നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ കാന്റീനിൽ ഇരിക്കുകയായിരുന്നു രഘു. താഴോട്ട് നോക്കിയാൽ കാണുന്നത് ഓങ്കോളജി ഓ പി ആണ്. കൺസൾട്ടേഷൻ സമയം തീരാറായി എന്ന് തോന്നുന്നു. 35 വയസ്സോളം തോന്നുന്ന ഒരു ഭാര്യയും ഭർത്താവും കയ്യിൽ ഒരു ഫയലുമായി ഉത്കണ്ഠയോടെ ഇരിപ്പുണ്ട്. അവരുടെ കയ്യിലുള്ള ഫയലിൽ അവരുടെ ജീവിതത്തിലെ ഇനിയുള്ള സന്തോഷങ്ങളോ സങ്കടങ്ങളോ അടയാളപ്പെടുത്തിയിട്ടുണ്ടാവുമെന്ന് രഘുവിന് തോന്നി. ഒരു വൃദ്ധനും അയാളുടെ മകനെന്ന് തോന്നിക്കുന്ന മറ്റൊരാളും ഡോക്ടറെ കണ്ടിട്ട് ഇറങ്ങിവന്നു. മകന്റെ മുഖത്ത് സങ്കടമുണ്ട്. വൃദ്ധന്റെ മുഖത്താവട്ടെ ജീവിതത്തിലെ കനൽ വഴികൾ നഗ്നപാദനായി നടന്നുതീർത്തതിന്റെ നിർവികാരതയും. ഇതിൽ ആർക്കായിരിക്കും അസുഖം എന്നാലോചിച്ചിരിന്നു രഘു. ഭാര്യയും ഭർത്താവും തിടുക്കപ്പെട്ട് അകത്തോട്ട് പോയി.
“നീയെന്താ ഇവിടെ”? പരിചയമുള്ള ശബ്ദം കേട്ട് രഘു നോട്ടം മാറ്റി. തോമസാണ്. സ്കൂൾക്കാലം മുതൽ കൂടെയുണ്ടായിരുന്ന സുഹൃത്ത്. നഗരത്തിലെ വില്ലേജ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്യുന്നു.
“ഞാൻ മോളെ ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതാ. അവൾക്കൊരു പനി. ഇപ്പൊ കുഴപ്പമൊന്നുമില്ല. ഏതോ ഒരു സുഹൃത്തിനെ കണ്ടു വർത്താനം പറഞ്ഞ് പുറത്തു നിൽപ്പുണ്ട്, അല്ല നീയെന്താ ഇവിടെ.”
തോമസ് കൈയിലിരുന്ന ചായക്കപ്പ് പുറത്തുവച്ച് അയാൾക്ക് അഭിമുഖമായിരുന്നു.
“നമ്മുടെ ഗംഗാധരൻ സാറില്ലേ പുള്ളിയിവിടെ അഡ്മിറ്റാ. സാറിനെ ഒന്ന് കാണാൻ വന്നതാടാ. പുള്ളിക്ക് പ്രായമായതിന്റെ അവശതകൾ, പിന്നെ പ്രഷറും കൂടുതലാ..
ആ പേര് കേട്ടതും രഘുവിന്റെ ഭാവം മാറി. സ്കൂളിൽ പഠിക്കുന്ന കാലത്ത് മഴയിൽ കുതിർന്ന ഒരു സന്ധ്യാസമയം അവന്റെ ഓർമ്മയിലേക്ക് ഓടി വന്നു. മൂന്നാം തവണയും കുട്ടികളുടെ സാധനങ്ങൾ താൻ മോഷ്ടിച്ചുവെന്ന് പറഞ്ഞ് അമ്മയെ സ്കൂളിൽ വിളിപ്പിച്ച ദിവസമായിരുന്നു അന്ന്. താനല്ല ചെയ്തതെന്ന് കരഞ്ഞ് കാല് പിടിച്ച് പറഞ്ഞിട്ടും അച്ഛനൊഴികെ ആരുമത് വിശ്വസിച്ചില്ല.
“നിന്നെ ഞാൻ മോഷ്ടിക്കാനാണോടാ പഠിക്കാൻ വിടുന്നത്” എന്ന് ദേഷ്യത്തോടെയും സങ്കടത്തോടെയും ആർത്തുവിളിച്ച് കരഞ്ഞുകൊണ്ട് കയ്യിൽ കിട്ടിയ വടിയെടുത്ത് തന്നെ തല്ലിച്ചതക്കുന്ന അമ്മ. കേട്ട വാർത്ത വിശ്വസിക്കാനാവാതെ തളർന്നിരിക്കുന്ന അച്ഛൻ. കള്ളനെന്ന പേര് കേൾക്കുന്നതിലും നല്ലത് ചാകുന്നതാണ് എന്ന ചിന്തയിൽ കൈയ്യിൽ കിട്ടിയ ഇരുന്നു കത്തി എടുത്ത് സ്വന്തം കഴുത്തിന് വെട്ടിയ ഒരു പതിനഞ്ചുകാരൻ.
