ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ജാൻവിക്ക് തിരക്കേറിയ നഗരവീഥിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര ഒരു പുതിയ അനുഭവമായിരുന്നു. എൻജിനീയറിങ്ങിനു മെറിറ്റിൽ സീറ്റ് കിട്ടിയതിനേക്കാൾ സന്തോഷം പരിചയമില്ലാത്ത നാട്ടിൽ പുതിയ ജീവിതം തുടങ്ങുന്നതിന്റെ കൗതുകമായിരുന്നു.
ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കവേ പതുക്കെ മാറി വരുന്ന കാഴ്ചകൾ ഒരു പുസ്തകത്തിലെ ചിത്രങ്ങൾ പോലെ തോന്നി. കോൺക്രീറ്റ് കെട്ടിടങ്ങളിൽ നിന്നും നല്ല പച്ചപ്പിലേക്ക് കാഴ്ചകൾ മാറി. തെങ്ങിൻതോപ്പുകളും തിങ്ങി നിൽക്കുന്ന വാഴകൂട്ടങ്ങളും കായൽക്കരയിൽ തലയുയർത്തി നിൽക്കുന്ന ചമ്പക ചെടികളും മഴ നനഞ്ഞ മണ്ണിൻ്റെ ഗന്ധവും….
ബാംഗ്ലൂരിൽ പരിചിതമായ നഗരത്തിന്റെ ഗന്ധങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അവ. ജാൻവിയും അച്ഛൻ ബാലമുരളിയും ഒന്നിച്ച് യാത്ര ചെയ്തിരുന്നുവെങ്കിലും രണ്ടുപേരും രണ്ട് ലോകത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ സഹപാഠിയായ കൃഷ്ണകുമാറിനെ കുറിച്ചുള്ള ഓർമ്മയായിരുന്നു. അവർ ഒന്നിച്ച് കളിച്ചു വളർന്നതും ഒന്നിച്ചുള്ള കോളേജു ജീവതവും അയാളുടെ ഓർമ്മയിൽ ഓടിയെത്തി. മോൾക്കു തന്റെ നാട്ടിൽ തന്നെ അഡ്മിഷൻ ആയപ്പോൾ മീനുവും താനും തീരുമാനിച്ചതാണ് അവളെ തങ്ങളുടെ രണ്ടുപേരുടെയും വീട്ടിൽ നിർത്തി പഠിപ്പിക്കുന്നില്ലയെന്നുള്ളത്. അപ്പോഴാണ് വളരെ നാളുകളായി ഒരു കോൺടാക്റ്റും ഇല്ലാതിരുന്ന കൃഷ്ണകുമാറിന്റെ വിളി വന്നത്. അവനോട് തൻ്റെ മകൾക്കു നാട്ടിൽ അഡ്മിഷൻ റെഡിയായ കാര്യം പറഞ്ഞു.
അതുകേട്ടതും കൃഷ്ണൻ പറഞ്ഞു അവൻ്റെ വീടിൻ്റെ അടുത്താണ് കോളേജ്. “എൻ്റെ വീട്ടിൽ നിർത്തിയാൽ പോരെ, ഇവിടുന്ന് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ. ഇവിടെയാണെങ്കിൽ ഞാനും എൻ്റെ ഭാര്യ ഗീതയും മാത്രമേ ഉള്ളൂ. ഇടയ്ക്ക് വന്നുപോകുന്ന അവളുടെ ആങ്ങളയുടെ മകൻ ഒഴിച്ച് ഞങ്ങൾക്ക് ആരും വരുവാൻ ഇല്ല. “
ഉച്ചയോടടുത്ത് അവർ അവിടെ എത്തിച്ചേർന്നു. കൃഷ്ണകുമാറും ഭാര്യയും ഉമ്മറത്തു തന്നെ അവരെ കാത്തുനിന്നിരുന്നു. കുറേക്കാലം കൂടി കണ്ടതുകൊണ്ടാവാം രണ്ടാളും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. ഗീത അവളെ മുറിയിലേക്ക് കൊണ്ടുപോയി. കുറെ മുറികളുള്ള ഒരു വീട്. പിന്നിലെ വാതിൽ തുറന്നു പുറത്തേക്കു നോക്കി. വളരെ ഭംഗിയുള്ള കാഴ്ചകൾ. വിശാലമായ മുറ്റം പിന്നിലേക്ക് നീണ്ടുപോകുന്ന തൊടി നിറയെ തെങ്ങുകളും മാവുകളും പ്ലാവുകളും ഒക്കെ നിറഞ്ഞുനിൽക്കുന്നു. വീടിൻ്റെ പിന്നിലായി ഒരു ചെറിയ കുളം കുളത്തിന്റെ കരയിൽ വെള്ളച്ചിറകുകൾ ഒതുക്കി പതുങ്ങി നിൽക്കുന്ന ഒരു കൊക്കിനെ കണ്ട് അവൾ കൗതുകത്തോടെ നോക്കി. അതിന്റെ നോട്ടം കുളത്തിലേ ആഴങ്ങളിലേക്കായിരുന്നു. പറന്നുവന്ന ഒരു പൊന്മാൻ പരൽ മീനിനെ കൊത്തി അതിവേഗം പറന്നു പോയി. മീനിനെ കൊതിയോടെ നോക്കി നിൽക്കുന്ന കൊക്കിനോട് അവൾക്ക് സഹതാപം തോന്നി. കുളത്തിന്റെ അപ്പുറം പച്ചപിടിച്ച നെൽപ്പാടം എല്ലാം മനോഹരമായ കാഴ്ചകൾ
