ബെത്‌ലഹേം കുടുംബ യൂണിറ്റ് -2 (നർമ്മഭാവന)
……………………………………
ഒന്നാം ഭാഗം കഥാസംഗ്രഹം:
കോളേജ് വിദ്യാർത്ഥിനിയായ ആഷ്ലിയും കുടുംബവും ജസ്റ്റിന്റെ അയൽക്കാരായി എത്തുന്നു. നാട്ടുകാരും ബന്ധുക്കളുമായി നല്ല സൗഹൃദമുള്ള ജസ്റ്റിൻ സ്വന്തം ബിസിനസുമായി കഴിയുന്നു. നിർഭാഗ്യവശാൽ കാമുകിയെ നഷ്ടപ്പെട്ട ജസ്റ്റിൻ, ഇനിയൊരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ്. ജസ്റ്റിന്റെ സംഗീതത്തിലുള്ള താൽപര്യവും കരുതലും സൗഹൃദയത്വവും ധൈര്യവും ആഷ്ലിയെ അയാളിലേക്ക് അടുപ്പിക്കുന്നു. അവർ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്നമാകുന്നു. ഏറെ ശ്രമിച്ചിട്ടും പരസ്പരം മറക്കാനും നഷ്ടപ്പെടാനും സാധിക്കാതെ അവരുടെ പ്രണയം സഫലമാകുന്നു.
ഒന്നാം ഭാഗം വിജയിപ്പിച്ച ഹ്യൂമർ ടോൺ രണ്ടാം ഭാഗത്തിന്റെ എഴുത്തിലും പരീക്ഷിച്ചിരിക്കുകയാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ് – രണ്ടാം ഭാഗം.
…………………………………..
ജസ്റ്റിനും ആഷ്ലിയും നെടുമ്പാശ്ശേരി എയർപോർട്ടിൽ യാത്രക്ക് ഒരുങ്ങി നിൽക്കുകയാണ്. ട്രോളിയിൽ നിന്നും തെന്നിവീഴുന്ന ഭീമൻ പെട്ടികൾ അടക്കിവെയ്ക്കുന്നതിനിടയിലും നെഞ്ചിലെ സങ്കടം, ഒതുക്കുവാൻ പാടുപ്പെടുന്ന ജസ്റ്റിൻ. അയാൾക്ക് അങ്കമാലിയെ പിരിഞ്ഞു പോകാൻ വയ്യ. ആ ദേശം ജസ്റ്റിന്റെ ആത്മാവിൽ വരച്ചു ചേർത്ത ഭൂപടമാണ്.
നാട്ടുകാരും കൂട്ടുകാരും കുടുംബവും കാറ്ററിംഗും റിയൽ എസ്റ്റേറ്റും പള്ളിയും അത്യാവശ്യം അടിപിടിയും അങ്കമാലിയിൽ വിട്ടിട്ടു പോരാനുള്ള മനപ്രയാസം. തടിമിടുക്കുണ്ടെങ്കിലും ലോലഹൃദയൻ ജസ്റ്റിന് അതൊക്കെ ഒരു വിഷയമാണ്. അനിയൻ ജോയലിന്റെ അടുത്ത്, ചുവന്ന നിറമുള്ള കാറിലിരുന്ന്, ജസ്റ്റിന്റെ കണ്ണുനിറയുന്നതും സദാ വളിപ്പടിക്കുന്ന ജോയൽ വരെ ഇമോഷൻ കൊണ്ടു തൊണ്ടയിടറുന്നതും സിനിമയുടെ പാർട്ട് 1 -ൽ നമ്മൾ കണ്ട് ചങ്ക് തകർന്നതാണ്.
ആഷ്ലിയുടെ തോളിൽ തൂങ്ങുന്ന ഹാൻഡ്ബാഗിൽ ജസ്റ്റിന്റെ കുഞ്ഞാന്റി വിവാഹസമ്മാനമായി അയച്ച മരക്കുരിശും കൊന്തയുമുണ്ട്. കുഞ്ഞാന്റി കന്യാസ്ത്രീ, ആളുകളുടെ ഉള്ളു തുരന്ന് രഹസ്യം കുഴിച്ചെടുക്കാൻ മിടുക്കുള്ളയാളാണ്. കുടുംബത്തിലെ എല്ലാ വിവാഹങ്ങൾക്കും സ്ഥിരമായി വിവാഹസമ്മാനമായി ഒരു മരക്കുരിശ് അയച്ചു കൊടുക്കും.
അതിനൊപ്പം, ആഷ്ലിയുടെ പഴയ വീട്ടിലെ കത്തിക്കരിഞ്ഞ വീട്ടുസാധനങ്ങളുടെ ചാമ്പലിൽ നിന്നും ജസ്റ്റിൻ കണ്ടെത്തി, ആഷ്ലിക്കു സമ്മാനിച്ച വയലിൻ കമ്പികൾ ചലിപ്പിക്കുന്ന പ്ലെക്ട്രം (Plectrum) നീലനിറത്തിൽ, കുരിശിനോടു മുട്ടി കിടക്കുന്നുണ്ട്. ആഷ്ലിയേയും അവളുടെ വയലിൻ വായനയേയും ഒരു പോലെ ഇഷ്ടപ്പെടുന്ന ജസ്റ്റിനെയാണ്, ആഷ്ലി പേഴ്സിലിട്ടിരിക്കുന്നത്.
