പഠിക്കാൻ മേശപ്പുറത്തേക്ക് കയറിയിരിക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ഓടിവരുന്ന ആയിരം കാര്യങ്ങൾ—അത് കുട്ടിക്കാലം മുതലേ നമ്മെ പിടികൂടുന്ന ‘മടി’യുടെ ആദ്യ പാഠമാണ്. അന്ന് പുസ്തകം തുറന്നുവെച്ച് വെറുതെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു സമയം കളഞ്ഞതൊക്കെ ഇന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത ഗൃഹാതുരതയാണ്. അന്നത്തെ ആ പഠിത്തത്തോടുള്ള മടി, പിന്നീട് വളർന്നപ്പോൾ ഓഫീസ് ജോലികളിലേക്കും ഫയലുകൾ തീർക്കുന്നതിലേക്കു മുള്ള മടിയായി രൂപം മാറി. “നാളെ ചെയ്യാം” എന്ന ആ ഒറ്റ വാചകം മാറ്റിവെച്ച എത്രയോ നല്ല അവസരങ്ങൾ ജീവിതത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകും.
മടി പലതരം ഉണ്ട്. രാവിലെ എണീറ്റ് വ്യായാമം ചെയ്യാൻ തോന്നാത്ത ശാരീരിക മടിയും, വായിക്കാനും പുതിയ അറിവുകൾ നേടാനും മടിക്കുന്ന മാനസിക മടിയും നമ്മെ പലപ്പോഴും പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ ഈ മടിയെ തോൽപ്പിച്ച് മുന്നേറിയ ചില നിമിഷങ്ങളുണ്ട്. ഒരു ദിവസം ഒരു പുസ്തകം കയ്യിലെടുത്ത് വായിച്ചു തുടങ്ങിയപ്പോൾ മനസ്സിലായ കാര്യം, മടി എന്നത് നമ്മൾ തന്നെ മനസ്സിന് നൽകുന്ന ഒരു ചെറിയ ഒഴിവുകഴിവ് മാത്രമാണെന്നാണ്. ആ ചെറിയ തുടക്കം വലിയൊരു മാറ്റത്തിന് തിരിതെളിച്ചു.
മടിയെ മറികടക്കാൻ സഹായിച്ച ചില ലളിതമായ ശീലങ്ങൾ ഇവയാണ്:
ചെറിയ ലക്ഷ്യങ്ങൾ വെക്കുക: വലിയൊരു ജോലി ഒന്നിച്ച് ചെയ്യുമ്പോഴാണ് മടി കൂടുന്നത്. അതിനെ ചെറിയ ഭാഗങ്ങളായി വിഭജിക്കുക.
അഞ്ചു മിനിറ്റ് റൂൾ: ചെയ്യാൻ മടിയുള്ള ഒരു കാര്യം വെറും അഞ്ച് മിനിറ്റ് മാത്രം ചെയ്യാൻ ശ്രമിക്കുക. ആ തുടക്കം പിന്നീട് ആവേശം തരും.
ഫോൺ മാറ്റിവെക്കുക: സോഷ്യൽ മീഡിയയുടെ കടന്നുകയറ്റമാണ് പലപ്പോഴും നമ്മുടെ സമയവും ഊർജ്ജവും കവർന്നെടുക്കുന്ന പ്രധാന മടിയുടെ കാരണം.
മടി മനുഷ്യ സഹജമാണ്. എന്നാൽ അത് നമ്മുടെ വളർച്ചയെ തടസ്സപ്പെടുത്താൻ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. മടിയെ ഒരു പരിധി വരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും നമുക്ക് പഠിക്കാം.
ചിലപ്പോൾ ആ വിശ്രമവേളകളായിരിക്കാം പുതിയൊരു ചിന്തയ്ക്ക് തുടക്കമിടുന്നത്…..