രഘു കഴുത്തിലെ മുറിവിലൂടെ കൈയ്യോടിച്ചു. അവൻ ചായ ഗ്ലാസ് വിരലുകൾ കൊണ്ട് ഞെരിച്ചു പൊടിക്കുമോ എന്ന് പോലും തോമസ് പേടിച്ചു. സങ്കടമോ ദേഷ്യമോ എന്ന് തിരിച്ചറിയാനാവാത്ത ഭാവത്തോടെ രഘു തോമസിനെ നോക്കി. “സാറ് ഏത് റൂമിലാണ്”?
ഇരുന്നൂറ്റി നാലിൽ. പുള്ളീടെ മകനാണ് കൂടെയുള്ളത്.
“ഞാനൊന്ന് സാറിനെ കണ്ടിട്ട് വരാം“.
രഘു പോകാൻ എഴുന്നേറ്റപ്പോഴേക്കും മകൾ രുഗ്മിണി കയറിവന്നു.
“എങ്ങോട്ടാ അച്ഛാ” അവൾ ചോദിച്ചു
“നീയും എന്റെ കൂടെ വാ എന്റെ ഒരു പഴയ സാറിനെ കണ്ടിട്ട് വരാം“.
അയാൾ മകളെയും കൂട്ടി ഗംഗാധരൻ സാറിന്റെ മുറിയിലേക്ക് നടന്നു. ഒന്ന് സംശയിച്ചിട്ട് തോമസും അവരെ പിന്തുടർന്നു. കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകൾ കൊണ്ട് കണ്ണടയുടെ സഹായത്തോടെ എന്തോ വായിക്കാൻ ശ്രമിക്കുകയായിരുന്നു ഗംഗാധരൻ സാർ
സാറിന് എന്നെ മനസ്സിലായോ? മറവിയുടെ പായൽ മൂടി തുടങ്ങിയ ഓർമ്മയിൽ സാർ ആ മുഖം തിരഞ്ഞു.
“അച്ഛാ എന്റെ കൂടെ പഠിച്ച കള്ളൻ രഘു.” കൂടെ നിന്ന സാറിന്റെ മകൻ പ്രകാശൻ വല്ലാത്ത ചിരിയോടെ രഘുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അത് കേട്ടതും തീപാറുന്ന കണ്ണുകളോടെ രഘു പ്രകാശനെ നോക്കി. ആ ചൂടിൽ പൊള്ളിയത് പോലെ പ്രകാശൻ ഒരു ചുവട് പുറകിലേക്ക് മാറി. രുഗ്മിണി അയാളുടെ കൈയിൽ മുറുകെ പിടിച്ചു.
രഘു അവളുടെ കൈ വിടുവിച്ച് സാറിന്റെ കട്ടിലിനരികിലേക്ക് ഒന്നുകൂടി അടുത്തുനിന്നു. “സാറൊരാളാണ് എനിക്ക് ആ പേര് തന്നത്. ഇനിയെങ്കിലും സത്യം പറ സാറേ ഞാൻ കള്ളനാണോ?”
ഗംഗാധരൻ സാറിന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു, മുഖം വലിഞ്ഞു മുറുകി. വർഷങ്ങളോളം ഉള്ളിൽ സൂക്ഷിച്ചിരുന്ന ഒരു തെറ്റിന്റെ പാപഭാരം ഇറക്കിവെക്കാൻ സമയമായെന്ന് അയാൾക്ക് തോന്നി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അയാളുടെ ശോഷിച്ച നെഞ്ചിൻ കൂട് ക്രമതീതമായി ഉയർന്നു താണു. രുഗ്മിണിക്ക് തന്റെ നെഞ്ചിപ്പോൾ പൊട്ടുമെന്ന് തോന്നി. ഓർമ്മ വെച്ച കാലം മുതൽക്കിങ്ങോട്ട് കേട്ട് തഴമ്പിച്ച ഒരു കെട്ടപേരിന്റെ മേലാപ്പ് അഴിഞ്ഞു വീഴുമെന്നും, താനിനി കള്ളന്റെ മകളല്ലെന്നും ഈ ലോകം അറിയാൻ പോകുന്നു എന്നവൾക്ക് തോന്നി. അവൾ തന്റെ ഫോണിലെ വീഡിയോ ഓണാക്കി.
