‘പിതാ രക്ഷതി കൗമാരെ
ഭർത്തോ രക്ഷതി യൗവനേ
പുത്രാ രക്ഷതി വാർധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യ മർഹതി…’
കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധക്യത്തിൽ പുത്രന്മാരാലും സംരക്ഷിക്കപ്പെടുന്നതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണോ, അല്ലെങ്കിൽ സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കരുത് എന്നാണോ മനുസ്മൃതിയിൽ പ്രഖ്യാപിട്ടുണ്ടാവുക. അതുമല്ലെങ്കിൽ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തി വെച്ചതാകുമോ? എന്തായാലും ഈ പുരാതന നിയമങ്ങളൊക്കെ അഗ്നി വിഴുങ്ങി കഴിഞ്ഞതാണല്ലോ. ഇനിയതിന് പ്രസക്തിയില്ല.
ചെറിയ പ്രായത്തിൽ തന്നെ ഈ നാലുവരിയുടെ അർഥം മനസിൽ പതിഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ പിന്തുടർന്നുവന്ന രീതികൾ കണ്ടിട്ടോ ആയിരിക്കണം അന്നൊന്നും സ്വതന്ത്രയാവണമെന്നോ, സ്വാതന്ത്ര്യം അനുഭവിക്കണമെന്നോ തോന്നതിരുന്നത്. സ്ത്രീകൾ എന്നും പുരുഷൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരും വന്നിരുന്നില്ല.
എന്തായാലും എഴുതിവെച്ചത് ശരിയാണ്. എനിക്കിതുവരെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. കൗമാരത്തിൽ പിതാവിനാലും യൗവന്നതിൽ ഭർത്താവിനാലും സംരക്ഷിക്കപ്പെട്ട ഞാനിപ്പോൾ പുത്രൻമാരുടെ സംരക്ഷണയിലാണ്.
‘സംരക്ഷണയിൽ’ എന്ന് പറയുന്നതിലും നല്ലത് ‘നിയന്ത്രണത്തിൽ’ എന്നാക്കാം. ചെറിയ കാര്യങ്ങളിൽപ്പോലും അവരുടെ നിയന്ത്രണം ഉണ്ടാകുന്നു. സ്വന്തം ഫോണിൽ ഇഷ്ടപ്പെട്ട പ്രൊഫൈൽ വെക്കാൻ, ഒരു സ്റ്റാറ്റസ് ഇടാൻ, ഒരു ഫ്രണ്ട്നെ സ്വീകരിക്കണമെങ്കിൽ… ഞാൻ മാത്രമല്ല എൻ്റെ പ്രായത്തിലുള്ള പല അമ്മമാർക്കും മക്കൾ വിലക്ക് ഏർപ്പെടുതുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.
അതൊക്കെ അമ്മമാരോടുള്ള സ്നേഹകൂടുതലും, കരുതലും ആണെന്നറിയാമെങ്കിലും ചിലപ്പോഴൊക്കെ ദേഷ്യം തോന്നറുമുണ്ട്. സോഷ്യൽ മീഡിയയിൽ അവർക്കുള്ള അത്ര അറിവ് എനിക്കില്ല എന്നറിയാവുന്നത് കൊണ്ടാകാം ഈ നിയന്ത്രണത്തിന് കാരണം. ഞാൻ ഉണ്ട ഓണത്തിൻ്റെ കണക്കൊന്നും അവരുടെ അടുത്ത് വിലപ്പോവില്ല. വലിച്ചുവാരി ഒരുപാട് ഓണം ഉണ്ണുന്നതിലൊന്നും ഒരു കാര്യവുമില്ലെന്ന് ഒരു ചെറുചിരിയോടെ അവരെന്നെ ഓർമിപ്പിച്ചു. ചിലപ്പോ തോന്നും എനിക്കുമുൻപേ ജനിച്ചത് അവനാണോ എന്ന്. എനിക്ക് പ്രായമായി എന്ന് കരുതുന്നതിനപ്പുറം സ്വന്തമായി അഭിപ്രായം പറയാനും തീരുമാനം എടുക്കാനും പാകത്തിൽ മക്കൾ വളർന്നു എന്ന് സമാധാനിക്കുന്നതാണ് എനിക്കിഷ്ടം.
