പണ്ട് പണ്ട് ഒരു വേനൽ അവധിക്കാലം…. പതിവുപോലെ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തിയതായിരുന്നു ഞാൻ. അമ്മ വീട്ടിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന ഒരു പ്രധാന ആകർഷണം വീടിനടുത്തു കൂടെ ഒഴുകുന്ന ഒരു തോടാണ്. ഒരുഭാഗം നിറയെ കൈതക്കാടുകളാല്‍ തിങ്ങി നിറഞ്ഞ, ഉരുളൻ പാറകൂട്ടങ്ങളും കുഞ്ഞു കുഞ്ഞു വെള്ളാരം കല്ലുകൾ കൊണ്ടും മനോഹരമായ തീരം.. തോടിനു കുറുകെ നടക്കുമ്പോൾ ആടിക്കളിക്കുന്ന ഒരു കവുങ്ങിൻ തടി കൊണ്ടുള്ള പാലവും ഉണ്ടായിരുന്നു. (കാലത്തിൻറെ മാറ്റത്തിന് അനുസരിച്ച് മാറാൻ വിധിക്കപ്പെട്ട ആ തോട് കാണുമ്പോൾ ഇന്ന് മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്. പഴയതോടിന്റെ ഭംഗി മായാതെ ഇന്നും മനസ്സിലുണ്ട്.) കൂട്ടുകാരോട് ഒന്നിച്ച് തോട്ടിലെ കളിയും കുളിയും കഴിഞ്ഞ് സന്ധ്യ മയങ്ങുമ്പോൾ ആയിരിക്കും വീട്ടിലേക്ക് മടങ്ങുക. കൂടെ ഒരാനയെ തിന്നാനുള്ള വിശപ്പും ഉണ്ടാവും. അഞ്ച് പെൺമക്കളും അവരുടെ മക്കളുമായി അമ്മവീട് ഉത്സവലഹരിയിലാണ്. പല പ്രായത്തിലുള്ള കുട്ടികളുടെ ചിരിയും കരച്ചിലും അടിയും പിടിയുമായി അന്തരീക്ഷം എപ്പോഴും ശബ്ദ മുഖരിതമാണ്. ശബ്ദം ഉയർത്തിയും താഴ്ത്തിയും…
Author: Thushara Rajesh
സന്ധ്യാദീപം കൊളുത്തി നാമം ജപിച്ച് പാർവ്വതിയമ്മ പതിയെ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു. പഴയതുപോലെ ചമ്രം പടിഞ്ഞിരുന്നു പ്രാർഥിക്കാനൊന്നും പറ്റുന്നില്ല. ശരീരഭാരം താങ്ങാൻ ആവുന്നില്ല എന്ന് കാൽമുട്ടുകൾ വല്ലാതെ പരിതപിക്കുന്നു. അടുത്തുള്ള അമ്പലത്തിൽ നിന്ന് ഭക്തിഗാനം ഒഴുകിയെത്തി. “കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി…” ഭക്തിയിൽ ലയിച്ച് പാർവതിയമ്മ പതിയെ കണ്ണുകളടച്ചു. തന്റെ യൗവനകാലത്ത് എന്നോ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു കുടജാദ്രി ദർശനവും സർവഞ്ജപീഠം തേടിയുള്ള യാത്രയും. ഈ പ്രായത്തിൽ ആ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് ഓർത്ത് പാർവതിയമ്മക്ക് നിരാശ തോന്നി. ദേ, പടിപ്പുര വാതിൽക്കൽ നിന്ന് ആരോ തന്നെ മാടിവിളിക്കുന്നു. പാർവതിയമ്മ നെറ്റിയിൽ കൈവെച്ച് സൂക്ഷിച്ച് നോക്കി. ആരാണെന്ന് പിടികിട്ടുന്നില്ല. എവിടെയോ കണ്ടുമറന്ന മുഖം.. തൂവെള്ള മുണ്ടും ജുബ്ബയുമാണ് വേഷം. തോളിൽ ഒരു തുകൽസഞ്ചിയും ഉണ്ട്. ഐശ്വര്യമുള്ള മുഖം. കാഴ്ചയിൽ ഒരു ദിവ്യതേജസ് തന്നെ. ആരോ കുടജാദ്രിയിലേക്ക് തീർത്ഥാടനത്തിന് പോകാൻ ഇറങ്ങിയതാണെന്ന് പാർവതിയമ്മയ്ക്ക് തോന്നി. ആ ദിവ്യതേജസ് പാർവതിയമ്മയെ മാടിവിളിക്കുന്നു…! പാർവതിയമ്മ പതിയെ എഴുന്നേറ്റ്…