“കഴിഞ്ഞ മുപ്പത്തിയഞ്ച് കൊല്ലമായി ഞാനീ കള്ളനെന്ന പേരും ചുമന്നു നടക്കുന്നു. ചെയ്യാത്ത കുറ്റത്തിന് ജീവിതകാലം മുഴുവൻ കള്ളനെന്ന പേരും വാങ്ങി ജീവിതം നശിച്ചു പോയവനാണ് ഞാൻ. ഇന്ന് എന്റെ മകളുടെ മുന്നില് വെച്ച് സാറ് സത്യം പറയണം. അന്നെന്താണ് നടന്നതെന്ന് മാറ്റാരറിഞ്ഞില്ലെങ്കിലും എന്റെ മകളറിയണം. ഞാൻ മരിക്കുന്നത് എന്റെ മകളുടെ മുന്നിലെങ്കിലും കള്ളനല്ലാതായിട്ടാവണം.”
നെഞ്ചിൽ ശ്വാസം കെട്ടി നിന്നപോലെ അയാൾ ചുമച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. തോമസ് അയാളെ ചേർത്ത് പിടിച്ച് തോളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതെ… നീ ആയിരുന്നില്ല കള്ളൻ.”
ഗംഗാധരൻ മാഷിന്റെ പതറിയ ശബ്ദം വല്ലാത്തൊരു മുഴക്കത്തോടെ ആ റൂമിൽ നിറഞ്ഞു. അയാളുടെ ശബ്ദം പതിഞ്ഞതായിരുന്നു എങ്കിലും അതിന്റെ ഭാരം താങ്ങാനാവാതെ സാറിന്റെ മകനും ഭാര്യയും നടുങ്ങി നിന്നു.
“അന്നത്തെ ഹെഡ്മാസ്റ്ററുടെ മകനായിരുന്നു ഒരു കുട്ടിയുടെ ബാഗിൽ നിന്നും പേന മോഷ്ടിച്ചത്. ആദ്യം തന്നെ അത് മനസ്സിലായെങ്കിലും ഹെഡ്മാസ്റ്റർ അയാളുടെ മകനെ രക്ഷിക്കാൻ വേണ്ടി എന്നെക്കൊണ്ട് അത് നിന്റെ തലയിൽ കെട്ടിവച്ചതായിരുന്നു. ആ പേന പോലും ഞാനാണ് നിന്റെ ബാഗിൽ വെച്ച് നിന്നെ കള്ളനാക്കിയത്. പിന്നീടവൻ രണ്ട് തവണ കളവ് നടത്തിയപ്പോഴും നീ തന്നെ കള്ളനായികൊണ്ടിരുന്നു. കാരണം ഒരിക്കൽ കള്ളനെന്ന പേര് വീണാൽ അത് പിന്നീട് മായുകയേയില്ല രഘൂ. ഒരുതവണ മാത്രമേ ഞാൻ നിന്നെ കള്ളൻ ആക്കിയുള്ളൂ. പക്ഷേ അത് നിന്റെ ജീവിതം തകർത്തുകളയുന്ന ഒരു തെറ്റാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നീ എന്നോട് ക്ഷമിക്കൂ രഘൂ”.
അയാൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
“ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരു കള്ളന് വേണ്ടി ബലിയാടാക്കിയിട്ട് എന്താണ് സാർ നേടിയത്? എന്റെയീ കഴുത്തിലെ പാട് കണ്ടോ? മൂന്നാം തവണയും കള്ളനെന്ന പേര് കേട്ടപ്പോ ചാകാൻ വേണ്ടി കത്തിയെടുത്ത് വെട്ടിയതാണ്. ആ മുറിവ് പുറമെ മാത്രമേ ഉണങ്ങിയിട്ടുള്ളൂ സാർ. ഇന്നീ പ്രകാശൻ ചെയ്തതുപോലെ ഇക്കാലമത്രയും ആരെങ്കിലുമൊക്കെ ഇടയ്ക്കിടയ്ക്ക് ആ മുറിവിനെ തട്ടിയുണർത്തും, അതിൽ ചോര പൊടിയും, വേദനിക്കും, മനസ്സ് നീറിപ്പുകയും, മുറിവ് പഴുത്ത് വ്രണമാകും. ആ വൃണത്തിൽ അവഗണനയുടെ പുഴുക്കൾ നുരയ്ക്കും. പുഴുത്തു നാറുന്ന ഈ മുറിവിന്റെ നാറ്റം സഹിച്ചത് ഞാനൊറ്റയ്ക്കല്ല, എന്റെ സ്വന്തമായ ഓരോ മനുഷ്യരും ഈ അഴുക്കിൽ മുങ്ങി ആ ദുർഗന്ധവും പേറിയാണ് ഇത്രയും കാലം ജീവിച്ചത്. എന്നാൽ എനിക്ക് ആ പേര് ചാർത്തിത്തന്ന് ജീവിതം നശിപ്പിച്ച സാറ് മാതൃകാ അധ്യാപകനുള്ള അവാർഡ് വരെ വാങ്ങി. ഒരു പാവത്തിന്റെ ജീവിതം നശിപ്പിച്ചതിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് കുറ്റബോധം തോന്നിയിട്ടുണ്ടായിരുന്നോ സാർ?
