പുഴയും പാടവും ഒക്കെ ഉള്ള പ്രകൃതി രമണീയമായ മോന്താൽ ഗ്രാമം.
ഇന്നവിടെ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.
ഷൂട്ടിംഗ് കാണാൻ ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിലെ ബാലചന്ദ്രൻ എന്ന കഥാപാത്രവും, മമ്മൂട്ടിയുടെ ബസ്കണ്ടക്ടർ എന്ന സിനിമയിലെ, സക്കീർ ഹുസൈൻ, എന്ന കുഞ്ഞാക്ക എന്ന വിളിപേരിൽ അറിയപ്പെടുന്ന കഥാപാത്രവും ഒന്നിച്ചു ഒരു സിനിമയിൽ വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് അവിടെ നടക്കുന്നത്. സിനിമയുടെ പേര് കുഞ്ഞാക്കയും ബാലേട്ടനും.
ലാലേട്ടന്റെ ഒരു ഫൈറ്റ് സീൻ ആണ് ഷൂട്ട് ചെയ്യുന്നത്. മാർകറ്റിൽ നിന്നും ഉള്ള ഫൈറ്റ് സീൻ. മുണ്ടും മടക്കി കുത്തിയുള്ള മോഹൻലാലിന്റെ ഫൈറ്റ് കാണുന്ന ജനങ്ങളിൽ ചിലർ അതിശയം പൂണ്ടു. ഡ്യൂപ്പ് ഒന്നും അല്ല. ആള് ഒരു അഭ്യാസി തന്നെ. ലാലേട്ടന്റെ മുണ്ടും മടക്കി കുത്തിയുള്ള അടിപിടിക്കിടയിൽ, പച്ച കറികടയിലെ പച്ചക്കറികളും മുട്ടയും എല്ലാം റോഡിൽ വീഴുന്നുണ്ട്. വില്ലന്മാരും ഒപ്പം റോഡിലേക്ക് തെറിച്ചു വീഴുന്നുണ്ട്.
ഷൂട്ടിംഗ് ആവശ്യത്തിന് കേട് വന്ന കുറേ പച്ചക്കറികൾ സിനിമക്കാർ വാങ്ങി പോയപ്പോൾ, പച്ചക്കറി ഷോപ്പിലെ പപ്പന് സന്തോഷമായി. അല്ലെങ്കിൽ അതൊക്കെയും കച്ചറയിൽ ഇടേണ്ടി വരുമായിരുന്നു.
അടുത്ത ഷൂട്ടിംഗ് മമ്മൂട്ടിയുടെ സീൻ ആയിരുന്നു. മമ്മൂട്ടി സ്വന്തം ബസ്സ് ഡ്രൈവ് ചെയ്ത് പോകുന്ന ഒരു സീൻ ആണ് അപ്പോൾ ഷൂട്ട് ചെയ്തത്.
ഈ സിനിമയുടെ കഥ എഴുതിയത് മോന്താൽ സ്വദേശി അജ്നാസ് ആണ്. തിരക്കഥയും സംഭാഷണവും എല്ലാം മറ്റൊരു പ്രമുഖ തിരക്കഥാകൃത്ത് ആണ് നിർവഹിച്ചിരിക്കുന്നത്.
അല്പ സമയം കഴിഞ്ഞു അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു താരങ്ങൾ അടക്കം എല്ലാം പിരിഞ്ഞു പോയി.
*************************
അന്ന് രാത്രി മോന്താൽ പുഴയുടെ പാലത്തിന്മേൽ അജ്നാസും ബഷീറും കാറ്റ് കൊണ്ട് നിക്കുകയാണ്.
എടാ നീയല്ലേടാ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ കഥ എഴുതിയത്. നീ അതിന്റെ കഥ പറയെടാ. ബഷീർ അജ്നാസിനോട് പറഞ്ഞു.
ഇല്ലെടാ റിലീസ് ആകാത്ത സിനിമയുടെ കഥ പുറത്തു പറയരുത്. ഒരു പാട് പേരുടെ പ്രിയത്നമാണ് സിനിമ. അതിന്റെ കഥ പുറത്ത് പറയുന്നത് സിനിമയുടെ വിജയത്തിനെ ബാധിക്കും.
അജ്നാസ് അങ്ങനെ പറഞ്ഞെങ്കിലും കഥ കേൾക്കാൻ ഉള്ള ആകാംക്ഷയിൽ ബഷീർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
എന്നാൽ ഞാൻ കഥ പറയാം. പക്ഷേ ക്‌ളൈമാക്സ് പറയില്ല. അതിന് മുമ്പ് വരെയുള്ള കഥ പറയാം.
ബഷീറിന് സന്തോഷമായി. അജ്നാസ് കഥ പറഞ്ഞു തുടങ്ങി.
സിനിമയുടെ തുടക്കം തന്നെയുള്ള ആദ്യ രംഗം, കർണാടകയിലെ വിരാജ്പേട്ട, എന്നസ്ഥലമാണ്. അർദ്ധരാത്രിയിൽ ഒരു യുവാവും യുവതിയും നടന്നു പോകുന്നു.. ക്യാമറ, പിന്നിൽനിന്ന് എടുക്കണം. ആരാണ് നടന്നു പോകുന്നത് എന്ന് പ്രേക്ഷകർ തിരിച്ചറിയാൻ പാടില്ല. ഒപ്പം വെള്ള വസ്ത്രംധരിച്ച, മറ്റൊരാൾ അവരെ പിന്തുടരുന്നു. അയാളുടെ മുഖവും പ്രേക്ഷകർ കാണുന്നില്ല.
അയാൾ അവരെ ആക്രമിക്കുന്നു. ആക്രമണത്തിന് ഇടയിൽ, ആ യുവതിയും, യുവാവും ഒരു കൊക്കയിലേക്ക് വീഴുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
പിറ്റേന്ന് പ്രഭാതം. സംഭവംനടന്ന സ്ഥലത്ത് പോലീസും മീഡിയകളും ജനങ്ങളും ഒക്കെയായി ആകെബഹളം. കൊല്ലപ്പെട്ട ആണും പെണ്ണും കേരളത്തിൽ നിന്നുള്ളതാണ് എന്ന്പോലീസ് തിരിച്ചറിയുന്നു.. സംഭവസ്ഥലത്തെ സിസിടിവി പരിശോധിച്ചുവെങ്കിലും കൊലയാളിയെ തിരിച്ചറിയാൻ പറ്റിയില്ല.
