വീടിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വണ്ടി പാർക്ക് ചെയ്യാൻ മുറ്റത്ത് സൈഡിലായി ഒരു പോർച്ചുകൂടിയുണ്ട്. പെയിന്റ് അടിച്ചിട്ട് വർഷങ്ങളായെന്ന് തോന്നുന്നു. ചിലയിടങ്ങളിലൊക്കെ പെയിന്റ് വിട്ടുപോയതിന്റെ അടയാളങ്ങൾ കാണാം. മുറ്റം ഇന്റർലോക്ക് ഇട്ടിട്ടുണ്ട്.
പണ്ട് വാപ്പ എന്റെ കൈപിടിച്ച് നട്ട തെങ്ങ് ഒത്ത വലിപ്പമായിട്ടുണ്ട്. മേലോട്ട് നോക്കിയപ്പോൾ നിറയെ കുലച്ചുനിൽക്കുന്നു. മെല്ലെ അങ്ങോട്ടുനടന്നു. അതിനെ തൊട്ടുനിന്നപ്പോൾ വാപ്പയായിരുന്നു ഉള്ളുനിറയെ. വാപ്പയെ തൊട്ടുനോക്കുന്നതുപോലെയാണ് ഞാൻ അതിനെ തൊട്ടത്.
എവിടെ നിന്നോ വന്ന കാറ്റ് എന്നെ തഴുകിപ്പോയി. വല്ലാത്തൊരു അനുഭൂതി എന്നിൽ നിറഞ്ഞു. വാപ്പയുടെ തലോടലിനെ വരവേൽക്കുന്നതുപോലെ ഞാൻ ആ കാറ്റ് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
എന്തേ പുറത്താരെയും കാണാത്തത്? ഇക്കാക്കയല്ലേ കിടപ്പിലായത്. ഇനിയിവിടെ ആരുമില്ലേ…
ബെല്ലടിച്ച് കാത്തുനിൽക്കുമ്പോഴും കണ്ണ് അവിടമാകെ ചുറ്റിക്കറങ്ങുകയായിരുന്നു.
അന്നത്തെപ്പോലെ തന്നെ അതിരിൽ ചെമ്പരത്തിയും തെച്ചിയും മത്സരിച്ചു വളരുന്നുണ്ട്. വാടിയ ചെമ്പരത്തിപ്പൂക്കൾ നിലം നിറയെ വീണുകിടപ്പുണ്ട്. മുമ്പ് താളിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ട് ഒറ്റപ്പൂവും വെറുതെ പോകില്ലായിരുന്നു.
മുറ്റത്തെ തേൻമാവ് വെട്ടിപ്പോയെന്നു തോന്നുന്നു. അതിനെ കാണാനില്ല. വണ്ടി കയറാൻ വേണ്ടി ചെയ്തതാവും. തേൻമാവിൽ പടർന്നിരുന്ന മുല്ലവള്ളിയും അപ്രത്യക്ഷമായിട്ടുണ്ട്.
മാവിൽ കെട്ടിയ ഊഞ്ഞാലിലിരുന്ന് എത്ര മുല്ലമൊട്ടുകൾ എറുത്തുമാല കെട്ടിയിട്ടുണ്ട്.
മൂക്ക് ഒന്ന് വിടർത്തിനോക്കി. പഴയൊരു ഗന്ധം വിടരുന്നുണ്ടോ…
“ആരാ…?”
ഒരു പെൺകുട്ടി.
ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണെന്ന് തോന്നുന്നു. ഞാൻ അവളെ സൂക്ഷിച്ചുനോക്കി. എവിടെയൊക്കെയോ എന്റെയൊരു ഛായയുണ്ട്.
“ബഷീറിന്റെ…”
“മോളാണ്. നിങ്ങളാരാ?”
ഞാൻ മുന്നോട്ട് വന്നവളെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ഉമ്മവെച്ചു. അപ്രതീക്ഷിതമായി ഞാൻ അങ്ങനെ ചെയ്തപ്പോൾ ആ കുട്ടിയൊന്ന് ഞെട്ടി. എന്റെ കൈ വിടുവിച്ചുകൊണ്ട് “ഉമ്മാ…” എന്നുറക്കെ വിളിച്ചു.
“എന്താടി…”
എന്ന ശബ്ദം ഉള്ളിൽനിന്ന് കേൾക്കാം.
