ഭൂകമ്പ ചിന്തകളെ തളരാൻ വിട്ട് മായ ആ തലക്കെട്ട് ഒന്നുകൂടെ വായിച്ചു. ” തിരക്ക്”
പതിവുപോലെ തൻ്റെ അടുക്കള പണികളെല്ലാം ഒതുക്കിയ ശേഷമാണ് മായ അമ്മയെ വിളിക്കാനായിഫോൺ എടുത്തത്. അടുത്തുള്ള ബേക്കറി യൂണിറ്റിൽ ജോലിക്ക് പോയി തുടങ്ങിയതിന് ശേഷം അമ്മയ്ക്കിപ്പോൾ പഴയത് പോലെ തന്നോട് സംസാരിക്കാൻ സമയം കിട്ടാറില്ല. ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകൾക്കിടയിൽ അമ്മയായിരുന്നു ഒരാശ്വാസം. ഒന്നുമനസ്സ് തുറന്ന് നീളത്തിൻ സംസാരിക്കാൻ… പാതിപറഞ്ഞതും, പാതികേട്ടതുമായ അവളുടെ എത്രയെത്ര വിശേഷങ്ങളാണ് ഭർത്താവിൻ്റെയും മക്കളുടെയും തിരക്കുകളലിൽ പെട്ട് അലിഞ്ഞു ഇല്ലാതായത്.
തന്നെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത കുറച്ച് ചങ്ങാതിമാരാണ് ആകെയുള്ള ആശ്വാസം.
കൗതുകമുള്ള ചോദ്യങ്ങളും, കുട്ടി കുറുമ്പുകളുമായി പുറകെ നടന്നിരുന്ന മക്കൾ വളർന്നപ്പോളാണ് അവളുടെ തിരക്ക് കുറഞ്ഞത്. ആ തിരക്കില്ലയ്മയാണ് അവളിൽ വിരസത സൃഷ്ടിച്ചത്. കണ്ണടച്ച് തുറക്കുന്നത് പോലെയാണ് കാലത്തിൻ്റെ തിരക്കിൽ മക്കൾ വലുതായത്.
” മണ്ണ് വാരി കളിക്കല്ലേ മോനെ കൃമി കടിക്കും “എന്ന് പറഞ്ഞപ്പോൾ ജെ സി ബി ക്ക് കൃമി കടിക്കുമോ എന്ന് കൊഞ്ചി ചോദിച്ചവനും, ഹോസ്പിറ്റൽ മുളച്ചുവരാൻ ഗുളിക കുഴിച്ചിട്ടവനും ഇന്ന് വളർന്നു യുവാക്കൾ ആയിരിക്കുന്നു. അവർക്കിപ്പോ ഞാൻ ചെമ്മീനിലെ കറുത്തമ്മയാണ്…
വാട്സാപ്പിലെ എല്ലാ തിരക്കുപിടിയൻ കൂട്ടുകാർക്കും ഗുഡ് മോണിംഗ് അയച്ചതിന് ശേഷം അവൾ പതിവുപോലെ സ്റ്റാറ്റസ് നോക്കാനിറങ്ങി. ദേ കിടക്കുന്നു അടുത്ത കൂട്ടുകാരിയുടെ സ്റ്റാറ്റസിൽ എന്തോ ഒരു പന്തികേട്.
അത് ഇങ്ങനെ ആയിരുന്നു.
“എന്താ പറ്റിയെ എന്നറിയില്ല. ആകെയൊരു മ്ലാന വേദന ശൃംഖീത, ക്ലിപ്ലത, ചഞ്ചല മ്ലാൻഡര കുപ്രിത നിപ്ലറ സ്ലിംജിത മനോഭാവം😞.”
വായിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി. അതിൻ്റെ അർത്ഥം എന്താണെന്നോ, അല്ലെങ്കിൽ അതിനെന്തെങ്കിലും അർത്ഥമുണ്ടെന്നോ ഒന്നും അവൾക്കറിയില്ല. എന്നാലും ഈ ഒരു സ്ലിംജിത ഭാവം ഇടയ്ക്കൊക്കെ തനിക്കും വരാറുണ്ടല്ലോ എന്ന് മായക്ക് തോന്നി. ചില ദിവസങ്ങളിൽ എഴുന്നേറ്റ് വരുന്നത് തന്നെ ഈ പറഞ്ഞ സ്ലിൻചിയ ഭാവത്തോടെ ആയിരിക്കും.