ബാംഗ്ലൂരിലെ അവളുടെ വീടിനേക്കാൾ വളരെ വലുതായ ഒരു തറവാടായിരുന്നു അത്.
ഉച്ചയൂണ് കഴിഞ്ഞ് ബാലമുരളിയും കൃഷ്ണകുമാറും മുറ്റത്ത് തണൽ വിരിച്ച് നിൽക്കുന്ന മാവിൻ ചുവട്ടിൽ ഇരുന്ന് പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.
വൈകുന്നേരം ആന്റിയും അവളും അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയി.
അത്താഴം കഴിഞ്ഞ് അച്ഛനും അവൾക്കും കിടക്കാനുള്ള മുറി അവർ കാണിച്ചു കൊടുത്തു. നല്ല ചന്ദനത്തിന്റെയും പനനീർ പൂവിന്റെയും ഇടകലർന്ന ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞിരുന്നു. ചെറിയ ഒരു മേശയും കട്ടിലും മാത്രം ഉണ്ടായിരുന്നുള്ളൂ മുറിയിൽ. മേശയുടെ മുകളിൽ വെച്ചിരുന്ന flower vaseൽ നിറയെ പനിനീർ പൂക്കൾ വെച്ചിരുന്നു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങി. മുറിയുടെ ജനാലകളുടെ വിടവിലൂടെ അരിച്ചെത്തിയ വെളിച്ചം മുഖത്ത് പാറി വീണു. പുലർച്ചയായിരിക്കുന്നു
ജനാല തുറന്നു നോക്കുമ്പോൾ അടുത്ത വീട്ടിലെ മുറ്റം. മുറ്റത്ത് തുളസിതറ. ചുമരിനോട് ചേർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പരത്തിയും മുല്ലയും. കിളികളുടെ മധുര ശബ്ദവും അകലെയുള്ള ക്ഷേത്രത്തിലെ മണിയടിയും ഒക്കെ അവൾക്ക് പുതുമയായിരുന്നു.
മുറ്റമടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അടുക്കളയിൽ നിന്നും വരുന്ന കാപ്പിയുടെ മണം വീട്ടിൽ ആകേ നിറഞ്ഞു. പ്രാതൽ കഴിച്ച് അച്ഛനും അവളും കോളേജിലേക്ക് തിരിച്ചു. അച്ഛൻ അന്നുതന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചുപോയി. അച്ഛൻ പോയി കഴിഞ്ഞപ്പോൾ മനസ്സ് ശൂന്യമായി ആരുമില്ലാത്തതു പോലെ അമ്മയെ വല്ലാതെ മിസ്സ് ചെയ്തു. തുടങ്ങി. പക്ഷേ ആൻ്റി അവളെ ഒറ്റയ്ക്ക് ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ബാംഗ്ലൂരിലെ തന്റെ വീട്ടിൽ എല്ലാം വളരെ ചിട്ടിയോടും സൗകര്യത്തോടെയും ആയിരുന്നെങ്കിൽ ഇവിടെ ജീവിതത്തിന് മറ്റൊരു താളമുണ്ട് എന്ന് അവൾക്ക് തോന്നി. വളവുകളും തിരുവുകളും നിറഞ്ഞ നാട്ടുവഴികളാണ് ഉള്ളത് നിറഞ്ഞുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെയിൽ പോലും പതുക്കെ മണ്ണിലേക്ക് പതിക്കുന്നു പഴയ തറവാടിന്റെ ഭംഗിയും പുതിയ കാലത്തിൻ്റെ സൗകര്യങ്ങളും ഒരുമിച്ചുള്ള വീട്.