അജ്നാസ് കഥ പറഞ്ഞു തുടങ്ങി.
തുടക്കം തന്നെ ഒരു ആകാംക്ഷ ഉണർത്തുന്നുണ്ട്. ഇത്കൊലപാതകവും കേസന്വേഷണവും ഒക്കെ ആയുള്ള സിനിമയാണോ?
ബഷീർ ചോദിച്ചു.
അല്ല, ഇത്ബാലേട്ടന്റെയും കുഞ്ഞാക്കയുടെയും കഥയാണ്.
ഇതിന് ശേഷം സ്‌ക്രീനിൽ “കുറച്ചു വർഷങ്ങൾക്ക് ശേഷം” എന്ന്, എഴുതി, കാണിക്കണം. അടുത്തസീനിൽ, കുഞ്ഞാക്ക(മമ്മൂട്ടി)ബസ്സിൽ പോകുന്ന സീൻ ആണ്.. പക്ഷേ ബസ്സിൽ യാത്രക്കാർ ഇല്ല. ഈ യാത്രയിലെ, കുഞ്ഞക്കയുടെ ഭൂതകാല ഓർമകളിലൂടെയാണ് സിനിമ തുടരുന്നത്.
യാത്രക്കാർ ഇല്ലാതെ കുഞ്ഞാക്ക, എവിടേക്കാ പോകുന്നത്.
ബഷീർ ചോദിച്ചു.
ഈയാത്രയുടെ അവസാനമാണ്, സിനിമയുടെ ക്‌ളൈമാക്സ്. കുഞ്ഞാക്കയുടെ കഴിഞ്ഞു പോയ കാലത്തെ ഓർമ്മകളിലൂടെ സിനിമ മുമ്പോട്ട്പോകും. അജ്നാസ് കഥ തുടർന്നു.
ബസ്സ്‌കണ്ടക്ടർ, എന്ന സിനിമയിലെ സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ – കുഞ്ഞാക്ക എന്നവിളിപേരിൽ അറിയപ്പെടുന്ന മമ്മൂട്ടിയുടെ കഥാപാത്രം. മൈത്രി ബസ്സിന്റെ മുതലാളി. ഇപ്പോൾ വിവാഹിതനും രണ്ട് പെണ്മക്കളുടെ അച്ഛനുമാണ്. രണ്ടാമത്തെമകളെ, പ്രസവിക്കുന്ന സമയത്ത്, ഭാര്യ മരിച്ചു പോയി.. ഇപ്പോൾ കുഞ്ഞാക്കക്ക് ഈ രണ്ട് പെൺമക്കൾ മാത്രമേ ഉള്ളൂ.
മൂത്തമകളുടെ കല്യാണം കഴിഞ്ഞു. അവളുടെ, ഭർത്താവിന്റെ, വീടിന്റെ, അയൽവാസിയാണ്, ബാലേട്ടൻ (മോഹൻലാൽ )
മകളുടെ ഭർത്താവിന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ പോകുന്ന കുഞ്ഞാക്ക, അയൽവാസിയായ ബാലേട്ടനുമായി വലിയചങ്ങാത്തത്തിലായി. ഇങ്ങനെയാണ് രണ്ട് സിനിമകളിലെ രണ്ട് കഥാപാത്രങ്ങൾ ഒരു സിനിമയിലൂടെ ഒന്നിക്കുന്നത്.
വർഷങ്ങൾക്ക് ഇപ്പുറം ബാലേട്ടൻ, എല്ലാവരെയും സഹായിക്കാൻ ഓടി നടക്കുന്ന പഴയ ബാലേട്ടൻ തന്നെയാണ്.
ബാലേട്ടന്റെ രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചു. ഇനി ഒരു മകൻ കൂടി ഉണ്ട്. രണ്ട് പെൺമക്കൾക്ക് ശേഷമാണ് ബാലേട്ടനും ഭാര്യക്കും ഒരു ആൺ കുഞ്ഞ് ജനിക്കുന്നത്. അത്കൊണ്ട് തന്നെ ആ മകനെ ബാലേട്ടന് വലിയ ഇഷ്ട്ടമായിരുന്നു. ബാലേട്ടൻ എന്ന സിനിമയുടെ കഥ, മോഹൻലാലിന്റെ മകൻ കഥാപാത്രവും നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രവും തമ്മിലുള്ള ആത്മ ബന്ധമാണ്. അതിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, ബാലേട്ടൻ എന്ന അച്ഛന്റെയും ബിബിൻ എന്ന മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
ലാലേട്ടന് ഇപ്പോഴും പഴയ മാസ് ഫൈറ്റ് ഒക്കെ അതേ മെയ് വഴക്കത്തോടെ ചെയ്യാൻ പറ്റുന്നത് കൊണ്ട്, മാർക്കറ്റിൽ വെച്ച് ഒരു അടിപിടി സീൻഒക്കെ സിനിമയിൽ ഉൾപ്പെടുത്താം. തക്കാളിയും സവാളയും ഒക്കെ ആ ഫൈറ്റ് സീനിൽ റോഡിൽ ചിതറി വീഴട്ടെ.
ബാലേട്ടന്റെ മകൻ ബിബിൻ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു. കുഞ്ഞാക്കയുടെ രണ്ടാമത്തെ മകൾ ഹാനിയ, അവനോടൊപ്പം അതേ കോളേജിൽ ഡിഗ്രിക്ക്പഠിക്കുന്നു.. അവിടുന്നുള്ള സൗഹൃദം, ബിബിനും ഹാനിയയും തമ്മിൽ പ്രണയത്തിലാകുന്നു. ഇവിടെ അവർ തമ്മിലുള്ള പ്രണയത്തിന്റെ ആഴം കാണിക്കാൻ ഒരു ഗാന രംഗം വേണം.. കഥപറയുന്നതിനിടെ, അജ്നാസിന്റെ ഉള്ളിലെ സംവിധായകനും ഉണർന്നു കൊണ്ടിരുന്നു.