ആരോടെന്നില്ലാത്ത ഒരു ദേഷ്യം, എന്തിനെല്ലാത്ത ഒരു സങ്കടം. ആലോചിച്ച് നോക്കിയാൽ ഒരെത്തും പിടിയും കിട്ടില്ല. എന്നാലും എന്തോ ഒരു മനോവേദന ഉണ്ടാകും. ചിലപ്പോഴൊക്കെ അതൊരു പൊട്ടിത്തെറിയിൽ കലാശിക്കാറുമുണ്ട്.
എല്ലാവരും തിരക്കിലേക്ക് ഊളിയിട്ടപ്പോയാണ് അവളുടെ മനസ്സ് തിരക്കില്ലായ്മയിലേക്ക് കൂപ്പുകുത്തിയത്. പലവിധ ചിന്തകളാൽ അവിടം ഇപ്പൊൾ ചെകുത്താൻ്റെ പണിപ്പുരയാണ്. ഇരുന്നിരുന്നു മടുത്തപ്പോൾ ഏതെങ്കിലും ജോലി കണ്ടെത്തട്ടെ എന്ന ചോദ്യത്തിന് ഭർത്താവ് തന്ന മറുപടിയായിരുന്നു ബഹു കേമം. വൈക്കം മുഹമ്മദ് ബഷീറിൻ്റെ “പ്രേമലേഖന ത്തിലെ” കേശവൻ നായർ സാറാമ്മയോട് പറഞ്ഞ അതേ ഡയലോഗ് ആയിരുന്നു അത്. ദിവസവും അയാളെ പ്രേമിച്ചുകൊണ്ട്, അയാളുടെ കാര്യവും നോക്കി വീട്ടിലിരിക്കുക. മാസാമാസം ശമ്പളവും നിശ്ചയിച്ചു. കേട്ടപ്പോൾ സാറാമ്മയെ പോലെ മായയ്ക്കും അത് നല്ലതാണെന്ന് തോന്നി. പുറത്ത് പോയി ജോലി ചെയ്യുന്ന ടെൻഷനില്ല. മാസാമാസം കൃത്യമായി ശമ്പളവും. അങ്ങനെ അവൾ ആ ജോലിയങ്ങ് സ്ഥിരപ്പെടുത്തി.
എന്തൊക്കെയോ പ്രശ്നം വന്ന് ഭർത്താവിൻ്റെ ജോലി ആടിയുലഞ്ഞപ്പോൾ ആണ് അവൾക്ക് തൻറെ ജോലിയുടെ മഹത്വം മനസ്സിലായത്. ഇപ്പൊ അവളുടെ ശമ്പളക്കുടിശിക മുടങ്ങിയിട്ട് വർഷങ്ങളായി…
കൂട്ടുകാരിയുടെ “സ്ലോചിറ കുപ്ലര ഭാവ”ത്തിൻ്റെ കാരണം അറിയാൻ അവളെയൊന്നു വിളിച്ചു. അവിടെയും ഇതേ അവസ്ഥ. ഈ ഒരു കുപ്ലര ഭാവത്തിൽ നിന്നൊരു മോചനത്തിനായി അവർ ഒരു യാത്ര പോകാൻ തീരുമാനിച്ചു.
ഒരു മാസത്തിൽ പകുതി ദിവസവും മൂഡ് സ്വിങ് എന്ന പേരിൽ ആടി കളിക്കുന്ന തനിക്ക് തന്നെ പിടികിട്ടാത്ത തൻറെ മനസ്സിൻറെ ബയോളജിയും സൈക്കോളജിയും മറ്റുള്ളവർ മനസ്സിലാക്കിയില്ലെന്ന് പറഞ്ഞ് പരിഭവിക്കുന്നതിൽ ഒരു കാര്യവും ഇല്ലെന്ന് അവൾക്ക് മനസ്സിലായി.
” എന്നിലെ എന്നെ എന്നോളം മനസ്സിലാക്കാൻ എനിക്കല്ലാതെ മറ്റാർക്കാണ് കഴിയുക.” അങ്ങനെ മായയുടെ സന്തോഷം മായ തന്നെ കണ്ടെത്താൻ തീരുമാനിച്ചു.
