അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല. പെട്ടെന്നാണ് ഒരു ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട് ചീറിപ്പാഞ്ഞ് അവളെ കടന്നുപോയത്.
ലേഖ കണ്ണുകൾ ഇറക്കിയിടച്ചു. ഹൃദയം പട പട മിടുക്കാൻ തുടങ്ങി. വയസ്സ് നാൽപത് കഴിഞ്ഞിട്ടും ആംബുലൻസ് സൈറൺ കേൾക്കുമ്പോഴുള്ള അസ്വസ്ഥതയ്ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അവളുടെയുള്ളിൽ ഒരു അഞ്ചുവയസ്സുകാരി കിടന്നു തേങ്ങി… പഴയ ഒരു മുറിവിനെ ഒന്നുകൂടി മുറിപ്പെടുത്തി ആ വാഹനം എങ്ങോട്ടോ പാഞ്ഞു പോയി… എന്തുകൊണ്ടോ അവൾക്ക് പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നി.
ആംബുലൻസിന് നാല് വ്യത്യസ്ത സൈറൺ ഉണ്ടെന്നും, വാഹനത്തിനുള്ളിലെ രോഗിയുടെ അവസ്ഥ അനുസരിച്ച് സൈറൺ വ്യത്യാസമാണെന്നും ഈ അടുത്ത കാലത്താണ് അവൾക്ക് മനസ്സിലായത്. എന്തായാലും എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെയാണ്. മാർഗം സുഗമമാക്കി ലക്ഷ്യത്തിലെത്തുക എന്നത്… അതുവരെ എല്ലാം ഒരു നിലവിളി ശബ്ദം ആയിട്ടെ അവൾക്ക് തോന്നിയിട്ടുള്ളൂ.
ബസ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. ബസ്സിൽ കയറിയാൽ അവൾ എന്നും ഒരു അഞ്ചു വയസ്സുകാരിയാണ്. സൈഡ് സീറ്റിനായി കണ്ണുകൾ പരതും. പുറത്തേ കാഴ്ചകളൊക്കെ കണ്ടു യാത്ര ചെയ്യുന്നത് അവൾക്ക് ഇന്നും ഒരു ഹരമാണ്.
ലേഖ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. അച്ഛൻറെ ഉറക്കച്ചടവോടെയുള്ള ശബ്ദം. അമ്മ ഉറക്കമാണെന്ന് അറിഞ്ഞു. മരുന്നിന്റെ ക്ഷീണമാകും. ഉണർത്തേണ്ട എന്ന് അവൾ പറഞ്ഞു. അമ്മയ്ക്കുള്ള ഉച്ച ഭക്ഷണം ഹോട്ടലിൽ നിന്ന് വാങ്ങിക്കേണ്ട, ഞാൻ കൊണ്ടുവരുന്നുണ്ടെന്നും, പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
കണ്ടക്ടർ വന്നപ്പോൾ, ഫോൺ സീറ്റിന് അടിയിൽ ഒതുക്കിവെച്ച തുണി സഞ്ചിയിലേക്ക് വെച്ചു. മെഡിക്കൽ കോളേജിലേക്ക് ടിക്കറ്റ് എടുത്ത് ലേഖ സീറ്റിലേക്ക് ചാരിയിരുന്നു. ഏകദേശം ഒന്നരമണിക്കൂർ യാത്രയുണ്ട് ഹോസ്പിറ്റലിലേക്ക്. ഫോണെടുത്ത് കയ്യിൽ വെക്കാൻ നോക്കിയപ്പോൾ അത് പിന്നെയും തുണി സഞ്ചിക്ക് അടിയിലേക്ക് ഊർന്ന് പോയി, അമ്മയ്ക്കായി കറിയെടുത്ത ചില്ലു കുപ്പിയിൽ തട്ടി നിന്നു.