ഈപ്രണയം, കുഞ്ഞാക്കയും ബാലേട്ടനും എതിർക്കുന്നു.
അതെന്താടാ, കുഞ്ഞാക്ക എതിർക്കാൻ കാരണം. ബസ്കണ്ടക്ടർ മൂവിയിൽ കുഞ്ഞാക്കയുടെ പെങ്ങളെ മോൻ നജീബ്(ജയസൂര്യ ) ഒരുഹിന്ദുപെണ്ണിനെ (ഭാവന)സ്നേഹിച്ചപ്പോൾ, അവരെ ഒന്നിപ്പിക്കാൻ കൂടെ നിന്ന കുഞ്ഞാക്ക ഇപ്പോൾ സ്വന്തം മകൾ ഒരു ഹിന്ദു യുവാവിനെ പ്രണയിച്ചപ്പോൾ നിലപാട് മാറ്റിയത് എന്ത് കൊണ്ടാണ്.
കഥ കേട്ട് നിന്ന ബഷീർ ചോദിച്ചു.
അതിന് കാരണം, നജീബിൽ നിന്ന് ഗർഭം ധരിച്ചു ഒരു കുട്ടി ഉണ്ടായ ശേഷമാണ് ഭാവനയുടെ കഥാപാത്രം കുഞ്ഞാക്കയെ തേടിവരുന്നത്. നജീബ് അവളെ, നിരസിക്കുമ്പോൾ ഇവളെ എന്റെ പെങ്ങളായി ഞാൻ കൂടെ കൂട്ടും എന്നും കുഞ്ഞാക്കപറയുന്നുണ്ട്. പിന്നെസ്വന്തം, മകളുടെ കാര്യം വരുമ്പോൾ എല്ലാവരുടെയും, തീരുമാനം മാറും. അന്യസമുദായക്കാരന് വിവാഹം ചെയ്ത് കൊടുക്കുമ്പോൾ സ്വന്തം സമുദായത്തിൽ നിന്നും ചോദ്യം ഉയരും. ഇവിടെ ബാലേട്ടനും ഈ പ്രണയത്തെ എതിർക്കുകയാണ്. കാരണം കുഞ്ഞാക്ക ബാലേട്ടന്റെ പ്രിയപ്പെട്ട, സുഹൃത്താണ്കുഞ്ഞാക്കക്ക് എതിർപ്പുള്ള ഒന്നിനും ബാലേട്ടൻ കൂട്ട് നിക്കില്ല.
കോളേജിൽ നിന്ന് മറ്റൊരാൾ കൂടി ഹാനിയയെ പ്രണയിക്കുന്നുണ്ടായിരുന്നു. ബാലേട്ടന്റെ അയൽവാസിയായ അസീസിന്റെ മകൻ അമീർ. അവന് ഹാനിയയെ വളരെ ഇഷ്ട്ടമായിരുന്നു.
പക്ഷേ ഹാനിയ പ്രണയിച്ചത് ബിബിനെയാണ്. ഇത് അമീറിന് ബിബിനോടുള്ള ശത്രുതക്ക് കാരണമായി. അവൻ തന്റെ കൂട്ടാളികളെയും കൂട്ടി ബിബിനെ തല്ലിചതച്ചു. പരിക്കുകളോടെ ബിബിൻ ഹോസ്പിറ്റലിലായി. ബാലേട്ടന് അത് സഹിക്കാനോ, പൊറുക്കാനോ കഴിഞ്ഞില്ല. ബാലേട്ടൻ കോളേജിൽ പോയി അമീറിനെയും അവന്റെ കൂട്ടാളികളെയും തല്ലിചതച്ചു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ മകനെ ബാലേട്ടൻ ഉപദേശിച്ചു. ഹാനിയയെ നീ മറക്കണം മോനെ, അവളുടെ ഉപ്പ എന്റെ പ്രിയപ്പെട്ട ചങ്ങാതിയാണ്. നിനക്ക് സമയമാകുമ്പോൾ അച്ഛൻ നല്ലൊരു പെണ്ണിനെ തന്നെ തേടി പിടിച്ചു കൊണ്ട് വരും.
പക്ഷേ, ബിബിനും ഹാനിയക്കും പിരിയാൻ പറ്റില്ലായിരുന്നു. അച്ഛന് എതിർപ്പുള്ളത് കൊണ്ട് ഹാനിയയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരാൻ ബിബിന് കഴിയില്ല. അത്കൊണ്ട് അവർ ഒളിച്ചോടി. നേരെ പോയത് കർണാടക വിരാജ്പേട്ടയിലേക്ക്. അവിടെ ബിബിന് പരിചയം ഉള്ള ആളുണ്ടായിരുന്നു. അവിടുന്നാണ് രാത്രിയിൽ ലോഡ്ജ് മുറി തേടി പോകുമ്പോൾ ബിബിനും ഹാനിയയും കൊല്ലപ്പെടുന്നത്. കഥയുടെ തുടക്കത്തിൽ ഞാൻ പറഞ്ഞ കൊലപാതകം അതാണ്.
എടാ ഇത് തുടരും മൂവിയിലേത് പോലെ ദുരഭിമാനകൊലയാണോ? മമ്മൂട്ടിയുടെ കുഞ്ഞാക്ക എന്ന കഥാപാത്രം ആണോ ആ കൊല ചെയ്തത്.
കഥ കേട്ട് നിന്ന ബഷീർ സംശയം ചോദിച്ചു.
