ദൈനംദിന ജീവിതത്തിൽ നടക്കുന്ന, മാപ്പ് അർഹിക്കാത്ത ചില അനുഭവങ്ങൾക്കു നാം മൂകസാക്ഷികളാവാറുണ്ട്.
‘എൻ്റെ ജീവിതത്തിൽ അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ! എന്നിട്ടും എന്തേ ഇങ്ങനെ?’ എന്ന് ചിന്തിക്കുന്ന സന്ദർഭങ്ങൾ അനവധിയുണ്ട്.
പലപ്പോഴും ഇതെല്ലാം മുൻജന്മകർമ്മത്തിന്റെ പാപഫലങ്ങൾ ആവാം.
നാം ചെയ്യുന്ന പാപകർമ്മങ്ങൾക്ക് ഈ ജന്മത്തിൽ അല്ലെങ്കിൽ വരും ജന്മങ്ങളിൽ തിരിച്ചടി കിട്ടും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രേതായുഗത്തിലെ രാമായണ കഥ.
ദേവാസുരയുദ്ധത്തിനിടയിൽ തൻ്റെ ജീവൻ രക്ഷിച്ചതിന് കൈകേകിക്കു കൊടുത്ത രണ്ടുവരങ്ങൾ ദാരുണമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന് ദശരഥൻ അറിഞ്ഞില്ല.
ദേവലോകത്തു നിന്നും മന്ഥരയെ പറഞ്ഞയച്ചതു തന്നെ രാവണനെ കൊല്ലാനുള്ള വഴിയൊരുക്കുക എന്നതിനാണ്.
കൈകേകിയുടെ നിയോഗവും അതുതന്നെയായിരുന്നു.
ദശരഥനു പുത്ര ദുഃഖം അനുഭവിക്കേണ്ടി വന്നതും, മന്ഥരയുടെ ജല്പനങ്ങളിൽ… പുത്രവാത്സല്യത്തിൽ അന്ധയായി പോകുന്ന കൈകേകി പതിന്നാലുവർഷം ശ്രീരാമനെ കാട്ടിലേക്ക് അയച്ചെങ്കിലും, ആ പാപകർമ്മത്തിന്റെ ഫലമായിട്ടാവാം സ്വന്തം പുത്രൻ്റെ ശാപവചനങ്ങൾ കേൾക്കേണ്ടിവരുന്ന ഒരു അമ്മയായതും. സ്വന്തം ഭർത്താവിനെ മരണത്തിലേക്ക് നയിക്കുന്നതിനു ഒരു ഹേതുവായതും.
അങ്ങനെയെങ്കിൽ ഈ കലിയുഗത്തിൽ നമ്മോട് തെറ്റ് ചെയ്യുന്നവരോട് ‘ *എന്റെ മരണംവരെ ഞാൻ മാപ്പ് നൽകില്ല’* എന്ന് ചിന്തിക്കുമ്പോൾ, പിന്നെയും നമ്മൾ അടുത്ത ജന്മത്തിലേക്ക് മറ്റൊരു പാപഭാരത്തിന്റെ ഭാണ്ഡക്കെട്ട് ആത്മാവിന് കൊടുക്കുകയല്ലേ!
ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് ,നമ്മൾ ഏറെ സ്നേഹിച്ചവർ തന്നെ ചെയ്യുമ്പോൾ, അതുകൊണ്ട് മറ്റൊരാൾക്ക് ദുരന്തം ഉണ്ടാകുന്നത് കണ്ടുനിൽക്കേണ്ടി വന്നിട്ടും. പ്രതികരിക്കാൻ കഴിയാതെ ജീവിക്കുന്നതും ഏറെ വിഷമകരമാണ്..
മുൻ ജന്മങ്ങളിൽ എപ്പോഴോ നമുക്ക് ആ ആത്മാവിനോട് എന്തോ ശത്രുത ഉണ്ടായിരുന്നിരിക്കാം.. സമാനമായ ഏതോ സാഹചര്യത്തിൽ, നമ്മൾ അവർക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിരിക്കാം. കർമ്മഫലങ്ങൾ ഈ ജന്മത്തിൽ അനുഭവിച്ചു തീർത്താൽ അതും ഒരു സുകൃതം.
നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും വിവേകവും ബോധവും ഭഗവാൻ തരേണമേ എന്ന ചിന്തയാവും നല്ലത്.
നമ്മുടെ ശരീരത്തിൽ നടക്കുന്ന പല സംചലനങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തയാണല്ലോ! അതുകൊണ്ടുതന്നെ മൗനമായ പ്രാർത്ഥനയാലും, ധ്യാനത്താലും, ആരെയും ദ്രോഹിക്കാതെ മനസ്സുകൊണ്ടുപോലും ആരുടെയും നാശത്തിനുവേണ്ടി ചിന്തിക്കാതെ….
എനിക്ക് സഹായിക്കാൻ കഴിയാതെ പോയ ഓരോ ആത്മാവിനോടും മാപ്പ് ചോദിച്ചു കൊണ്ട്…. ഇനിയൊരു ജന്മം ഈ കലിയുഗത്തിൽ ഭഗവാൻ എനിക്ക് തരല്ലേ.. എന്ന പ്രാർത്ഥനയോടെ ജീവിതം മുന്നോട്ടു നയിക്കുന്നതാവും നല്ലതെന്നാണ് എൻ്റെ വിശ്വാസം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
👌👏♥️