” നാം ഒരേ തോണിയിലെ യാത്രക്കാർ
കരയെത്തി…
ഇനി ഇറങ്ങാം, നടക്കാം
നിനക്ക് നിൻ്റെ വഴി
എനിക്കെൻ്റെ യും
എന്ന്
സ്വന്തം ഞാൻ. “
ഡിഗ്രി അവസാന വർഷം പ്രിയയുടെ ഓട്ടോഗ്രാഫിൻ്റെ ആദ്യപേജിൽ ആരോ എഴുതിയിട്ട വരികളാണിത്. തിരിച്ചറിയാൻ ഒരു സൂചനപോലും നൽകാൻ ധൈര്യമില്ലാത്ത ആരോ ഒരാൾ. എഴുതിയത് ഒരാൾ ഒറ്റയ്‌കോ അല്ലെങ്കിൽ കുറച്ചുപേർ ഒന്നിച്ച് ഒരു തമാശയ്ക് എഴുതിയതോ ആവാം. കോളജിൽ അങ്ങനെയും ചില തമാശകൾ കുട്ടികൾ ഒപ്പിക്കാറുണ്ട്.
എന്തായാലും ഈ വരികൾ പ്രിയയിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതൊന്നുമല്ല. ഒ രു നൂറാവർത്തിയെങ്കിലും അവൾ ഈ വരികളിലൂടെ കയറിയിറങ്ങി. മനോഹരമായ കൈയക്ഷരം. ക്ലാസ്സിൽ കൈമാറിവന്ന ഓട്ടോഗ്രാഫ് ൽ എല്ലാം അവള് ഈ കൈയക്ഷരം തിരഞ്ഞു നടന്നു. ഒരെഴുത്തിനും അതിനോടൊരു സാമ്യം പോലുമില്ല. മൂന്ന് വർഷം തലങ്ങും വിലങ്ങും കോളജിൽ കറങ്ങി നടന്നിട്ടും ഈ അവസാന നിമിഷം തോണി കര യ്ക് അടുപ്പിച്ച് അവളെ മുൾമുനയിൽ നിർത്തി ഇറങ്ങിപ്പോയത് ആരായിരിക്കും. ആലോചിച്ചിട്ട് അവൾക്കൊരു പിടിയും കിട്ടിയില്ല.
ജാനകിയമ്മയുടെ ” കടത്ത് തോണിക്കാരാ… ” എന്ന ഗാനവും മൂളി കാണുന്ന മുഖങ്ങളിലെല്ലാം, ” സ്വന്തം ഞാനിനെ” അന്വേഷിച്ച് അവള് നടന്നൂൂ…
സ്വന്തം വഴിക്ക് പോയതാണെങ്കിലും എന്നെങ്കിലും വഴി മാറണമെന്ന് തോന്നിയാൽ വഴി തെറ്റാതിരിക്കാൻ കിട്ടിയ ഓട്ടോഗ്രാഫ് ൽ എല്ലാം അഡ്രസ്സും, അടുത്ത വീട്ടിലെ ഫോൺ നമ്പറും എഴുതിവെച്ചു. കോളജിലെ അവസാന ദിവസം വരെ പ്രതീക്ഷയോടെ പേരറിയാത്ത നൊമ്പരവും പേറി, ഒരു ഭ്രാന്തി യെപോലെ “സ്വന്തം ഞാനിനെയും ” തേടി നടന്നു…
നിനക്ക് നിൻറെ വഴി, എനിക്കെന്റെയും എന്നെഴുതിയെങ്കിലും അത് ഉൾക്കൊള്ളാൻ ആവാതെ അവളുടെ രണ്ടുമൂന്നുവർഷം പിന്നെയും കടന്നുപോയി. വരുന്ന വിവാഹാലോചനകളെല്ലാം പലവിധ കാരണങ്ങൾ പറഞ്ഞു അവൾ മുടക്കി കൊണ്ടിരുന്നു. അടുത്ത വീട്ടിലെ ഫോൺ റിങ്ങ് ചെയ്യുന്നതും, വഴിതെറ്റി എത്തിയ പോസ്റ്റുമാനും അവളിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ച് നിരാശയിലാഴ്ത്തിയിട്ടുണ്ട്.
വിവാഹാലോചനകളെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കുന്നത് പതിവായപ്പോൾ വീട്ടിൽ ചെറിയ മുറു മുറുപ്പുകൾതുടങ്ങി. വീട്ടിൽ മാത്രമല്ല നാട്ടിലും. പ്രായം കൊണ്ട് പ്രിയയെക്കാൾ ഇളയതാണെങ്കിലും, വളർച്ചകൊണ്ട് അവളെ കടത്തിവെട്ടിയ അനിയത്തിയുടെ മുഖത്തായിരുന്നു ദേഷ്യം കൂടുതൽ കണ്ടത്. നീയെന്ന തടസ്സം ഒഴുകിയെങ്കിൽ മാത്രമേ എനിക്ക് സമയത്ത് ഒഴുകാൻ ആവൂ എന്ന് അവൾ പറയാതെ പറഞ്ഞു.
