പാതിരാവോളം നീണ്ട ഒരു ജോലിപ്പകലിന്റെ ആലസ്യം മുഴുവൻ ഉറങ്ങിത്തീർത്ത് ആകാശ് ഉണർന്നെഴുന്നേൽക്കുമ്പോൾ സമയം രാവിലെ 9 മണി കഴിഞ്ഞിരുന്നു. സനൂപയ്ക്ക് ഇന്ന് ഡേ ഷിഫ്റ്റ് ആണ്. ഏഴുമണിക്ക് മുൻപേതന്നെ അവൾ ഇറങ്ങിയിട്ടുണ്ടാവും. നല്ല ഉറക്കമാണെങ്കിൽ അവളവനെ വിളിക്കാറില്ല.
പതിവുപോലെ മറ്റൊരു പകൽ പക്ഷേ ഇന്നത്തെ പകലിന് ഒരു പ്രത്യേകതയുണ്ട്… ഇന്ന് തങ്ങളുടെ വിവാഹ വാർഷികമാണ്.
കൈനീട്ടി ഫോൺ എടുത്ത് വാട്സ്ആപ്പ്, ഇൻസ്റ്റാ ഒക്കെ ഓടിച്ചു നോക്കുമ്പോൾ, സർവ്വം ആശംസാമയം. ഒന്നുചേരലിന്റെ മൂന്നുവർഷങ്ങൾ… എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്. അവൻ സനൂപയുടെ സ്റ്റോറിയും സ്റ്റാറ്റസും നോക്കി. അവൾ മറന്നു പോയതോ എന്തോ, വെഡിങ് ആനിവേഴ്സറി സ്റ്റാറ്റസിൽ വന്നിട്ടില്ല. ഈയിടെയായി അവൾ അങ്ങനെയാണ്; പലതും മറന്നു പോകും. വേറേതോ ലോകത്തുകൂടെ നടക്കുന്നതു പോലെ. സാരമില്ല; വൈകുന്നേരം അവൾ വരുമ്പോഴേക്കും തങ്ങൾക്ക് രണ്ടുപേർക്കും മാത്രമായി ഒരു കേക്ക് റെഡിയാക്കണം. ഒരു വൈറ്റ് വാനില്ല ബീൻസ് മൂസ്. അവളുടെ ലാളിത്യത്തിനു ചേർന്ന സിമ്പിൾ കേക്ക്. പക്ഷേ മുറിക്കുമ്പോൾ ഉള്ളിൽ ഡാർക്ക് ജാഗ്റി ക്യാരമെലും ടോസ്റ്റഡ് കോക്കനട്ടും ഉണ്ടാവും. അവളും ഉള്ളിൽ തനി നാടൻ ആണല്ലോ. പുറത്ത് വൈറ്റ് ഐസിങ്ങിൽ ഒരു പർപ്പിൾ ഫ്ലവറും കൂടി സെറ്റ് ചെയ്താൽ ആകെ കളർ ആകും. അവളുടെ ഫേവറൈറ്റ് കളറാണ് പർപ്പിൾ. അവൾക്ക് മൊത്തത്തിൽ ഒരു പ്ളെസൻറ്റ് സർപ്രൈസ് ആകണം. സെറ്റ് ചെയ്യുന്ന പ്ലേറ്റിൽ വെച്ച് തന്നെ വേണം കേക്ക് മുറിക്കാനും. അതിൽ വെച്ച് തന്നെ രണ്ടുപേരും ചേർന്ന് കഴിച്ച് അങ്ങ് ഫിനിഷ് ചെയ്യണം. അതാണ് തങ്ങളുടെ സ്വർഗം… ഇന്ന് ആ സ്വർഗ്ഗത്തിൽ അവളും താനും മാത്രം മതി.
സ്നേഹം പൂത്തുലയുന്ന ആ നേരത്ത് അവൾക്ക് സമ്മാനിക്കാൻ അയാൾ ഒരു പുസ്തകവും നേരത്തെ തന്നെ കരുതി വച്ചിട്ടുണ്ട്. ‘എ ലവ് പോയം’ ബൈ റൂമി.