അങ്ങനെ തിരക്കുള്ളവരെയൊന്നും തിരക്കി ബുദ്ധിമുട്ടിക്കാതെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാരികളുമായി കടല് കാണാനായി അവളൊരു യാത്ര പോയി. തിരയോട് കളിച്ചും തീരത്തെഴുതിയും വിശേഷങ്ങൾ പങ്കുവെച്ചും ഒരുപാട് നേരം…
കാറ്റാടി മരത്തണലിൽ, പൂഴിമണലിൽ ചൂട് കടല കൊറിച്ചുകൊണ്ട് അമ്മായിയമ്മമാരുടെ നാല് കുറ്റവും കുറവും കൂടി പറഞ്ഞതോടെ ആ സ്ലിംചിത ഭാവത്തിന് ഒരു അയവ് വന്നത് പോലെ.
അങ്ങ് ദൂരെ എം. മുകുന്ദൻ മനോഹരമായി വരച്ചിട്ട ആത്മാക്കളുടെ വിശ്രമ കേന്ദ്രമായ വെള്ളിയാംകല്ല് കാണാം. താൻ എന്ന അച്ചുതണ്ട് ഇല്ലെങ്കിൽ തൻറെ വീട് കറങ്ങില്ലെന്ന ചിന്തയൊന്നും ആ മൂന്ന് പെണ്ണുങ്ങളെയും അന്ന് അലട്ടിയില്ല. ഒരു പകൽ മുഴുവൻ പഴയ പതിനെട്ട് കാരികളായി അവർ കറങ്ങി നടന്നു…
ആ യാത്രയിൽ കൂട്ടുകാരിയായ സീനയുടെ മുഖത്തു കണ്ട തിളക്കമാണ് മായയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മേക്കപ്പ് ആണെന്ന് കരുതിയ ഗ്ലോ ഉച്ചഭക്ഷണം കഴിച്ച് മുഖം കഴുകിയിട്ടും അതേപടി നിലനിൽക്കുന്നു. രണ്ടും കൽപ്പിച്ച് “നിൻറെ മുഖത്ത് എന്താടി ഇത്ര ഗ്ലോ “എന്ന് ചോദിച്ചതും, അവളുടെ മുഖം പിന്നെയും തിളങ്ങി.
പിറ്റേദിവസം തന്നെ മായ കൂട്ടുകാരിയുടെ മുഖത്തിന്റെ തിളക്കത്തിന് കാരണമായ എണ്ണ കാച്ചി കുറുക്കി എടുത്തു. ആദ്യം കുടുംബം വെളുപ്പിച്ചു. പിന്നീട് കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും നാട്ടുകാരെയും വെളുപ്പിക്കാൻ തുടങ്ങി… ഇപ്പൊൾ മായക്ക് കുറെ ഓർഡറുകൾ കിട്ടുന്നു. തിരക്ക് കൂടിയപ്പോൾ ഒറ്റയ്ക്ക് ഓയിൽ ബിസിനസ് നടത്തികൊണ്ടുപോകാൻ പറ്റാതായി. അങ്ങനെ കുറച്ച് പേരെ വെച്ച് വീടിനോട് ചേർന്ന് തന്നെ വിപുലമായി തുടങ്ങാൻ തീരുമാനിച്ചു.
തൻറെ പാർട്ട്ണർമാരായി ആരെ കൂട്ടുമെന്ന് അധികം ചിന്തിക്കേണ്ടി വന്നില്ല. സ്ലോചിറ ഭാവം മുടക്ക് മുതലായുള്ള കൂട്ടുകാരികളെ തന്നെ കൂട്ടി. ഒരുതരി വട്ടുള്ളവനെ മുഴുവട്ടന്റെ വേദന അറിയൂ. പിന്നീടങ്ങോട്ട് എല്ലാവർക്കും തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു…
മായയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഭർത്താവിന്റെയും മക്കളുടെയും പാതി വിശേഷങ്ങൾ മാത്രമേ കേൾക്കാൻ സാധിക്കുന്നുള്ളൂ. അതോടെ ചെറിയ മുറു മുറിപ്പുകളും തുടങ്ങിയിരിക്കുന്നു. തിരക്ക് കൂടി കൂടി വന്നപ്പോൾ അവളിപ്പോൾ സ്കൂട്ടിയിൽ ആണ് യാത്ര. നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കൾക്കിടയിലൂടെ തുഴഞ്ഞ്, തുഴഞ്ഞ് നുഴഞ്ഞുകയറി അവളങ്ങനെ പോകും. ഇതിനിടയിൽ പഴയ കോളേജ് സഹപാഠികളുടെ ഒത്തുചേരലിനായി എല്ലാരും തിരക്ക് കൂട്ടുന്നുണ്ട്. തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിൽ എത്തിയവരുമുണ്ട് അതിൽ. കൂട്ടുകാരോട് ഒന്നിച്ച് ഒരു പിടി നല്ല ഓർമകളുമായി തിരികെ പറക്കാൻ ആഗ്രഹിക്കുന്നവരാണവർ. താനടക്കം പലരുടെയും തിരക്ക് കാരണം ആ ഒത്തുചേരൽ നീണ്ട് നീണ്ടുപോകുന്നു..