അടുത്തുള്ള താമസക്കാരൊക്കെ നല്ല സഹകരണം ഉള്ളവരായിരുന്നു. ഇതെല്ലാം അവൾ കൗതുകത്തോടെ നോക്കി കണ്ടു. പിന്നെ അവൾക്ക് ആ ഗ്രാമത്തിനെ ഇഷ്ടമായി തുടങ്ങി.
അവൾക്ക് പരിചിതമായിരുന്നത് ബാംഗ്ലൂരിലെ വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും മാത്രം ആയിരുന്നു ഇവിടെ രാത്രി ആയാൽ ആകാശം കൂടുതൽ അടുത്തതായി തോന്നും. തെങ്ങോലകൾക്കിടയിൽ ചന്ദ്രനെ കാണാൻ നല്ല ഭംഗി തോന്നി. അകലെ എവിടെയോ കേൾക്കുന്ന നായുടെ കുരയും ചിവീടുകളുടെ ശബ്ദവും മാത്രം.
ഒരിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിയപ്പോൾ കുളത്തിൽ ആരോ കുളിച്ചു കയറി വരുന്നതു കണ്ടു. അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ ആൻ്റി ആളെ പരിചയപ്പെടുത്തി.
“മോളെ ഇത് എൻ്റെ ആങ്ങളയുടെ മകൻ അതുൽ കൃഷ്ണൻ. ഇവിടെയൊരു കമ്പനിയിൽ വർക്കു ചെയ്യുന്നു. “
രണ്ടാളും പരസ്പരം നോക്കി ചിരിച്ചു. അയാൾ അധികം സംസാരിക്കാറില്ല, വല്ലപ്പോഴും വന്നു പോകും. അവളുടെ മുറിയുടെ എതിർവശത്തുള്ള മുറിയിലാണ് വന്നാൽ അയാൾ കിടക്കാറ്. അവൾക്ക് അയാളിൽ ആദ്യം ഒരു കൗതുകം. തോന്നി. അവൾ വളർന്ന സാഹചര്യത്തിൽ നിന്നും ഏറെ വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നും വന്ന ഒരു മനുഷ്യൻ.
വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ആൾ വല്ലപ്പോഴും എന്തെങ്കിലും ചോദിക്കും ആ വാക്കുകൾക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു.
അവൾ അറിയാതെ തന്നെ ആ നാടിനൊപ്പം അയാളും അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറി തുടങ്ങി. ഇടയ്ക്ക് ലീവിന് ബാംഗ്ലൂരിലേക്കു പോകുമ്പോൾ എത്രയും പെട്ടെന്ന് തിരികെ എത്തണം എന്നുള്ള വിചാരം തുടങ്ങും. അങ്ങനെ ആ വീട്ടിൽ ആരും അറിയാതെ ഒരു ബന്ധം വളരുകയായിരുന്നു. ഏറെനാൾ കഴിയുന്നതിനുമുമ്പ് തന്നെ അവർ തമ്മിൽ അകലുവാൻ ആകാത്ത വിധം അടുത്തു കഴിഞ്ഞിരുന്നു. മിക്ക രാത്രികളിലും കുളത്തിന്റെ കൽപ്പടവിൽ പൂർണചന്ദ്രന്റെ നിലാവിൽ അവർ ഒന്നിച്ച് മനസ്സും ശരീരവും പങ്കുവെക്കുന്ന സന്ദർഭങ്ങൾ ഉണ്ടായി.. തെറ്റുകൾ ആവർത്തിക്കപ്പെട്ടു. പരസ്പരം കാണാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
അന്ന് ലാസ്റ്റ് ഇയർ എക്സാമിന്റെ സ്റ്റഡി ലീവ് ആയിരുന്നു. അതുൽ വളരെയധികം വിഷമിതനായി കണ്ടു. അവൾ അരികിൽ എത്തി ചോദിച്ചു.