‘നിന്റെ വെട്ടത്തിൽ
ഞാൻ പ്രണയം പഠിക്കുന്നു
നിന്റെ മനോജ്ഞതയിൽ
ഞാൻ കവിത കുറിക്കുന്നു
എന്റെ നെഞ്ചോരത്ത്
നീ നൃത്തം ചവിട്ടുന്നു
അവിടെ ആരും,
മറ്റാരും നിന്നെ കാണുന്നില്ല.’
തുറക്കുന്നതേ വായിക്കാൻ ഒരു കവിത ബുക്ക് മാർക്ക് ചെയ്തിട്ടും ഉണ്ട്.
ആവേശത്തോടെ അയാൾ കിടക്ക വിട്ട് എണീറ്റു. ‘തനിക്കായി അവൾ കരുതുന്ന സമ്മാനം എന്തായിരിക്കും?’ ഒരു നിമിഷം അയാൾ ഊഹിക്കാൻ ശ്രമിച്ചു. എന്തെങ്കിലും ഗാഡ്ജറ്റ് ആയിരിക്കും. പുത്തൻ ടെക്നോളജി പരീക്ഷിക്കുന്നതിൽ തനിക്കുള്ള പൂതി അവളെപ്പോലെ മറ്റാർക്കാണറിയുക!
ഒരു മൂളിപ്പാട്ടോടെ ലിവിങ് റൂമിലെത്തിയ ആകാശ് ടീപോയിൽ മനോഹര വർണ്ണത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന സമ്മാനപ്പെട്ടി കണ്ട് അത്ഭുതപ്പെട്ടു.
‘ആഹാ!, നീ എന്നെ തോൽപ്പിച്ചല്ലോ, പെണ്ണേ..’ സന്തോഷത്തോടെ ആത്മഗതപ്പെട്ടുകൊണ്ട് വർദ്ധിച്ച ആവേശത്തിൽ വർണ്ണക്കടലാസഴിച്ചപ്പോഴുണ്ട്, അകത്ത് നാലായി മടക്കിയ ഒരു കടലാസു മാത്രം! പെട്ടി തിരിച്ചും മറിച്ചും കുടഞ്ഞും ഒക്കെ നോക്കി.. മറ്റൊന്നുമില്ല; ഒരു കടലാസ് മാത്രം. കൗതുകം മുറ്റി ആ കടലാസ് അയാൾ മെല്ലെത്തുറന്നു. ഒരു നിമിഷം.. അതിലെ അക്ഷരങ്ങൾ അയാളെ അന്ധാളിപ്പിച്ചു കളഞ്ഞു. നെഞ്ചിൽ ആരോ കൂടം കൊണ്ട് അടിച്ചതുപോലെ! അതിന്റെ ആഘാതത്തിൽ അയാൾ സെറ്റിയിലേക്ക് തളർന്നിരുന്നു.
“പ്രിയപ്പെട്ട ആകാശ്,
ഈ ദിവസം ഏറ്റവും മികച്ച ഒരു സമ്മാനം നീ അർഹിക്കുന്നു എന്നെനിക്കറിയാം. കഴിഞ്ഞ മൂന്നു വർഷവും എന്നെ നീ അളവറ്റുസ്നേഹിച്ചതിന്റെ പ്രതിഫലം.
*നമുക്കു പിരിയാം.*
നിന്റെ നന്മ മാത്രം കാംക്ഷിക്കുന്ന ഞാൻ ഇതിലും മികച്ച മറ്റെന്താണ് ഇന്ന് നിനക്കുതരിക?!
മാപ്പ്, പ്രിയനേ… അത് നിന്റെയും എന്റെയും മുറിവുണക്കട്ടെ.
അടുത്ത ജന്മം നമുക്ക് വീണ്ടുമൊന്നിക്കാം.
എന്നും സ്നേഹം മാത്രം.
സനൂപ.”
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായതുപോലെ. ശ്വാസം വിലങ്ങി അയാൾ ഒന്നുകൂടി അമർന്നിരുന്നു. സകലവും കീഴ്മേൽ മറിയുന്നുവോ? ഒന്നും മനസ്സിലാകുന്നേയില്ല. ഇപ്പോളിതുപറയാൻ അസാധാരണമായി ഒന്നും സംഭവിച്ചില്ലല്ലോ? പരസ്പരമുള്ള പാലനങ്ങൾക്കോ ലാളനങ്ങൾക്കോ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എന്നിട്ടും..സനൂപ.. അവൾ വിട്ടുപോയാൽ പിന്നെ താൻ എന്താവും? ജീവനൂറിപ്പോയ നിശ്ചേഷ്ടജീവിതമാവും ബാക്കി.