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.
“നിങ്ങളാരാ? അവിടെ നിൽക്ക്. ആരാന്ന് പറയ്.”
അവളെന്റെ പിറകെയുണ്ട്.
ഡൈനിങ് ഹാളിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഞാൻ ആ റൂമിലെത്തി. വലിയൊരു സിറിഞ്ചിൽ കഞ്ഞിവെള്ളമെടുത്ത് മൂക്കിലൂടെ ഇട്ട പൈപ്പിലേക്ക് ഒഴിച്ചുകൊടുക്കുകയാണവർ. ഞാൻ അവരുടെ മുന്നിലേക്ക് നീങ്ങിനിന്നു.
“കുഞ്ഞോളെ, നീ എപ്പോ വന്ന്? ഞാൻ ഒന്നും കേട്ടില്ല കുട്ടിയെ. മൂപ്പരെ വൃത്തിയാക്കി കഞ്ഞിയും മരുന്നും കൊടുക്കയിനും.”
ഇമ്മുട്ടിതാത്ത പണ്ടേ അങ്ങനെയാണ്. ഒരു പണി ചെയ്യുമ്പോൾ വേറൊന്നും അറിയില്ല.
കട്ടിലിൽ കിടക്കുന്ന രൂപത്തെ കണ്ടിട്ട് കണ്ണിന് വിശ്വസിക്കാൻ പറ്റുന്നില്ല.
ബലപ്പെട്ടു ശ്വാസമെടുത്ത് ജീവൻ നിലനിർത്തുന്ന ഒരു അസ്ഥികൂടം.
വീട് വിറപ്പിച്ചിരുന്ന കാക്കു തന്നെയാണോ?
“കുഞ്ഞോളെ… അന്നെ മാത്രേ ഇപ്പോൾ മൂപ്പർക്ക് ഓർമ്മള്ളു. ഇടയ്ക്കിടയ്ക്ക് അന്റെ പേര് മന്ത്രിക്കുന്നത് കാണാം.”
ഞാൻ അപ്പോഴും ആ രൂപത്തെ കണ്ണുകൊണ്ട് അളക്കുകയായിരുന്നു.
നല്ല തടിയും നിറവുമുള്ള ഒത്ത മനുഷ്യൻ. “ഈ അങ്ങാടിയില് ന്റെത്ര ചൊറുക്കുള്ള ആരേലും ഉണ്ടോ” എന്ന് സ്വയം പറയുന്നവൻ. ഉമ്മാനെയും വാപ്പനെയും വരെ വിറപ്പിക്കുന്ന ബഷീർക്കാക്കയാണ് ഈ കിടക്കുന്നതെന്ന് ആരെങ്കിലും പറയോ…
വെറും അമ്പത് വയസ്സായിട്ടല്ലേ ഉള്ളൂ.
ഇക്കാക്കയും ഞാനും തമ്മിൽ പത്തുവയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. സ്കൂൾ വിട്ടുവരുമ്പോൾ എന്നും എനിക്കുള്ള എന്തെങ്കിലും ഉണ്ടാവും ഇക്കാക്കാന്റെ കയ്യിൽ. മിട്ടായിയോ, പീപ്പിയോ, അല്ലെങ്കിൽ കുഞ്ഞുപാവക്കുട്ടി… അങ്ങനെ പലതും.
“കുഞ്ഞോളെ” എന്ന് എന്നെ ആദ്യം വിളിച്ചതും ഇക്കാക്കയാണെന്ന് ഉമ്മച്ചി പറഞ്ഞിട്ടുണ്ട്. പിന്നെ എല്ലാവരും അങ്ങനെ വിളിക്കുകയായിരുന്നു.
“ഇതൊക്കി ആരാ വന്നിക്കുണത്? ങ്ങളെല്ലേ കുഞ്ഞോളെ ചോയ്ച്ചത്. ദേ, കുഞ്ഞോള് വന്നപ്പോ ങ്ങൾക്ക് കാണണ്ടേ? കണ്ണ് തുറക്കി മനുഷ്യാ…”
ഞാനും ആ രൂപത്തെ ഇമവെട്ടാതെ നോക്കിനിന്നു.
ഒന്നും അറിയുന്നില്ല.
ഉറക്കമാണോ… ക്ഷീണംകൊണ്ട് കണ്ണടഞ്ഞുകിടക്കുന്നതാണോന്ന് മനസ്സിലാവുന്നില്ല. ഒരു പ്രതികരണവുമില്ല.
“മരുന്ന് കയറിയാൽ പിന്നെ ഇങ്ങനെയാ. പിന്നെ ഒരനക്കവും ഉണ്ടാവില്ല.”
ഇമ്മുട്ടിതാത്ത എന്റെ നേരെ തിരിഞ്ഞു.
“കുഞ്ഞോളെ, അന്റെ നമ്പറു കിട്ടാൻ കുറേ ബുദ്ധിമുട്ടി. യ്യ് വന്നല്ലോ. നിക്ക് സന്തോഷായി. ഞാൻ വിചാരിച്ചു യ്യ് ഒരിക്കലും വരില്ലെന്ന്… അല്ല, വന്നിട്ടില്ലെങ്കിലും അന്നെ കുറ്റം പറയാൻ പറ്റൂല.”
എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന പെൺകുട്ടിയെ ചൂണ്ടി ഞാൻ ചോദിച്ചു.
“മാളു പഠിക്കുവാണോ?”
“ആ അമ്മായി, ഞാൻ ഡിഗ്രി കഴിയാറായി.”
“സജു ഇവിടെ ഇല്ലേ?”
“ഓള് ദുബായിലാ. ഉപ്പാക്ക് വയ്യെന്നു പറഞ്ഞിട്ടും ഓൾക്ക് വരാൻ ഒഴിവില്ല പോലും.”
ഇമ്മുട്ടിതാത്തയാണ് മറുപടി പറഞ്ഞത്. നിരാശയും സങ്കടവും ഇത്താത്തയുടെ വാക്കിലുണ്ടായിരുന്നു.
“കല്യാണം കഴിഞ്ഞുപോയതാണ്. പിന്നെ വന്നിട്ടില്ല.”
“സജ്ജുനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ഉപ്പ ഓളോട് അങ്ങനല്ലേ ചെയ്തത്.”
ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി. ഇത്താത്ത അവളെ വിലക്കുന്നതുപോലെ മുഖംകൊണ്ട് ആക്ഷൻ കാണിക്കുന്നുണ്ട്.
“എന്നിട്ട് അന്റെ വിശേഷം എന്തൊക്കെയാ കുഞ്ഞോളെ? മക്കളു ആടെ തന്നെയാണോ പഠിക്കുന്നത്? എന്നാ നാട്ടിലെത്തിയത്?”
ഇത്താത്ത വിഷയം മാറ്റിക്കൊണ്ട് വിശേഷത്തിന്റെ കെട്ടഴിച്ചു.
“ഇന്നലെ… ഞാൻ മാത്രേ വന്നിട്ടുള്ളൂ. ഇക്ക പറഞ്ഞു ഒന്ന് പോയി കണ്ടിട്ട് വരാൻ…”
എന്റെ മറുപടി ഇത്താത്തയിൽ ചെറിയൊരു നെടുവീർപ്പുണ്ടാക്കി.
“ഡോക്ടർമാര് ഏറിയാൽ ഒരു മാസം എന്നാ പറഞ്ഞത്. കാൻസർ എല്ലാ ഭാഗത്തും ആയിട്ടാ അറിഞ്ഞത്. അറിഞ്ഞപ്പോ അന്നെ ഒന്ന് കാണണമെന്നെ മൂപ്പർക്ക് ഉണ്ടായിരുന്നുള്ളു. അനക്ക് പൊറുത്തുകൊടുക്കാൻ പറ്റുമെങ്കി പൊറുത്തുകൊടുക്ക്…”
വേദനകൊണ്ടാണോ എന്നറിയില്ല, മയക്കത്തിനിടയിലും നിരങ്ങുന്നുണ്ട്. മുഖം കോടുന്നുണ്ട്.
ഇനി മലക്കുകൾ ഇപ്പോഴേ എന്തെങ്കിലും ചോദിക്കാൻ തുടങ്ങിയോ…!
ഞാൻ അവിടെനിന്നും ഇറങ്ങി അടുക്കളയിലേക്ക് പോയി. അവിടെ മാളു എനിക്കുവേണ്ടി ദോശ ചുടുന്നുണ്ട്. ചൂടോടെ ദോശ പ്ലേറ്റിലേക്ക് ഇട്ട് ഇത്തിരി സാമ്പാറും ചമ്മന്തിയും ഒഴിച്ച് എന്റെ നേരേക്ക് നീട്ടി.
“ഇന്ന് പോണില്ലേ?”
“ഉമ്മ ഒറ്റയ്ക്കല്ലേ… ഇപ്പോൾ ഞാൻ കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തു.”
“നീയെന്താ സജ്ജുവിന്റെ കാര്യം പറഞ്ഞത്?”
“അമ്മായിയോട് മാത്രൊന്നുമല്ല, ഉപ്പച്ചീന്റെ സ്വഭാവം കൊണ്ടല്ലേ ഉമ്മച്ചിന്റെ ആൾക്കാരുപോലും ഇങ്ങോട്ട് വരാത്തത്. എല്ലാരേയും വെറുപ്പിച്ചു. അവസാനം ഈ സമയത്തുപോലും നമ്മക്ക് ആരും ഇല്ലാണ്ടായി.”
അവളിൽ ദേഷ്യവും സങ്കടവും നിറഞ്ഞുനിന്നിരുന്നു.
പണ്ടേ ഇക്കാക്ക അങ്ങനെയായിരുന്നു. ഇഷ്ടപ്പെട്ടത് എന്തും വാശിയോടെ സ്വന്തമാക്കും.
“സജ്ജു… അവൾ കൂടെ പഠിക്കുന്ന സീനിയറുമായി ഇഷ്ടത്തിലായി. അവൻ വന്ന് അവളെ പെണ്ണ് ചോദിച്ചു വീട്ടിൽ വന്നു. അവനെയും വീട്ടുകാരെയും ഉപ്പ അപമാനിച്ച് ഇറക്കിവിട്ടു. അവളെ ഒത്തിരി അടിച്ചു. പിറ്റേന്ന് കേൾക്കുന്നത് അവനെ അടിച്ച് ഹോസ്പിറ്റലിൽ ആക്കിയെന്നാണ്. അവൾ അന്ന് വാശിപിടിച്ചു. എല്ലാവരും കൂടി കല്യാണം നടത്തി. ഇനി ഈ പടി ചവിട്ടാൻ പാടില്ലെന്നാണ് ഉപ്പ പറഞ്ഞത്. ഇപ്പോഴും അളിയന് നടക്കാൻ വാക്കിങ് സ്റ്റിക്ക് വേണം. ഒരു കാലിന്റെ സ്വാധീനം പോയിരുന്നു. പിന്നെ അവള് എങ്ങനെ വരും?”
സ്വന്തം പെങ്ങൾ ഒരിഷ്ടം പറഞ്ഞതിന്റെ പേരിൽ കണ്ണിൽ മുളക് തേച്ച ഇക്കാക്ക സ്വന്തം മോൾടെ പ്രണയം അംഗീകരിക്കുമോ?
അന്ന് വാപ്പയും ഉമ്മച്ചിയും എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് എന്റെ വിവാഹം കഴിഞ്ഞു.
“നിന്നോട് എങ്ങനെയാ ഉപ്പ ‘
ഞാൻ അവളോട് മന്ത്രിക്കും പോലെ ചോദിച്ചു. അവളൊരു ഞെട്ടലോടെ എന്നെ നോക്കി. ‘പെൺകുട്ടികൾ വാപ്പാനെ വെറുക്കുന്നുണ്ടെങ്കിൽ ഈ കാരണം മാത്രം മതിയാകുമോ?’ എന്നോർത്ത് കൊണ്ട് ഞാൻ അവളെ അവിടെ വിട്ടുകൊണ്ട് ഞാൻ പറമ്പിന്റെ പിന്നാമ്പുറത്തുണ്ടായിരുന്ന ചെറിയ കുളത്തിലേക്ക് നടന്നു.
കുളം ഏറെക്കുറെ വറ്റിയിട്ടുണ്ട്. കുറച്ചു വെള്ളം അവിടെയും ഇവിടെയും ഉണ്ട്. മുന്നേ നിറയെ വെള്ളമുണ്ടായിരുന്നു. ഞാനും ഇക്കാക്കയുമൊക്കെ നീന്തൽ പഠിച്ചത് ഇതിൽനിന്നാണല്ലോ. അടുത്തുള്ളവരും വരും. എല്ലാവരും കൂടി സ്കൂൾ വിട്ടുവന്നാൽ ഒരു പടയാണ്.
വെള്ളത്തിൽ ഒരനക്കം!
സൂക്ഷിച്ചുനോക്കി.
ഒരു നീർക്കോലി തവളയെ പാർത്തുനിൽപ്പുണ്ട്. തവളയാണെങ്കിൽ നാവ് നീട്ടി ഒരു പ്രാണിയെ വലയിലാക്കുകയാണ്. പെട്ടെന്നൊരു ചാട്ടത്തിന് തവള പ്രാണിയെ വായിലാക്കിയതും നീർക്കോലി തവളയെ അകത്താക്കിയതും ഒന്നിച്ചായിരുന്നു.
ഈ കുളത്തിൽ നീർക്കോലിയെപ്പോലെ കാത്തുനിന്നാണ് ബഷീർക്ക എന്റെ ഇക്കയെ ഇല്ലാതാക്കാൻ നോക്കിയത്. അന്ന് തേങ്ങ വലിക്കാൻ വന്ന ശങ്കരേട്ടൻ കണ്ടതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.
പിന്നെ ഇവിടെ നിൽക്കാൻ ഭയമായിരുന്നു.
ഇടയ്ക്കിടെ ഉമ്മയും വാപ്പയും കാണാൻ വരും. തിരിച്ചു ചെന്നാൽ ബഷീർക്ക അവരെ ഉപദ്രവിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ തന്നെയാ അവരെ വിലക്കിയത്.
നീർക്കോലിക്ക് നേരെ കല്ലെടുത്തെറിഞ്ഞു. ഒരു നോട്ടം നോക്കി അത് ഏതോ പൊത്തിലൊളിച്ചു.
ശരിക്കും അത് മാത്രമാണോ ബഷീർക്കയെ വെറുക്കാൻ കാരണം?
അല്ലെന്നുള്ളത് തനിക്കു മാത്രമറിയുന്ന രഹസ്യം. ഉമ്മച്ചിയോട് പോലും പറഞ്ഞിട്ടില്ല.
അതിനും സാക്ഷി ഈ കുളം തന്നെയാകും.
പത്തിൽ പഠിക്കുന്ന സമയം. അന്ന് മഗ്‌രിബ് കൊടുക്കാനായിക്കാണും. മഴ പെയ്ത് കുളം നിറഞ്ഞിട്ടുണ്ട്. മുങ്ങിയിട്ടും നീന്തിയിട്ടും മതിയാവുന്നുണ്ടായിരുന്നില്ല. ബഷീർക്ക വന്നു വിളിക്കുംവരെ അതിൽത്തന്നെ കിടക്കുവായിരുന്നു.
വിളിച്ചപ്പോൾ മുണ്ട് എടുത്ത് മാറിലോട്ടിട്ടു. മുടി മേലേക്ക് കെട്ടിവെച്ച് വീട്ടിലേക്ക് നടന്നു.
പെട്ടെന്നാണ് അരയിൽ ഒരു പിടുത്തം വീണത്.
ശരീരം മൊത്തം കുഴഞ്ഞതുപോലെയായി. സംസാരിക്കാൻ പറ്റുന്നില്ല. പിടുത്തം മുറുകിക്കൊണ്ടിരുന്നു.
“ബഷീറേ… പള്ളിയിൽ പോവാൻ സമയമായി.”
വാപ്പയുടെ വിളി ഉയർന്നപ്പോഴാണ് പിടുത്തം അയഞ്ഞത്.
പിന്നെ എപ്പോഴെങ്കിലും തനിച്ചാകുമ്പോൾ വീണ്ടും അയാളുടെ കൈകൾ പല ഭാഗത്തും എത്തും.
പേടിച്ച് പേടിച്ച് കഴിഞ്ഞ നാളുകൾ.
ആ രംഗങ്ങൾ മനസ്സിൽ വന്നപ്പോൾ ശരീരമാകെ പുഴു കയറിയതുപോലെ ചൊറിഞ്ഞു. എത്ര എടുത്തുകളഞ്ഞിട്ടും പോകാത്ത പുഴുവിന്റെ രോമങ്ങൾ ഓരോ അണുവിലും പറ്റിനിന്നതുപോലെ.
ആ ഓർമ മനസ്സിൽ വരുമ്പോഴൊക്കെ ചെയ്യുന്നതുപോലെ ഞാൻ ബാത്‌റൂമിലേക്കോടി. സോപ്പ് പതപ്പിച്ചിട്ടും വൃത്തിയാവാത്ത ശരീരത്തെ നോക്കി കരഞ്ഞു. നാൽപതാം വയസ്സിലും വിട്ടുപോകാത്ത ഓർമകളെ ഓർത്ത് വീണ്ടും വീണ്ടും വാശിയോടെ വെള്ളമൊഴിച്ചു.
പൊറുത്തുകൊടുത്താലും മറക്കാൻ പറ്റില്ലെന്ന് എന്റെ ശരീരം തന്നെ ഓർമിപ്പിക്കുന്നുണ്ട്.
കുളിച്ചുവന്നപ്പോഴേക്കും ഇത്താത്ത ചോറ് എടുത്തുവെച്ചിരുന്നു.
ഇത്താത്തയുടെ കാര്യം ആലോചിക്കുമ്പോഴും സങ്കടം വരും. കെട്ടിക്കൊണ്ടുവന്ന അന്നുമുതൽ അനുഭവിക്കുന്നതാണ്. എല്ലാ ദേഷ്യവും തീർക്കാനുള്ള ഒരു സ്ഥലമായിരുന്നു ഇക്കാക്കയ്ക്ക് ഇത്താത്ത.
എന്നിട്ടും വലിയ പരിഭവം കാണിക്കാതെ ഓരോന്നും ചെയ്തുകൊടുത്തോളും.
ഒരുപക്ഷേ ഇവിടുന്നിറങ്ങിയാൽ ധൈര്യത്തോടെ കയറിച്ചെല്ലാൻ ഒരു സ്ഥലമില്ലാത്തതുകൊണ്ടാവും ഇത്താത്ത എല്ലാം മൗനത്തിന്റെ വാൽമീകത്തിൽ ഒളിപ്പിച്ചുവെച്ചത്.
ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി. അവൾ ഫോണിൽ റീൽ കണ്ടുകൊണ്ട് തിന്നുകയാണ്.
അപ്പോഴാണ് അകത്തെ റൂമിൽനിന്നും ശ്വാസത്തിന്റെ ഒച്ച ഭീകരമായി തോന്നിച്ചത്.
വേഗം കൈകഴുകി ഞങ്ങൾ അങ്ങോട്ടേക്ക് ഓടി.
നെഞ്ചിൻകൂട് ഉയർന്നുതാഴുന്നുണ്ട്. ശ്വാസത്തിന് വേഗത കൂടിയിരിക്കുന്നു.
ഞാൻ കൈപിടിച്ച് എന്റെ കൈക്കുള്ളിലാക്കി. മാളു പെട്ടെന്ന് തന്നെ ഓക്സിജൻ സപ്പോർട്ട് കൊടുത്തു.
ആ നേരം കണ്ണൊന്ന് തുറന്ന് എന്റെ നേരേക്ക് നോക്കി.
കണ്ണിലെ തിളക്കം കണ്ടിട്ട് മനസ്സിലായെന്നു തോന്നുന്നു.
ചുണ്ട് എന്തോ മന്ത്രിക്കുന്നുണ്ട്.
“കുഞ്ഞോളെ…” എന്ന് വിളിക്കുമ്പോലെ എനിക്ക് തോന്നി.
കണ്ണിൽ കുറ്റബോധം നിറഞ്ഞിട്ടുണ്ട്. മാപ്പപേക്ഷപോലെ ഒരു തുള്ളി കണ്ണുനീർ നെറ്റിയിലൂടെ ചെവിയിലേക്ക് ചാലിട്ടു.
എന്റെ ഉള്ളിൽ മിട്ടായി വാങ്ങിക്കൊണ്ടുവരുന്ന പത്താം ക്ലാസുകാരൻ നിറഞ്ഞുനിന്നു.
ഞാൻ ആ കൈയിലേക്ക് എന്റെ കൈ ചേർത്തുവെച്ചു.
#എന്റെരചന
#മാപ്പ്_ മുറിവ്ഉണക്കുമോ?


5 Comments
നല്ലെഴുത്ത്. കൊള്ളാം👏👏
നന്ദി വിഷ്ണു 😊
മനസ്സിൽ തൊട്ട കഥ
നോവുണർണിയ രചന👌👏👏♥️
താങ്ക്സ് ചേച്ചി 😊