ഫോൺ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിശ്ചലമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഞാൻ അന്ന് ഉറക്കമുണർന്നത്. തലേദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും ആ ഗ്രാമം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. രണ്ടുദിവസത്തേക്ക് വൈദ്യുതി പ്രതീക്ഷിക്കേണ്ടെന്ന് ഇന്നലെ രാത്രി തന്നെ അറിയിപ്പ് കിട്ടിയിരുന്നു. ഡിജിറ്റൽ അല്ലാത്ത ഒരു ദിവസത്തെ പറ്റി അല്ലെങ്കിൽ ഒരു ലോകത്തെപ്പറ്റി പുതുതലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അവരുടെ സങ്കല്പത്തിൽ പോലും അങ്ങനെയൊരു ലോകം ഉണ്ടാവില്ല. ഒരു അഞ്ചു മിനിറ്റ് കറണ്ട് പോകുമ്പോൾ, വൈഫൈ കട്ടാകുമ്പോൾ നെറ്റ് സ്പീഡ് കുറയുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക സംഘർഷം അതിനുദാഹരണമാണ്. ഡിജിറ്റൽ യുഗത്തിലേക്ക് പിറന്നു വീണ്, എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു വളർത്തിക്കൊണ്ടു വന്നിട്ട് “പുതുതലമുറ ഡിജിറ്റൽ യുഗത്തിലാണ്” എന്ന് പരിതപിക്കുന്നതിൽ കാര്യമില്ല. അവർ കുതിച്ചു പായുന്നത് വേഗതയേറിയ ഒരു ലോകത്തേക്കാണ് 80 കളിൽ ജനിച്ച് 90കളിലൂടെ വളർന്ന് പതിയെ പതിയെ ഡിജിറ്റൽ യുഗ ത്തിലേക്ക് കാലെടുത്തുവെച്ച എന്നെപ്പോലെയുള്ള മിഡിൽ ഏജുകാർക്ക് ഡിജിറ്റൽ അല്ലാത്ത കാലം…
ജോലിയെല്ലാം കഴിഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങാൻ നേരം സതീശേട്ടൻ ഒരിക്കൽ കൂടി തന്റെ ബാഗ് തുറന്നു നോക്കി. എല്ലാം എടുത്തിട്ടുണ്ട്. എന്തെങ്കിലുമൊന്ന് മറന്നുവെക്കുന്നത് ഈയിടെ പതിവായിട്ടുണ്ട്. സ്കൂട്ടിയുടെ കീ കഴുത്തിൽ തന്നെയുണ്ട്. കീ തിരഞ്ഞു തിരഞ്ഞ് മടുത്തപ്പോൾ സതീഷേട്ടന്റെ ഭാര്യ കണ്ടെത്തിയ പരിഹാരമാണ് ഒരു ചരടിൽ കോർത്ത് കഴുത്തിലിടാൻ നൽകിയത്. സതീശേട്ടൻ തൻറെ ബാഗ് എടുത്ത് വേഗം പുറത്തേക്കിറങ്ങി. വൈകുന്നേരം ആയതിനാൽ ബാങ്കിനു മുന്നിൽ ചെരുപ്പുകൾ കുറവായിരുന്നു. എല്ലാം ന്യൂജൻ പിള്ളേരുടെ ചെരുപ്പുകൾ. തൻ്റെ ചെരുപ്പ് അവിടെയൊന്നും കാണാനില്ല. കൂട്ടത്തിൽ നിന്ന് അല്പം മാറി ഒരു ജോഡി ചെരുപ്പുകൾ സതീശേട്ടൻ കണ്ടു. അത് തന്നെക്കാൾ പ്രായം കൂടിയ ആൾ ധരിക്കുന്ന ചെരിപ്പായിരുന്നു. ആകെ പഴകി നിറം മങ്ങി അവിടെ ഇവിടെയായിട്ട് തുന്നി കെട്ടിയതും ആയിരുന്നു. സതീശേട്ടന് കാര്യം മനസ്സിലായി. തന്റെ ചെരുപ്പ് ആരോ മാറിയിട്ട് പോയിരിക്കുന്നു. മറന്നു പോകുന്നതും, മാറിയിടുന്നതും കാരണം വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചെരുപ്പിനു വേണ്ടി ചെലവാകുന്നുണ്ട്. ഇനിയിപ്പോൾ…
വൈകിട്ട് സ്കൂൾ വിട്ടുവന്നത് മുതൽ കാത്തിരിക്കുകയാണ് ആ അഞ്ചാം ക്ലാസുകാരി. രാത്രി ഏറെ വൈകീട്ടും അച്ഛൻ വരാത്തതിൽ അസ്വസ്ഥയാണവൾ. ഇന്ന് ബാലരമ കിട്ടുന്ന ദിവസമാണ്. ചിത്രകഥയിലെ ശ്രീകൃഷ്ണനെ പ്രണയിക്കുന്ന രാജകുമാരിയുടെ കഥയാണ് അവൾക്ക് ഏറെ ഇഷ്ടം. പതിനാറായിരത്തിഎട്ടിൽ ഒരുവൾ ആകാൻ വേണ്ടി ജലപാനമില്ലാതെ പൂജാമുറിയിൽ കയറി തപസ്സ് ചെയ്യുന്ന രാജകുമാരിയുടെ അവസ്ഥ എന്താകുമെന്ന് അറിയാഞ്ഞിട്ട് അവൾക്ക് ഒരു സ്വസ്ഥതയും ഇല്ല. കൃഷ്ണൻ പ്രത്യക്ഷപ്പെടുമോ? രാജകുമാരിയെ വിവാഹം കഴിക്കുമോ…. രണ്ടുമൂന്ന് പേജ് വായിച്ചു കഴിയുമ്പോൾ “തുടരും”എന്നെഴുതി അടുത്ത ആഴ്ചയിലേക്ക് വായനയെ നിർത്തുമ്പോൾ കഥകളോട് ദേഷ്യവും സങ്കടവും തോന്നാറുണ്ട് അവൾക്ക്. വായിച്ച് രസം പിടിച്ചു വരുമ്പോൾ ആയിരിക്കും പ്രതീക്ഷിക്കാതെ ഒരു നിർത്തൽ.പിന്നെ അടുത്ത ആഴ്ചവരെ ബാലരമക്കായുള്ള കാത്തിരിപ്പ്. രാജകുമാരിക്ക് മാത്രമല്ല അവൾക്കും കൃഷ്ണനോട് ചെറിയൊരു ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ട്. കഥകൾ വായിച്ച് വായിച്ച് അവൾ എപ്പോഴും ഒരു മായാ ലോകത്താണ്. അവിടെ അവൾക്ക് കൂട്ടായി കൃഷ്ണനും, ഗോപികമാരും മായാവി, ലുട്ടാപ്പി, രാജുവും രാധയും അങ്ങനെ…
ഒരു മഴയത്ത് ഓടിക്കയറി വന്നതാണ് അവളെൻ്റെ മുറിയിലേക്ക്. നനഞ്ഞ് കുതിർന്നു, പേടിച്ച് വിറച്ചു കരഞ്ഞുകൊണ്ട്, ആരുടെയോ കൈകളിൽനിന്ന് രക്ഷപ്പെട്ടു വന്നതുപോലെ…. “ആരാ, എവിടുന്നാ” എന്ന എൻ്റെ ചോദ്യത്തിന് കരച്ചിൽ അല്ലാതെ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വാതിലിൻ്റെ പുറകിൽ മറഞ്ഞുനിന്നൂ. ഇറക്കി വിടാൻ തോന്നിയില്ല. വെളുത്തു മെലിഞ്ഞു നീല കണ്ണുള്ള ഒരു സുന്ദരി. കണ്ണിൽ ദൈന്യതയോടെ, നിഷ്കളങ്കമായ മുഖത്തോടെ അവളെന്നെ നോക്കി കരഞ്ഞു. പേടിക്കേണ്ടെന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു. ഒരു ടവൽ എടുത്തു തലയും ദേഹവും തുടച്ചു കൊടുത്തു. കഴുത്തിലും മുഖത്തും നഖം കൊണ്ട് പോറൽ ഏറ്റിട്ടുണ്ട്. ആരോ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുതറി ഓടി കയറിയതാണെൻ്റെ മുറിയിലേക്ക്. എൻ്റെ ചോദ്യങ്ങൾക്കൊന്നും നീല കണ്ണുകൾ ചിമ്മി തുറന്നതല്ലതെ മറുപടിയൊന്നും കിട്ടിയില്ല. ആഞ്ഞടിച്ച കാറ്റിൽ മഴവെള്ളം മുറിയിലേക്ക് വീണപ്പോൾ ഞാൻ വാതിലും, ജനലും കൊട്ടിയടച്ചു. അവളൊന്നു പേടിച്ചു. മഴ തോരുമ്പോൾ തുറന്നു തരാമെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. തണുത്തു വിറച്ചു എൻ്റെ കട്ടിലിൻ്റെ അറ്റത്തിരിക്കുന്ന അവളെ…