ആഷ്ലിയുടെ അമ്മയ്ക്ക് അയർലൻഡിൽ നിന്നും കാശയച്ച് കുടുംബത്തെ മകൾ രക്ഷിക്കുമെന്ന വിശ്വാസം ഉറപ്പില്ലാത്ത ഒറ്റവരയിൽ നിന്നും രണ്ടുവരയിലേക്ക് മാറ്റപ്പെട്ടതിന്റെ ആശ്വാസമാണ് മുഖത്ത്.
കുടുംബത്തിന്റെ ഫോക്കസ് ആയ ജസ്റ്റിൻ മോൻ പോകുന്നതിൽ അച്ഛൻ ഡേവീസിനും അമ്മയ്ക്കും പെരുത്തു സങ്കടമുണ്ടെങ്കിലും അതിലും ശക്തമായി കുഞ്ഞിക്കാല് കാണാനുള്ള മോഹമുള്ളതുകൊണ്ട് കണ്ണുതുടച്ചു രംഗത്തിന് മൂകസാക്ഷികളാണ് ഇരുവരും.
ഭാവിയിൽ, ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ജസ്റ്റിൻ താങ്ങിക്കൊണ്ടുവരുന്ന കുപ്പിയുടെ വലുപ്പമോർത്ത് ആഷ്ലിയുടെ അച്ഛൻ, തങ്കച്ചൻ കണ്ണുമിഴിച്ചങ്ങനെ ചുമരിൽ ചാരി നിൽക്കുന്നു. ജസ്റ്റിൻ പോയാൽ തന്റെ കമ്പ്യൂട്ടർ ഗെയിം കളി മുടങ്ങുമല്ലോ എന്ന വേവലാതിയുള്ള അലൻ മോനെ തങ്കച്ചൻ ചേർത്തുപിടിച്ചു.
“ചേച്ചി പുതിയ കമ്പ്യൂട്ടർ നിനക്ക് വാങ്ങി തരും കേട്ടോ”, തങ്കച്ചൻ അലനെ ആശ്വസിപ്പിച്ചു.
ജസ്റ്റിൻ ചേട്ടൻ, തന്റെ ബലമായിരുന്നു. ഇനി ഭാവിയിൽ, വരാനിരിക്കുന്ന അടികളൊക്കെ ഈ മെലിഞ്ഞ ശരീരം എങ്ങനെ നേരിടുമെന്ന് ഓർത്ത്, ശരീരം വിറപ്പിച്ചും വിരലുകൾ ചുരുട്ടി നിവർത്തിയും ജോയൽ ഗാഢമായ ആലോചനയിലായിരുന്നു. എന്തായാലും അടുത്ത ഷോർട്ട് ഫിലിമിന്റെ പ്രൊഡ്യൂസർ, ജസ്റ്റിൻ ചേട്ടൻ തന്നെയാകുമെന്ന് ജോയൽ ഉറപ്പിച്ചു. ആ ഉറപ്പിന്റെ കുളിരിൽ ഉലഞ്ഞ് സഹോദരൻ ജസ്റ്റിനെ കെട്ടിപ്പിടിച്ച് യാത്രപറഞ്ഞു.
ഇനി തരികിടയൊക്കെ നിർത്തിക്കോ, അല്ലെങ്കിൽ അടികൊണ്ടു നീ വട്ടം മുറിയുമെന്ന്, ഹരി ചേട്ടനെ ഓർമ്മ വരുമ്പോൾ, സായൂജ്യ, മുൻകാമുകനും ഇപ്പോൾ ഭർത്താവുമായ ജോയലിനെ ഓർമ്മിപ്പിക്കും. കല്യാണം കഴിഞ്ഞ്, ജസ്റ്റിന് അയർലൻഡിലേക്ക് വിസ ലഭിക്കാൻ എടുത്ത കാലം കൊണ്ടു ഏറ്റവും മാറിപ്പോയത് സായൂജ്യയാണെന്ന് ജോയലിന് തോന്നാറുണ്ട്.
അത് കാമുകി ഭാര്യയാകുമ്പോളുള്ള സ്വഭാവികപരിണാമമാണെന്ന് നന്ദൻ വെങ്കിടങ്ങ് തന്റെ ഷോർട്ട് ഫിലിം ഡയറക്ടറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഒരു ഡയറക്ടർ ഗ്രൂപ്പിന്റെ ലീഡറാകണം, അംഗങ്ങളെ ഭരിക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ജോയൽ നന്ദനെ അശേഷം മൈൻഡ് ചെയ്യുന്നില്ല.
ഈ ചർച്ചയിൽ ഏറ്റവും ഉച്ചത്തിൽ ചിരിച്ചത് ഗ്ലിക്സൻ ആയിരുന്നു. ഇടയക്ക് ആക്റ്റീവാക്കുന്ന ഒരു കുഞ്ഞഗ്നിപർവ്വതം ഗ്ലിക്സന്റെ ഉള്ളിലുണ്ട്. അതു മാതിരി ചെയ്ത്തല്ലെ, ജോയലും ആഷ്ലിയും ജസ്റ്റിനും അവനോടു ചെയ്തത്!