സ്വഭാവികമായും അങ്ങനെ സംശയിക്കാം. ആ സംശയത്തിൽ ബാലേട്ടൻ കുഞ്ഞാക്കയെ തേടി വരുന്നുണ്ട്. പരസ്പരം ഉള്ള വാക്ക് തർക്കങ്ങൾക്ക് ഒടുവിൽ, ബാലേട്ടനും, കുഞ്ഞാക്കയും തമ്മിൽ ഒരു ഫൈറ്റ് സീൻ ഉണ്ട്. മമ്മൂക്കയും ലാലേട്ടനും, ഏറ്റുമുട്ടുമ്പോൾ അത് ഫാൻസിനു വലിയ രീതിയിൽ എൻജോയ് ചെയ്യാൻ കഴിയും. പക്ഷേ, ആരും, ജയിക്കാൻ പാടില്ല. ട്വന്റി ട്വന്റി മൂവിയിൽ ആർക്കാണ് കൂടുതൽ ഇടി കൊണ്ടത്, ആരാണ് കൂടുതൽ ഇടിച്ചത് എന്നൊക്കെ കണക്ക് നോക്കിയ ഫാൻസുകാർ ഉണ്ട്. അത്കൊണ്ട്, രണ്ട്പേരുടെയും, ഫാൻസിനെ തൃപ്തിപെടുത്തി കൊണ്ട് വേണം ഫൈറ്റ് സീൻ ക്രിയേറ്റ് ചെയ്യാൻ.
ബാലേട്ടനും കുഞ്ഞാക്കയും, തമ്മിൽ, ഏറ്റുമുട്ടുമ്പോൾ അവസാനം നാട്ടുകാർ പിടിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ഞാൻ ആരെയും കൊന്നിട്ടില്ല എന്ന് കുഞ്ഞാക്ക വിളിച്ചു, പറയുന്നുണ്ടായിരുന്നു. അങ്ങനെ നല്ല സുഹൃത്തുക്കളായ ബാലേട്ടനും കുഞ്ഞാക്കയും, ശത്രുക്കളായി.
ഇവിടെ നമുക്ക് ഒരു ഗാന രംഗം ഉൾപ്പെടുത്താം. കൊല്ലപ്പെട്ട മകനെ ഓർത്ത്, ബാലേട്ടനും കൊല്ലപ്പെട്ട മകളെ ഓർത്ത് കുഞ്ഞാക്കയും ഉള്ള ഒരു ശോകഗാനം. ബാലേട്ടൻ മൂവിയിൽ അച്ഛൻ മരിച്ചപ്പോൾ അച്ഛനെ ഓർത്ത് പാടുന്ന ഒരു നല്ല ഗാനം ഉണ്ടായിരുന്നു.
അതൊക്കെ സംവിധാനകൻ നോക്കും. നീ ബാക്കി കഥ പറ. ബഷീർ ആകാംക്ഷയോടെ പറഞ്ഞു.
ഇല്ലെടാ. ഇതുവരെയേ പറയൂ. ഇനി കഥയുടെ ക്‌ളൈമാക്സിലേക്ക് ആണ് പോകുന്നത്. അത് കൊണ്ട് ഇനി ബാക്കി പറയില്ല. ബഷീർ എത്ര നിർബന്ധിച്ചിട്ടും അജ്നാസ് ബാക്കി കഥ പറഞ്ഞില്ല.
രണ്ട് മാസം നീളുന്ന ഷൂട്ടിംഗിന് ശേഷം, കുഞ്ഞാക്കയും ബാലേട്ടനും എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. പിന്നെയും ഒരു മാസം കഴിഞ്ഞാണ് സിനിമ റിലീസ് ആയത്. ഒരു ഓണകാലത്ത്.
തലശ്ശേരി ലിബർട്ടി പാരഡൈസിൽ നിന്നാണ് അജ്നാസും ബഷീറും സിനിമ കണ്ടത്. താൻ എഴുതിയ കഥക്ക് അതിലും മികച്ച തിരക്കഥ ഒരുക്കി മനോഹരമായി സിനിമ മുമ്പോട്ട് പോകുന്നത് കണ്ടപ്പോൾ അജ്നാസിനു സന്തോഷമായി.
മമ്മൂക്കാന്റെയും ലാലേട്ടന്റെയും മാസ് ഡയലോഗുകൾക്ക് തീയേറ്ററിൽ കൈയടികളായിരുന്നു. അവർ പരസ്പരം ഏറ്റുമുട്ടുന്ന സീൻ വന്നപ്പോൾ തീയേറ്റർ നിറയെ ഫാൻസുകാരുടെ കയ്യടികളും ആർപ്പ് വിളികളും ഉയർന്നു.
സിനിമ അതിന്റെ ക്‌ളൈമാക്സിലേക്ക് അടുക്കുകയാണ്.
ബാലേട്ടന്റെ അയൽവാസിയാണ് അസീസ്. അസീസിന്റെ ഉമ്മാക്ക് ഹാർട്ട്അറ്റാക്ക് വന്നിട്ട് ഹോസ്പിറ്റലിൽ ആണ്.
പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ വേണം. അസീസിന്റെ കയ്യിൽ അതിനുള്ള പണം ഇല്ല. പലരേയും വിളിച്ചിട്ടും ഓപ്പറേഷനുള്ള പണം കണ്ടെത്താൻ അസീസിന് കഴിഞ്ഞില്ല. അപ്പോഴാണ് ബാലേട്ടന്റെ മുഖം അസീസിന്റെ ഓർമയിലേക്ക് വന്നത്.
അവൻ ബാലേട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
പൈസ എങ്ങനെ എങ്കിലും സംഘടിപ്പിക്കാം മോനെ എന്ന് ബാലേട്ടൻ പറഞ്ഞപ്പോൾ അസീസിന് ആശ്വാസമായി. ബാലേട്ടൻ പരിചമുള്ള ആൾക്കാരോടൊക്കെ കടം വാങ്ങി, അസീസിന് പൈസ കൊടുത്തു. അസീസിന്റെ ഉമ്മാന്റെ ഹാർട്ട് ഓപ്പറേഷൻ നടന്നു. ആ ഉമ്മ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു.
“കുറച്ചു ദിവസങ്ങൾക്ക് ശേഷം”
ബാലേട്ടന്റെ നാട്ടിലെ ഒരു മുസ്ലിം പള്ളിയിലെ ജബ്ബാർ, ഉസ്താദിന് എതിരെ ഒരു, പരാതി, ഉയർന്നു.
പള്ളിയുടെ, അടുത്തുള്ള, മദ്രസ്സയിൽ, പഠിക്കാൻ, വരുന്ന, കുട്ടിയെ, പീഡിപ്പിക്കാൻ, ശ്രമിച്ചു,
എന്നതാണ്, ആരോപണം. ഒരു കുട്ടി പരാതി പറഞ്ഞപ്പോൾ തന്നെ, മറ്റ്, ചിലകുട്ടികളും, പരാതിയുമായി രംഗത്തെത്തി.
പള്ളികമ്മറ്റിക്കാരും, കുറച്ചു, നാട്ടുകാരും, ഉസ്താദിനെ, ചോദ്യംചെയ്തു. ആദ്യമൊക്കെ അയാൾ, തെറ്റ്ചെയ്തിട്ടില്ല, എന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തി.
ജബ്ബാർ, ഉസ്താദേ, പോക്സോ കേസാണ്. പത്തിരുപത് വർഷം ജയിലിൽ കിടക്കേണ്ടി വരും. കുട്ടികളുടെ രക്ഷിതാക്കൾ കേസ് കൊടുക്കണം എന്നാണ് പറയുന്നത്. പക്ഷേ തന്നെ പോലെയുള്ളവർ ചെയ്യുന്ന കുറ്റത്തിന് ഒരു സമുദായം മുഴുവൻ ആണ്, പഴികേൾക്കുന്നത്. അത് കൊണ്ടാണ് കേസ് കൊടുക്കാൻ പേടി. വ്യഭിചാരം ഹറാം ആണെന്ന് പഠിപ്പിക്കേണ്ട താനൊക്കെ, കുട്ടികളോട് ഇങ്ങനെ പെരുമാറുന്നത് വലിയ തെറ്റല്ലേ.
ഉസ്താദ് കരഞ്ഞു കാല് പിടിച്ചു. ഒടുവിൽ കേസ് ആക്കാതെ അയാളെ അവിടുന്ന് പിരിച്ചു വിട്ടു. അയാൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ, തയ്യാറായി.
ഇതിനിടയിൽ ബാലേട്ടന്റെ വീട്ടിലേക്ക്, അയൽവാസിയായ അസീസ് ഓടിയെത്തി. ബാലേട്ടാ അയാൾ നീട്ടി വിളിച്ചു. ബാലേട്ടൻ അകത്തു നിന്ന് ഇറങ്ങി വന്നു.
ബാലേട്ടാ ബാലേട്ടന്റെ മോനെയും, കുഞ്ഞാക്കയുടെ മോളെയും ആരാണ് കൊന്നത് എന്ന് എനിക്കറിയാം. എന്റെ കയ്യിൽ തെളിവ് ഉണ്ട്.
ആരാടാ അസീസേ എന്റെ മോനെ കൊന്നത്. ബാലേട്ടൻ അസീസിനെ കൈകൾ പിടിച്ചു ചോദിച്ചു.
ഞങ്ങളെ പള്ളിയിലെ ജബ്ബാർ ഉസ്താദ് ആണ് ആ കൊലപാതകം ചെയ്തത്. ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്. അയാളെ പള്ളിയിൽ നിന്ന് പിരിച്ചു വിട്ടു. എന്റെ പെങ്ങളുടെ കുട്ടി അടക്കം പല കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയാളെ കേസ് കൊടുക്കാതെ നാട്ടിലേക്ക് പറഞ്ഞയക്കുകയാണ് പള്ളി കമ്മറ്റിക്കാർ.
ബാലേട്ടന് ഒന്നും മനസ്സിലായില്ല.
ഞാൻ എല്ലാം പറയാം ബാലേട്ടാ. അസീസ് നടന്ന സംഭവങ്ങൾ, വിശദീകരിക്കാൻ തുടങ്ങി.
അസീസ്, കർണാടകയിലെ, വിരാജ്പേട്ടയിലാണ് ജോലി, ചെയ്യുന്നത്.
ജബ്ബാർ ഉസ്താദിന്റെ നാടും, വിരാജ്പേട്ടയിലാണ്. ഉസ്താദ് കേരളത്തിലാണ് ജോലി ചെയ്യുന്നത് എങ്കിലും രണ്ട് മാസം കൂടുമ്പോൾ സ്വന്തം നാട്ടിലേക്ക് ഒന്ന് പോകും. അസീസ് അന്ന് രാത്രിയിൽ വിരാജ്പേട്ടയിലെ, തീയേറ്ററിൽ നിന്ന് സിനിമ കണ്ട് റൂമിലേക്ക് നടന്നു പോകുമ്പോളാണ് ആ കാഴ്ച കണ്ടത്. ജബ്ബാർ ഉസ്താദ് ഒരു പെൺകുട്ടിയെയും ആൺ കുട്ടിയേയും ആക്രമിക്കുന്നു. അസീസ് ഉടനേ തന്നെ ആ രംഗം മൊബൈൽ ക്യാമറയിലേക്ക് പകർത്തി. ആ ആൺ കുട്ടിയും പെൺകുട്ടിയും കൊക്കയിലേക്ക് വീണ് മരിച്ചു.
അസീസ് ആ കൊലപാതകം ക്യാമറയിൽ പകർത്തിയത് ഉസ്താദ് അറിഞ്ഞിരുന്നില്ല. പിന്നീട് തന്റെ മൊബൈൽ ഫോണിലെ വീഡിയോ ശ്രദ്ധിച്ചപ്പോൾ ആണ് കൊല്ലപ്പെട്ടത് ബാലേട്ടന്റെ മോനും, കുഞ്ഞാക്കയുടെ മോളും ആണെന്ന് അസീസിന് മനസ്സിലായത്.
എന്തോ പോലീസിൽ പരാതി പെടാനോ, നാട്ടുകാരോട് പറയാനോ അസീസിന് തോന്നിയില്ല. എങ്കിലും ഈ വീഡിയോ കാണിച്ചു അസീസ് ജബ്ബാർ ഉസ്താദിനെ ഭീഷണിപെടുത്തി പണം വാങ്ങി കൊണ്ടിരുന്നു.
ജബ്ബാർ ഉസ്താദിന് അസീസിനെ പേടിയുണ്ടായിരുന്നു. കാരണം അയാൾ ചെയ്ത, കൊലപാതകത്തിന്, ദൃക്‌സാക്ഷിയാണ് അസീസ്. കൂടാതെ അസീസിന്റെ, മൊബൈലിൽ തെളിവും ഉണ്ട്.
അസീസ് തനിക്കറിയാവുന്ന കൊലപാതക രഹസ്യം ആരോടും, പറഞ്ഞില്ല.
ബാലേട്ടനോട് ഒരു പഴയ ദേഷ്യം കൂടിയുണ്ട് അസീസിന്. കോളേജിൽ നിന്നും എന്റെ മകനും, ബാലേട്ടന്റെ മകനും, കുഞ്ഞാക്കയുടെ മകളെ മത്സരിച്ചു പ്രണയിച്ചു, അവൾക്ക് വേണ്ടി കോളേജിൽ നിന്ന്, തല്ലുണ്ടാക്കിയപ്പോൾ, കോളേജിൽ പോയി എന്റെ മോനെ തല്ലിചതച്ചതാണ് ബാലേട്ടൻ. അത് കൊണ്ട് കൂടിയാണ് താൻ കണ്ട കൊലപാതകം ബാലേട്ടനെയോ പോലീസിനെയോ അറിയിക്കാതിരുന്നത്. പക്ഷേ ഇപ്പോൾ, തന്റെ പെങ്ങളുടെ മകളെ അടക്കം പല കുട്ടികളെയും പീഡിപ്പിക്കാൻ ശ്രമിച്ച ജബ്ബാർ ഉസ്താദിനെ വെറുതെ വിടരുത് എന്ന് തോന്നി. അതാണ് ഇപ്പോൾ എല്ലാ കാര്യങ്ങളും അസീസ് ബാലേട്ടനോട് പറഞ്ഞത്. മാത്രമല്ല തന്റെ ഉമ്മാന്റെ ഹാർട്ട് ഓപ്പറേഷനുള്ള പണം തന്നത് ബാലേട്ടൻ ആണ്. ഇനിയും ബാലേട്ടന്റെ മോനെ കൊന്ന കൊലയാളിയെ കുറിച്ച് അറിവുണ്ടായിട്ടും അത് ബാലേട്ടനെ അറിയിക്കാതിരിക്കുന്നത് ശരിയല്ല എന്ന് അസീസിന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. അതാണ് ഇപ്പോഴെങ്കിലും ആ സത്യം പറയാൻ അസീസ് തയ്യാറായത്.
ബാലേട്ടാ ജബ്ബാർ ഉസ്താദ് ഇപ്പോൾ അങ്ങാടിയിൽ നിന്ന് ബസ്സ് കയറും. അയാള് നാട്ടിലേക്ക് രക്ഷപ്പെടും. എത്രയും പെട്ടെന്ന് അയാളെ പിടിക്കണം.
അസീസിന്റെ മൊബൈൽ ഫോണിൽ നിന്നും കൊലപാതകം രംഗം കണ്ട്, തന്റെ മകന്റെയും, കുഞ്ഞാക്കയുടെ മകളുടെയും കൊലയാളി ജബ്ബാർ ഉസ്താദ് ആണെന്ന് മനസ്സിലാക്കിയ ബാലേട്ടൻ അങ്ങാടിയിലേക്ക് ഓടി.
ജബ്ബാർ ഉസ്താദ് ബസ്സിൽ കയറി കഴിഞ്ഞു ബസ്സ് പുറപ്പെട്ടിരുന്നു.
ബാലേട്ടൻ ബസ്സിന് പിറകേ ഓടി. ഓടുന്ന ബസ്സിന്റെ പിറകിലെ ഏണിയിൽ പിടിച്ചു നിന്നു. അടുത്ത ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസ്സ് നിന്നു. അവിടുന്ന് ബാലേട്ടൻ ബസ്സിന്റെ ഉള്ളിലേക്ക് കയറി. ബസ്സിനുള്ളിൽ നിന്നും അടി തുടങ്ങി.
ബസ്സിൽ നിന്നും റോഡിലേക്ക് വലിച്ചിട്ട ശേഷം ബാലേട്ടനും ജബ്ബാറും റോഡിൽ വെച്ചായിരിന്നു സംഘട്ടനം. ഇതിനിടയിൽ റോഡിലേക്ക് തെറിച്ചു വീണ ജബ്ബാർ ഉസ്താദിന്റെ ദേഹത്തേക്ക് മറ്റൊരു വാഹനത്തിന്റെ ടയറുകൾ കയറി ഇറങ്ങി. ജബ്ബാർ ഉസ്താദ് റോഡിൽ പിടഞ്ഞു മരിച്ചു.
ബാലേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാലേട്ടൻ ലോക്കപ്പിലാണ് ഉള്ളത് എന്ന് കുഞ്ഞാക്ക അറിഞ്ഞിരുന്നു. ജബ്ബാർ ഉസ്താദ് ആണ് ബിബിനെയും, ഹാനിയയെയും കൊന്നത്, എന്നല്ലാതെ എന്തിന് കൊല ചെയ്തു എന്ന് ആർക്കും അറിയില്ലായിരുന്നു.
കുഞ്ഞാക്ക അസീസിനെ തേടി അവന്റെ വീട്ടിലെത്തി.
എന്തിനാടാ അയാള് എന്റെ മോളെയും ബാലന്റെ മോനെയും കൊന്നത്.
എനിക്കറിയില്ല കുഞ്ഞാക്ക. ഞാൻ കൊല്ലുന്നത് കണ്ടു എന്നല്ലാതെ എന്തിന് കൊന്നു എന്ന് എനിക്കറിയില്ല. അസീസ് പറഞ്ഞു.
എന്തിനായിരുന്നു അസീസേ, നീ ആ കൊലപാതകം നേരിൽ കണ്ടിട്ടും, ആരോടും പറയാതിരുന്നത്. സത്യമറിയാതെ ഞാനും ബാലനും നടുറോഡിൽ തല്ല് കൂടിയില്ലേ. കോളേജിൽ വെച്ചു നിന്റെ മോനെ, ബാലൻ തല്ലിയതിനാണോ നീ ഇത് ആരോടും പറയാതിരുന്നത്. എന്റെ പ്രിയപ്പെട്ട ബാലൻ എന്നെ തെറ്റിദ്ധരിച്ചില്ലേ. അവന്റെ മോന്റെ കൊലയാളി ഞാനാണെന്ന് അവൻ കരുതിയില്ലേ. കുഞ്ഞാക്ക അസീസിനെ കുറ്റപെടുത്തി.
ഒരാഴ്ച കഴിഞ്ഞു ഒരു ഉമ്മയും മകളും കുഞ്ഞാക്കയുടെ വീട്ടിലെത്തി. ഉമ്മയുടെ കൂടെ ഉള്ള മകളെ കണ്ട് കുഞ്ഞാക്ക ഞെട്ടി.
കൊല്ലപ്പെട്ട തന്റെ മകൾ.
കുഞ്ഞാക്കക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ മോള് കൊല്ലപ്പെട്ടില്ലേ. അപ്പോൾ അന്ന് എന്റെ മോള് അല്ലായിരുന്നോ മരിച്ചത്.
കുഞ്ഞാക്ക തന്റെ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി ആ കുട്ടിയെ നോക്കി. തന്റെ മകളുമായി വളരെ രൂപസാദൃശ്യം ഉണ്ട് എന്നല്ലാതെ, അത് തന്റെ മകൾ അല്ല എന്ന് കുഞ്ഞാക്കക്ക് മനസ്സിലായി.
അന്തം വിട്ട് നിക്കുന്ന കുഞ്ഞാക്കയോട് ആ ഉമ്മ കാര്യങ്ങൾ വിശദീകരിച്ചു.
ഇത് എന്റെ മോളാണ്. ഞാൻ ജബ്ബാർ ഉസ്താദിന്റെ ഭാര്യയാണ്. വിരാജ്പേട്ടയിൽ നിന്നും നിങ്ങളെ കാണാൻ വന്നതാണ്. എന്റെ ഭർത്താവ് ആണ് നിങ്ങളുടെ മോളെ കൊന്നത്. മനഃപൂർവം ചെയ്ത കൊലപാതകമായിരുന്നില്ല അത്. എന്റെ മോളും നിങ്ങളുടെ മോളും തമ്മിലുള്ള രൂപസാദൃശ്യമാണ് കൊലപാതകത്തിന് കാരണം. അന്ന് നിങ്ങളുടെ മകളെ, ഒരു ചെറുപ്പക്കാരന്റെ കൂടെ രാത്രിയിൽ കണ്ടപ്പോൾ, പെട്ടെന്ന്, അദ്ദേഹം കരുതിയത് തന്റെ മകൾ ആരുടെയോ കൂടെ ഒളിച്ചോടുകയാണെന്നാണ്. അവരെ തടയാൻ ഉള്ള ശ്രമമായിരുന്നു. പക്ഷേ അവർ രണ്ട് പേരും കൊക്കയിൽ വീണ് മരിച്ചു.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സ്വന്തം മകൾ വീട്ടിലുണ്ട്. അപ്പോഴാണ് അബദ്ധം പറ്റിയതാണെന്നു മനസ്സിലായത്. ആദ്യമൊന്നും ഈ കൊലപാതകത്തിന്റെ കാര്യം എന്നോട്, എന്റെ ഭർത്താവ് പറഞ്ഞിരുന്നില്ല. അസീസ് എന്ന് പേരുള്ള ഒരാൾ ആ കൊലപാതകം വീഡിയോ ആയി എടുത്തിട്ട് ഭീഷണിപെടുത്തി പണം വാങ്ങാൻ തുടങ്ങിയപ്പോളാണ് അയാൾ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്.
കുട്ടികൾക്ക് നന്മ പഠിപ്പിച്ചു കൊടുക്കേണ്ട ഒരു ഉസ്താദ് ആണ് എന്റെ ഭർത്താവ്. അയാള് ഇങ്ങനെ ഒക്കെ തെറ്റ് ചെയ്ത് എന്നറിഞ്ഞപ്പോൾ, എന്റെ മോളുടെ മുമ്പിൽ വെച്ച് എനിക്ക് കൂടുതൽ പറയാൻ പറ്റില്ല. എന്തായാലും അയാൾ കൊല്ലപ്പെട്ടു. നിങ്ങളുടെ കൂട്ടുകാരൻ ജയിലിലുമായി. നിങ്ങളെ കണ്ടിട്ട് വിവരങ്ങൾ പറയാനും, മാപ്പ് പറയാനും വന്നതാ ഞങ്ങൾ.
നിങ്ങൾ എന്തിന് മാപ്പ് പറയണം. തെറ്റ് അയാളല്ലേ ചെയ്തത്.
എനിക്ക് ഈ മോളെ കാണുമ്പോൾ എന്റെ ഹാനിയ മോളെയാ ഓർമ്മ വരുന്നത്.
ശരിക്കും എന്റെ മോള് തിരിച്ചു വന്നത് പോലെ. എനിക്ക് തരുമോ ഈ മോളെ. കുഞ്ഞാക്ക ആ മോളെ കെട്ടിപിടിച്ചു കൊണ്ട് ആ ഉമ്മയോട് ചോദിച്ചു.
നിങ്ങൾ തിരിച്ചു പോകണ്ട.. അവിടെ ആരാ നിങ്ങൾക്ക് ഉള്ളത്. എന്റെ മകളായി ഞാൻ ഇവളെ നോക്കും. എനിക്കാരും ഇല്ല. മൂത്ത മോള് കല്യാണം കഴിഞ്ഞു പോയി. രണ്ടാമത്തെ മോളെ പ്രസവിക്കുമ്പോൾ എന്റെ ഭാര്യയും മരിച്ചു. എന്റെ ഇളയ മോളും ഇപ്പോൾ കൊല്ലപ്പെട്ടു.
ആ ഉമ്മ ഒന്നും പറഞ്ഞില്ല. അവർക്ക് ഇനി ആശ്രയമായി ആരും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അവർ തിരിച്ചു പോയില്ല. ആ സ്ത്രീ ഇപ്പോൾ കുഞ്ഞാക്കയുടെ ഭാര്യയാണ്. ആ മകൾ കുഞ്ഞാക്കയുടെ മകളായി അവിടെ കഴിഞ്ഞു.
അഞ്ചു വർഷങ്ങൾക്ക് ശേഷം,
ബസ്സിൽ യാത്ര ചെയ്യുന്ന കുഞ്ഞാക്കയുടെ ഓർമ്മകളിലൂടെയാണ് ഇതുവരെ കഥകൾ പറഞ്ഞത്.