ഈ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാഭാഗത്തുനിന്നും വലിച്ചു മുറുക്കി പൊട്ടാറാകുമ്പോൾ എനിക്ക് തോന്നും ഞാനൊരു കെട്ടിയിട്ട പശു ആണെല്ലോ എന്ന്. അല്ലെങ്കിൽ കുപ്പിയിൽ നിന്ന് പുറത്ത് വന്ന ഭൂതമാണെന്നു. യജമാനൻ്റെ ആജ്ഞയ്ക്ക് അനുസരിച്ച്, തീരുമ്പോൾ തീരുമ്പോൾ പണിയെടുക്കുന്ന…
ചെറുപ്പകാലത്ത് അച്ഛമ്മയുടെ കൂടെ പറമ്പിൽ പശുവിനെ കെട്ടാൻ പോകുന്നത് ഓർമ്മയുണ്ട്. പടവുകളായി കയറിപ്പോകുന്ന കുന്നിന്മുകളിലേക്ക് പശുവിനെയും തെളിച്ച് അച്ഛമ്മ കയറുമ്പോൾ, പുറകിൽ പശുകുട്ടിക്ക് കൂട്ടായി ഞാനുമുണ്ടാകും. നടക്കുന്നതിനിടയിൽ ഇടയ്‌ക്കിടെ തുള്ളിക്കളിക്കുന്ന അവളെ ഞങ്ങള് “തുള്ളിച്ചി പശു”എന്നായിരുന്നു വിളിക്കാറ്. ഈ തുള്ളിച്ചിയുടെ തുള്ളൽ അച്ഛമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോൾ അവളെ പിടിച്ചങ്ങ് മൂക്കുകുത്തി. എന്നിട്ടും അയച്ചുപിടിച്ച കയറിനിടയിലും ഇടയ്ക്കിടെ തുള്ളിക്കൊണ്ട് അവൾ സ്വാതന്ത്ര്യം ആസ്വദിച്ചു. നടന്നുനടന്ന് അച്ഛമ്മ നിശ്ചയിച്ച ലക്ഷ്യത്തിലെത്തുമ്പോൾ കയർ അവളുടെ പുറത്ത്‌കൂടെ ഇട്ട് ആഞ്ഞുവലിക്കും. മൂക്കുകയർ വലിയുമ്പോഴുള്ള വേദനകൊണ്ട് കഴുത്ത് പുറകോട്ട് തിരിച്ച് അവൾ നിൽക്കും. തീർന്നു അവളുടെ സ്വാതന്ത്ര്യം! ഒരു തെങ്ങിൻ ചുവട്ടിൽ ബന്ധിക്കപ്പെട്ട അവൾ അങ്ങനെ വൃത്താകൃതിയിൽ കറങ്ങിക്കൊണ്ടിരിക്കും. കെട്ടിയിട്ട തുള്ളിച്ചിക്ക് മുൻപിൽ ധൈര്യത്തോടെ ചെന്ന് ഡാൻസ് കളിച്ച്, പൊട്ടിച്ചിരിച്ചു അവളെ കളിയാക്കുമ്പോൾ അങ്ങുദൂരെ കാലം എനിക്കായ് കാത്തുവെച്ചത് അദൃശ്യമായൊരു കയറും, തെങ്ങിൻ ചുവടുമാണെന്നു സ്വപ്നത്തിൻ പോലും കരുതിയിരുന്നില്ല.
എൻ്റെ സ്വാതന്ത്ര്യത്തിന് മേൽ ആദ്യം വിലങ്ങ് വെച്ചത് അച്ഛമ്മയായിരുന്നു.
പെൺകുട്ടികൾ ഉറക്കെ ചിരിക്കാൻ പാടില്ല, സംസാരിക്കാൻ പാടില്ല, നടക്കുന്നത് ഭൂമി അറിയാൻ പാടില്ലാ… അന്നത്തെ പെൺകുട്ടികളെ ചിട്ടപ്പെടുത്തിയെടുത്തത് ഈ രീതിയിലായിരുന്നു.
ഇതൊക്കെ അടിച്ചേൽപിക്കുന്ന അച്ഛമ്മ ഒരു വീരശൂരപരാക്രമി ആയിരുന്നു. ദേഷ്യം പിടിക്കുമ്പോൾ ഞാനവരെ ജാൻസി റാണി എന്ന് വിളിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവരുണ്ടാക്കുന്ന ബഹളം കേട്ട് മച്ചിൽ അടയിരിക്കുന്ന പ്രാവുകൾ പോലും പേടിച്ച് ചിറകടിച്ചു പറന്നുപോകും…
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു ആണായ് പിറക്കണം. ഈ പെൺ ജന്മത്തിൻ്റെ പേരിൽ എനിക്ക് നിഷേധിക്കപ്പെട്ട എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കണം. ഇഷ്ടമുള്ളതൊക്കെ ചെയ്യണം. ആഗ്രഹിച്ചതൊക്കെ നേടണം. ഒരുപാട് ദൂരം ഒറ്റയ്ക് യാത്ര ചെയ്യണം. മഴനനഞ്ഞ്, മഞ്ഞ് കൊണ്ട്, വെയിൽച്ചുടറിഞ്ഞ് വിലക്കുകൾ ഒന്നുമില്ലാതെ……
കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും എല്ലാ വർഷവും ഓഗസ്റ്റ് പതിനഞ്ചിന് ഞാനും സ്വതന്ത്രദിനം ആഘോഷിക്കാറുണ്ട്.
കാഴ്ച്ചയിൽ എല്ലാ സ്വാതന്ത്ര്യത്തോടെയും അടിമത്വം അനുഭവിക്കുന്ന എല്ലാ സ്ത്രീ ജനങ്ങൾക്കും ആശംസയും അർപ്പിക്കാറുണ്ട്. സമത്വ സുന്ദരമായ ഒരു നാളെയും പ്രതീക്ഷിച്ചുകൊണ്ട്…..
തുഷാര രാജേഷ്


3 Comments
👍🏻
പുതു തലമുറ സ്വാതന്ത്ര്യം കൊടുത്തില്ലേൽ പിടിച്ചു വാങ്ങിക്കും…. നന്നായെഴുതി👍❤️
ചിന്തിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളില്ലേ ?
പക്ഷേ ഇന്നത്തെ കുട്ടികൾ നമ്മേക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്.
നല്ലെഴുത്ത്❤️🌹👌