ഹോസ്പിറ്റലിൽ അഡ്മിറ്റായി ആഴ്ചകൾക്ക് ശേഷമാണ് അമ്മ ചെറുതായി ഭക്ഷണം കഴിച്ചു തുടങ്ങിയത്. അമ്മയ്ക്ക് ഇഷ്ടപ്പെട്ട ജീരകം അരച്ച മോരു കറി ഉണ്ടാക്കി എടുത്തതാണ്. മോരു കറിയും കൂട്ടി ഉച്ചയ്ക്ക് അമ്മ ഭക്ഷണം കഴിക്കുന്നത് അവൾ മനസ്സിൽ സങ്കൽപ്പിച്ചു. ബസ്സിറങ്ങിയതിനു ശേഷം ഫോൺ എടുത്ത് കയ്യിൽ വയ്ക്കാം എന്ന് കരുതി അവൾ പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
റോഡ് അടിച്ചു വാരുന്ന തൊഴിലാളികളും ,മാലിന്യം കൊണ്ട് പോകുന്ന വാഹനങ്ങളും, പാൽ ,പത്രം അങ്ങനെയ ങ്ങനെ അങ്ങാടി തിരക്കിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പുറം കാഴ്ചകൾ ഒന്നും മുൻപത്തെ പോലെ അവളെ സന്തോഷിപ്പിച്ചില്ല. അമ്മയെപ്പറ്റി ഓർത്തപ്പോൾ എന്തെന്നില്ലാത്ത ഒരു മനസ്സ് വേദന.
ഓർമ്മകൾ അവളെ ഒരു അഞ്ചുവയസ്സുകാരിലേക്ക് കൂട്ടിക്കൊണ്ടുപോയി. പണ്ട് അച്ഛൻറെ മടിയിൽ ഇരുന്ന് ആദ്യമായി കോഴിക്കോട്ടേക്ക് പോയത്. കടുത്ത ന്യൂമോണിയ ബാധിച്ച് ആഴ്ചകളോളം അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അമ്മയുടെ ആരോഗ്യ കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. വീട്ടിൽ അച്ഛമ്മയുടെ പരിചരണത്തിൽ ആയിരുന്നു അവളും, അവളെക്കാൾ രണ്ടു വയസ്സ് മാത്രം മൂത്ത ഏട്ടനും. അതുവരെ നിസ്സാര കാര്യങ്ങൾക്ക് അമ്മയെ കുറ്റപ്പെടുത്തിയിരുന്ന അച്ഛമ്മ അമ്മയെ ഓർത്ത് സങ്കടപ്പെട്ടു. അസുഖ വിവരം അന്വേഷിച്ചുവരുന്ന അയൽവാസികളോടും, ബന്ധുക്കളോടും കരഞ്ഞും, മൂക്കു പിഴഞ്ഞും തന്റെ വേദന അറിയിച്ചു. അമ്പലങ്ങളിൽ നേർച്ചകളും വഴിപാടുകളും നടത്തി. അച്ഛമ്മയ്ക്ക് അമ്മയോട് നല്ല സ്നേഹമുണ്ടെന്ന് അമ്മ തിരിച്ചു വരുമ്പോൾ പറയണം എന്ന് അവൾ മനസ്സിൽ കരുതി. വീട്ടിൽ നടക്കുന്ന ഇങ്ങനെയുള്ള സംസാരം കേട്ട് കേട്ട് അവളുടെ കുഞ്ഞു മനസ്സ് വല്ലാതെ വേദനിച്ചു. അച്ഛനും അമ്മയും അടുത്തില്ലാത്തതിന്റെ വിഷമം എപ്പോഴും അവളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. പിറ്റേദിവസം രാവിലെ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്. ആശുപത്രിയിൽ നിന്ന് അതിരാവിലെ വന്നതാണ്. ചുറ്റും നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. അമ്മയ്ക്ക് മക്കളെ കാണണം എന്ന് പറഞ്ഞതുകൊണ്ട് അച്ഛൻ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്. അങ്ങനെ അവളും ,ഏട്ടനും അച്ഛൻറെ കൂടെ പോയി.