“എന്തുപറ്റി?”
“ഒന്നുമില്ല.”
അവൾക്ക് ആ മറുപടിയിൽ തൃപ്തി തോന്നിയില്ല. അവൾ മെല്ലെ പോയി ആന്റിയോടു ചോദിച്ചു.
“ചേട്ടൻ ആകെ വല്ലാതെ വിഷമിച്ചിരിക്കുന്നുവല്ലോ എന്തുപറ്റി?”
“അത് അവന് ഗൾഫിൽ ഒരു ജോലി തരായി. കാശിന്റെ കുറവുണ്ട് അതുകൊണ്ടാണ് അവൻ വിഷമിച്ചിരിക്കുന്നത്.”
ജാൻവി പറഞ്ഞു “എൻ്റെ കുറച്ചു സ്വർണമുണ്ട്. അത് പണയം വെച്ച് പൈസ എടുക്കൂ. പഠിത്തം കഴിഞ്ഞ് തിരികെ പോകുമ്പോൾ എടുത്തു തന്നാൽ മതിയല്ലോ?”
വളരെ സന്തോഷത്തോടുകൂടി ആൻ്റി അത് അവനോടു പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. അവളുടെ നിർബന്ധത്തിന് വഴങ്ങി. അവൻ അത് വാങ്ങി. നാളുകൾ കടന്നുപോയി. അതുൽ ആൻറിയെ മിക്ക ദിവസങ്ങളിലും വിളിക്കുമായിരുന്നു. അപ്പോൾ ആന്റി അവൾക്കും ഫോൺ കൊടുക്കും.
ഒരിക്കൽ ആൻ്റി വാഷ് റൂമിൽ ആയിരിക്കുമ്പോൾ ഫോൺ റിങ്ങ് കേട്ട് ആൻ്റി വിളിച്ചുപറഞ്ഞു. “മോളെ ആ ഫോൺ ഒന്ന് അറ്റൻഡ് ചെയ്യൂ. “
അതുലിന്റെ കോൾ കണ്ടപ്പോൾ വളരെ സന്തോഷത്തിലാണ് എടുത്തത്.
“ചേച്ചി അവിടെ ഇല്ലേ? “
“ഉണ്ട്. വാഷ് റൂമിലാണ്.”
“എന്തുണ്ട് വിശേഷം? എക്സാം ഒക്കെ നന്നായി എഴുതിയോ” ആ ഞാൻ വരുമ്പോൾ സ്വർണം എടുത്തു തരാം കേട്ടോ. അതുകൂടാതെ എൻ്റെ ജാൻവിക്ക് ഒരു താലിമാല കൂടെ കൊണ്ടുവരുന്നുണ്ട്. “
അവൾക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.
“എന്നെ മറന്നില്ലല്ലോ” അവൾ പതുക്കെ ചോദിച്ചു.
“മറക്കാനോ.. നീ എൻ്റെ ശരീരത്തിന്റെ ഒരു ഭാഗമല്ലേ?”
ആൻ്റി വരുന്നത് കണ്ട് അവൾ ഫോൺ അവർക്കു നേരെ നീട്ടി.
അവൾ അവനെ കാത്തിരിക്കാൻ തുടങ്ങി. ഒന്ന് രണ്ടു മാസം കടന്നു പോയി അവൾക്ക് ഒരു ക്ഷീണവും ഓക്കാനും തുടങ്ങി, ചെറിയ തല ചുറ്റലും.
ആൻറി ചോദിച്ചു “എന്തുപറ്റി മോളെ?”
“പനിയുടെ ആണെന്ന് തോന്നുന്നു ആൻ്റി. ഞാൻ എൻ്റെ കൂട്ടുകാരിയയും കൂട്ടി ക്ലിനിക്കിൽപോകാം.”
