രാവിലെ തന്നെ തൻ്റെ ദേഷ്യവും സങ്കടവുമെല്ലാം അടുക്കളയിലെ പാത്രങ്ങളോട് തീർക്കുകയാണ് ആഷ്‌ലി… എന്തൊക്കെയാ പിറുപിറുക്കുന്നുമുണ്ട്.
ബാത്റൂമിൽ കണ്ണാടിക്ക് മുന്നിൽ നരച്ച മുടി കറുപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ജസ്റ്റിൻ. കണ്ണടക്ക് ഉള്ളിലൂടെയും മുകളിലൂടെയും പണിപ്പെട്ടു നോക്കി തലയിലെയും താടിയിലെയും വെള്ള മുടിയിഴകളിൽ എല്ലാം അയാൾ ഡൈ തേച്ചുപിടിപ്പിച്ചു.
ഓ…തുടങ്ങിയോ…
ഇന്ന് എന്താണാവോ പ്രശ്നം ! അയാള് ആലോചിച്ചു :
തലയുടെ പിൻഭാഗം തേക്കാനുള്ള ഹെയർ ഡൈയുമായി ജസ്റ്റിൻ നിസ്സഹായനായി നിന്നു. ഇനി ഇത് തേച്ച് തരാൻ അവളോട് എങ്ങനെ പറയും ?
ബാത്റൂമിൽ നിന്നിറങ്ങി അന്തരീക്ഷം ഒന്ന് തണുപ്പിക്കാനായി ഒരു ചെറുപുഞ്ചിരി വിരിയിച്ചുകൊണ്ട് അയാൾ അടുക്കളയിലേക്ക് നടന്നു.
ഓഹോ.. ഇന്ന് കരിയും വാരി തേച്ച് എങ്ങോട്ടാ..? ദേഷ്യം കൊണ്ട് വിറച്ച് ആഷ്‌ലി ചോദിച്ചു.
ഇന്ന് തൻ്റെ കോളേജ് ഗ്രൂപ്പിലെ സഹപാഠികളുടെ കൂടിച്ചേരലാണ്. അതിന് പോകാൻ തീരുമാനിച്ചത് അവളെ ചൊടിപ്പിച്ചിട്ടുണ്ട്..
ഭാര്യ എത്രപെട്ടന്നാണ് ഭദ്രകാളിയായി മാറുന്നതെന്നോർത് അയാൾ അത്ഭുതപ്പെട്ടു. ഇന്നലെ ഉറങ്ങുമ്പോഴും ഇന്ന് എഴുന്നേൽക്കുമ്പോഴും യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. പെട്ടെന്ന് എന്ത് സംഭവിച്ചു ! ഈയിടെയായി ആഷ്ലിയുടെ സ്വഭാവത്തിലെ മാറ്റം അയാൾ ശ്രദ്ധിക്കുന്നുണ്ട്. നിന്ന നിൽപിൽ മാറിമറിയുന്ന സ്വഭാവം.. കാരണമില്ലാത്ത ദേഷ്യം, സങ്കടം കരച്ചിൽ….
അവധി ദിവസമായിട്ട് ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേ നിങ്ങൾ ? മകൾ ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്നു.
ഒരു മകളാണ് ജസ്റ്റിനും ആഷ്‌ലിക്കും. ടൗണിലെ സ്കൂളിൽ പ്ലസ് റ്റു വിനു പഠിക്കുന്നു.
ഇന്നെന്താ പുകിൽ.. അവൾ ചോദിച്ചു.
ഇന്ന് എങ്കിലും പുറത്ത് എവിടെയെങ്കിലും പോകുമെന്ന് വിചാരിച്ചതായിരുന്നുഒരുപാട് നാളായി ഒരു സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരും എന്നും സിനിമയും ടൂർ ഒക്കെയായി ജീവിതം ആഘോഷിക്കുന്നു. ഞാൻ മാത്രം എന്നും ഈ അടുക്കളയിൽ. ആഷ്‌ലി ദേഷ്യവും സങ്കടവും അടക്കി പറഞ്ഞു..
അപ്പോൾ അതാണ് കാര്യം. വാട്സ്ആപ്പ് ഗ്രൂപ്പിലുള്ള ആരോ ഇന്ന് എവിടെയോ ടൂർ പോയിരിക്കുന്നു. സ്റ്റാറ്റസ് കണ്ടിരിക്കാം. ജസ്റ്റിന് മനസ്സിലായി.