ജസ്റ്റിൻ പോയാൽ ആകെ ഗ്യാസില്ലാത്ത സോഡ ഒഴിച്ച വോഡ്ക പോലെയാകും ജീവിതമെന്ന് മൊറെലി സിസ്റേഴ്സിനു തോന്നലുണ്ടെങ്കിലും നമ്മുടെ ജസ്റ്റിനും ആഷ്ലിയും ഒന്നിച്ചല്ലോ എന്ന ആശ്വാസത്തിലവർ ഇളിച്ചുകാട്ടി നിൽക്കുന്നു. അവരുടെ അനിയൻ, ജസ്റ്റിൻ ചേട്ടന്റെ ‘ചത’ ഇടയ്ക്ക് കിട്ടാതെ വരുമ്പോൾ ആകെ നാശകോശമാകുമോ എന്ന ആശങ്കയും അവർ പങ്കുവെയ്ക്കുന്നുണ്ട്.
കാറ്ററിംഗ് ബിസിനസ് അവസാനിപ്പിക്കേണ്ട എന്ന് കരുതി ബൈജു സേവ്യറേട്ടനേയും ബ്രിന്റോയേയും ഗ്ലിക്സനേയും ഏല്പിച്ചിട്ടാണ് ജസ്റ്റിൻ പറക്കാൻ ഒരുങ്ങുന്നത്. ചട്ടിയുടെ അടിയിൽ കരിഞ്ഞു പിടിച്ച സ്മോക്ക്ഡ് ചിക്കൻ ബ്രാൻഡാക്കും എന്ന് സേവ്യർ ചേട്ടൻ പ്രതിജ്ഞയെടുത്തത്, ജസ്റ്റിന്റെ ആറാം തിരുമുറിവായ അങ്കമാലി നിർഗമന വ്യാകുലത്തിൽ ആഴത്തിൽ പൂണ്ടു കിടക്കുന്നു.
രണ്ടാളെ യാത്രയാക്കാൻ ഒരു പഞ്ചായത്ത് മുഴുവനുമുണ്ടല്ലോ എന്ന് പരിഹസിക്കുന്ന സെക്യൂരിറ്റിഗാർഡിനെ മറികടന്നുപോകുമ്പോൾ ജസ്റ്റിൻ ഉറക്കെ പറഞ്ഞു.
‘അങ്കമാലി ഐ മിസ് യൂ…’
യാത്രക്ക് തയ്യാറെടുക്കുന്ന സമയത്ത് ജസ്റ്റിൻ അയർലൻണ്ടിൽ മസ്റ്റ് സീ, വിനോദകേന്ദ്രങ്ങൾ ഗൂഗിളിൽ തപ്പിയൊരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
*ആന്ട്രിം ഗ്ലെൻസ് (Glens of Antrim): ഒൻപത് മനോഹരമായ പച്ചപ്പാർന്ന താഴ്‌വരകളും മലനിരകളും കടൽത്തീരങ്ങളുമുള്ള സ്ഥലം. ചെറിയ യൂറോപ്യൻ ഗ്രാമങ്ങളും വീടുകളും ഉത്സവങ്ങളും ഇവിടം ആകർഷകമാക്കുന്നു.
*ജയന്റ്സ് കോസ്‌വേ (Giant’s Causeway): അഗ്നിപർവ്വത സ്ഫോടനത്തിൽ ഉത്ഭവിച്ച ബസാൾട്ട് ശിലകൾ കാണാവുന്ന കടൽത്തീരം.
*കാരിക്-എ-റെഡ് റോപ്പ് ബ്രിഡ്ജ് (Carrick-a-Rede Rope Bridge): അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലായി, ഇരുവശവുമുള്ള മലയിടുക്കുകളെ ബന്ധിപ്പിക്കുന്ന ഒരു ചെറിയ കയർ പാലം.
*ദി ഡാർക്ക് ഹെഡ്ജസ് (The Dark Hedges): ഇരുവശത്തുനിന്നും പരസ്പരം പിണഞ്ഞുനിൽക്കുന്ന ബീച്ച് (Beech) മരങ്ങൾ തീർത്ത പ്രകൃതിദത്തമായ ഒരു തുരങ്ക പാത.
*ടൈറ്റാനിക് ബെൽഫാസ്റ്റ്.
(Titanic Belfast): തലസ്ഥാന നഗരമായ ബെൽഫാസ്റ്റിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം.
*പ്രശസ്ത ഗായകരുടെ സംഗീതപരിപാടികൾ.
അയർലൻഡിന്റെ ഭംഗിയും വൃത്തിയും ആസ്വദിച്ച്, ജസ്റ്റിനും ആഷ്ലിയും മനം കവരുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ബക്കറ്റ് ലിസ്റ്റിൽ അടയാളപ്പെടുത്തുന്നു. പ്രണയമിഥുനങ്ങൾ ഡ്യുവറ്റ് പാടുന്ന സീനുകൾ പരമാവധി നീളത്തിൽ കയറ്റി, മൊത്തം അയർലൻഡിന്റെ ഭംഗി രണ്ടാം ഭാഗത്തിൽ, ഫ്രെയ്മിൽ നിറച്ചിരിക്കുന്നു.
ജീൻസിട്ടപ്പോൾ, മുണ്ട് മടക്കിക്കുത്തുന്ന സൗകര്യം പോയതിന്റെ വൈക്ലബ്യം ഇടയ്ക്ക് ജസ്റ്റിന്റെ മുഖത്തു മിന്നിമായും.