പക്ഷേ അവൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു. ഒറ്റയ്ക്കു തന്നെ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ പറഞ്ഞത് കേട്ട് മിണ്ടാൻ പോലും ആകാതെ നിന്നു. പ്രഗ്നൻറ് ആണ്. അന്നുതന്നെ ആന്റിയുടെ ഫോണിൽ നിന്നും നമ്പർ എടുത്തു അതുലിനെ വിളിച്ചു.
“കാര്യങ്ങൾ ആകെ കുഴപ്പത്തിലാണ് അതുൽ ചേട്ടാ.. ഞാൻ എന്ത് ചെയ്യണം ആരോടും പറയാൻ പറ്റാത്ത സാഹചര്യമല്ലേ”
മറുതലക്കൽ നിന്നും മറുപടിയൊന്നും കിട്ടിയില്ല. പിന്നീട് ഉള്ള ദിവസങ്ങൾ അവൾക്ക് ആധി ആയി തുടങ്ങി. ദിവസങ്ങളോളം അയാളുടെ ഫോൺ പ്രതീക്ഷിച്ചിരുന്നു. ആന്റിയെ പോലും വിളിക്കാതെയായി. അയാൾ രണ്ടുപേരുടെയും നമ്പർ ബ്ലോക്ക് ചെയ്തു എന്ന് മനസ്സിലായി. നിവർത്തിയില്ലാതെ അവൾ ആൻറിയോടും അങ്കിളിനോടും എല്ലാം തുറന്നു പറഞ്ഞു.
“എന്തു ചതിയാ മോളെ നിങ്ങൾ ചെയ്തത്. ഞാൻ ബാലുവിനോട് എന്തു പറയും. ഞങ്ങളുടെ നോട്ടക്കുറവുകൊണ്ട് വന്നതാണെന്നല്ലേ പറയൂ. അവൻ എത്ര വിശ്വസിച്ചാണ് നിന്നെ ഞങ്ങളെ ഏൽപ്പിച്ചു പോയത്.”
കൃഷ്ണകുമാർ തലയ്ക്ക് കൈതാങ്ങിയിരുന്നു.
ആന്റി പറഞ്ഞു “മോള് കരയരുത്. എല്ലാത്തിനും വഴി ഉണ്ടാകും” അവർ അവളെ സമാധാനിപ്പിച്ചു.
കൃഷ്ണകുമാർ ബാലമുരളിയെ വിവരം അറിയിച്ചു. അയാൾ മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തി. ആരോടും ഒന്നും ചോദിച്ചും പറഞ്ഞുമില്ല മകളുടെ മുഖത്തു പോലും നോക്കാതെ അവളുടെ ബാഗ് എടുത്ത് നടന്നു.
അവൾ തിരിഞ്ഞു നോക്കി. ആന്റി കണ്ണുകൾ തുടക്കുന്നു. അങ്കിൾ ഒന്നും മിണ്ടാതെ അപമാനഭാരത്താൽ തലകുനിച്ചു നിൽക്കുന്നു. അങ്ങനെ ഒരു സുഹൃത്ത് ബന്ധം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു.
ബാംഗ്ലൂരിലെത്തിയത് വരെ ഒരു അക്ഷരം പോലും അച്ഛൻ അവളോട് മിണ്ടിയില്ല. വീട്ടിലെത്തിയതും അമ്മ അവളെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി. രാത്രിയിൽ അച്ഛനും അമ്മയും ചില തീരുമാനങ്ങളൊക്കെ എടുത്തു എത്രയും പെട്ടെന്ന് അവളെ എന്റെ ജേഷ്ഠന്റെ കൊൽക്കത്തയിലുള്ള വീട്ടിലേക്ക് മാറ്റണം. അവിടെ ഏതങ്കിലും ഹോസ്പിറ്റൽ കൊണ്ടുപോയി അബോർട്ട് ചെയ്യിപ്പിക്കണം. അത് കേട്ടത് മുതൽ രാത്രിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ജനാലയ്ക്ക് അപ്പുറം നഗരത്തിന്റെ വെളിച്ചങ്ങൾ തെളിഞ്ഞു നിന്നു. കിടക്കയിൻ കണ്ണുകൾ അടച്ചു കിടക്കുമ്പോൾ മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം, ഞാനിനി എന്തു ചെയ്യും?
