിയിട്ടില്ല. നാരായണേട്ടൻ ഈ നാട്ടിൽ ഇല്ലായിരുന്നെങ്കിൽ…. ഒരു പക്ഷെ ഞാൻ… എല്ലാം മടുത്തു പല തവണ നിങ്ങളുടെ വീട്ടിലേക്ക് ഇറങ്ങി വരാൻ നോക്കിയതാ. “
നാരായണൻ സങ്കടത്തോടെ മറിയാമ്മയെ നോക്കി.
“ഈ കഥകളൊക്കെ നീ എന്നോട് പലവട്ടം പറഞ്ഞതല്ലേ. “
“ഒരു തവണ ഞാൻ അവിടെ മുറ്റത്ത് വരെ വന്നതാ. അപ്പോൾ നാരായണേട്ടൻ്റെ അമ്മയാണ് പറഞ്ഞത്, ഈയിടെയായി യമുനയ്ക്കു രാവിലെ എഴുന്നേറ്റാൽ ഓക്കാനമാണെന്ന്. നാരായണേട്ടൻ ലീവെടുത്തു ആശുപത്രിയിൽ കൊണ്ട് പോയെന്ന്. കേട്ടപ്പോൾ എനിക്ക് നല്ല സങ്കടം വന്നു, അല്ല നല്ല അസൂയ തോന്നി. ഞാൻ ആദ്യമായി ഒരമ്മയാകാൻ ആഗ്രഹിച്ചത് ആ ദിവസമാണ്. പിന്നെ മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ ഒരമ്മയായത്. പ്രവീണിനെക്കാൾ മൂന്ന് വയസിനു ഇളയതാണ് മിന്നു. “
“എന്റെ മറിയാമ്മേ എനിക്ക് നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ, നിന്റെ അപ്പൻ, നിന്നെ പ്രണയിച്ചാൽ, എന്റെ കാൽ തല്ലിയൊടിക്കുമെന്നു പറഞ്ഞത് ഓർമ്മയില്ലേ. കാലില്ലാത്ത എന്നെ നിനക്ക് ഇഷ്ടമാകുമായിരുന്നോ. നിനക്ക് വേണ്ടി എത്ര കവിതകളാ ഞാൻ കാണാതെ പഠിച്ചു കലോത്സവത്തിന് പാടിയത്. “
“നിങ്ങളെ എനിക്ക് എങ്ങനെ ആയാലും ഇഷ്ടമാ നാരായണേട്ടാ, ഈ പ്രായത്തിലും. അപ്പനല്ല, ആരും നിങ്ങളുടെ ദേഹത്ത് ഒരു തരിമണൽ നുള്ളിയിടുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. “
“ഞാൻ പലപ്പോഴും യമുനയോട് എല്ലാം തുറന്നു പറയണമെന്ന് കരുതിയതാണ്. പക്ഷെ പ്രവീണിനെക്കുറിച്ച് ഓർക്കുമ്പോൾ, അച്ഛനെന്ന ഉത്തരവാദിത്വത്തിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലല്ലോ. യമുനയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ട്. ഞാനവളെ കേട്ടിട്ടേയില്ല എന്ന് തോന്നുന്നു. അവൾക്കും ആശകളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു കാണില്ലേ. ഭാര്യ എന്നതിലുപരി എന്റെ കുട്ടിയുടെ അമ്മ എന്നതായിരുന്നു അവളുടെ സ്ഥാനം, ഞാൻ പലതവണ അവളോട് മാപ്പ് ചോദിച്ചിട്ടുണ്ട്. “
“യമുന പാവമായിരുന്നു, ആശുപത്രിയിൽ വച്ച് ഞാൻ എല്ലാം തുറന്ന് പറഞ്ഞു അവളോട് മാപ്പ് ചോദിച്ചിരുന്നു. ഭർത്താവിൻ്റെ ഹൃദയം തട്ടിയെടുത്തതിന്. “
“മുപ്പത്തിനാലാം വയസ്സിൽ ഇങ്ങനെയൊരു മരണം ആരും പ്രതീക്ഷിച്ചില്ലല്ലോ. അവർക്ക് പാരമ്പര്യമായി ഹൃദയത്തിനു പ്രശ്നമുള്ളതാണ്. ഒരു വില്ലേജ് ഓഫീസറുടെ ആലോചന വന്നപ്പോൾ അവരത് രഹസ്യമാക്കി വച്ചു, കല്യാണം നടത്തി. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പ്രവീൺ അമ്മയില്ലാതെ വളരുകയില്ലായിരുന്നു. “
മറിയാമ്മ ചാടി എഴുന്നേറ്റു.