‘എന്റെ സ്വന്തം അങ്കമാലി തന്നെ കയ്യീന്ന് പോയി, പിന്ന്യാ മുണ്ട്?’, ജസ്റ്റിൻ സ്വയം ആശ്വസിച്ചു.
പ്രായവ്യത്യാസം കാറ്റിൽ പറത്തി, പൂമ്പാറ്റയെ പോലെ പറക്കുന്ന ആഷ്ലിയുടെ കൂടെ ജസ്റ്റിൻ ചുവടുവെച്ച്, ഇൻസ്റ്റയിൽ അയർലൻഡിന്റെ ഭംഗി തട്ടിത്തൂവുന്ന റീൽസ് പോസ്റ്റ് ചെയ്തു.
വാട്ട്സ്ആപ്പ് ഡിപി എല്ലാ ദിവസവും അവർ ഉറങ്ങാൻ പോകും മുമ്പ് മാറ്റി. നാട്ടിലുള്ളവർ തങ്ങളുടെ പുതിയ ഡിപി കണികണ്ടുണരാൻ, യൂറോപ്യൻ സമയത്തെ തോൽപ്പിച്ചു കളഞ്ഞു.
പള്ളിക്കിണററിലെ വീഴ്ചയിലും മുങ്ങിപൊങ്ങലിലും ഹരിയുടെ നട്ടെല്ലിൽ ഡിസ്ക്കിന് സ്ഥാനചലനം സംഭവിച്ചിരുന്നു. ഞരമ്പു വലിയുന്ന വേദനയിൽ ചുരുളുമ്പോൾ, ജസ്റ്റിൻ നാടുവിട്ടതിനുള്ള സന്തോഷത്തിൽ, എല്ലാ പോസ്റ്റിനും ലൈക്കടിച്ചും ശ്ലോകമെഴുതിയും കമന്റ് ബോക്സ് നിറച്ച് ഹരി, ജസ്റ്റിനെ പ്രോത്സാഹിപ്പിച്ചു.
പോസ്റ്റുകൾ തിരിഞ്ഞു നോക്കാത്ത ഒരാൾ അലക്സായിരുന്നു. ആഷ്ലിയുടെ കല്യാണം കഴിഞ്ഞപ്പോൾ, താൻ പണിത പാരയൊക്കെ പാഴായി പോയല്ലോ, എന്ന ചമ്മലിൽ ബിജിയുടെ അനിയൻ അലക്സ്, തൃശ്ശൂർ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി.
കൗണ്ടറിനു മുന്നിലെ ക്യൂവിലെ മനുഷ്യരുടെ ഭാഷയിൽ ട, ണ്ട, ട്ട യും സ്ഥാനത്തും അസ്ഥാനത്തും പൊട്ടിവീണ് അലക്സിന്റെ ചെവിക്കല്ല് പൊട്ടിത്തെറിച്ചതല്ലാതെ അയാൾക്കൊന്നും മനസ്സിലായില്ല. കണ്ണുമിഴിച്ചു നിൽക്കുന്ന അയാളെ നോക്കി, ഒരു തൃശ്ശൂർക്കാരൻ അലറി.
“ടാ… കള്ളത്താടീ, എന്തൂട്ടാടാ നീ മിഴിച്ച് നിക്കണെ? ഈ കാശ് കിട്ടീട്ട് എനിക്ക് കടേ പോണ്ടതാടാ. വേഗം കാശു തരാൻ പറ്റില്ലങ്ങേ ഇരുമ്പുക്കൂട്ടീന്ന് എറങ്ങി പോടാ… പണ്യറിയണോരെ ബാങ്ക് വെക്കട്ടെ… ങും… ഇതെന്ത് തേങ്ങേടെ മൂടാ, ഇയാള് ഇതിന്റുള്ളില് കാട്ടണെ?”
ഇരമ്പുക്കൂട് എന്ന വാക്കു കേട്ടപ്പോൾ തന്നെ ഒരിക്കലും ഓർക്കരുത് എന്ന് കരുതിയ ജസ്റ്റിൻ മുണ്ടു മടക്കിക്കുത്തി, മുന്നിൽ വന്നു നിന്ന പോലെ അലക്സ് വിറളി പിടിച്ചു.
“ദൈവം തമ്പുരാനെ എന്നെ ഇങ്ങനെ പരീക്ഷിക്കല്ലെ, ഒരു ബാങ്ക് ഉദ്യോഗസ്ഥന് ഒരു പിച്ചക്കാരന്റെ വില പോലുമില്ലെ? ഇതാണോ തൃശ്ശൂരിന്റെ സ്നേഹസമ്പന്നരായ മക്കള്?”, അയാൾ ഇരുമ്പുക്കൂടിൽ രക്തം വിയർത്തു.
എങ്ങനെയെങ്കിലും തൃശ്ശൂർ സ്ലാങ് പഠിച്ചെടുക്കാനുള്ള തത്രപ്പാടിൽ അലക്സ് ഫോൺ പോലും തുറക്കാറില്ല. ഓൺലി ഇൻകമിംഗ് കോളിന് മറുപടി മാത്രമായി ചുരുങ്ങിയ അലക്സിന് ജസ്റ്റിന്റെ റീൽസ് നോക്കാൻ എവിടെ നേരം?
***
“ഇനിയാണ് ശരിക്കുള്ള സ്ട്രഗിൾ, ജസ്റ്റിൻ ചേട്ടന് ഒരു നല്ല ജോലി കണ്ടുപിടിക്കണം”, ആഷ്ലി തെല്ലു ഗൗരവത്തിലാണ്.