അവൾ പതുക്കെ വയറിന്മേൽ കൈവച്ചു. അപമാനിക്കപ്പെട്ട തൻ്റെ സ്ത്രീത്വം. അപമാനിതയായ സ്ത്രീയാണ് ഞാൻ. പണ്ട് അമ്മ പറഞ്ഞു തന്ന കഥ ഓർത്തുപോയി. പാഞ്ചാലി സഭയുടെ നടുവിൽ അപമാനിക്കപ്പെട്ടപ്പോൾ ചുറ്റും ഭർത്താക്കന്മാരും മുതിർന്നവരും ഉണ്ടായിട്ടും അവളെ രക്ഷിക്കാൻ ആരുമുണ്ടായില്ല. ഭഗവാനെ വിളിച്ചു കരഞ്ഞ പാഞ്ചാലിയെ രക്ഷിക്കാൻ അവളുടെ മാനം കാക്കാൻ സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്കാലത്ത് എത്രയോ തവണ ഈ കഥ കേട്ടിരിക്കുന്നു. പാഞ്ചാലിക്കു കൃഷ്ണൻ ഉണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറച്ചു. എനിക്ക് ആരാണുള്ളത്? അമ്മയും അച്ഛനും ബന്ധുക്കളും എല്ലാവരും ഉണ്ടെങ്കിലും എൻ്റെ കണ്ണുനീർ തുടയ്ക്കാനും എൻ്റെ മനസ്സിൻ്റെ നീറ്റൽ കാണാനും ആരുമില്ല. എല്ലാം ഞാൻ ചെയ്ത തെറ്റിന്റെ ഫലം. വീണ്ടും കൈകൾ വയറിന്മേൽ ചേർത്തു പിടിച്ചു. ഇല്ല ഞാൻ നിന്നെ കളയില്ല. നീ എൻ്റെ ശാപം അല്ല നീ അറിയാതെ എന്റെ ജീവിതത്തിലേക്ക് വന്ന ജീവനാണ്. നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഇത്രയും നാളും കരഞ്ഞു കരഞ്ഞ് ഉറങ്ങിയിരുന്ന രാത്രികൾ ആയിരുന്നു. അന്ന് രാത്രി അവൾ കരഞ്ഞില്ല കണ്ണുനീർ വറ്റിപ്പോയത് കൊണ്ടായിരുന്നില്ല തന്റെ ഉള്ളിൽ മറ്റൊരു ജീവൻ്റെ തുടിപ്പ് അവളുടെ വേദനിക്കിടയിൽ ഒരു ചെറിയ വെളിച്ചമായി തെളിഞ്ഞു. അവളിലെ മാതൃത്വം ഉണർന്നു തുടങ്ങി.
കൊൽക്കത്തയിലെ അവളുടെ ജീവിതം ഓരോ ദിവസവും ഓരോ യുഗമായി അവൾക്ക് അനുഭവപ്പെട്ടു. അബോർഷന് സമ്മതിക്കാതിരുന്നതിനാൽ അമ്മയെ അവിടെ നിർത്തി അച്ഛൻ നാട്ടിലേക്ക് പോയി. ഒരു രാത്രിയിൽ ആ നഴ്സിംഗ് ഹോമിൽ വെച്ച് അവൾ ഒരാൺ കുഞ്ഞിനു ജന്മം നൽകി.
അമ്മയ്ക്ക് കൂടേ നിൽക്കണം എന്നു ആഗ്രഹമുണ്ടായിരുന്നിട്ടും അച്ഛൻ അതിന് അനുവദിച്ചില്ല. വല്യമ്മ ഒരു ജോലിക്കാരിയെ തരപ്പെടുത്തി ഒരു ചെറിയ വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.. സാധനങ്ങളും ചിലവുമൊക്കെ വല്യച്ഛൻ സമയാസമയം എത്തിച്ചു തന്നു. അച്ഛൻ കാണാതെ അമ്മ കുറിച്ച് പണം ഏൽപ്പിച്ചിരുന്നു. അമ്മയുടെ കുറച്ച് സ്വർണാഭരണങ്ങളും. നാണമില്ലാതെ എല്ലാം കൈനീട്ടി വാങ്ങിച്ചു. ഒരു ജോലി ആകുന്നതു വരെ എൻ്റെ കുഞ്ഞിനെ വളർത്തണം. അതു മാത്രമേ ആ അവസരത്തിൽ ചിന്തിച്ചിരുന്നോള്ളു. ആരെയും കുറ്റപ്പെടുത്തുവാനോ പരാതി പറയാനോ ഒന്ന് പൊട്ടിക്കരയുവാനോ പോലും തനിക്ക് അവകാശില്ലെന്ന് അവൾക്കറിയാമായിരുന്നു.
മോന് ആറുമാസം ആയപ്പോൾ വലിയച്ഛൻ ഒരു ജോലി ശരിയാക്കി തന്നു. അമ്മ വല്ലപ്പോഴും വിളിക്കും. കുഞ്ഞിനെ കാണണമെന്ന് പറയും. വലിയമ്മയുടെ ഫോണിലൂടെ കുഞ്ഞിനെ ഇടയ്ക്ക് കാണിച്ചുകൊടുക്കും. അവൾക്ക് കൂട്ടിനു കിട്ടിയ ചേച്ചി നല്ലൊരു സ്ത്രീയായിരുന്നു. അവർ മോനെ നന്നായി നോക്കും. ആ സമാധാനത്തിൽ ജോലിക്കു പോകുവാൻ തുടങ്ങി. അവൾ ഒന്നിനെക്കുറിച്ചും ആലോചിക്കാതെയായി.
നാളുകൾ കടന്നുപോയി. ചില അവസരങ്ങളിൽ അവൾ ഓർക്കും എന്നെങ്കിലും അയാളെ കാണാൻ കഴിഞ്ഞാൽ അയാളുടെ കരണത്ത് ആഞ്ഞ് അടിച്ചിട്ട് എൻ്റെ മകനെ അയാൾക്കു കാണിച്ചുകൊടുക്കണം.
ഒരു ദിവസം മോൻ പറഞ്ഞു, “നമുക്കൊന്ന് പാർക്കിൽ പോകാം അമ്മേ..”
“നാളെയല്ലേ അമ്മയ്ക്ക് അവധി. നാളെ കൊണ്ടുപോകാം കേട്ടോ.”
പിറ്റേന്ന് വൈകിട്ട് പാർക്കിലൂടെ കുഞ്ഞിൻ്റെ കൈപിടിച്ച് നടക്കുമ്പോൾ തനിക്ക് അഭിമുഖമായി നടന്നുവരുന്ന ആളെ കണ്ട് അവൾ ഞെട്ടി.
വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന കോപാഗ്നി ആളി പടർന്നു. ഒരിക്കൽ കാണുമ്പോൾ ആ കരണത്ത് ആഞ്ഞ് അടിക്കണം എന്ന് എത്രയോ തവണ ചിന്തിച്ചുറപ്പിച്ചിരുന്നു. പക്ഷേ അവൾ കൈയുയർത്തിയില്ല. അവൾ തൻ്റെ മകനെ ചേർത്തുപിടിച്ചു. അവളെ തിരിച്ചറിഞ്ഞ അയാളുടെ മുഖത്ത് ഭയം തെളിഞ്ഞു. അവൾ ശാന്തമായി അയാളെ നോക്കി. അവളുടെ മനസ്സിന്റെ പ്രക്ഷുബ്ധത അവൾക്കു മാത്രമേ അറിയൂ.
“നിങ്ങൾക്കെന്നെ ഓർമ്മയുണ്ടോ?”
അയാൾ മിണ്ടാൻ ആകാതെ നിന്നു.
“എനിക്ക് നിങ്ങളെ മറക്കാൻ കഴിയില്ല. പക്ഷേ നിങ്ങളെ ഓർത്തുകൊണ്ട് ജീവിക്കാനും എനിക്ക് കഴിയില്ല. നിങ്ങൾ എൻ്റെ ജീവിതത്തിൽ വരുത്തിയ മുറിവ് ഒരുപക്ഷേ ഒരിക്കലും പൂർണമായും ഉണങ്ങുകയില്ലായിരിക്കും.. ആ മുറിവുമായി ഞാൻ ജീവിക്കാൻ പഠിച്ചു.”