‘എന്റെ പെണ്ണേ, നീയെന്നെ അറിഞ്ഞേയില്ലല്ലോ..’ അയാൾ നെടുവീർപ്പെട്ടു.
ഫോണെടുത്ത് സനൂപയെ അപ്പോൾത്തന്നെ വിളിച്ചു. പക്ഷേ കോൾ, റെക്കോർഡഡ് മെസ്സേജിലേക്കുപോയി. ഡ്യൂട്ടി ടൈമിൽ അതങ്ങനെയാണ്. അയാൾക്കറിയാം. എങ്കിലും വീണ്ടും വീണ്ടും ശ്രമിച്ചു. അവൾ അറ്റൻഡ് ചെയ്തില്ല. രണ്ടു മണിവരെയാണ് ഡ്യൂട്ടി ടൈം. ഡ്യൂട്ടി കഴിയാൻ കാത്തിരിക്കുക തന്നെ. മറ്റു മാർഗങ്ങൾ ഇല്ലല്ലോ.
ഓർമ്മകളുടെ ഒരു വേലിയേറ്റം അയാളെ വന്നു മൂടി. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അയാൾ അവളെ ആദ്യമായി കാണുന്നത്. ഓക്സാലിക് ആസിഡ്- പൊട്ടാസ്യം പെർമാംഗനേറ്റ് ടൈട്രേഷൻ ഒരുതരത്തിലും ശരിയാകാതിരുന്ന അവളെ സാറു പറഞ്ഞിട്ടാണ് സഹായിക്കാനായി അയാൾ പോകുന്നത്. എക്സ്പെരിമെന്റ് തീർന്നപ്പോൾ ഉണ്ട്, ടെസ്റ്റ് ട്യൂബിനുള്ളിലെ പിങ്ക് നിറം അവളുടെ കവിളിലേക്ക് കളം മാറിയിരിക്കുന്നു! ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. അതായിരുന്നു ആ മൊമെന്റ്. അന്ന് ചേക്കേറിയ ആ പിങ്ക് നിറം പിന്നെ ഒരിക്കലും അവളുടെ കവിൾ വിട്ടില്ല. കൂട്ടുകാർക്കിടയിലെ പെർഫെക്റ്റ് കപ്പിൾ ആയിരുന്നു അവർ. ‘രാജീവ് (ഗാന്ധി)- സോണിയ’ എന്നൊരു വിളിപ്പേരു പോലും അവർക്കുണ്ടായിരുന്നു. പരസ്പരം അത്രയേറെ അനുരക്തരായിരുന്ന ഒരു ജോഡി. പതിയെപ്പതിയെ വീട്ടുകാർക്കും അവർ പരിചിതരായി. അയാൾ ഹോട്ടൽ മാനേജ്മെന്റിലേക്കും അവൾ ഐടി യിലേക്കും തിരിഞ്ഞിട്ടും അവൾക്ക് അവനും അവന് അവളും എന്നതിന് യാതൊരു ഇളക്കവും വന്നില്ല. പഠനം ഭിന്ന നഗരങ്ങളിൽ ആയിരുന്നെങ്കിലും തമ്മിൽ കാണാനുള്ള അവസരങ്ങൾ ഒന്നും അവർ പാഴാക്കിയുമില്ല.
പ്രണയത്തിന്റെ ഒരു പറുദീസക്കാലം.
എന്നാൽ ഒരിക്കൽപോലും അവർ അതിർവരമ്പുകൾ ലംഘിച്ചില്ല. ആ കാര്യത്തിൽ അവൾ അയാളെക്കാൾ കർക്കശക്കാരിയായിരുന്നു. വിവാഹ വസ്ത്രത്തിൽ ഒരു മാലാഖയെപ്പോലെ പരിശുദ്ധയാവണം താനെന്ന് അവൾ പറയാതെ പറഞ്ഞു; ശാഠ്യം പിടിച്ചു. അയാൾക്കും മറിച്ച് ഒരു അഭിപ്രായം ഇല്ലായിരുന്നു. കാരണം അവൾ അവന്റെ ചങ്കിന്റെ മിടിപ്പായിരുന്നു, ഉറക്കത്തിന്റെയും ഉണർവിന്റെയും താളമായിരുന്നു, ഓർമ്മയിലെ ഊഞ്ഞാൽപാട്ടായിരുന്നു.