“പേടിക്കാതെ ആഷ്ലി, വിദ്യാഭ്യാസമുണ്ട്, തൊഴിൽ പരിചയമുണ്ട്, മസിൽ പവറുണ്ട്, എനിക്കാണോ ജോലി കിട്ടാൻ പ്രയാസം?”, ജസ്റ്റിൻ തലയുയർത്തി, സ്റ്റെലിൽ താടിയുഴിഞ്ഞു.
“അതു തന്നെയാണ് എനിക്ക് പേടി”, ആഷ്ലി പിറുപിറുത്തു.
കുഞ്ഞാന്റി സമ്മാനിച്ച മരക്കുരിശ് ആഷ്ലി, മുറിയുടെ മൂലയിലുള്ള സ്റ്റാൻഡിൽ വെച്ചിരുന്നു. അതിനോടു ചേർത്തു വെച്ചിരിക്കുന്ന നീലനിറത്തിലുള്ള പെക്ട്രം,
കല്യാണ ഫോട്ടോ, പിങ്ക് ബോഗൈൻ വില്ല പൂക്കൾ, പൂത്തുലഞ്ഞു നിൽക്കുന്ന അങ്കമാലിയിലെ വീടിന്റെ ചിത്രം, മ്യൂസിക് സിഡികൾ, ബോർഡിൽ പിൻ ചെയ്ത ബക്കറ്റ് ലിസ്റ്റിന്റെ ബോൾഡ് പ്രിന്റ്, ചുമരിൽ ചാരിവെച്ചിരിക്കുന്ന വയലിൻ, എല്ലാം മാറി മാറി നോക്കി ജസ്റ്റിൻ സമയം കൊന്നു. നൊസ്റ്റാൾജിയയും പ്രണയവും കൂടികലർന്ന് അയാൾ പരവശനായി.
ജസ്റ്റിൻ, വിവാഹം നാടുകടുത്തുന്ന അനേകം മനുഷ്യരിൽ ഒരാളായി. ബിരിയാണിയുണ്ടാക്കി, ജോലിക്ക് പോകുന്ന ആഷ്ലി തിരിച്ചു വരുന്നതു കാത്തിരുന്നു. കണ്ണാടിയിൽ നോക്കി, അയർലണ്ടിലെ ഇംഗ്ലീഷ് സ്ലാങ് പരിശീലിച്ചു, നരച്ച മുടിയിഴകൾ പറിച്ചെടുത്തു.
വിവാഹജീവിതമെന്നാൽ ഇങ്ങനെയാണെന്ന്, കല്യാണം കഴിക്കാത്ത കുഞ്ഞാന്റിക്ക് എങ്ങനെ അന്തർജ്ഞാനം ഉണ്ടായി എന്നാലോചിച്ച് ജസ്റ്റിൻ ഇടയ്ക്കിടെ മരക്കുരിശ് തൊട്ടുമുത്തി, ദിവസങ്ങൾ ഓടിമറഞ്ഞു.
നാട്ടിൽ ജസ്റ്റിന്റെ അമ്മയുടെ മുട്ടിപ്പായ പ്രാർത്ഥന കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ കർത്താവ് രണ്ട് ജോടി, കുഞ്ഞിക്കാൽ ഒറ്റയടിക്ക് കൊടുത്ത് ജസ്റ്റിന്റേയും ആഷ്ലിയുടേയും ദാമ്പത്യം പൂവണിയിച്ചു.
ഇരട്ടകുട്ടികളെ പ്രതീക്ഷിച്ചിരിക്കുന്ന ജസ്റ്റിൻ ഉഷാറായി ജോലി തിരഞ്ഞെങ്കിലും അയക്കുന്ന റെസ്യൂമെകൾ, ചുവരിൽ റബ്ബർ പന്തടിച്ച പോലെ തിരിച്ചു വന്നു. ഒരു ക്ഷമാപണം, റിജക്ഷൻ മെയിലിൽ തീർച്ചയായും ചാറ്റ് ജിപിടി ഭാഷയിൽ ഉണ്ടായിരുന്നു എന്നതായിരുന്നു ഏക ആശ്വാസം.
എന്തു തൊഴിലും ചെയ്യാമെന്ന പരുവത്തിലായ ജസ്റ്റിൻ, അങ്കമാലിയിലെ കാറ്ററിംഗ് പ്രൊപ്രൈറററെ മനസ്സിൽ നിന്നും തുടച്ചു നീക്കി, റെസ്റ്റോറന്റിൽ പാത്രം കഴുകാൻ തുടങ്ങി. ബിരിയാണി ചെമ്പിനോളം പോന്ന ചരുവങ്ങളും കൂറ്റൻ ട്രേകളും കോപ്പകളും കഴുകി കൊണ്ടിരിക്കുന്ന ജസ്റ്റിനെ തെറി വിളിച്ച സായിപ്പിനെ കൈക്കരുത്തിൽ വൃത്തിയായി പൂശി. തല്ലുകൊണ്ടു ചുവന്ന സായിപ്പിനെ മറികടന്ന് അടുക്കളയിൽ നിന്നും ഓടിപ്പോയി.