വർഷങ്ങൾക്കു മുമ്പ് തന്റെ ജീവിതത്തിൽ നിന്ന് ഒരു ഭാഗം പറിച്ചെടുത്ത് ഓടിമറിഞ്ഞ മുഖം. അയാളുടെ കൂടെ ഭാര്യയും കയ്യിലൊരു കുഞ്ഞും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ. അയാൾ എല്ലാം മറന്ന്… അവളുടെ മുൻപിൽ നിൽക്കുന്നു. അവൾക്കു മാത്രം ഓർമ്മകൾ ബാക്കിയാക്കി.
അവൾ അയാളുടെ അരികിലെത്തി.
“ഇത് എൻ്റെ മകനാണ്.”
അയാളുടെ മുഖത്ത് ഒരു ഞെട്ടൽ.
“നിനക്ക്.. “
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അയാൾ അവളെ നോക്കി.
അവൾ ശാന്തമായി പറഞ്ഞു. ” നിങ്ങളുടെ പ്രവർത്തിയുടെ ഓർമ്മയാണ് ഈ കുഞ്ഞന്ന് ഒരിക്കലും ഞാൻ അവനോടു പറയില്ല. അവൻ എൻ്റെ ജീവിതത്തിലെ ഒരു തെറ്റിന്റെ അടയാളവുമല്ല. അവൻ എൻ്റെ ജീവിതത്തിൽ ഞാൻ നേടിയ ഏറ്റവും വലിയ സ്വത്താണ്. “
തലതാഴ്ത്തി കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം തൊണ്ടയിടറി അയാൾ പറഞ്ഞു. “എന്നോടു ക്ഷമിക്കണം. “
ആ വാക്കുകൾ കേട്ട് അവൾ കണ്ണടച്ചു. ഒരിക്കൽ കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്ന വാക്കുകൾ ആയിരുന്നു അത്. പക്ഷേ ഈയൊരു വാക്കുകൊണ്ട് കഴിഞ്ഞതൊന്നും തിരികെ ലഭിക്കില്ലല്ലോ.
“നിങ്ങൾക്ക് മാപ്പ് തരാൻ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങളെ വെറുത്തു കൊണ്ടു തന്നെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകും.”
അവൾ കുഞ്ഞിൻ്റെ കൈപിടിച്ചു തിരിച്ചു നടന്നു. വർഷങ്ങളായി ചുമന്നിരുന്ന മനസ്സിന്റെ ഭാരം അവിടെ ഇറക്കി വെച്ചു. അവൾ കുഞ്ഞിനെ അവളോട് ചേർത്തുപിടിച്ചു. മാപ്പ് മുറിവുണക്കുമോ എന്നറിയില്ല. പക്ഷെ ചില മുറിവുകൾ ഉണങ്ങുവാൻ അതിനു കാരണക്കാരനായ മനുഷ്യനെ മറക്കേണ്ടതില്ല. അവനോടുള്ള വെറുപ്പിൽ നിന്നും സ്വന്തം ജീവിതത്തെ മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. അവളുടെ മുന്നിൽ കുഞ്ഞും പിന്നിൽ അവളുടെ ഭൂതകാലവും. അന്ന് ആദ്യമായി അവൾക്കു തോന്നി ഇനി എൻ്റെ ജീവിതത്തിൻ്റെ കഥയെഴുതുന്നത് ഞാൻ തന്നെയാണ്…..
വിഷയം: മാപ്പ് മുറിവുണക്കുമോ


5 Comments
ഈ മുറിവ് ഒരു മാപ്പിൽ ഉണങ്ങുകില്ലല്ലോ……നന്നായെഴുതി👍❤️
ഹൌ. നന്നായി എഴുതി
❤️❤️
കൊള്ളാം ശ്രീകുമാരി👏♥️
‘വർഷങ്ങൾക്കു മുമ്പ് തന്റെ ജീവിതത്തിൽ നിന്ന് ഒരു ഭാഗം പറിച്ചെടുത്ത് ഓടിമറിഞ്ഞ മുഖം.’, ചതിക്കപ്പെട്ട സ്ത്രീയുടെ ചിത്രം നല്ല രീതിയിൽ അവതരിപ്പിച്ചു. ക്ഷമിക്കണം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്ന തെറ്റല്ല.
നന്നായി എഴുതി.👍👏