തിരക്കാണ് എന്ന് പറയുന്നത് തന്നെ ഒരു സ്റ്റാറ്റസിൻ്റെ ഭാഗമാണ്. തിരക്കില്ലാത്തവന് ഒരു വിലയില്ലാത്ത കാലമാണിത്.
കൂട്ടുകാരിയുടെ സ്റ്റാറ്റസിൽ ഇപ്പൊൾ പഴയ സ്ലോചിറ ഭാവം ഒന്നുമില്ല. നല്ല പോസിറ്റീവ് ചിന്തകളും മോട്ടിവേഷൻ സ്പീച്ചുകളും മാത്രം.
മായ ഇന്ന് തിരക്കിൻ്റെ മായിക ലോകത്താണ്. യാത്രക്കിടയിൽ ചിന്തകൾക്ക് ചൂടുപിടിച്ച ഏതോ ഒരു നിമിഷത്തിൽ അവളെടുത്ത ഒരു ഓവർ ടേക്കിൽ തിരക്കില്ലാതെ കിടക്കുകയാണ് ഇന്നവൾ. ഒരു ചില്ല് കൂട്ടിൽ തണുത്ത് മരവിച്ചങ്ങനെ…
ഒരു തിരക്കും ഇല്ലാതെ ഭർത്താവും മക്കളും അടുത്ത് തന്നെയുണ്ട്. അവളെ അവസാന യാത്ര അയയ്ക്കാൻ തിരക്കുകളെല്ലാം മാറ്റിവെച്ച് പഴയ സഹപാഠികളും എത്തിയിട്ടുണ്ട്.
പറമ്പിൻ്റെ തെക്കേ മൂലയ്ക്ക് അവൾക്കായുള്ള ചിത ഒരുക്കി. പെട്ടെന്ന് ആകാശം ഇരുണ്ട് മേഘാവൃതമായി. തണുത്ത കാറ്റുവീശി… മഴ പെയ്യാൻ വെമ്പുന്നപോലെ…
അപ്പോഴും കുടുംബത്തിലെ കാരണവർ ആരോ തിരക്ക് കൂട്ടി.. വേഗമാവട്ടെ…
മഴയെത്തും മുൻപേ…
തുഷാര രാജേഷ്.
#തിരക്ക്


16 Comments
“കഥയല്ലിത് ,ജീവിതം തന്നെ “. നന്നായിട്ടുണ്ട്.
നല്ലെഴുത്ത്. ” സ്ലോ ചിറ കുപ്ലറ ” മനസ്സിലായില്ല
തിരക്കിട്ട് ഇത്ര പെട്ടെന്ന് പോകേണ്ടായിരുന്നു..❣️❣️❣️
സ്ലിംചിത കുപ്ലിത ഭാവം… എഴുത്തിന് നല്ല add on ആയി. ഒത്തിരി കാര്യങ്ങൾ പറഞ്ഞു വെച്ച എഴുത്ത്. 👍
😃
തിരക്കിൻ്റെ ലോകം നന്നായി ആസ്വദിക്കും മുൻപേ തിരക്കില്ലാത്ത ലോകത്തിലേക്ക് മായ വീണ്ടും പോയല്ലോ……. നന്നായെഴുതി👍🌹
🥰👍🏻
പോസിറ്റീവ് കൂടി കൂടി വന്നിട്ട് അവസാനം ഒരു സ്ലിഞ്ചിത ഭാവം ആയി പോയി എനിക്ക്… 😌
നന്നായിട്ടുണ്ട് ❤️
നല്ല കഥ തുഷാര❤️❤️ തിരക്കില്ലാതായാലും തിരക്കായാലും പ്രശ്നം തന്നെ. പതിവുപോലെ നല്ലെഴുത്ത്.❤️❤️
🥰
🥰👍🏻
♥️♥️
🥰👍🏻
‘ കഥ’ നന്നായി. മായ ഇത്ര തിരക്കുകൂട്ടി പോയതിൽ സങ്കടം😔
🥰👍🏻