2004 മാർച്ച് 2. ഞാൻ വേദനകൊണ്ട് അലറിക്കരഞ്ഞ, എൻ്റെ ഭർത്താവും, വീട്ടുകാരും സന്തോഷംകൊണ്ട് ആനന്ദ കണ്ണീർ പൊഴിച്ച ദിവസം. ഔദ്യോഗികമായി ഞാനമ്മയായ ദിവസം. ജനിച്ചുവീണ കുഞ്ഞിൻ്റെ മുഖം കാണുമ്പോൾ അമ്മമാർ അതുവരെ അനുഭവിച്ച സകല വേദനകളും മറന്ന് പുഞ്ചിരിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടോ എൻ്റെ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞില്ല. ആ സമയത്ത് എൻ്റെ കണ്ണുകൾ അമ്മയെ തിരയുകയായിരുന്നല്ലോ. അഖിൽ മാരാർ പറഞ്ഞത് പോലെ അത്രകണ്ട് ആസ്വാദകരമായ ഒന്നായിരുന്നില്ല, എൻ്റെ ഗർഭകാലവും പ്രസവവും. അല്ലെങ്കിൽ എൻജോയ് ചെയ്ത ഒരു പ്രസവം അല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് പോലുള്ള എൻജോയ് ചെയ്ത പ്രസവത്തെ പറ്റി അച്ചമ്മ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. നെല്ല് കുത്തുന്നതിനിടയിൽ അകത്തെ മുറിയിൽ പോയി പ്രസവിച്ച് വന്ന പഴയ കാലത്തെ പറ്റി. ഒരു ചെറിയ ശർദ്ദിയോടെ വരവറിയിച്ച എൻ്റെ ഗർഭം പിന്നീട് ഒരു ആറുമാസം വരെ ശർദ്ദിയുടെ ഘോഷയാത്രതന്നെയായിരുന്നു. അടുക്കളയിൽ അരി വേവുന്ന, ഉള്ളി മൂപ്പിക്കുന്ന, മീൻ പൊരിക്കുന്ന മണം, എന്തിനധികം…
‘പിതാ രക്ഷതി കൗമാരെ ഭർത്തോ രക്ഷതി യൗവനേ പുത്രാ രക്ഷതി വാർധക്യേ ന: സ്ത്രീ സ്വാതന്ത്ര്യ മർഹതി…’ കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധക്യത്തിൽ പുത്രന്മാരാലും സംരക്ഷിക്കപ്പെടുന്നതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണോ, അല്ലെങ്കിൽ സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കരുത് എന്നാണോ മനുസ്മൃതിയിൽ പ്രഖ്യാപിട്ടുണ്ടാവുക. അതുമല്ലെങ്കിൽ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തി വെച്ചതാകുമോ? എന്തായാലും ഈ പുരാതന നിയമങ്ങളൊക്കെ അഗ്നി വിഴുങ്ങി കഴിഞ്ഞതാണല്ലോ. ഇനിയതിന് പ്രസക്തിയില്ല. ചെറിയ പ്രായത്തിൽ തന്നെ ഈ നാലുവരിയുടെ അർഥം മനസിൽ പതിഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ പിന്തുടർന്നുവന്ന രീതികൾ കണ്ടിട്ടോ ആയിരിക്കണം അന്നൊന്നും സ്വതന്ത്രയാവണമെന്നോ, സ്വാതന്ത്ര്യം അനുഭവിക്കണമെന്നോ തോന്നതിരുന്നത്. സ്ത്രീകൾ എന്നും പുരുഷൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരും വന്നിരുന്നില്ല. എന്തായാലും എഴുതിവെച്ചത് ശരിയാണ്. എനിക്കിതുവരെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. കൗമാരത്തിൽ പിതാവിനാലും യൗവന്നതിൽ ഭർത്താവിനാലും സംരക്ഷിക്കപ്പെട്ട ഞാനിപ്പോൾ പുത്രൻമാരുടെ സംരക്ഷണയിലാണ്. ‘സംരക്ഷണയിൽ’ എന്ന് പറയുന്നതിലും നല്ലത് ‘നിയന്ത്രണത്തിൽ’ എന്നാക്കാം.…
വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുമ്പോഴാണ് മീര ആ പ്രണയഗാനം ഒരിക്കൽ കൂടി കേട്ടത്. ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോകാറുണ്ട്. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ എത്രതന്നെ ആട്ടിയകറ്റാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ അത് തിരികെ എത്താറുമുണ്ട്. അതുകൊണ്ടുതന്നെ 90കളിലെ പ്രണയഗാനത്തിലേക്ക് ഒരിക്കൽപോലും തിരഞ്ഞു പോകാൻ ശ്രമിച്ചിട്ടില്ല. ദുഃഖ സ്മരണകൾ എല്ലാം ഹൃദയത്തിൻറെ ഏതോ ഒരു കോണിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ചു കൊണ്ട് ഒരിത്തിരി സന്തോഷം കണ്ടെത്താൻ ഏതെങ്കിലും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആയിരിക്കും എവിടെനിന്നെങ്കിലും ആ പഴയ ഗാനങ്ങൾ ഇങ്ങനെ ഒഴുകിയെത്തുക. 90 കളിലെ യുവഹൃദയങ്ങളിൽ പ്രണയത്തിൻറെ വിത്ത് പാകിയ ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഹൃദയ രാഗങ്ങളുടെ സ്നേഹ ഗീതങ്ങൾ. കാടിൻറെ ഭംഗി ആസ്വദിച്ചുകൊണ്ട് ഇളം കാറ്റേറ്റ്, നുരഞ്ഞ് പതഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് കൂടെ വെള്ളച്ചാട്ടത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ മീരയുടെ കാതുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു…
ഭൂകമ്പ ചിന്തകളെ തളരാൻ വിട്ട് മായ ആ തലക്കെട്ട് ഒന്നുകൂടെ വായിച്ചു. ” തിരക്ക്” പതിവുപോലെ തൻ്റെ അടുക്കള പണികളെല്ലാം ഒതുക്കിയ ശേഷമാണ് മായ അമ്മയെ വിളിക്കാനായിഫോൺ എടുത്തത്. അടുത്തുള്ള ബേക്കറി യൂണിറ്റിൽ ജോലിക്ക് പോയി തുടങ്ങിയതിന് ശേഷം അമ്മയ്ക്കിപ്പോൾ പഴയത് പോലെ തന്നോട് സംസാരിക്കാൻ സമയം കിട്ടാറില്ല. ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകൾക്കിടയിൽ അമ്മയായിരുന്നു ഒരാശ്വാസം. ഒന്നുമനസ്സ് തുറന്ന് നീളത്തിൻ സംസാരിക്കാൻ… പാതിപറഞ്ഞതും, പാതികേട്ടതുമായ അവളുടെ എത്രയെത്ര വിശേഷങ്ങളാണ് ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകളലിൽ പെട്ട് അലിഞ്ഞു ഇല്ലാതായത്. തന്നെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത കുറച്ച് ചങ്ങാതിമാരാണ് ആകെയുള്ള ആശ്വാസം. കൗതുകമുള്ള ചോദ്യങ്ങളും, കുട്ടി കുറുമ്പുകളുമായി പുറകെ നടന്നിരുന്ന മക്കൾ വളർന്നപ്പോളാണ് അവളുടെ തിരക്ക് കുറഞ്ഞത്. ആ തിരക്കില്ലയ്മയാണ് അവളിൽ വിരസത സൃഷ്ടിച്ചത്. കണ്ണടച്ച് തുറക്കുന്നത് പോലെയാണ് കാലത്തിൻ്റെ തിരക്കിൽ മക്കൾ വലുതായത്. ” മണ്ണ് വാരി കളിക്കല്ലേ മോനെ കൃമി കടിക്കും “എന്ന് പറഞ്ഞപ്പോൾ ജെ സി ബി ക്ക് കൃമി…