സിനിമ കാണണമെങ്കിൽ ഇവിടെ ടിവിയിലോ ഫോണിലും ആകാലോ.. പുട്ടിന് തേങ്ങ പോലെ ഇടയ്ക്കിടെ പരസ്യം വരുന്നത് അല്ലാതെ കഥയ്ക്ക് മാറ്റം ഒന്നും ഇല്ലല്ലോ. സൗകര്യം പോലെ ഇരുന്നു കാണുകയും ചെയ്യാം. വേറെ പണിയൊന്നുമില്ലല്ലോ.
ഇനി തിയേറ്ററിൽ തന്നെ കാണണം എന്നാണെങ്കിൽ മോളെയും കൂട്ടി പൊയ്ക്കോളൂ. തിയേറ്ററിൽ എസി തണുപ്പിൽ രണ്ടു മണിക്കൂർ ഇരിക്കാൻ എനിക്ക് പറ്റില്ല. നടുവേദനയാണ്. തണുപ്പടിച്ചാൽ ജലദോഷവും പിടിക്കും.
“വേറെ പണിയൊന്നും ഇല്ലല്ലോ”എന്ന ജസ്റ്റിന്റെ ചോദ്യം ആഷ്ലിയെ വല്ലാതെ വേദനിപ്പിച്ചു.
(അയർലൻഡിൽ ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്തിരുന്നു ആഷ്ലി. പ്രണയ വിവാഹമായിരുന്നു അവരുടെത്. വിവാഹശേഷം ജസ്റ്റിനെയും അവിടേക്ക് കൊണ്ടുപോയി. അയാൾക്കും അവിടെ ഒരു ജോലി തരപ്പെടുത്തി സുഖമായി ജീവിച്ചു വരികയായിരുന്നു. അവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചു. അവിടത്തെ തിരക്ക് പിടിച്ച ജീവിതവും വ്യായാമമില്ലായ്മയും അയാളെ പലവിധ രോഗങ്ങളും കീഴ്പെടുത്തി. ചെറിയ ഒരു നെഞ്ചുവേദനയിൽ തുടങ്ങി അതിസങ്കീർണ്ണതയിൽ അവസാനിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയതാണ് അവർ. ജസ്റ്റിൻ പഴയ കാറ്ററിംഗ് സർവീസ് തന്നെ ആരംഭിച്ചു. ആഷ്ലി ജോലിക്കൊന്നും ശ്രമിക്കാതെ ഭർത്താവിനും മകൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. ആ അവളോടാണ് വേറെ പണിയൊന്നുമില്ലല്ലോ എന്ന് കുറ്റപ്പെടുത്തിയത്. അറിയാതെ പറയുന്നതാണെങ്കിലും ചില വാക്കുകൾ അവളെ അല്ലാതെ നോവിക്കാറുണ്ട്.)
എന്ത് പറഞ്ഞാലും ഉള്ളതാണ് ഒരു നടുവേദനയും മുട്ടുവേദനയും. ഈ വീട്ടിലെ മുഴുവൻ ജോലിയെടുക്കുന്ന എനിക്ക് ഇതൊന്നും ഇല്ലല്ലോ. വെറുതെ ഓരോരോ കാരണങ്ങൾ പറയുകയാണ്. ആഷ്‌ലി ദേഷ്യത്തോടെ മുഖം തിരിച്ചു.
അതിന് നിനക്കും എനിക്കും ഒരേ പ്രായമാണോ? നിന്നെക്കാൾ പതിനഞ്ചുവയസ്സ് കൂടുതൽ അല്ലേ എനിക്ക്. ജസ്റ്റിൻ പറഞ്ഞു.
ഓ… ഈ പ്രായ വ്യത്യാസം ഇതുപോലൊരു കുരിശാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആഷ്‌ലി നെറ്റിയിൽ കൈ തല്ലി പറഞ്ഞു..
അതു തന്നെയാടീ… പണ്ട് ഞാനും നിൻ്റെ അമ്മയുമടക്കം പലരും നിന്നെ ഉപദേശിച്ചത്. അന്ന് എന്തായിരുന്നു നിൻ്റെ ഡയലോഗ്….
“എൻറെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് മൊമെന്റ് നിങ്ങളോടൊപ്പമാണ്. നിങ്ങളില്ലാതെ എനിക്കൊരു ജീവിതമില്ല…. എന്തൊക്കെയായിരുന്നു. ഇപ്പോ എന്തേ? എല്ലാറ്റിനും ഒരു തീരുമാനമായോ..?
ജസ്റ്റിൻ ദേഷ്യം കൊണ്ട് വിറച്ചു..
നമ്മൾ തമ്മിലുള്ള പ്രായ വ്യത്യാസം എനിക്കെന്നും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. പ്രായം വെറുമൊരു നമ്പറാണ്. നിങ്ങളാണ് മാറേണ്ടത്. ഒരു പഴഞ്ചൻ ചിന്താഗതിയും കർക്കശ സ്വഭാവവും ദേഷ്യവും. നിങ്ങൾക്ക് എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ എന്താ? പറഞ്ഞു തീർന്നതും ആഷ്ലി പൊട്ടി കരഞ്ഞു.
പ്രായം വെറും നമ്പറാണ് ആണെന്നൊക്കെ പറയാൻ എളുപ്പമാണ്. കണ്ണാടിയിലെ പ്രതിബിംബവും, സ്റ്റെപ്പ് കയറുമ്പോൾ കാൽമുട്ടുകളും അത് ഓർമിപ്പിക്കുന്നുണ്ട്. ജസ്റ്റിൻ പിറുപിറുത്തു.
ചില നേരത്തെ ആഷ്ലിയുടെ മുഖഭാവം കാണുമ്പോൾ ജസ്റ്റിന് അവളുടെ അമ്മയെ ഓർമ്മവരും. ജീവിതത്തിൽ എന്തൊക്കെയോ കഷ്ടപ്പാടുകൾ അനുഭവിച്ച് പരുവപ്പെട്ട ഒരു മുഖഭാവമായിരുന്നു അവർക്ക് എപ്പോഴും. ഇപ്പോൾ ആഷ്ലിയുടെ മുഖത്തും അതേ ഭാവമാണ്.
എപ്പോഴും ഒരു നിഷേധ സ്വഭാവവും. പക്ഷേ തൻ്റെ മകൾ സമപ്രായക്കാരനായ ഒരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞിട്ടും അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
ആഷ്ലിയുടെ കരച്ചിൽ കണ്ടപ്പോൾ താൻ അത്രയ്ക്ക് ദേഷ്യം പിടിക്കേണ്ടിയിരുന്നില്ലെന്ന് ജസ്റ്റിന് തോന്നി.
വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടിയിരുന്നില്ലെന്ന് ആഷ്ലിയും ചിന്തിച്ചു.
അപ്പോഴാണ് താൻ ഇന്ന് പ്രഷറിന്റെ ഗുളിക കഴിച്ചില്ലല്ലോ എന്ന് ജസ്റ്റിൻ ഓർത്തത്.
അയാൾ വേഗം പോയി ഗുളിക എടുത്ത് കഴിച്ചു.
(ഇടയ്ക്ക് ഇങ്ങനെ ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകും എങ്കിലും അവർ തമ്മിലുള്ള സ്നേഹത്തിന് കുറവൊന്നുമില്ല. ഭാര്യ ഭർതൃ ബന്ധത്തേക്കാൾ ഉപരി അവർ നല്ല സുഹൃത്തുക്കളാണ്.)
പ്രായ വ്യത്യാസം അവൾക്ക് ഒരു പ്രശ്നമല്ലെന്ന് പറയുമ്പോഴും ചിലപ്പോഴെങ്കിലും ജസ്റ്റിൻ ആലോചിക്കാറുണ്ട്. പ്രായം കൂടുംതോറും അവർക്കിടയിലെ പൊരുത്തക്കേടുകൾ കൂടി വരുന്നില്ലേ എന്ന്.
അത് ആഷ്ലിക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്.
ഇരുപതിനും 35നും ഇടയിൽ തോന്നാതിരുന്ന പൊരുത്തക്കേടുകൾ 40 നും 55 നും ഇടയിൽ കൂടിയിട്ടുണ്ട്.
ഒരു സിനിമാസ്വാദനത്തിനും, പാട്ട് ആസ്വദിക്കുന്നതിൽ പോലും അത് പ്രകടമാകുന്നുണ്ട്.