“അണ്ണാൻ മരം കേററം മറക്കില്ലല്ലോ, ഈ മസിൽ പവർ തന്നെയാണ് എന്റെ പേടി”, ആഷ്ലി തന്റെ ആകുലത വ്യക്തമാക്കി.
“ഈ ജെൻ സി തലമുറ, പഴംചൊല്ല് പറയ്വോ “, ജസ്റ്റിന്റെ കോമഡിയിൽ ആഷ്ലി ചിരിച്ചില്ല.
“പേടിക്കേണ്ടടീ, ഞാൻ അരമണിക്കൂർ മുമ്പ് തിരിച്ചുപ്പോയി സോറി പറഞ്ഞു, അയാളിനി പോലീസിൽ റിപ്പോർട്ട് ചെയ്യാനൊന്നും പോണില്ലെന്ന് പറഞ്ഞു. ഞങ്ങളിപ്പം കൂട്ടുകാരായി.”
“അതു നന്നായി, എന്റെ ജസ്റ്റിൻ ചേട്ടൻ, നല്ല കാരക്ട്യറുള്ള ആളല്ലെ, എനിക്കറിയാം. അതല്ലെ ഞാൻ ഇഷ്ടപ്പെട്ടത്, വാശിപ്പിടിച്ചത്, അമ്മയുടെ തല്ലു കൊണ്ടത് “, ആഷ്ലി ജസ്റ്റിനെ നോക്കി കണ്ണിറുക്കി.
“ഉം… കുറച്ചു നേരത്തെ അതൊന്നുമല്ലല്ലോ നീ പറഞ്ഞത്?” ഒരു ഇന്റർനാഷണൽ കാളിന്റെ റിംഗ് ടോൺ, ആഷ്ലിയെ വിഷമവൃത്തത്തിൽ നിന്നും മോചിപ്പിച്ചു.
“ഗ്ലിക്സനാണ് വിളിക്കുന്നത്, ഞാൻ സ്പീക്കറിൽ ഇടാം “, ജസ്റ്റിൻ ആഷ്ലിയെ ചേർത്തുപിടിച്ചു.
ഗ്ലിക്സൻ ഒരു ബേക്കറി തുടങ്ങാനുള്ള പ്ലാനുണ്ടെന്നും ഇത്തിരി ഫണ്ട് കുറവുണ്ട് സഹായിക്കാമോ എന്ന ആവശ്യമായാണ് വിളിച്ചത്.
“ങാ… നീ തുടങ്ങിക്കോ ഗ്ലിക്സാ, ഞാൻ സഹായിക്കാം, എന്താ ബേക്കറിയുടെ പേര്?”, ജസ്റ്റിൻ അന്വേഷിച്ചു.
“ഒരു പേര് മനസ്സിലുണ്ട്, ബ്രിന്റോ ചേട്ടൻ നിങ്ങളോടു ചോദിച്ചിട്ട് മതിയെന്ന് പറഞ്ഞു”, ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഗ്ലിക്സൻ അറിയിച്ചു.
“എന്താടാ നീ പറയ്”, ജസ്റ്റിൻ പ്രോത്സാഹിപ്പിച്ചു.
“മൈസൂർപാക്ക് ആന്റ് സ്വീറ്റസ് ബേക്കേഴ്സ് “, ബേക്കറിയുടെ പേര് വൻകരകൾ താണ്ടിയെത്തി.
“ആഹാ… അതു കലക്കും, ഗ്ലിക്സാ… നീയൊരു സംഭവാട്ടോ”, പിന്നെയവർ മിണ്ടിയതെല്ലാം ചിരിയിൽ മുങ്ങി.
റെസ്റ്റോറന്റിൽ പാത്രം കഴുകിയും സെക്യൂരിറ്റി ജോലി ചെയ്തും ട്രക്ക് ഓടിച്ചും സാവധാനം പരിചയക്കാരുടെ നെറ്റ് വർക്ക് വിപുലപ്പെടുത്തി, ജസ്റ്റിൻ ഒരു ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ സെയിൽസ് ഡിപാർട്ട്മെന്റിൽ ജോലി നേടി. പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുവാൻ പഠിച്ച കാരക്ട്യറുള്ള ജസ്റ്റിൻ, കമ്പനിയുടെ ടോപ് സെയിൽസ് എക്സിക്യൂട്ടീവായത് വളരെ വേഗത്തിലായിരുന്നു. ജസ്റ്റിന്റെ ബക്കറ്റ് ലിസ്റ്റിലും ടിക്ക് മാർക്കുകൾ വീണു.
***
ആഷ്ലിക്കും ജസ്റ്റിനും അച്ഛനമ്മമാരെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവന്നു അയർലൻഡ് കാണിക്കാനുള്ള ആഗ്രഹം കലശലായി.
ഡ്യൂട്ടി സമയത്ത് വെള്ളമടിച്ച്, വെളിവില്ലാതെ കണ്ണിൽ കണ്ട ഫ്യൂസെല്ലാം വലിച്ചൂരി രണ്ടാമത്തെ സസ്പെൻഷൻ കഴിഞ്ഞ് ഡിസ്മിസിൽ വാങ്ങിയിരിക്കുന്ന തങ്കച്ചനായിരുന്നു, യാത്രക്ക് ഏറ്റവും ആവേശം. അയർലൻണ്ടിൽ, മക്കളുള്ള തള്ളമാരെ ചേർക്കുന്ന മിണ്ടാമഠം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോലും വീട്ടിൽ സ്വൈര്യം ലഭിക്കാത്ത അയാൾ വ്യാമോഹിച്ചു.