അവളെ അവൻ മിന്നണിയിച്ച ദിവസം സ്വർഗ്ഗം നൃത്തം ചവിട്ടിയിട്ടുണ്ട്, തീർച്ച. കാരണം ആകാശത്തുനിന്നു പറന്നിറങ്ങിയ ഒരു ദേവദൂതയായിരുന്നു അന്നവൾ. വെളുത്ത സാറ്റിൻഗൗണിൽ പിങ്ക് പിയോണിയും വെളുത്ത ലില്ലിപ്പൂക്കളും ഇടകലർന്ന ചെണ്ടും കയ്യിലേന്തി ഒരു അലൗകിക സൗന്ദര്യം. അന്ന് ഹൃദയം തുടിതാളം കൊട്ടിയത് ഇന്നും അവന്റെ ഓർമ്മകളിൽ പെരുക്കാറുണ്ട്.
കല്യാണപ്പിറ്റേന്നുതന്നെ കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് അവർ ചേക്കേറി. മനസ്സ് പതഞ്ഞൊഴുകുമ്പോഴും ആദ്യ സമാഗമരാത്രി അവർക്ക് ചെറിയൊരു വിഹ്വലത സമ്മാനിച്ചു. സനൂപ ആകെ പാനിക്ക് ആവും പോലെ. സ്പർശനങ്ങളും ചുംബനങ്ങളും ഒക്കെ ആസ്വദിക്കുമ്പോഴും ഇന്റിമേറ്റ് ആകാൻ ശ്രമിക്കുമ്പോൾ അവൾ ആകെ ഭയപ്പെട്ടു പോകുന്നു.
‘അതൊക്കെ ഇതിന്റെ ഒരു ഭാഗമല്ലേ..’ ആകാശ് അവളെ, അയാളെത്തന്നെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ദിവസങ്ങൾ മുന്നോട്ടുപോകും തോറും അത് ഒരു നോവുന്ന ആധിയായി അവരിൽ വളർന്നു തുടങ്ങി. പകലുകൾ സ്വപ്നസമാനമായിരുന്നെങ്കിൽ, രാത്രി കിടപ്പുമുറിയെ കാണുന്ന മാത്രയിൽ അവൾ ആകെ തണുത്ത്, ചൂളിച്ചുരുങ്ങി. ആ അവസ്ഥയിൽ അവളെ ഒന്നു ചേർത്തു പിടിക്കുവാൻ പോലും അയാൾക്കായില്ല. അതുപോലും അവളെ ഭയപ്പെടുത്തി. നിസ്സഹായതയും കുറ്റബോധവും കൊണ്ട് അവൾ നീറി. ആകാശാകട്ടെ, ഈ അവസ്ഥയിൽ അവളെ ഒന്ന് സമാധാനിപ്പിക്കുവാൻ പോലും തനിക്ക് ആവുന്നില്ലല്ലോ എന്നോർത്ത് വ്യസനിച്ചുഴറി.
അങ്ങനെയാണ്, ഒരു സൈക്കോളജിസ്റ്റിനെ കാണാൻ അവർ പോകുന്നത്.
“സെക്ഷ്വൽ ഫ്രിജിഡിറ്റി അഥവാ ഫിമെയിൽ സെക്ഷ്വൽ എറൌസൽ ഡിസോഡർ…” ഹിസ്റ്ററി കേട്ടതേ ഡോക്ടർ പറഞ്ഞു. “പത്തിൽ മൂന്ന് സ്ത്രീകളും, ഏറിയോ കുറഞ്ഞോ അളവിൽ ഈ അവസ്ഥ അനുഭവിക്കുന്നവരാണ്.