രഘുവിന്റെ കൈക്കുള്ളിൽ ഗംഗാധരൻ സാറിന്റെ ശോഷിച്ച കൈപ്പടം വിറകൊണ്ടു. മകളുടെ കണ്ണീർ വീണ് അയാളുടെ ഷർട്ടിന്റെ കൈ നനയാൻ തുടങ്ങിയിരുന്നു. അറിയാതെയെപ്പോഴോ അച്ഛനെ മനസ്സിൽ തെറ്റുകാരനായി കണ്ടു പോയതിന്റെ പ്രായശ്ചിത്തമായിരുന്നു ആ കണ്ണുനീർ.
രഘുവിന്റെ കൈ ഐസ് പോലെ തണുത്തതായിരുന്നു. പക്ഷേ ഗംഗാധരൻ സാറിനത് തീ പോലെ പൊള്ളുന്ന ചൂടായിരുന്നു. താൻ തകർത്തുകളഞ്ഞ ഒരു ജീവൻ തന്റെ മുന്നിൽ വന്ന് തല ഉയർത്തി നിൽക്കുമ്പോൾ അയാൾ തകർന്നു പോകാതിരിക്കുന്നതെങ്ങനെ?
“സാറിന് മാപ്പ് തരാനോ സാറിനോട് ക്ഷമിക്കാനോ ഞാൻ ആരുമല്ല. വളരെ ശാന്തമായ ശബ്ദത്തിൽ രഘു പറഞ്ഞു. അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കള്ളനെന്ന് വിളിച്ച് തല്ലിയപ്പോൾ, ശരീരത്തിനല്ല വേദനിച്ചത്, എന്റെ മനസിനാണ്. എനിക്ക് പഠിക്കണം എന്നുണ്ടായിരുന്നു… വലിയ ചിത്രകാരനാകണം എന്നുണ്ടായിരുന്നു. ആ ഒരൊറ്റ ദിവസം കൊണ്ട് ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ കള്ളൻ രഘുവായി. ആ നാണക്കേടിൽ എന്റെ അമ്മ കരഞ്ഞുതീർത്ത കണ്ണീരിന് സാറിന്റെ ഈ മാപ്പ് മതിയാകുമോ?
എന്റെ നഷ്ടപ്പെട്ടുപോയ ആ കുട്ടിക്കാലവും ഞാൻ കാണാൻ കൊതിച്ച സ്വപ്നങ്ങളും ഈ മാപ്പ് കൊണ്ട് തിരിച്ചുതരാൻ സാറിന് പറ്റുമോ? എന്റെ കുഞ്ഞ് പോലും കള്ളന്റെ മകളെന്ന് അപമാനം പേറി ജീവിക്കേണ്ടി വന്നതിന്, അവളുടെ മനസ്സിനേറ്റ മുറിവുകൾക്ക് മരുന്നാവാൻ ഈ മാപ്പിന് കഴിയുമോ?”
ഗംഗാധരൻ സാറിന് മറുപടിയില്ലായിരുന്നു. സമനില തെറ്റിയത് പോലെ “എന്നോട് ക്ഷമിക്ക്” എന്നയാൾ പിറുപിറുത്തുകൊണ്ടിരുന്നു.
രഘു മകളെ ചേർത്തു പിടിച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഗംഗാധരൻ സാർ തന്റെ അവസാന ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.
#മാപ്പ് മുറിവുണക്കുമോ
#എന്റെരചന


2 Comments
ഒന്നാന്തരം കഥ. 👌
കുട്ടികളുടെ മാനത്തിന് യാതൊരു വിലയും കല്പിക്കാത്ത ഗുരുക്കന്മാർ ഉണ്ടായിരുന്നു. ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവെച്ച്, ഒരു കുട്ടിയുടെ ജീവിതമുടനീളം അവനെ കള്ളനെന്ന് വേട്ടയാടിയ അവസ്ഥ, വളരെ ഹൃദയസ്പർശ്ശിയായി അവതരിപ്പിച്ചു. വായന തീർത്തിട്ടും മനസ്സിൽ നിന്നിറങ്ങി പോകാത്ത നോവ്.😰
നല്ല കഥ ഹരി