ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.
ഈ കാരണത്താൽ മാത്രമാണ് തൂലികയുമായി ഒറ്റയ്ക്ക് പൊരുതാതെ “കൂട്ടക്ഷരങ്ങൾ ” പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സാമൂഹിക ജീവികളായി ഒത്തൊരുമിച്ചു കൂടുന്നതും. പക്ഷെ തങ്ങളുടെ ലേഖനങ്ങൾ നൂറിലധികം ആളുകൾ വായിച്ചു എന്ന് കാണിക്കുമ്പോഴും ലൈക്കുകൾ വിരലെണ്ണാവുന്നതിലേക്ക് ഒതുങ്ങുകയും കമന്റ് ബോക്സ് തികച്ചും ശൂന്യമായി കിടക്കുകയും ചെയ്യുന്നതു കാണുമ്പോൾ മണിക്കൂറുകളെടുത്ത് ചിന്തയും വികാരങ്ങളും വാക്കുകളാക്കി മാറ്റി വായനക്കാരുടെ മുന്നിലേക്ക് വയ്ക്കുന്ന ആ പരിശ്രമത്തിന് തിരികെ ലഭിക്കുന്നത്, ഈ നിശബ്ദതയാണെങ്കിൽ ഇത്തരം കൂട്ടായ്മകളിൽ തുടരാൻ ഏതൊരു എഴുത്തുകാരന്റെയും ആത്മവിശ്വാസം തളർന്നുപോകുക സ്വാഭാവികമാണ്.
എന്തുകൊണ്ടാണ് വായിച്ചു കഴിയുന്ന ഭൂരിഭാഗം ആളുകളും ഒരു വാക്ക് പോലും തിരികെ പറയാതെ കടന്നുപോകുന്നത് എന്നത് ഡിജിറ്റൽ കാലഘട്ടത്തിൽ ഏറെ ആലോചിക്കേണ്ട ഒരു വിഷയമാണ്.
വായനക്കാർ കമന്റ് ചെയ്യാൻ മടിക്കുന്നതിന് പിന്നിൽ വെറുമൊരു മടി മാത്രമല്ല ഉള്ളത്. ഞാൻ ഈ കഥ വായിച്ചു എന്ന് മറ്റുള്ളവർ അറിയേണ്ട എന്ന അനാവശ്യമായ ഭയമോ ലജ്ജയോ ചിലരെ തടയുന്നു. ഇതൊക്കെയെന്ത് ലേഖനം, ഇതിലും നല്ലതു എനിക്ക് എഴുതാൻ കഴിയും എന്ന രീതിയിലുള്ള മത്സരബുദ്ധിയും ഈഗോയും മറ്റു ചിലരിൽ ഉണ്ടാകാം. അയാൾ എന്റെ പോസ്റ്റുകളിൽ വന്ന് കമന്റ് ചെയ്യാറില്ലല്ലോ പിന്നെ ഞാൻ എന്തിന് അങ്ങോട്ട് ചെയ്യണം എന്ന രീതിയിലുള്ള ചില കണക്കുപറച്ചിലുകളും ഇതിന് പിന്നിലുണ്ട്. മറ്റൊരാളുടെ എഴുത്തിനെ പരസ്യമായി അഭിനന്ദിച്ചാൽ സ്വന്തം അന്തസ്സോ അറിവോ കുറഞ്ഞുപോകുമോ എന്ന് തെറ്റിദ്ധരിക്കുന്നവരും, കമന്റ് ഇടാൻ എനിക്ക് വേറെ പണിയില്ലേ എന്ന് കരുതി തികഞ്ഞ അലസത കാണിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.