പുരുഷന്മാരിലും ഇതേ പ്രശ്നമുണ്ട്; പക്ഷേ, പത്തിൽ രണ്ട് എന്ന തോതിലാണെന്ന് മാത്രം. എന്നാൽ പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടുതന്നെ ആരും ഈ ഒരു വിഷയം ചർച്ച ചെയ്യുന്നുമില്ല. ശാരീരികമോ മാനസികമോ ആയ കാരണങ്ങൾ കൊണ്ട് ഇത് വരാം. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ ഒരു വലിയ ഘടകമാണ്. സാരമില്ല; കൗൺസിലിങ്ങിലൂടെയും തെറാപ്പിയിലൂടെയും നമുക്ക് ഇത് ഒരു വലിയ അളവിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ.”
ഡോക്ടർ പറഞ്ഞുനിർത്തുമ്പോൾ ആശ്വാസത്തിന്റെ ഒരു വലിയ നിശ്വാസം രണ്ടുപേരും ഉതിർത്തു.
പിന്നെ നീണ്ട കൗൺസിലിംഗ് സെഷനുകളുടെ കാലമായിരുന്നു; ഉറവിടം തേടിയുള്ള യാത്ര. പതിയെ പതിയെ അവൾ മനസ്സു തുറന്നു.
*കൊക്കോമരങ്ങൾ ഇടതൂർന്നു നിൽക്കുന്ന കൃഷിയിടം. അവിടെ തുമ്പികൾക്കും പറവകൾക്കും പിന്നാലെ പാറി നടക്കുകയാണ് ഒരു ഏഴ് വയസ്സുകാരി. എതിരെ വരുന്ന മധ്യവയസ്കൻ അയൽവക്കത്തെ കൂട്ടുകാരിയുടെ അച്ഛനാണ്. തുമ്പിയെ പിടിച്ചു കൊടുത്ത് അയാൾ അവളെ മടിയിൽ ഇരുത്തുന്നു. പോകെപ്പോകെ അയാളുടെ മുഖഭാവം മാറുന്നു. വേദന കൊണ്ട് പുളയുന്ന കുഞ്ഞ് വാവിട്ട് നിലവിളിക്കാൻ തുടങ്ങുന്നു . വാ പൊത്തിപ്പിടിച്ച് അയാൾ അവളെ ഭീഷണിപ്പെടുത്തുന്നു. കുതറിമാറി കരഞ്ഞുകൊണ്ട് വീട്ടിലേക്കോടുന്ന കുഞ്ഞ് മുറിയുടെ മൂലയിലിരുന്ന് ആരും കാണാതെ തേങ്ങിത്തേങ്ങി കരയുന്നു..*
കൗൺസിലിങ്ങിനിടയിൽ അവളുടെ അവബോധമനസ്സിൽ നിന്നും തികട്ടി വന്ന ക്രൂരമായ രഹസ്യം സനൂപയെ എന്നപോലെ ആകാശിനെയും കശക്കിയെറിഞ്ഞു. അയാളിലെ പിതൃഭാവം ഉണർന്നു. അവളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അവനു തോന്നി. തികച്ചും തനിച്ചായിപ്പോയ ആ കുഞ്ഞു പെണ്ണിന്റെ പരിസരങ്ങളിലേക്ക് അയാൾ ടൈം ട്രാവൽ നടത്തി. മുറിയുടെ മൂലയിൽ തനിച്ചിരുന്നു കരയുന്ന ആ പിഞ്ചുബാലികയെ ചേർത്തുപിടിച്ചു. ഇനിയാരും ഒരിക്കലും നിന്നെ ഉപദ്രവിക്കില്ല എന്ന് ആവർത്തിച്ചാവർത്തിച്ച് അവളുടെ ചെവിയിൽ ആണയിട്ടു.
ആകാശിന്റെ ആശ്ലേഷത്തിനുള്ളിലിരുന്ന് സനൂപ പൊട്ടിപ്പൊട്ടിക്കരഞ്ഞു. തന്നാലാവും വിധം അയാൾ അവളെ ആശ്വസിപ്പിച്ചു. ‘ഇന്നുമുതൽ നീ എനിക്ക് ഭാര്യ മാത്രമല്ല, മകളും കൂടിയാണ്’ അയാൾ അവൾക്കുറപ്പു കൊടുത്തു. .
തെറാപ്പിയുടെ നീണ്ട നാളുകളായിരുന്നു പിന്നീട്. ആ നാളുകളിലെപ്പോഴോ അവർ ശാരീരിക ബന്ധത്തിൽ വിജയിച്ചു. പക്ഷേ അപ്പോഴും രതിയുടെ ഉണർവ്വോ ഉന്മേഷമോ അവളിൽ കണ്ടില്ല. അവനുവേണ്ടി നിശബ്ദം സഹകരിക്കുന്നതുപോലെ.. അത്രമാത്രം. അയാൾ വീണ്ടും കാത്തിരിക്കാൻ തയ്യാറായിരുന്നു. മനസ്സും ശരീരവും ഒരുപോലെ ഉന്മിഷത്തായ സനൂപയെ ആയിരുന്നു അയാൾ സ്വപ്നം കണ്ടത്. പക്ഷേ കിടക്ക അവളെ എപ്പോഴും ഭയപ്പെടുത്തി. വിവാഹം കഴിഞ്ഞ് മൂന്നുവർഷം പിന്നിടുന്ന ഈ വേളയിലും അവൾ തെറാപ്പിയിലാണ്. അവളുടെ ഓരോ ചുവടുവയ്പ്പിലും ശുഭാപ്തി വിശ്വാസത്തോടെ ആകാശും കൂടെയുണ്ട്. ഒരിക്കൽ തങ്ങൾ ഇതിൽ വിജയിക്കുമെന്ന് അയാൾക്കുറപ്പുണ്ട്.
എന്നിട്ടും…
എന്നിട്ടും ‘മാപ്പ്’ എന്ന്!
ഉൽക്കടമായ ഒരു ദുഃഖത്തിൽ അയാൾ മുങ്ങിപ്പൊങ്ങി. ‘സനൂപ, നീ അറിയുന്നോ, ഈ ക്ഷമാപണം നമ്മൾ പങ്കിടുന്ന നമ്മുടെ വ്യഥയെ, വ്രണത്തെ ഉണക്കുകയല്ല; മറിച്ച്, ഒരിക്കലും മുറികൂടാത്ത മറ്റൊരു മുറിവിനെ സൃഷ്ടിക്കുകയാണ് എന്ന്? ശരീരം കൊണ്ടുമാത്രമല്ല നമ്മൾ വിവാഹിതരായത്. നീ എന്ന മുഴുസ്വത്വത്തെയാണ് ഞാൻ പരിണയിച്ചത്. നിനക്കും അത് അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. അതുകൊണ്ട്, നീ വരിക. ഈ ദിനം നമ്മുടെ വിവാഹവാർഷികം മാത്രമല്ല, ഒരു പുനർവിവാഹവേള കൂടിയാവട്ടെ. നമ്മൾ പരസ്പരം വീണ്ടും മംഗല്യമണിയിക്കുന്ന ധന്യവേള. ലൈല- മജ്നു പോലെ, മൊയ്തീൻ- കാഞ്ചനമാല പോലെ, ജന്മാന്തരങ്ങളിലും ഒന്നായിത്തീരുവാൻ ഇന്ന് നമുക്കീ മംഗല്യമാലകൾ കൈമാറാം. എന്റെ അപൂർണ്ണതകളെ പൂരിപ്പിക്കുന്ന പൂർണ്ണതയാണ് നീ. നിന്റെ കുറവുകളുടെ നിറവായി ഈശ്വരൻ ചേർത്തുവെച്ചതാണ് ഈയെന്നെ. ഇന്നുമുതൽ എന്നേക്കും എന്നേക്കും എനിക്ക് നീയും നിനക്കു ഞാനും മാത്രം മതി. ഇനി ഈ ‘മാപ്പ്’ ചവറ്റുകൊട്ടയിൽ കിടക്കട്ടെ.
ഒരു നിശ്ചയദാർഢ്യത്തിന്റെ പുത്തൻ ഉന്മേഷത്തോടെ അയാൾ അടുക്കളയിലേക്ക് നടന്നു.


2 Comments
പരസ്പര മനസിലാക്കലുകളും ചേർത്തുപിടിക്കലുമാണ് യഥാർത്ഥ പ്രണയമെന്ന് വ്യക്തമാക്കുന്ന മനോഹരമായ ഒരു കഥ.
നന്ദി ബിനു ❤️