അങ്കമാലിയിൽ ഇഷ്ടപ്പെട്ട സ്ഥലം വാങ്ങി പുതിയ വീടുവെച്ച സന്തോഷവും കഴുത്തിലും കൈയിലും നിറഞ്ഞ പൊന്നുമായി, ആഷ്ലിയുടെ അമ്മ ബിജി തങ്കച്ചൻ ഒന്നു മിനുങ്ങിയിട്ടുണ്ട്. എന്നാലും അനിയൻ അലക്സിന്റെ ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ, സെന്റി ഡയലോഗുകളും ചേർത്ത് ആഷ്ലിയെ ധരിപ്പിക്കണം എന്നതാണ് ബിജിയുടെ യാത്രയുടെ ഗൂഢലക്ഷ്യം.
സീറ്റ് ബെൽറ്റിടലും ടോയ്ലറ്റിലെ ടിഷ്യൂ പേപ്പറും തുടങ്ങി ക്ലീഷേ തമാശകൾ കണ്ട് ജനം ചിരിക്കില്ല എന്ന കാരണത്താൽ നാലുപേർ വിമാനത്തിലിരിക്കുന്ന സീൻ സിനിമയിലില്ല. ആദ്യാവസാനം ഹ്യൂമർ വാരിവിതറിയ സംഭാഷണങ്ങളും കൗണ്ടറുകളും കേട്ടു ചിരിച്ച്, ഒന്നാംഭാഗം പ്രണയകഥ വിജയിപ്പിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തേണ്ട എന്ന തീരുമാനമാണ്.
പകരം നാമമാത്രമായി തുണിയുടുത്ത് നടക്കുന്ന മദാമ്മമാരേയും കൂടെ നടക്കുന്ന സായിപ്പിനേയും അവരുടെ കൈയിലെ നീണ്ട തുടലിൽ പൂട്ടിയ കുരയ്ക്കാത്ത നായ്ക്കളേയും കൊളുത്തില്ലാതെ ആകാശത്ത് തൂങ്ങിക്കിടക്കുന്ന ബഹുനിലകെട്ടിടങ്ങളും കണ്ട് കണ്ണു മഞ്ഞളിച്ച് നടക്കുന്ന നാലു പേരും അവരെ നയിച്ച് നടക്കുന്ന ജസ്റ്റിനും ആഷ്ലിയും വളർന്ന് ഓടിനടക്കുന്ന രണ്ട് ജോഡി കുഞ്ഞിക്കാലുകളും രണ്ടാം ഭാഗത്തിലുണ്ട്.
ഡേവീസ് പപ്പക്ക് പരിപ്പുവടയും ഉഴുന്നുവടയും വറത്തു കോരുന്ന ആഷ്ലിയും പിള്ളേരുടെ ഇംഗ്ലീഷിൽ മുങ്ങിത്താണ് ശ്വാസം മുട്ടുന്ന വൃദ്ധജനങ്ങളും ക്ലോസ് അപ്പ് ഷോട്ടിൽ വരും.
പത്തൊമ്പതാമത്തെ ഷോർട്ട് ഫിലിമും പൊട്ടി, ഇനി വെബ് സിരീസിന്റെ കാലമാണ്, അതിന്റെ പണിപ്പുരയിലാണെന്ന് വീമ്പടിച്ചു നടക്കുന്ന ജോയലിനെ കുറിച്ച് അമ്മ, ജസ്റ്റിനോടു പതം പറഞ്ഞു.
“അതൊക്കെ കഴിവുള്ള ആൾക്കാർക്ക് പറഞ്ഞ പണിയാണ്, അവനോട് വെറേ എന്തെങ്കിലും, പറ്റുന്നത് ചെയ്യാൻ പറ “, മൊരിഞ്ഞ പരിപ്പുവട കറുമുറെ കടിച്ച് ജസ്റ്റിൻ പറഞ്ഞു.
“വിവരം വേണ്ട പണിയാണെങ്കില് അവന് ഇനി ഒന്നും ചെയ്യേണ്ടി വരില്ല.”
പപ്പ ഡേവീസിന്റെ നെഗറ്റീവ് സ്റ്റേറ്റ്മെന്റ് ജസ്റ്റിന്റെ അമ്മയ്ക്കത്ര പിടിച്ചില്ല, മുഖം വക്രിച്ച് കുത്തിത്തുളയ്ക്കുന്ന നോട്ടം നോക്കിയവർ പ്രതിഷേധിച്ചു. ഇത് പതിവ് അഭ്യാസമായതിനാൽ ജസ്റ്റിൻ ഇടപ്പെട്ടില്ല, പകരം വടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
വിസ കാലാവധി കഴിയുന്നവരെ സന്ദർശകർ അയർലൻഡ് കറങ്ങി കണ്ടു.
***
ജസ്റ്റിന്റെ മുടിയും താടി രോമങ്ങളും നരക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ച് കാലം പറന്നുപോയി. മക്കൾ കൗമാരത്തിന്റെ പടിയിലെത്തി, ക്രമേണ ഗ്രാജുവേഷൻ ഫോട്ടോകൾ ഭിത്തിയിൽ നിറഞ്ഞു.