ചെമ്മീനും – കിരീടവും, നിറവും – പ്രേമവും, പ്രേമവും പ്രേമലുവും , തമ്മിലുള്ള വ്യത്യാസം ചിലപ്പോഴൊക്കെ അവൾക്ക് അനുഭവപ്പെടാറുണ്ട്.
കുളികഴിഞ്ഞ് ചായ കുടിക്കാനായി ജസ്റ്റിൻ ഇരുന്നു. പതിവുപോലെ ഒന്നും സംഭവിക്കാത്തത് പോലെ ആഷ്‌ലി പെരുമാറി. ഇത് കണ്ട് മകൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇവിടെ ഒരുയുദ്ധം കഴിഞ്ഞതിന്റെ ഒരു ലക്ഷണവും ഇല്ല.
ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നീയത് കാര്യമാക്കേണ്ട. ജസ്റ്റിൻ കൃത്രിമ ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു.
അപ്പൻ്റെ കൂട്ടുകെട്ട് ശരിയല്ലാത്തതാണ് എല്ലാ പ്രശ്നത്തിനും കാരണം. തൻ്റെ പ്രായത്തേക്കാൾ മുതിർന്നവരുമായാണ് എപ്പോഴും കൂട്ട്. അതാണ് അവർക്കുള്ള നടുവേദന മുട്ടുവേദന എല്ലാം തനിക്ക് ഉണ്ടെന്നു തോന്നുന്നത്.
എപ്പോഴും ഫേസ്ബുക്കിൽ മാത്രം കറങ്ങി തന്ത വൈബ് കാണിക്കാതെ ഇടയ്ക്കെങ്കിലും ആ ഇൻസ്റ്റാഗ്രാമിലും ഒന്ന് കയറി നോക്കണം. അവിടം വേറൊരു ലോകമാണ്. ചെറുപ്പക്കാരുടെ ലോകം.
അതുകേട്ട് ആഷ്ലിയും ചിരിച്ചു. അത് ശരിയാണെന്ന് അവൾക്കും തോന്നി. ബെഡ്റൂമിൽ ജസ്റ്റിന്റെ തലയണക്കടിയിൽ ടൈഗർ ബാം, കോടാലി തൈലം, കൊട്ടൻചുക്കാദി തൈലവും സ്ഥാനം പിടിച്ചപ്പോൾ, നാൽപ്പതിന്റെ രണ്ടാം കൗമാരത്തിൽ ആഷ്ലിയുടെ ബാഗിൽ ലിപ്സ്റ്റിക്കും മേക്കപ്പും സ്ഥാനം കണ്ടെത്തി.
ചായകുടി കഴിഞ്ഞു ജസ്റ്റിൻ താൻ പഠിച്ച കോളേജിലേക്ക് പോകാനിറങ്ങി.ആഷ്ലി അടുക്കളയിൽ തൻ്റെ പതിവ് പണികളിലേക്കും.
ഒരു പകൽ മുഴുവനും ജസ്റ്റിൻ തൻ്റെ പഴയ കൂട്ടുകാരോട് ഒന്നിച്ച് ആടിയും പാടിയും വിശേഷങ്ങൾ പങ്കുവെച്ചും ചിലവഴിച്ചു. പഴയ കോളേജ് കാലത്തേക്ക് തിരിച്ചുപോകാൻ ആർക്കും അധികസമയം ഒന്നും വേണ്ടിവന്നില്ല. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ജസ്റ്റിന്റെ മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു ആനന്ദം അനുഭവപ്പെട്ടു. ഒരു ഉണർവ് വന്നതുപോലെ..
പിന്നീടുള്ള ദിവസങ്ങളിൽ ജസ്റ്റിന്റെ സ്വഭാവത്തിൽ വന്ന മാറ്റം ആഷ്‌ലിയെയും മകളെയും അത്ഭുതപ്പെടുത്തി. പഴയ കർക്കശ സ്വഭാവവും ദേഷ്യവും ഒന്നുമില്ല. പണ്ടെന്നോ പാടി നിർത്തിയ പാട്ടിനോടുള്ള ഇഷ്ടം വീണ്ടും തുടങ്ങിയിരിക്കുന്നു. എപ്പോഴും കളി ചിരികളും സന്തോഷം ഭാവവും.