“നേരം ഇരുട്ടി തുടങ്ങി. പിള്ളേര് നമ്മളെ അന്വേഷിക്കും, നമുക്ക് പാരിഷ് ഹാളിലേക്കു പോയാലോ. “
“നീ വല്ലതും കഴിച്ചോ? “
“ഇല്ല, നാരായണേട്ടനും കഴിച്ചു കാണില്ലല്ലോ.. ഇന്ന് ആര് എന്ത് വിചാരിച്ചാലും നമ്മൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. “
“ആഹാ നിനക്കിപ്പോൾ അത്ര ധൈര്യമൊക്കെ ആയോ. “
“പണ്ടും നാരായണേട്ടനെക്കാൾ ധൈര്യം എനിക്കായിരുന്നു. ഓർമ്മയില്ലേ എട്ടാം ക്ലാസ്സിൽ വച്ച്, തോട്ടിൽ വീണ എന്നെ പിടിച്ചു എഴുന്നേൽല്പിച്ചപ്പോൾ നാരായണേട്ടന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ഞാൻ ഐ ലവ് യു എന്ന് ആദ്യം പറഞ്ഞത്. “
“എന്റെ പൊന്നേ…. അതെനിക്ക് മറക്കാൻ പറ്റുമോ. നോക്കൂ, അത് ഓർത്തപ്പോൾ എന്റെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു നില്ക്കുന്നത്. “
“അന്ന് ഞാൻ വീണതല്ല, നാരായണേട്ടനെ കണ്ടു അഭിനയിച്ചു കിടന്നതാണ്. “
“അത് എനിക്കറിയാമായിരുന്നു കള്ളി കുറുമ്പി. നിന്റെ കാൽ വിരലുകൾ അനങ്ങുന്നത് ഞാൻ കണ്ടിരുന്നു. നിന്നെ തൊടാൻ ഒരു അവസരം കിട്ടിയപ്പോൾ, ഞാൻ നിന്നെ എടുത്തു ഉയർത്തി… “
“സ്വപ്നം കണ്ടത് മതി. വാ നമുക്ക് പോകാം.. “
മറിയാമ്മ നാരായണന്റെ വിരലുകളിൽ തന്റെ വിരലുകൾ കോർത്ത് പിടിച്ചു.
“വിട് പെണ്ണേ, ആരെങ്കിലും കാണും. “
“ഇനി ആര് കണ്ടാലെന്താ. വിധവയായ മറിയാമ്മയും വിഭാര്യനായ നാരായണൻ നായരും. “
കൈ വിട്ടതിൻ്റെ ദേഷ്യത്തിൽ മറിയാമ്മ തെല്ല് വേഗത്തിൽ നടന്നു.
“നില്ലെടി പെണ്ണേ. “
“അത് വേണോ കാർന്നോരെ, വല്ലോരും കണ്ടാലോ. “
നാരായണൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം ചില സിനിമാ പാട്ടിൻ്റെ വരികൾ മൂളി.
“മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ….
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ…..
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ… “
“എൻ്റെ നാരായണേട്ടാ, ഈ ത്രിസന്ധ്യയ്ക്ക് സെമിത്തേരിയിൽ നിന്ന് പാടാൻ പറ്റിയ പാട്ട് തന്നെയിത്. “
“എന്താ നിനക്ക് മരണത്തെ പേടിയാണോ. ഞാനില്ലേ കൂടെ, മരണത്തെ എനിക്ക് പേടിയില്ല. “
“അതെനിക്കറിയാം. ഒരിക്കൽ അത് തെളിയിച്ചതാണല്ലോ, എൻ്റെ കല്യാണ രാത്രിയിൽ, നാരായണേട്ടൻ ആറ്റിൽ ചാടിയത്. മരിച്ച് പോയ എൻ്റെ അപ്പച്ചന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുകയാണ്. “
“നീ ഒന്ന് പോയേടി. “
“ജോസഫ് വന്ന് പറഞ്ഞപ്പോഴാണ് നാരായണേട്ടൻ മരിക്കാൻ ശ്രമിച്ചെന്ന് ഞാൻ അറിഞ്ഞത്. അന്നത്തെ ബുദ്ധി മോശത്തിന് എന്തേലും സംഭവിച്ചിരുന്നെങ്കിൽ… “
പെട്ടെന്ന് മറിയാമ്മ നാരായണനെ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും നാരായണൻ അവളെ പിടിച്ചു മാറ്റിയില്ല. പകരം തൻ്റെ ദേഹത്തോട് ചേർത്ത് പിടിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ആലിംഗനം.