നല്ല മുന്നൊരുക്കത്തോടെ, ജസ്റ്റിൻ പറഞ്ഞു.
“മക്കൾ വളർന്നില്ലെ, നമുക്ക് നാട്ടിലേക്ക് തിരിച്ചു പോയാലോ? ആഷ്ലിയുടെ അമ്മ ആഗ്രഹിച്ചതൊക്കെ ചെയ്തു തീർന്നല്ലോ.”
“ഉം… ഞാനും കുറച്ചു നാളായി അതാലോചിക്കുകയാണ്”, ആഷ്ലി വയലിൻ കമ്പികളിൽ തൊട്ട് ജസ്റ്റിന് ഇഷ്ടപ്പെട്ട മെലഡി വായിച്ചു. വലിയ പ്രതിരോധം അയാൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അയാളെ വർഷങ്ങൾക്കിപ്പുറം, ആഷ്ലി വീണ്ടും ഞെട്ടിച്ചു.
“എനിക്ക് വേണ്ടിയാണ്, ജസ്റ്റിൻ ചേട്ടൻ ഇവിടെ വന്നതെന്നറിയാം, ഇനി ജസ്റ്റിൻ ചേട്ടന് വേണ്ടി നാട്ടിൽ ബാക്കി കാലം ആകാമെന്നേയ് “, ആഷ്ലിയുടെ മുഖം ശാന്തവും സ്വരം ആർദ്രവുമായിരുന്നു.
അവളുടെ കണ്ണുകളിൽ തിരയിളക്കി, ചുണ്ടിൽ വിരിഞ്ഞ ചിരിയും പ്രണയവും ജസ്റ്റിൻ തൊട്ടെടുത്തു. പുറത്ത് മഴ ചിണുങ്ങി പെയ്യാൻ തുടങ്ങിയിരുന്നു. മടക്കയാത്രക്ക് ഒരുങ്ങുന്ന ആഷ്ലിയുടെ ഹാൻഡ്ബാഗിൽ വയലിൻ പ്ലെക്ട്രം നീലവെളിച്ചത്തിൽ മയങ്ങിക്കിടന്നു.
‘അസ്ഥിയിൽ തൊടുന്ന പ്രണയശേഷിപ്പുകൾ, എന്നുമുള്ളിൽ ജ്വലിച്ചു കൊണ്ടിരിക്കും.’
വിമാനം താണിറങ്ങാൻ തുടങ്ങി. കൊച്ചിക്കായലും പഞ്ചാരമണലിന്റെ വെൺപരപ്പും പച്ചക്കുട വിടർത്തിയ തെങ്ങിൻ തലപ്പുകളുമായി തന്റെ പ്രിയമുള്ള ദേശം തെളിയുന്നത്, തെളിഞ്ഞ നീലമേഘങ്ങൾക്കിടയിലൂടെ ജസ്റ്റിൻ പ്രേമത്തോടെ നോക്കിയിരുന്നു.
അവരെ സ്വീകരിക്കാൻ ഒരു പഞ്ചായത്ത് മുഴുവനും വീണ്ടും ഒന്നിച്ചെത്തി. അടുത്ത ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ യോഗം ജസ്റ്റിന്റെ വീട്ടിൽ തന്നെ നടത്തണമെന്നു മടക്കയാത്രയിൽ തന്നെ തീരുമാനിക്കുന്ന ദൃശ്യത്തോടെ രണ്ടാം ഭാഗം അവസാനിക്കുന്നു.
ശുഭം.
വാൽകഷണം:
തീർച്ചയായും മൂന്നാംഭാഗം ഇറക്കുമെന്നും കഥാചർച്ച നടക്കുകയാണെന്നും സംവിധായകൻ ഓൺലൈൻ മീഡിയയിലൂടെ അറിയിച്ചു. മൂന്നാം ഭാഗത്തിൽ ജോയലിനെ ഒരു ഹോളിവുഡ് സംവിധായകനായാണ് അവതരിപ്പിക്കുന്നത് എന്നും സൂചിപ്പിച്ചു.
സിനിമയുടെ തലേലെഴുത്ത് ആർക്കറിയാം? ഇതൊന്നു കണ്ടു നോക്കട്ടെ, എന്നിട്ട് പറയാം മൂന്നാം ഭാഗം വേണോ എന്ന്. അഭിപ്രായം കാറ്റത്തിട്ട്, രണ്ടാം ഭാഗം കാണാൻ മലയാളി തിയേറ്ററിൽ പ്രേക്ഷകർ ഇടിച്ചു കയറി. ചിലർ റിവ്യൂ വായിച്ച്, നിർദ്ദേശങ്ങൾ കമന്റ് ചെയ്തു പ്രബുദ്ധരായി ഒ.ടി.ടി (OTT ) റിലീസിന് കാത്തിരുന്നു.
Reference and courtesy :
Film Bethleham kudumba unit, directed by Girish A. D. and produced by Bhavana Studios, 2026.
Google.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
ആശ്വാസം രണ്ടാം ഭാഗം സൂപ്പർ 😘😘🫂🫂🫂💫💫💫 💫💫ചേച്ചി ചക്കരയുമ്മ 😘😘😘😘😘😌😌ഏന്താ പറയേണ്ടത് അറിയാതെ ഇരിക്കുന്ന ഞാൻ 😘😘😘 ഒത്തിരി സ്നേഹത്തോടെ ലെച്ചു 😌😌😘😘