“ആകാശത്തുനിന്ന് സ്വർണ്ണത്തേരിൽ ഒരു രാജകുമാരൻ ഇറങ്ങി വരുന്നതും കാത്തിരിക്കുകയാണ് അവൾ എന്ന അനിയത്തിയുടെ ഒറ്റ ഡയലോഗിൽ പ്രിയ അവളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു. അങ്ങനെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ ആഘോഷമായി അവൾ അവളുടെ വഴിയേ നടന്നു.
പിന്നീട് രണ്ടു വർഷത്തിനുശേഷം അവൾക്കൊരു കത്ത് കിട്ടി. കൂട്ടുകാരിൽ ആരെങ്കിലും ഇടയ്ക്കൊക്കെ അവൾക്ക് എഴുതാറുണ്ടായിരുന്നു. അന്ന് അവളുടെ മകൻറെ നൂലുകെട്ട് ചടങ്ങ് നടക്കുന്ന ദിവസമായിരുന്നു. വീട്ടിൽ ബന്ധുക്കളും അയൽക്കാരുമായി ഒരുപാട് പേരുണ്ടായിരുന്നു. തിരക്ക് കഴിഞ്ഞ് വായിക്കാം എന്ന് കരുതി കത്തുകൾ മാറ്റിവെച്ചു.
ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് തിരക്ക് ഒഴിഞ്ഞപ്പോൾ അവൾ ആ കത്ത് വായിക്കാൻ എടുത്തു. അതിലെ കയ്യക്ഷരം കണ്ടവൾ ഞെട്ടി. ഒരുപാട് നാൾ കാത്തിരുന്ന അവളുടെ “സ്വന്തം ഞാൻ” ൻറെ കൈയക്ഷരം.
അവളുടെ വിശേഷങ്ങൾ ചോദിച്ചും ആളുടെ വിശേഷങ്ങൾ പറഞ്ഞുംഒരു നീണ്ട എഴുത്ത്.
ആൾക്ക് ജോലി കിട്ടിയെന്നും വീട്ടിൽ കല്യാണം ആലോചന നടക്കുകയാണെന്നും പറഞ്ഞു. അന്ന് നിൻറെ ഓട്ടോഗ്രാഫിൽ ആദ്യപേജിൽ എഴുതിയത് ഞാനാണെന്നും നേരിട്ട് പറയാൻ ധൈര്യമുണ്ടായിരുന്നില്ല എന്നും ഒരു കുറ്റസമ്മതം. ആ ധൈര്യമില്ലായ്മ അവളുടെ രണ്ടുമൂന്നു വർഷമാണ് നഷ്ടപ്പെടുത്തിയത്. പ്രിയക്ക് സമ്മതമാണെങ്കിൽ വീട്ടിൽ വന്ന് അന്വേഷിക്കാം എന്നും, മറുപടി അയക്കണം എന്നുംപറഞ്ഞു നിർത്തി. കത്ത് കയ്യിൽ പിടിച്ച് കുഞ്ഞിനെയും എടുത്ത് ചിരിക്കണോ കരയണോ എന്നറിയാതെ പ്രിയ നിന്നു.
കുറച്ചു ദിവസത്തിനു ശേഷം അവൾ ആ കത്തിന് മറുപടി എഴുതാൻ തീരുമാനിച്ചു. നൂലുകെട്ട് ചടങ്ങിന് എടുത്ത കുഞ്ഞിൻറെ ഒരു ഫോട്ടോ എടുത്ത് കവറിലിട്ട് അവൾ അവനു മറുപടി എഴുതി.
ഫോട്ടോയ്ക്ക് പിന്നിൽ അവൾ ഇങ്ങനെ എഴുതി.
“ഒരുപാട് വൈകിപ്പോയി, ഓരോന്നിനും ഓരോ സമയമുണ്ട്. എൻറെ സമയമായപ്പോൾ എൻറെ കരയിൽ ഒരു തോണി വന്നുനിന്നു. ഞാൻ അതിൽ കയറി എൻറെ വഴിക്ക് ഒരു യാത്ര തുടങ്ങി. കാറും കോളും ഇരുണ്ട ആകാശവും ഒന്നുമില്ലാതെ മനോഹരമായ ഒരു യാത്ര.
ആ യാത്രയിൽ കിട്ടിയതാണ് ഇതിനു മറുപുറത്ത് ഉള്ളത്. ഇനി നിൻറെ സമയമായെങ്കിൽ നീയും ഒരു യാത്ര തുടങ്ങു… നിൻറെ വഴിക്ക്.
സന്തോഷകരമായ ഒരു യാത്ര ആശംസിച്ചുകൊണ്ട്
എന്ന്
സ്വന്തം… അല്ല മറ്റൊരാളുടെ ഞാൻ.
തുഷാര രാജേഷ്


4 Comments
നല്ലെഴുത്ത്. ഇതിലെ പോസിറ്റിവിറ്റി പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതുണ്ട്.❤️ സന്തോഷം സ്നേഹം തുഷാര❤️
👍👍👍👍👌🥰🥰🥰
മനോഹരമായി എഴുത്ത് ‘നല്ല കഥ👌👍❤️💯🙏🙏🙏
ജീവിതം അങ്ങനെയല്ലേ എപ്പോഴും കാത്തിരിക്കുന്ന തോണി തന്നെ കിട്ടണമെന്നില്ല
നല്ല കഥ❤️👌🌹