ഡിജിറ്റൽ ലോകത്ത് ഈ നിശബ്ദത ഒട്ടും ആരോഗ്യകരമായ ഒരു പ്രവണതയല്ല. ഓൺലൈൻ മാധ്യമങ്ങളിൽ ഒരു എഴുത്തുകാരന്റെയോ ക്രിയേറ്ററുടെയോ നിലനിൽപ്പ് വായനക്കാരുടെ പ്രതികരണങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അനവധി കഴിവ് തെളിയിച്ച പ്രഗത്ഭരായ പലരും ഈ കൂട്ടായ്മയിൽ നിശബ്ധരായിരിക്കുന്നത് ഈ അവഗണന ഒന്ന് കൊണ്ടു മാത്രമാണ്.. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പോലും ഒരു സൃഷ്ടി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത് അതിൽ വരുന്ന ലൈക്കുകളും കമന്റുകളും അടിസ്ഥാനമാക്കിയാണ്
അതുകൊണ്ട് തന്നെ വായിച്ചിട്ടും മിണ്ടാതെ കടന്നുപോകുമ്പോൾ ആ എഴുത്തുകാരന്റെ പ്രയത്നത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, ആ സൃഷ്ടിയുടെ വളർച്ചയെ, ഈ കൂട്ടായ്മയുടെ തന്നെ വളർച്ചയെ അത് വഴി സ്വന്തംതന്നെ വളർച്ചയെ നാം തടയുകയാണ്. ഒരു എഴുത്തുകാരന് തന്റെ അടുത്ത സൃഷ്ടിക്കുള്ള ഏറ്റവും വലിയ ഇന്ധനം വായനക്കാരുടെ പ്രതികരണങ്ങളാണ്.
നമ്മുടെ കഥകൾ മറ്റുള്ളവർ വായിക്കണമെന്നും പ്രൊമോട്ട് ചെയ്യണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നമ്മൾ മറ്റുള്ളവരുടെ എഴുത്തുകളെ മാനിക്കാനും പിന്തുണയ്ക്കാനും പഠിക്കേണ്ടതുണ്ട്. ഒരു നല്ല കഥയോ ലേഖനമോ വായിച്ചാൽ അവിടെ രണ്ടു വരി അഭിനന്ദനം കുറിക്കുന്നത് ആ എഴുത്തുകാരന് നൽകുന്ന ഊർജ്ജം അളക്കാനാവാത്തതാണ്. നമ്മൾ മറ്റുള്ളവരുടെ എഴുത്തുകൾ വായിച്ച് അഭിപ്രായം പറയുമ്പോൾ സ്വാഭാവികമായും അവരും നമ്മുടെ എഴുത്തുകൾ തേടിയെത്തും. വെറുതെ നല്ലത് എന്ന് പറയുന്നതിനേക്കാൾ ആ എഴുത്തിൽ നമ്മെ സ്പർശിച്ച ഒരു ഭാഗത്തെക്കുറിച്ച് കുറിക്കുന്നത് എഴുത്തുകാരന് വലിയ വഴിവിളക്കാവുകയും ചെയ്യും, പ്രത്യേകിച്ച് എഴുത്തിന്റെ തുടക്കക്കാർക്ക്..
ഈ വായനാസംസ്കാരത്തിൽ വലിയൊരു മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ ചെലവഴിക്കുന്ന ആ രണ്ട് സെക്കൻഡ് കൊണ്ട് മറ്റൊരാളുടെ എഴുത്തുജീവിതത്തിന് വലിയൊരു ഊർജ്ജം നൽകാൻ സാധിക്കുമെങ്കിൽ അതിൽ നമ്മൾ പിശുക്ക് കാണിക്കേണ്ടതില്ല. ഒരു വായനക്കാരൻ എന്ന നിലയിൽ വായിച്ചിട്ടും കമന്റ് ചെയ്യാതെ കടന്നുപോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നും, ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്തരം നിശബ്ദത നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും തുറന്നുപറഞ്ഞ് ഈ ചർച്ചയിൽ പങ്കുചേരുമല്ലോ.


1 Comment
എല്ലാ വായനക്കാരും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ…