(പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സിനിമയാണ് ‘ഇന്നലെ’. സുരേഷ് ഗോപി,ശോഭന, ജയറാം, ശ്രീവിദ്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അമേരിക്കയിൽ സയൻ്റിസ്റ്റായ നരേന്ദ്രൻ്റെ ഭാര്യ ഗൗരി ഒരു തീർത്ഥയാത്രയ്ക്കിടെ ബസ്സപകടത്തിൽപ്പെടുന്നു. ഡോക്ടർ സന്ധ്യയുടെ ആശുപത്രിയിലെത്തിയ അവൾക്ക് തൻ്റെ ഇന്നലെകൾ ഓർമ്മിക്കാൻ കഴിഞ്ഞില്ല. ഡോക്ടറും മകൻ ശരത്തും നൽകിയ മായ എന്ന പേരുമായി അവളവിടെക്കഴിയുന്നു. മായയും ശരത്തുമായി പ്രണയത്തിലായി. വിവാഹ പ്രഖ്യാപന ദിവസം നരേന്ദ്രൻ്റെ ഫോൺ കോൾ ഡോക്ടറെത്തേടിയെത്തി. വിവാഹസർട്ടിഫിക്കററും ഗൗരിയോടൊപ്പമുള്ള ഫോട്ടോകളുമായി നരേന്ദ്രൻ എത്തുന്നു. എന്നാൽ ഗൗരിയുടെ ഓർമ്മകളിലൊരിടത്തും താനില്ലെന്നും അവൾ ശരത്തുമായി പ്രണയത്തിലാണെന്നുമുള്ള ദുഃഖ സത്യം മനസ്സിലാക്കിയ നരേന്ദ്രൻ ഹൃദയവേദനയോടെ തിരികെപ്പോകുന്നു.)
തിരിഞ്ഞു നോക്കാതെ നടന്നു കാറിൽ കയറുന്ന നരേന്ദ്രനെ നോക്കി നിന്ന ശരത്തിൻ്റെ മനസ്സിൽ ആശ്വാസത്തിൻ്റെ പെരുമഴ തിമിർത്തു പെയ്തു. കാർ മുന്നോട്ടു കുതിച്ചു. പെട്ടെന്നാണ് കാറിൽ നിന്നെന്തോ വെളിയിലേക്കു പറന്നു വീഴുന്നതു കണ്ടത്. അയാൾ വേഗം പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ പിന്നിൽ നിന്ന് മായ വിളിച്ചു
“അപ്പുവേട്ടാ കൂട്ടുകാരൻ പോയോ? എന്തേ ചായ കുടിക്കാതെ പോയത്?”
“അവനെന്തോ തിരക്കുണ്ടെന്നു പറഞ്ഞ് പോയി. മായ കതകടച്ചക്കൂ. ഞാൻ വൈകിട്ടു വരാം ”
ശരത് പതുക്കെയാണ് കാറോടിച്ചത്. അയാൾ കണ്ണുകൾ റോഡിൻ്റെ വശങ്ങളിലേക്കു പായിച്ചു. അതാ കുറ്റിച്ചെടികൾക്കിടയിൽ കുറെ പേപ്പർ കഷണങ്ങൾ. വണ്ടി നിർത്തി മായയുടെ വീട്ടിലേക്കു നോക്കി. ഭാഗ്യം അവൾ അകത്തു കയറി.
അയാൾ ആ പേപ്പർ കഷണങ്ങളെല്ലാം പെറുക്കിയെടുത്ത് പോക്കറ്റിലിട്ടു.
കാർ നേരെ വീട്ടിലേക്കു വിട്ടു.
മുറിയിൽ കയറി കതകടച്ച് അവ മേശപ്പുറത്തു നിരത്തി.
എല്ലാ തുണ്ടുകളും ശരിയായി വെച്ചു.
ശരത്തിൻ്റെ നെഞ്ചിൽക്കൂടി ഒരു കൊള്ളിയാൻ പാഞ്ഞു.
മായയും നരേന്ദ്രനുമൊത്തുള്ള ഫോട്ടോകൾ.. തന്നെ കാണിച്ച വിവാഹസർട്ടിഫിക്കറ്റ്…
തലയ്ക്കു കൈ കൊടുത്ത് അയാൾ കസേരയിൽ തളർന്നിരുന്നു. പിന്നെ മേശമേൽ തല ചായ്ച്ചു.
തലയ്ക്കുള്ളിൽ ആയിരം തേനീച്ചകൾ ഇരമ്പിയാർക്കുന്നു. ഇരിയ്ക്കാനും നിൽക്കാനും കിടക്കാനുമാവാതെ ശരത് ഞെളിപിരി കൊണ്ടു.
കോളിംഗ് ബല്ലിൻ്റെ ശബ്ദമാണയാളെ ഉണർത്തിയത്. എല്ലാമെടുത്ത് അലമാരയിൽ വെച്ചപ്പോഴേക്ക് വീണ്ടും ബൽ മുഴങ്ങി. കതകു തുറക്കുമ്പോൾ അക്ഷമയായി നിൽക്കുന്ന ഡോക്ടർ സന്ധ്യയേയാണു കണ്ടത്.
” അമ്മയെന്താ ഈ നേരത്ത്?”
“നരേന്ദ്രൻ പോയോ? നിന്നെ വിളിച്ചിട്ടു ഫോണെടുക്കുന്നുമില്ല. ഞാനാകെ പരിഭ്രമിച്ചു.”
അവർ നെറ്റിയിലെ വിയർപ്പു തുടച്ചു.
“ അമ്മ വിഷമിക്കേണ്ട. അയാൾ ഉദ്ദേശിച്ച ആളല്ല മായ. ഞാനും ഹോസ്പിറ്റലിലേക്കു വരുന്നു.”
ഒരു മാസത്തിനകം ശരതും മായയുമായുള്ള വിവാഹം നടന്നു.
മായയോടൊപ്പമുള്ള ഓരോ നിമിഷവും ശരത്തിൻ്റെ മനസ്സ് കുറ്റബോധത്താൽ നീറുകയായിരുന്നു. നരേന്ദ്രൻ്റെ ദാനമാണ് മായ എന്ന സത്യം അയാളെ വല്ലാതെ അലട്ടി. അവൾക്കൊരിക്കലും ഇന്നലെകളെക്കുറിച്ചുള്ള ഓർമ്മ തിരികെക്കിട്ടരുതേ എന്നയാൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
വർഷങ്ങൾ പലതു കഴിഞ്ഞു. മായ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. വൈഗമോളുടെ കിളിക്കൊഞ്ചലുകളാൽ അവരുടെ ജീവിതം കൂടുതൽ മനോഹരമായി. എങ്കിലും പല രാത്രികളിലും നരേന്ദ്രനേക്കുറിച്ചുള്ള ഓർമ്മകൾ ശരത്തിൻ്റെ ഉറക്കം കെടുത്തിയിരുന്നു.
വൈഗയ്ക്ക് അച്ഛമ്മയേപ്പോലൊരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. മിടുക്കിയായി പഠിച്ച് അവൾ ഡൽഹി എയിംസിൽ മെഡിസിന് അഡ്മിഷൻ നേടി.
ഡോക്ടർ സന്ധ്യയുടെ മരണശേഷം അത്യാവശ്യമുള്ള ഏതോ ഡോക്യുമെൻ്റു നോക്കിയാണ് ശരത് അമ്മയുടെ അലമാര തുറന്നത്. ഫയലുകൾ തപ്പിക്കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ നിന്ന് ഒരു കവർ താഴേക്കു വീണു. To Sarath എന്നെഴുതിയ ആ കവർ അയാൾ കൈയിലെടുത്തു തുറന്നു. അമ്മയുടെ കൈയക്ഷരത്തിലുള്ള ആ കത്ത് നെഞ്ചിടിപ്പോടെയാണയാൾ വായിച്ചത്.
“അപ്പൂ
എന്നെങ്കിലും നീയറിയേണ്ട കാര്യങ്ങളാണ് അമ്മ എഴുതുന്നത്. കുറച്ചെങ്കിലും നിനക്കറിയാവുന്നതുമാവാം.
നരേന്ദ്രൻ മായയെ തിരക്കി വന്ന ദിവസം നിനക്കു മറക്കാൻ കഴിയില്ലെന്നെനിക്കറിയാം. അന്നെന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം തീർച്ചയാണ്. മായ കന്യകയായിരുന്നില്ല.
ആദ്യം മുതൽ ഞാനായിരുന്നല്ലോ അവളെ പരിശോധിച്ചിരുന്നത്. പ്രസവവേദനയുടെ മൂർദ്ധന്യത്തിൽ അവൾ നിന്നെയല്ല നരേന്ദ്രനെയാണ് വിളിച്ചത്.
പലപ്പോഴും നീ എന്തൊക്കെയോ ഒളിയ്ക്കുന്നതായി എനിക്കു തോന്നിയിരുന്നു.
മായയ്ക്ക് ഇന്നലെകളേക്കുറിച്ച് ഓർമ്മ വരരുതെന്ന് നിന്നെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു. എന്നെങ്കിലും ഓർമ്മകൾ തിരിച്ചു കിട്ടിയാൽ നിങ്ങളുടെ ജീവിതം എന്താവുമെന്നോർത്ത് ഞാൻ എത്രയേറെ തീ തിന്നിരുന്നു ! ചില സ്നേഹങ്ങൾ സൃഷ്ടിക്കുന്ന ഇടങ്ങളേക്കുറിച്ചും അതു നഷ്ടമാകുമ്പോഴുണ്ടാകുന്ന ശൂന്യതയേക്കുറിച്ചും നീയെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു നിമിഷമുണ്ടായാൽ ശരിയായ തീരുമാനമെടുക്കാനുള്ള ശക്തി നിനക്കുണ്ടാവട്ടെ.”
” അപ്പുവേട്ടാ എവിടെയാ?”
മായയുടെ വിളി കേട്ട് അയാൾ വേഗം ആ കത്ത് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചു.
തൻ്റെ ജീവിതം ഒരൊളിച്ചു കളിയാണല്ലോ എന്നോർമ്മിച്ചപ്പോൾ ശരത്തിന് ആത്മനിന്ദ തോന്നി. മായയുടെ മുഖത്തേക്കു നോക്കുമ്പോൾ അതിൻ്റെ ആക്കം കൂടി വന്നു.
വൈഗ ഹോസ്റ്റലിലേക്കു പോയതോടെ വീടാകെ നിശ്ശബ്ദമായി.
“അപ്പുവേട്ടാ ഞാനീയിടെയായി കുറെ സ്വപ്നങ്ങൾ കാണുന്നു. പണ്ടു ഞാൻ താമസിച്ചിരുന്ന ആ വീടില്ലേ അതിനടുത്ത് ഒരു കാർ വന്നുനിൽക്കുന്നു. അതിൽ ചാരിയൊരാൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു. നല്ല പരിചയമുള്ള മുഖം. ആരാണെന്നു മനസ്സിലാവുന്നില്ല. ഇവിടെയെങ്ങും കണ്ടിട്ടുള്ള ആളേയല്ല. അന്ന് അപ്പുവേട്ടൻ്റെ ഒരു ഫ്രണ്ടു വന്നിരുന്നില്ലേ അയാളുടെ മുഖമാണോ എന്നൊരു സംശയം.”
മായ പറഞ്ഞതു കേട്ട് ശരത് ഒന്നു ഞെട്ടി.
“നീ എന്തെങ്കിലും ചിന്തിച്ചു കിടന്നിട്ടാവും. ഈ സ്വപ്നങ്ങളിലൊക്കെ എന്തിരിക്കുന്നു ?”
മായയെ ആശ്വസിപ്പിക്കാൻ പറഞ്ഞ വാക്കുകൾ ശരതിന് സ്വയം ആശ്വസിക്കാൻ ഉതകിയില്ല. വീട്ടിൽ ഒറ്റയ്ക്കിരുന്നിട്ടാണ് വേണ്ടാത്ത കാര്യങ്ങൾ മനസ്സിൽ വരുന്നതെന്നു പറഞ്ഞ് പിറ്റേന്നു മുതൽ അയാൾ മായയേയും കൊണ്ടാണ് ഹോസ്പിറ്റലിലേക്കു പോയത്.
പക്ഷേ സ്വപ്നങ്ങളിലൂടെ വന്ന് നരേന്ദ്രൻ അവളുടെ മനസ്സിനെ ഇന്നലെകളിലേക്കു കൂട്ടിക്കൊണ്ടു പോയി. മുംബൈ നഗരവും അവർ മാലയിട്ട ക്ഷേത്രവും ഒന്നിച്ചു കൈ കോർത്തു നടന്ന ബീച്ചുകളും താൻ പഠിപ്പിച്ച സ്കൂളും താമസിച്ചിരുന്ന ഓർഫനേജും അവ്യക്തമായെങ്കിലും മായയുടെ മനസ്സിൽ തെളിഞ്ഞു തുടങ്ങി. അതെല്ലാം വെറും സ്വപ്നങ്ങളല്ലേ എന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കാനേ ശരത്തിനു കഴിഞ്ഞുള്ളു.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വൈഗയോട് മായ തൻ്റെ ആകുലതകൾ പങ്കു വെച്ചു. ഡോക്ടറായ വൈഗയ്ക്ക് അമ്മയുടെ മനസ്സുകാണാൻ കഴിഞ്ഞു. അവൾ അമ്മയറിയാതെ അച്ഛനോട് നരേന്ദ്രൻ്റെ വിവരങ്ങൾ തേടി. കെമിസ്ടിയിൽ ഡോക്ടറേറ്റുണ്ടായിരുന്ന നരേന്ദ്രൻ അമേരിക്കയിൽ സയൻ്റിസ്റ്റായിരുന്നു എന്നും മുംബൈയിലായിരുന്നു മുമ്പ് താമസമെന്നും മാത്രമേ ശരത്തിനും അറിയാമായിരുന്നുള്ളു.