കിട്ടുന്ന ഒഴിവു ദിവസങ്ങളിലെല്ലാം അയാൾ ഭാര്യയും മകളെയും കൂട്ടി പുറത്തു പോയി. ഇഷ്ടപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചും ഇഷ്ടഭക്ഷണം ആസ്വദിച്ചും അവർ ജീവിതം ആഘോഷമാക്കി. തൻ്റെ ശരീരശാസ്ത്രത്തിന്റെ ആവർത്തനത്തിൻ്റെ അവസാനഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ആഷ്‌ലിക്ക് മനസ്സിലായി. അതിൻ്റെ ഭാഗമായിട്ടാണ് തന്റെ മനസ്സിലും ശരീരത്തിനും വരുന്ന അസ്വസ്ഥതകൾ എല്ലാം… അതിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ അവൾ അതിൻ്റെ ലിങ്ക് എടുത്ത് ജസ്റ്റിന്റെ വാട്സപ്പിലേക്ക് ഷെയർ ചെയ്തു. ആ വീഡിയോ കണ്ടാലെങ്കിലും തൻ്റെ അവസ്ഥകളെക്കുറിച്ച് മനസ്സിലാകുമല്ലോ എന്നോർത്ത്.
“സ്ത്രീകളിലെ ആർത്തവവിരാമവും ആരോഗ്യപ്രശ്നങ്ങളും” എന്ന വിഷയത്തിലുള്ള ഒരു ഡോക്ടറുടെ വീഡിയോ കേട്ടപ്പോഴാണ് ജസ്റ്റിന് ആഷ്ലിയുടെ സ്വഭാവ മാറ്റത്തിൻ്റെ കാരണം പിടികിട്ടിയത്. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ ഇതുവരെ താൻ ഇതൊന്നും മനസ്സിലാക്കാതെ പോയല്ലോ എന്നോർത്ത് അയാൾക്ക് പ്രയാസം തോന്നി.
മകൾ വാട്സാപ്പിൽ അയച്ച ഒരു ലിങ്കിൽ കയറി ജസ്റ്റിൻ ഇൻസ്റ്റാഗ്രാമിൽ എത്തി. ഇൻസ്റ്റഗ്രാമിൽ നേരിട്ട് അയച്ചാൽ അത് കാലങ്ങളോളം തുറക്കപ്പെടാതെ അവിടെ കിടക്കുമെന്ന് അവൾക്കറിയാം. അതൊരു കോമഡി വീഡിയോ ആയിരുന്നു. രണ്ടുമൂന്നു പ്രാവശ്യം കണ്ടിട്ടും അതിലെ കോമഡി എന്താണെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല. വന്നു വന്ന് ജൻസിയുടെ കോമഡി പോലും മനസ്സിലാക്കാൻ പറ്റുന്നില്ല.
വെറുതെയല്ല തനിക്ക് പരമ്പരാഗതമായി കിട്ടിയ കോമഡി എപ്പോഴെങ്കിലും പറയുമ്പോൾ മുൻപ് ആഷ്‌ലിയും ഇപ്പോൾ മകളും “അയ്യേ ചളി” എന്ന് പറയുന്നത്. ഓരോ വീഡിയോ കണ്ടുകഴിയുമ്പോഴും താൻ വേറെ ഏതോ ലോകത്താണ് ഉള്ളതെന്ന് ജസ്റ്റിന് തോന്നി.
താനെന്നും കാണുന്ന മുടി കറുപ്പിക്കുന്ന എണ്ണയില്ല, ഗ്യാസ്ട്രബിളിന്റെ ഒറ്റമൂലി ഇല്ല, മുട്ടുവേദനയ്ക്കുള്ള തൈലം കാണുന്നില്ല….. ചെറുപ്പക്കാർ ജീവിതം ആഘോഷമാക്കുന്ന ഇൻസ്റ്റ ഗ്രാം.
ഒരു ദിവസം ജസ്റ്റിനും ഫാമിലിയും പുറത്തുപോയി തിരിച്ചു വരുമ്പോൾ വീട്ടിന്റെ മുറ്റത്ത് ഒരു കാർ നിർത്തിയിട്ടിരിക്കുന്നു. ജസ്റ്റിന്റെ അനിയൻ ജോയലും ഫാമിലിയുമാണ്. അവൻ്റെ സിനിമ നാളെ റിലീസ് ആവുകയാണ്. അതിനു ക്ഷണിക്കാൻ വന്നതാണ്. കഥ തിരക്കഥ, സംവിധാനം എല്ലാം ജോയലാണ്. വേറൊരു പ്രത്യേകത കൂടിയുണ്ട് ആ സിനിമക്ക്. അതിൽ നായികയായി അഭിനയിക്കുന്നത് ജോയലിന്റെ ഭാര്യ സായൂജ്യ ആണ്.
ഷോർട്ട് ഫിലിം ചെയ്തുകൊണ്ടിരുന്ന അവൻ സിനിമയിലേക്ക് മാറിയപ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല ജസ്റ്റിന്. എന്നാലും റിലീസ് ദിവസം കാണാൻ വരാമെന്ന് ഉറപ്പുകൊടുത്തു.
പിറ്റേദിവസം കൃത്യസമയത്ത് തന്നെ അവർ തീയേറ്ററിൽ എത്തി. പഴയ സുഹൃത്തുക്കളും കസിൻസും എല്ലാ തിരക്കുകളും മാറ്റിവെച്ച് ജോയലിന്റെ സിനിമ കാണാൻ എത്തിയിട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ജസ്റ്റിനും ആഷിലിയും വർഷങ്ങൾ പുറകിലേക്ക് പോയി.
സിനിമ തുടരവേ ജോയൽ തങ്ങളുടെ ജീവിതമാണ് ചിത്രീകരിച്ചു വച്ചിരിക്കുന്നതെന്ന് ജസ്റ്റിനും ആഷിക്കും മനസ്സിലായി. തിയേറ്റർ കയ്യടിയും പൊട്ടിച്ചിരികളും കൊണ്ട് നിറഞ്ഞു.
ഇടവേളയ്ക്ക് ജസ്റ്റിൻ ഒന്ന് എഴുന്നേറ്റ് നിന്നു. സിനിമയിലെ നായകൻ തന്നിലേക്ക് പരകായ പ്രവേശനം ചെയ്തതുപോലെ അയാൾ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോയി.
പുറത്തുള്ള കടയിൽ 20 രൂപക്ക് കിട്ടുന്ന പോപ്കോൺ 100 രൂപ കൊടുത്തു വാങ്ങിക്കൊണ്ടു സ്റ്റെപ്പുകൾ കയറിവരുന്ന ജസ്റ്റിനെ കണ്ട് ആഷ്‌ലി വാ പൊത്തി ചിരിച്ചു. ജീവിതയാത്രയിൽ എപ്പോഴോ കയറിക്കൂടിയ അയാളിലെ പിശുക്ക് വഴി മാറി പോയിരിക്കുന്നു.
പോപ്കോൺ ആസ്വദിച്ച് കഴിച്ച് കൊണ്ട് അവർ സിനിമ മുഴുവനും കണ്ടു. തിയേറ്ററിൽ കയ്യടിയുടെ പൂരം. കൈ കോർത്ത് പിടിച്ചു കൊണ്ട് അവർ സ്റ്റെപ്പുകൾ ഇറങ്ങി നടന്നു. അയാൾക്കിപ്പോൾ നടുവേദന ഇല്ല മുട്ടുവേദന ഇല്ല തണുപ്പടിച്ചതിന്റെ അസ്വസ്ഥതകൾ ഒന്നുമില്ല….
ഒരു 10 വർഷത്തേക്കുള്ള യൗവനം തലയിലേറ്റി കൊണ്ടാണ് അയാൾ ആ പടികൾ ഇറങ്ങിയത്.
ജോയലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കാനും അയാൾ മറന്നില്ല..
തിരിച്ച് കാറിൽ കയറുമ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. മാറിവരുന്ന എല്ലാ നല്ല സിനിമകളും നമുക്ക് തിയേറ്ററിൽ തന്നെ വന്ന് കാണാമെന്ന് ജസ്റ്റിൻ ആഷ്ലിക്ക് വാക്ക് കൊടുത്തു.
ഇതാണ് ഞാൻ സ്വപ്നം കണ്ട കിണാശ്ശേരി എന്ന് ആഷ്ലി പറഞ്ഞതും ജസ്റ്റിൻ പൊട്ടിച്ചിരിച്ചു. അവരുടെ പൊട്ടിച്ചിരികൾക്കിടയിലൂടെ” യവന കന്യക “പാടി കൊണ്ടിരുന്നു….
തുഷാര രാജേഷ്.