“മറിയാമ്മേ ഞാൻ ആലോചിക്കുകയായിരുന്നു, നമ്മുടെ ആഗ്രഹം തുറന്നു പറഞ്ഞാലും പിള്ളേര് സമ്മതിച്ചില്ലെങ്കിൽ…. “
നാരായണൻ നെടുവീർപ്പിട്ടു.
“മരണശേഷവും നമുക്ക് ഒന്നിക്കാൻ പറ്റില്ല. നീ പള്ളി പറമ്പിൽ പുഴുത്ത് കിടക്കും. എന്നെ ചാരമാക്കി വല്ല ആറ്റിലോ കടലിലോ ഒഴുക്കി കളയും. “
“അത് കൊള്ളാലോ നമ്മുടെ കാര്യം പിള്ളേരാണോ തീരുമാനിക്കുന്നത്. “
പാരിഷ് ഹാളിൽ അമ്മുവും മിന്നുവും അവരെ കാത്ത് നിന്നു. ആരെയും തിരിഞ്ഞു നോക്കാതെ മറിയാമ്മ ഭക്ഷണ കൗണ്ടറിലേക്ക് നടന്നു. രണ്ടു പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പി അവർ ഒന്നിച്ചു കഴിക്കാനിരുന്നു.
“മമ്മി ആള് കൊള്ളാമല്ലോ, ഭക്ഷണം കഴിക്കാൻ മമ്മിയെ കാത്ത് നിന്ന ഞങ്ങൾ ആരായി. “
“നിങ്ങൾ കഴിച്ചില്ലേ ഇത് വരെ. “
“ഇല്ല ഞങ്ങൾ മൂന്ന് പേരും നിങ്ങൾക്കായി കാത്ത് നിൽക്കുകയായിരുന്നു. “
അമ്മു നാരായണനെ നോക്കി പറഞ്ഞു.
“അതേ ഞാനും മിന്നുവും പ്രവീണേട്ടനും, മറ്റുള്ളവരെയൊക്കെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. നിങ്ങൾ രണ്ട് പേരോടും മാപ്പ് പറഞ്ഞ്, മമ്മിയെ കൂട്ടി കൊണ്ട് പോകാൻ പ്രവീണേട്ടൻ കാത്ത് നിൽക്കുകയാണ്. “
പുറം തിരിഞ്ഞിരുന്ന മറിയാമ്മ അമ്മുവിനെ നോക്കി. അവളുടെ തൊട്ടടുത്ത് കറുത്ത ഷർട്ടും കാക്കി പാൻ്റും ധരിച്ച് പ്രവീൺ നിൽക്കുന്നു.
നാരായണേട്ടനെ പോലെ നല്ല പൊക്കമുണ്ടെങ്കിലും യമുനയുടെ നിറവും നുണക്കുഴിയുമാണവന്. നാരായണൻ നായരുടേയും മറിയാമ്മയുടേയും നടുക്ക് ഒരു കസേര വലിച്ചിട്ടു പ്രവീൺ ഇരുന്നു.
മറിയാമ്മ അവനെ വാൽസല്യത്തോടെ നോക്കി.
“മോൻ എപ്പോഴാ വന്നത്. “
“ഞാൻ വന്നിട്ട് കുറെ നേരമായി. പെട്ടെന്നുള്ള വരവായത് കൊണ്ട് ലീവ് കുറച്ചു ദിവസമേയുള്ളൂ. മിന്നു നിർബന്ധിച്ചപ്പോൾ എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. “
“എന്ത് പറഞ്ഞാണ് മിന്നു നിർബന്ധിച്ചത് എന്ന് മമ്മിക്ക് അറിയണ്ടേ. “
അമ്മു ചോദിച്ചു.
“അവൾ എന്താ പറഞ്ഞത്. “
മറിയാമ്മ ആകാംക്ഷയോടെ ചോദിച്ചു.
“പ്രവീണേട്ടൻ്റെ അച്ഛൻ ഇനി മുതൽ ഞങ്ങളുടേയും അച്ഛനാണ്. അച്ഛനെ ഞങ്ങളങ്ങ് എടുക്കുവാണെന്ന്. “
പ്രവീൺ മറിയാമ്മയുടെ വിരലുകളിൽ പിടിച്ചു.