തുടക്കത്തിലുള്ള യാത്രയുടെ ആവേശം പെട്ടെന്ന് കെട്ടടങ്ങി. ക്ഷീണവും ശർദ്ദി യും തുടങ്ങി. ദീർഘദൂര ബസ് യാത്ര ആദ്യമായിട്ടായിരുന്നു. അച്ഛനെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ കോഴിക്കോട് ബസ്റ്റാൻഡിൽ എത്തിയിരുന്നു. നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ബസ്സുകളും, ചുറ്റുമുള്ള കടകളും ,എല്ലാം കണ്ട് അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു അവളും ഏട്ടനും.
അപ്പോഴാണ് നിലവിളി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ആംബുലൻസ് അതുവഴി കടന്നു പോയത്. മാസങ്ങൾക്ക് മുമ്പ് വീടിനടുത്ത് കിണറ്റിൽ വീണു മരിച്ച ഒരാളുടെ മൃതദേഹവുമായി വന്നപ്പോഴാണ് അവൾ ആ വാഹനം ആദ്യമായി കണ്ടത്. അന്ന് അവിടെ ഉണ്ടായ കരച്ചിലും, ബഹളവും ഒക്കെ കണ്ടു പേടിച്ച് ഒരാഴ്ച അവൾ പനിച്ചു കിടന്നു.
അച്ഛൻറെ കൈപിടിച്ച് ആശുപത്രിയിലേക്ക് നടക്കുമ്പോൾ പേടിയോടെ ഏട്ടൻ അവളുടെ മുഖത്തേക്ക് നോക്കി. ആ വണ്ടിയിൽ അമ്മയെ കൊണ്ടുപോയത് ആയിരിക്കുമോ എന്നു കൂടി ചോദിച്ചപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല. പേടിയോടെ കരച്ചിൽ അടക്കി ഒന്നും മിണ്ടാതെ അച്ഛൻറെ പുറകെ നടന്നു. കരച്ചിൽ വന്നു മുട്ടി തൊണ്ട വരണ്ട പൊട്ടുന്നതായി അവൾക്ക് തോന്നി. നടന്ന നടന്ന് ആശുപത്രി റൂമിലെത്തി അമ്മയെ കണ്ടതും, പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു.
കരച്ചിലിന്റെ കാരണം അറിയാതെ പകച്ചു നോക്കിയ അച്ഛനോട് നിങ്ങൾ ഇവർക്ക് ഒന്നും വാങ്ങി കൊടുത്തില്ലേ എന്ന് അമ്മ ചോദിച്ചു. മിഠായി പോകുമ്പോൾ വാങ്ങിത്തരാം എന്ന് പറഞ്ഞ് അച്ഛൻ ആശ്വസിപ്പിച്ചു. അന്ന് അച്ഛമ്മ കൊടുത്തുവിട്ട ജീരകം അരച്ചുചേർത്ത മോര് കറിയും കൂട്ടി അമ്മ നന്നായി ഭക്ഷണം കഴിച്ചു. വയറു നിറയുന്നതുവരെ ഞങ്ങളെയും കഴിപ്പിച്ചു. പിന്നീട് ആ കറിയുടെ സ്വാദ് അമ്മ എപ്പോഴും പറയുമായിരുന്നു. അമ്മക്ക് ഇഷ്ടപ്പെട്ട ആ കറിയാണ് അവൾ ഇന്ന് അമ്മയ്ക്കായി കരുതിയത്.