വൈഗ സുഹൃത്തുക്കൾ വഴി അന്വേഷണം തുടങ്ങി. ഒടുവിൽ ബാർക്കിൽ സയൻ്റിസ്റ്റായ ഒരു നരേന്ദ്രൻ്റെ ഫോൺ നമ്പർ അവൾക്കു ലഭിച്ചു. നരേന്ദ്രൻ ചെയ്ത വിഷയത്തിൽത്തന്നെ കെമിസ്ടിയിൽ റിസർച്ച് ചെയ്യുകയാണെന്നും അതിനേക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ ഒന്നു കണ്ടാൽ കൊള്ളാമെന്നും പറഞ്ഞാണ് വൈഗ ഫോൺ ചെയ്തത്. തന്നേക്കുറിച്ച് എങ്ങനെയറിയാം എന്ന ചോദ്യത്തിനും അവൾ ഉത്തരം നൽകി. ആ ടോപ്പിക്കിൽ ഡോക്ടറേറ്റുള്ളവരെ തിരഞ്ഞു പോയപ്പോഴാണ് നരേന്ദ്രനേക്കുറിച്ചുള്ള വിവരം കിട്ടിയതെന്നു അറിയിച്ചപ്പോൾ അയാൾക്കൊരു സംശയവും തോന്നിയില്ല.
അമ്മയുടെ മനസ്സിൻ്റെ വിഹ്വലതകൾ മാറ്റാൻ മുംബൈയ്‌ക്കൊരു യാത്ര പോകാം എന്നു മാത്രം മായയോടു പറഞ്ഞ് അവളെല്ലാം പ്ലാൻ ചെയ്തു.
“അതു വേണോ മോളേ? അമ്മയ്ക്ക് ഓർമ്മകൾ തിരിച്ചു കിട്ടിയാൽ …….”
ശരത്തിന് അതു ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.
“അമ്മ ഇനിയൊരിക്കലും നമ്മെ വിട്ടുപോവില്ലച്ഛാ. ഇത്രയും കാലമായിട്ടും അച്ഛൻ അമ്മയെ മനസ്സിലാക്കിയിട്ടില്ലേ ? എന്നാൽ അമ്മയുടെ ഇന്നലെകളെ നമുക്കൊരിക്കലും തള്ളിപ്പറയാനുമാവില്ല”
വൈഗ അച്ഛനു ധൈര്യം കൊടുത്തു.
മുംബൈയിലെത്തിയ ആദ്യ ദിവസം തന്നെ മായ സ്വപ്നത്തിൽ കണ്ട പലയിടങ്ങളും അവർ സന്ദർശിച്ചു. 25 വർഷങ്ങൾ കൊണ്ട് മുംബൈ നഗരം ആകെ മാറിപ്പോയിരുന്നു. പുതിയ റോഡുകളും ഫ്ലാറ്റ് സമുച്ചയങ്ങളും മാളുകളും ഒക്കെയായി പൂർണ്ണമായി മാറിമറിഞ്ഞ നഗരം മായയ്ക്കു പുതിയതായിരുന്നു. വൈകുന്നേരമാണ് അവരാ പഴയ ക്ഷേത്രത്തിലെത്തിയത്. അതിനു മാത്രം യാതൊരു മാറ്റവുമില്ല.
മായയുടെ കണ്ണുകൾ തിളങ്ങി.
“അപ്പുവേട്ടാ ഇതാണു ഞാൻ പറഞ്ഞ കോവിൽ. ഇതിൻ്റെ മുമ്പിലാണ് ഞാനൊരാളുമായി നിൽക്കുന്നതായി സ്വപ്നം കണ്ടത്”
അവൾ ആശ്ചര്യത്തോടെയും അതിലുപരി ആഹ്ലാദത്തോടെയും അവിടെല്ലാം ചുറ്റി നടന്നു.