കുഞ്ഞാക്ക പോകുന്നത് കണ്ണൂർ സെൻട്രൽ ജയിലേക്ക് ആണ്. ഇന്നാണ് കുഞ്ഞാക്കയുടെ പ്രിയപ്പെട്ട ബാലേട്ടൻ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ബാലേട്ടൻ ശിക്ഷ കഴിഞ്ഞു ഇറങ്ങി. കുഞ്ഞാക്ക ബാലേട്ടനെ കെട്ടിപിടിച്ചു. അവർ രണ്ട് പേരും ബസ്സിൽ കയറി. ബസ്സ് മുമ്പോട്ട് നീങ്ങുമ്പോൾ, സ്‌ക്രീനിൽ സംവിധായകന്റെ പേര് എഴുതി കാണിച്ചു.
സിനിമ കഴിഞ്ഞു പ്രേക്ഷകർ പുറത്തിറങ്ങി. സിനിമ എങ്ങനെ ഉണ്ടായിരുന്നു. പുറത്ത് നിന്ന് ചാനലുകാർ പ്രേക്ഷകരോട് ചോദിച്ചു. ഒന്നും പറയാനില്ല. കുഞ്ഞാക്കയും ബാലേട്ടനും പൊളിച്ചു.
തലശ്ശേരി ലിബർട്ടി പാരഡൈസ് തീയേറ്ററിൽ നിന്ന് അജ്നാസും, ബഷീറും സിനിമ കണ്ടിറങ്ങി. പുറത്തേക്ക് നടക്കുമ്പോൾ ബഷീർ അജ്നാസിനോട് ചോദിച്ചു.
അല്ലാ ഈ വിരാജ് പേ ട്ടയിലുള്ള ജബ്ബാർ മാഷിന്റെ മോളും, കുഞ്ഞാക്കയുടെ മോളും തമ്മിൽ എങ്ങനെയാ ഈ രൂപ സാദൃശ്യം ഉണ്ടായത്. ബാലേട്ടൻ മൂവിയിലെ നെടുമുടി ചേട്ടൻ മൂകാംബികക്ക് പോകുന്ന പോലെ, കുഞ്ഞാക്കക്ക് വിരാജ് പേട്ടയിൽ പോകുന്ന ശീലം ഉണ്ടായിരുന്നോ.
ബഷീറിന്റെ ചോദ്യം കേട്ട് അജ്നാസ് ചിരിച്ചു. കഥ എഴുതുമ്പോൾ ഞാനും ഇതൊക്കെ ആലോചിച്ചിരുന്നു. ബസ്സ് കണ്ടക്ടറിൽ ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്ത ആളാണ് കുഞ്ഞാക്ക. അതിന്റെ രണ്ടാം ഭാഗത്തിൽ ആ കഥാപാത്രത്തെ മോശം ആക്കണ്ട എന്ന് കരുതി. കിരീടം സിനിമയുടെ രണ്ടാം ഭാഗം ചെങ്കോലിൽ, തിലകൻ ചേട്ടന്റെ കഥാപാത്രത്തെ മോശമാക്കിയത് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. അത് കൊണ്ട് കുഞ്ഞാക്കയുടെ കഥാപാത്രത്തിന്റെ മുഖത്ത് കരിവാരി തേക്കാൻ ഞാൻ തുനിഞ്ഞില്ല.
ലോകത്ത് കോടിക്കണക്കിനു ആളുകളുണ്ടെങ്കിലും മനുഷ്യന്റെ മുഖഘടന നിശ്ചയിക്കുന്ന ജീനുകളുടെ എണ്ണം പരിമിതമാണ്. അതിനാൽ യാതൊരു ബന്ധവുമില്ലാത്ത രണ്ട് വ്യക്തികളുടെ ജീനുകൾ ഒരേ രീതിയിൽ ചേർന്ന് വരുമ്പോൾ അവർ തമ്മിൽ അത്ഭുതപെടുത്തുന്ന രൂപസാദൃശ്യം ഉണ്ടാകാം. കുഞ്ഞാക്കയുടെ കൊല്ലപ്പെട്ട മകളും, സിനിമയിലെ പ്രധാന വില്ലൻ ജബ്ബാർ ഉസ്താദിന്റെ മകളും, “ഇരട്ടപെറ്റത് പോലെ” ഒരേ രൂപ സാദൃശ്യം ഉണ്ടാകാൻ കാരണം അതായിരിക്കാം. അല്ലാതെ കുഞ്ഞാക്ക അത്തരക്കാരൻ അല്ല. അജ്നാസ് വിശദീകരിച്ചു കൊടുത്തു.
അതിനിടയിൽ ആരൊക്കെയോ ഈ സിനിമയുടെ കഥ എഴുതിയ അജ്നാസിനെ തിരിച്ചറിഞ്ഞു. അവർ അജ്നാസിനെ ചുമലിലേറ്റി ആർപ്പ് വിളികളോടെ പുറത്തേക്ക് നടന്നു.
(ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ സിനിമാ മോഹം ഇവിടെ പങ്ക് വെച്ചു എന്നല്ലാതെ ഈ എഴുത്തും, ഇതിലെ കഥാപാത്രങ്ങളും എല്ലാം സാങ്കല്പികം മാത്രമാണ്. )
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
വിഷയം=സിനിമ തുടരുന്നു.


4 Comments
സംഭവബഹുലമായ ഒരു സിനിമ കണ്ട feel . ആക്ഷനും , ഇമോഷനും എല്ലാം ആവശ്യത്തിനുണ്ട്.
👌👏👏👏♥️♥️
താരേച്ചീ ❤️❤️❤️
രേഷ്മ ലേച്ചൂസ് ❤️❤️❤️❤️
രണ്ട് സിനിമ യിലെ രണ്ട് കഥാപാത്രത്തെ വച്ചു സിനിമ ✨✨.. എന്താ പറയേണ്ടത് എന്ന് അറിയില്ല.. സൂപ്പർ അല്ല ഒരു ഫിലിം കണ്ട ഫീൽ ആയിരുന്നു..