“അച്ഛൻ ഈ ആഗ്രഹം പണ്ടേ എന്നോട് തുറന്നു പറഞ്ഞതാണ്. ഞാൻ സമ്മതിച്ചില്ല. എന്തൊരു സ്വാർത്ഥനായിരുന്നു ഞാൻ. അച്ഛൻ്റെ ദുഃഖവും ഏകാന്തതയുമൊന്നും അന്നെനിക്ക് മനസ്സിലായില്ല. മിന്നു പറഞ്ഞപ്പോഴാണ് നിങ്ങളുടെ സ്നേഹത്തിൻ്റെ ആഴം എനിക്ക് മനസ്സിലായത്. “
” മോൻ കഴിക്കൂ. “
മറിയാമ്മ കുട്ടികൾ മൂന്ന് പേരോടും തമാശകൾ പങ്ക് വച്ച്, അവരെ നിർബന്ധിച്ച് കഴിപ്പിച്ചു തൻ്റെ അമ്മ വൈബ് പുറത്തെടുത്തുവെങ്കിലും നാരായണൻ നായർ പൂർണ്ണ മൗനത്തിലായിരുന്നു.
“എന്താ നാരായണേട്ടാ ഒരു മൗനം. “
“എത്ര വർഷങ്ങളാണ് നാം പാഴാക്കിയത്. സമൂഹത്തെ പേടിച്ച് ഓരോരോ മുഖം മൂടികൾ മാറി മാറിയണിഞ്ഞ് സന്തോഷത്തോടെ ജീവിയ്ക്കേണ്ട നല്ല വർഷങ്ങൾ ഓരോന്നായി നഷ്ടപ്പെടുത്തി. ഈ മൂന്ന് കുട്ടികളുടെ അച്ഛനമ്മമാരായി സസന്തോഷം കഴിയാമായിരുന്നില്ലേ നമുക്ക്. “
പ്രവീൺ മറിയാമ്മയെ ചേർത്ത് പിടിച്ചു.
“എൻ്റെ പ്രിയപ്പെട്ടവളെ ജീവിതത്തിൽ കൂടെ കൂട്ടാൻ ഞാൻ വളരെ വൈകി. എനിക്ക് ഒന്നിനും ധൈര്യമില്ലായിരുന്നു. എൻ്റെ ഭാര്യയോട് നീതി പുലർത്താൻ കഴിഞ്ഞില്ല, പക്ഷേ എൻ്റെ മകനോട് ഞാൻ നീതി പുലർത്താൻ ശ്രമിച്ചു. അവൻ എന്നെ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. “
“മതി കരച്ചിലും മാപ്പ് പറച്ചിലും. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം. ഞങ്ങൾ മടങ്ങി പോയാലും അച്ഛനും മമ്മിയും ഒന്നിച്ച് കഴിയണം. ഞങ്ങൾ മൂന്ന് പേർക്കും അതിൽ സന്തോഷമേയുള്ളൂ. സങ്കുചിതമായ കാഴ്ചപ്പാടുള്ളവരൊക്കെ പലതും പറയും. അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. നിങ്ങളെ ഞങ്ങൾക്ക് മനസ്സിലാകും. “
മിന്നു നാരായണൻ്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. മറിയാമ്മയുടെ രണ്ട് വശത്തുമായി അമ്മുവും പ്രവീണും നിന്നു. ഫോട്ടോഗ്രാഫർ അവരുടെ മനോഹരമായ ചിത്രം ക്യാമറയിൽ പകർത്തി.
“എൻ്റെ പിള്ളേരെ, ഞങ്ങൾ ഒന്ന് ചേരേണ്ടവർ തന്നെയാണ്. പക്ഷേ നിങ്ങളുടെ പങ്കാളികളും അവരുടെ വീട്ടുകാരും, അവരുടെ അഭിപ്രായങ്ങൾ, എതിർപ്പുകൾ. “
“എൻ്റെ മമ്മീ എല്ലാവരുടേയും സമ്മതം കിട്ടിയിട്ട് ഈ ലോകത്ത് ഒന്നും നടക്കില്ല. ലളിതമായ, മതരഹിതമായ ചടങ്ങുകൾ, രണ്ട് ആത്മാക്കൾ ഒന്നാകുന്നു. പരസ്പരം തുണയാകുന്നു. “
“അതേ പരസ്പരം താങ്ങും തണലുമായി നിങ്ങൾ എന്നും ഒപ്പം ഉണ്ടാകണം. എൻ്റെ സ്പാനിഷുകാരിയായ ഭാര്യയ്ക്ക് ഇത് കേട്ടപ്പോൾ തന്നെ ആവേശമാണ്. നിങ്ങളെ ഒന്നിച്ച് കാണാൻ അവൾ കാത്തിരിക്കുകയാണ്. “
പ്രവീൺ അച്ഛനെ ചേർത്ത് പിടിച്ചു. നാരായണൻ അവസാനം മൗനം വെടിഞ്ഞു.