തിരികെ ഹോട്ടലിലെത്തുവോളം മായ നിശ്ശബ്ദയായിരുന്നു. അവളുടെ മൗനം ശരത്തിൻ്റെ ഹൃദയത്തെ വല്ലാതെ നോവിച്ചു. കൊണ്ടിരുന്നു. വൈഗ അച്ഛൻ്റെ കൈകളിൽ തലോടി സമാധാനിപ്പിച്ചു.
പിറ്റേന്ന് നരേന്ദ്രൻ്റെ താമസ സ്ഥലത്തേക്കു പോകാനാണ് വൈഗ പ്ലാൻ ചെയ്തത്. എന്നാൽ ഫ്ലാറ്റിൽ താനൊറ്റയ്ക്കാണെന്നും അവൾ താമസിക്കുന്ന ഹോട്ടലിലേക്കു വരാമെന്നുമാണ് നരേന്ദ്രൻ അറിയിച്ചത്.
അവൾ ഇറങ്ങി വരുമ്പോൾ ലോബിയിലെ സോഫയിലിരുന്ന ആൾ എഴുന്നേറ്റു. വിഷാദ ഛവിയുള്ള കണ്ണുകളുമായി ഋഷി തുല്യനായൊരു മനുഷ്യൻ.
അമേരിയ്ക്കയിൽ നിന്ന് തിരികെപ്പോന്നതിൻ്റെ കാരണം ചോദിച്ചപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല.
“റിസർച്ചിനേപ്പറ്റി വൈഗയ്ക്ക് എന്തൊക്കെയാണ് അറിയേണ്ടത്?”
നരേന്ദ്രൻ വിഷയത്തിലേക്കു കടന്നു. പക്ഷേ വൈഗയുടെ ചോദ്യം അതിനേക്കുറിച്ചായിരുന്നില്ല.
“മായ എന്നൊരാളെ അറിയാമോ? ഞാൻ മായയുടെ മകളാണ് വൈഗ”
അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു.
നരേന്ദ്രൻ വാത്സല്യത്തോടെ അവളെത്തന്നെ നോക്കിയിരുന്നു.
തൻ്റെ ഗൗരിയുടെ മകൾ ….
ഇവൾ തനിക്കു പിറക്കേണ്ടിയിരുന്നതല്ലേ ?
തൻ്റെ കണ്ണുനീർ അയാൾ അപ്പാടെ വിഴുങ്ങി.
“ഞാൻ അങ്കിൾ എന്നു വിളിച്ചോട്ടേ ?”
അയാൾ പുഞ്ചിരിയോടെ തലയാട്ടി.
അമ്മയുടെ സ്വപ്നങ്ങളെക്കുറിച്ച് അവൾ പറഞ്ഞു. അമ്മയും അച്ഛനും കൂടെയുണ്ടെന്നും
താഴേക്കു വിളിക്കാമെന്നും പറഞ്ഞപ്പോൾ അയാൾ വിലക്കി.
“വേണ്ട മോളേ. അതെല്ലാം വേറെയേതോ ജന്മത്തിൽ നടന്ന കാര്യങ്ങളാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഇനിയൊരു കൂടിക്കാഴ്ച താങ്ങാൻ എനിയ്ക്കാവില്ല. എൻ്റെ ഗൗരി എന്നും ഈ മനസ്സിലുണ്ട്.താനിവിടെത്തന്നെയുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന സുന്ദരമായ ഒട്ടേറെ ഓർമ്മകൾ തന്നിട്ടാണ് ഗൗരി പോയത്. ഇത്രയും കാലം ജീവിച്ചത് ആ ഓർമ്മകളോടൊപ്പമാണ്.ഇനിയും അതു തന്നെ മതി.”
“ഇത്രയേറെ സ്നേഹമുണ്ടെങ്കിൽ അങ്കിൾ എന്തു കൊണ്ടാണ് അന്ന് അമ്മയെ ഫോട്ടോകൾ കാണിച്ച് കാര്യങ്ങൾ പറയാഞ്ഞത്?” വൈഗ തൻ്റെ സംശയം പങ്കുവെച്ചു.
അല്പസമയം നരേന്ദ്രൻ അവളെത്തന്നെ നോക്കിയിരുന്നു.
“മോൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ജീവനേക്കാളുപരിയായി സ്നേഹിച്ചിട്ടുണ്ടോ?”