ആംബുലൻസ് സൈറൺ കേട്ടാണ് ലേഖ ചിന്തയിൽ നിന്ന് ഉണർന്നത്. ഏകദേശം കോഴിക്കോട് നഗരത്തിന് അടുത്തിരുന്നു. സൈറൺ കേട്ടിട്ട് അത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയാണെന്ന് അവൾക്ക് മനസ്സിലായി. വാഹനങ്ങളെല്ലാം സൈഡ് ഒതുക്കി ആംബുലൻസിന് സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കി. വാഹനം അടുത്തെത്തിയപ്പോൾ നെഞ്ചിടിപ്പോടെ അവൾ അതിനകത്തേക്ക് ഒന്ന് എത്തി നോക്കി. സൈഡ് സീറ്റിൽ താടിക്ക് കൈയും കൊടുത്ത് കുനിഞ്ഞിരിക്കുന്ന രൂപം ഒരു മിന്നായം പോലെ അവൾ കണ്ടു. ഒരു ഉൾക്കിടിലത്തോടെ അവൾ ദൈവത്തെ വിളിച്ചു. ഈശ്വരാ… തോന്നിയത് ആകുമോ.
പെട്ടെന്ന് അവൾ ഫോൺ എടുക്കാനായി സഞ്ചി മടിയിൽ എടുത്തു വച്ചു. ജീരകം അരച്ച മോരുകറിയുടെ ഗന്ധം മൂക്കിൽ അടിച്ചു. ചില്ല് കുപ്പിപ്പൊട്ടി ആകെ നനഞ്ഞിരിക്കുന്നു. ഫോൺ എടുത്തു നോക്കിയതും കുറെ മിസ്ഡ് കോളുകളും, മെസ്സേജുകളും. കഴിഞ്ഞ ഒരു മണിക്കൂറായി ബന്ധുക്കളും സുഹൃത്തുക്കളുമായി ആരൊക്കെയോ വിളിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവുമായി ആ വാഹനം ചീറിപ്പാഞ്ഞു കയറിയത് അവളുടെ ഹൃദയത്തിലേക്ക് ആയിരുന്നു.
തുഷാര രാജേഷ്.


18 Comments
Pingback: "മുറിവുകൾ" ഹൃദയസ്പർശിയാക്കിയവർ... - By Electa Joeboy - കൂട്ടക്ഷരങ്ങൾ
🥰🥰
പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിലുണ്ടാക്കുന്ന മുറിവിന്റെ ആഴം വ്യക്തമാക്കുന്ന എഴുത്ത്.👍
👏❤️
താങ്ക്സ്…🥰
ഹൃദയസ്പർശിയായ കഥ❤️👍
താങ്ക്സ്..,🥰
നൊമ്പരപ്പെടുത്തുന്ന കഥ. നന്നായി എഴുതി👌🌹
ഇഷ്ടമായിട്ടോ♥️♥️♥️
സങ്കടം തോന്നിയ വായന. നന്നായെഴുതി.❤️❤️❤️
🥰🥰
താങ്ക്സ്..,, 🥰
നന്നായി എഴുതി, അഭിനന്ദനങ്ങൾ❤️
ഇതു വായിച്ചപ്പോൾ എന്റെ ഉപ്പയുടെ dead body ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ കൊണ്ട് വന്നതാണ് ഓർമ്മ വന്നത് 😰 ശരിക്കും കണ്ണ് നിറഞ്ഞു പോയി 🤲
താങ്ക്സ്..🥰
നന്നായിട്ടുണ്ട്❤️
തുഷാര…
😍👍🏻👍🏻 നന്നായി എഴുതി.
ആംബുലൻസ് ന്റെ ആ നിലവിളി ശബ്ദം എന്നും ഒരു തരം വിറയൽ ആണ് ഉണ്ടാക്കുക. സമയത്തിന് തന്നെ വൈദ്യ സഹായം കിട്ടണേ രക്ഷപ്പെടണേ എന്ന് പ്രാർത്ഥിക്കാറുണ്ട്.
താങ്ക്സ്…🥰
നന്നായിട്ടുണ്ട്
ഒത്തിരി ഇഷ്ടമായി. നല്ല കഥ. Keep writing ❣️❣️