“ഇപ്പോഴത്തെ പിള്ളേരെ നമ്മൾ മനസ്സിലാക്കിയില്ലല്ലോ മറിയാമ്മേ. നീയാണോ ഇത് പിള്ളേരോട് പറഞ്ഞത്. “
“നാരായണേട്ടൻ എന്നോട് ക്ഷമിക്കണം, എൻ്റെ പഴയൊരു ഡയറി മിന്നു കണ്ടു പിടിച്ചു. എട്ടാം ക്ലാസ് മുതലുള്ള കാര്യങ്ങൾ അതിലുണ്ട്. എൻ്റെ പ്രണയം, സ്വപ്നങ്ങൾ, നിരാശകൾ, വേദനകൾ… അങ്ങനെ എൻ്റെ ജീവിതം അതിലുണ്ടായിരുന്നു. അത് ഒരു പുസ്തകമാക്കണമെന്ന് മിന്നു നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചില്ല. സഫലമാകാത്ത എൻ്റെ പ്രണയം മഷി പുരളാൻ ഞാൻ സമ്മതിച്ചില്ല. “
“ചോരയും നീരുമുള്ള സ്ത്രീയും പുരുഷനും പരസ്പരം ഒന്നാകാൻ ആത്മാർത്ഥമായി തീരുമാനിച്ചാൽ പിന്നെന്താണ് പ്രശ്നം. “
മിന്നു അമ്മയെ കളിയാക്കി.
“ഒടുവിൽ എൻ്റെ ആഗ്രഹം ഞാൻ തുറന്നു പറഞ്ഞു. മുഖംമൂടി ധരിച്ച ജീവിതം ഞാൻ അവസാനിപ്പിച്ചു. എല്ലാവരുടേയും സമ്മതത്തോടെ വേണമെന്ന് നാരായണേട്ടൻ പറഞ്ഞിരുന്നു. നിങ്ങൾ മൂന്ന് പേരുടേയും സമ്മതം വാങ്ങാനല്ല ഞാനിത് തുറന്ന് പറഞ്ഞത്. ഇഷ്ടപ്പെട്ട ആളോട് ഒപ്പം ശിഷ്ടകാലം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. “
“ഉടനെ തന്നെ മമ്മിയുടെ പുസ്തകപ്രകാശനം നടത്തണം. ആ വേദിയിൽ വച്ച് വേണം അച്ഛൻ്റേയും മമ്മിയുടേയും പ്രണയത്തെക്കുറിച്ച് പറയണം. അവരൊന്നിക്കാൻ പോകുന്ന ആ ശുഭ മുഹൂർത്തം പ്രഖ്യാപിക്കണം. “
“അത് നാളെ തന്നെയായാലോ. ഒരു ഔപചാരികമായ ചടങ്ങ്, ആദ്യത്തെ കോപ്പി മമ്മി അച്ഛന് ഇപ്പോൾ കൊടുക്കട്ടെ. “
പ്രവീൺ നീട്ടിയ വർണ്ണ പേപ്പറിൽ പൊതിഞ്ഞ പുസ്തകം ഏറ്റു വാങ്ങിയ മറിയാമ്മ അത് നാരായണൻ നായർക്ക് നീട്ടി.
“നമ്മുടെ ജീവിതത്തിലെ ചില ഏടുകൾ. “
“അടുത്ത പതിപ്പിൽ നമ്മുടെ പുതിയ ജീവിത അദ്ധ്യായം കൂടി ചേർത്ത് എഴുതണം. “
ഫോട്ടോഗ്രാഫറുടെ ക്യാമറ തുടർച്ചയായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ട നാരായണൻ നായർ മറിയാമ്മയെ തന്നോട് ചേർത്ത് പിടിച്ചു, ജീവിതാവസാനം വരെ…..
✍️ നിഷ പിള്ള