ഇല്ലെന്നവൾ തലയാട്ടി.
“മോളേ ചേർത്തുപിടിക്കുന്നതു മാത്രമല്ല സ്നേഹം…..
പ്രിയപ്പെട്ടവരെ അവരുടെ ഇഷ്ടങ്ങളിലേക്കു വിട്ടു കൊടുക്കുന്നതും കൂടിയാണു സ്നേഹം…
ഏതു മറവിയുടെ അഗാധതയിൽ ആണ്ടു പോയാലും എൻ്റെ ഗൗരി എന്നെ തിരിച്ചറിയുമെന്ന അഹങ്കാരത്തോടെയാണു ഞാനന്നവിടെ വന്നത്. അവളെന്നെ അറിഞ്ഞില്ല. എനിക്ക് ചായയാണോ കാപ്പിയാണോ ഇഷ്ടം എന്നതു പോലും അവൾക്കോർമ്മിക്കാൻ കഴിഞ്ഞില്ല. ശരത്തുമായുള്ള അവളുടെ പ്രണയം എത്ര ആഴത്തിലാണെന്നും ഞാൻ മനസ്സിലാക്കി. “
നരേന്ദ്രൻ വിദൂരതയിലേക്കു കണ്ണുനട്ടു തെല്ലിടയിരുന്നു.പിന്നെ പതിയെ എഴുന്നേറ്റു. എല്ലാസ്നേഹത്തോടും വാത്സല്യത്തോടും കൂടി വൈഗയെ ആശ്ലേഷിച്ചു. തിരിഞ്ഞു നോക്കാതെ നടന്നകലുന്ന അയാളെ നോക്കിക്കൊണ്ട് മുകളിലെ മുറിയുടെ ജനാലയ്ക്കൽ ശരത് നിന്നിരുന്നു. നരേന്ദ്രൻ്റെയുള്ളിലെ ചൂടിൽ താനെരിഞ്ഞു പോകുമെന്ന തോന്നലിൽ അയാൾ കർട്ടൻ നീക്കിയിട്ടു.
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ


8 Comments
ഗംഭീര എഴുത്ത് സുമക്കുഞ്ഞേ. കുറേനാൾ എഴുതാൻ പറ്റാതിരുന്നതിന് ഒരു കുഴപ്പവുമില്ല. ഇത്ര നന്നായി എഴുതാൻ വേണ്ടിയായിരുന്നല്ലോ. ഇതിങ്ങനെ തന്നെയെടുത്ത് സിനിമയാക്കാം. Perfect . എന്തൊരൊഴുക്കാണ് എഴുത്തിൽ സുമക്കുഞ്ഞ് തുടങ്ങിയിടത്തു നിന്ന് എത്രയോ മുന്നേറി അഭിമാനം . ആനന്ദം 👌👌👌👏👏👏.♥️♥️♥️
സുമ സെക്കൻഡ് പാർട്ട് സൂപ്പർ ആയിട്ട് എഴുതി കേട്ടോ. ഈ കഥ ഇങ്ങനെ തന്നെ ആയിരിക്കണം നല്ല ഭംഗിയായിട്ട് എഴുതി
സുമേച്ചി super😍😍
ഒന്നാന്തരം എഴുത്ത്.
“ശരത്തുമായുള്ള അവളുടെ പ്രണയം എത്ര ആഴത്തിലാണെന്നും ഞാൻ മനസ്സിലാക്കി. “
തന്റെ പ്രിയപ്പെട്ടവളുടെ ഇഷ്ടത്തിനു വേണ്ടിയുള്ള ത്യാഗത്തിനേക്കാൾ, മനോഹരമായ മുഖം പ്രണയത്തിന് ഇല്ലെന്ന് പറഞ്ഞുവെച്ച വാചകം.
വളരെ ഇഷ്ടപ്പെട്ടു.👌👏❤️
ചേച്ചി ഒരു രക്ഷേമില്ല…..
സൂപ്പർ ❤️😍
എന്റെ പൊന്നു ചേച്ചി 🫂🫂🫂😘😘😘😘കെട്ടി പിടിച്ചു😘😘😘😘😘😘🥹🥹🥹🥹🥹🥹🥹 സിനിമ കണ്ട ഫീൽ ആയിരുന്നു 😘😘😘😘😘
ശരിക്കും ആ പിക്ചർ കാണുന്നതുപോലെ.. Apt ആയിട്ടുള്ള second part
Thanks Latha❤️