എന്താണ് ചുറ്റും സംഭവിക്കുന്നത്? ഈ ലോകം ആരുടെ നിയന്ത്രണത്തിൽ ആണ്?
അരാജകത്വം, യുദ്ധം, അട്ടിമറിശ്രമങ്ങൾ, കൂക്കിവിളി, ബഹളം, അടി, പൊതുമുതൽ നശിപ്പിക്കൽ – ഇത്തരം ആരവങ്ങൾ, അക്രമങ്ങൾ ഇനിയൊരിക്കലും തീരില്ലെന്ന് തോന്നുന്നു.
ലോകവും നമ്മളും ഒരുപോലെയാണ് മുന്നോട്ടു പോകുന്നത്. സമാധാനം എന്നത് ഇനിയൊരിക്കലും അനുഭവിക്കാൻ കഴിയാത്ത ഒരു അവസ്ഥയായി മാറിയേയ്ക്കാം.
എന്തുചെയ്യാം സർവ്വനാശമാണ് എല്ലാവർക്കും ഇഷ്ടമെന്ന് തോന്നുന്നു. സമാധാനപ്രേമികൾ അവരവരിലേയ്ക്ക് ഒളിച്ചിരിക്കുന്നു. തെറ്റുകൾക്കൊപ്പം, അക്രമങ്ങൾക്കൊപ്പം, അവനവന് അപ്പപ്പോൾ ബോധ്യമാകുന്ന നുണകളിലുള്ള നീന്തിത്തുടിയ്ക്കൽ, അഭിരമിക്കൽ, അതാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ഉന്മാദാവസ്ഥയെന്ന് തോന്നുന്നു.
എന്തുസംഭവിച്ചാലും അക്രമാസക്തരാവുക അടിച്ചു തകർക്കുക മറ്റുള്ള മനുഷ്യജീവികളെ ജീവിക്കാൻ അനുവദിക്കാതിരിക്കുക. എനിക്കെന്റെ ലക്‌ഷ്യം മാത്രം മതി.
തോൽവി എന്നൊന്നില്ല, ഒരിക്കൽ തോറ്റാൽ മറ്റൊരു വിഷയവുമായി വീണ്ടും വരിക. അക്രമങ്ങൾ സൃഷ്ടിക്കുക, തകർക്കുക. പൊതുമുതലായാലും, സ്വകാര്യമുതലായാലും. എന്റെയൊന്നും നഷ്ടമാകുന്നില്ലല്ലോ, എന്ത് തകർത്താലും എന്ത് കേസ്. ജനാധിപത്യത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ആനന്ദിച്ചും നുകർന്നുകൊണ്ടേയിരിക്കുക.
ആരെയാണ് നാം നശിപ്പിക്കുന്നത്, നശിപ്പിച്ചുകൊണ്ടേയിരിക്കുന്നത്? നാം നമ്മുടെ നാട് പുരോഗതിയിലേയ്ക്ക് കുതിക്കരുതെന്ന് എന്തുകൊണ്ട് ആഗ്രഹിക്കുന്നു. എന്തിന് സ്വന്തം നാടിന് എതിരായി പ്രവർത്തിക്കുന്നു. സിസ്റ്റത്തിന് എതിരായി പ്രവർത്തിക്കുന്നതിൽ ഉന്മാദവും സന്തോഷവും കണ്ടെത്തുന്നവർ ധാരാളമാണ്.
തോൽവി ഒരു യാഥാർത്ഥ്യമാണ്, എന്റെ തോൽവികൾ എന്റെ കുറവുകളാണ്, ഞാൻ അത് സ്വയം തിരുത്തിയെടുക്കേണ്ടതാണ്, അല്ലാതെ മറ്റുള്ളവരെ ആക്രമിച്ചു നേടിയെടുക്കേണ്ടതല്ല എന്റെ വിജയങ്ങൾ. എന്നെ നിങ്ങൾ തിരസ്കരിച്ചെങ്കിൽ എന്നിൽ എന്തോ കുഴപ്പമുണ്ട്. അത് തിരുത്തേണ്ടത് ഞാൻ തന്നെയാണ്.
എന്തുകൊണ്ടോ നാം ഇപ്പോൾ ഇങ്ങനെയൊന്നും ചിന്തിക്കാറില്ല. ഞാൻ മാത്രമാണ് ശരി, നിങ്ങളൊക്കെ തെറ്റ്. എന്റെയൊപ്പമാണെങ്കിൽ എന്റെ പിന്നിൽ അണിനിരക്കൂ, അല്ലെങ്കിൽ നിങ്ങളെന്റെ ശത്രുവാണ്.
എത്ര പെട്ടെന്നാണ് നാം ശത്രുക്കളായി മാറുന്നത്. എതിരായ ഒരു ചിന്തയുടെ ആശയവിനിമയത്തിനുപോലും ഇടം നല്കാൻ നാം ആരും തയ്യാറല്ല. എന്റെ ആശയങ്ങൾക്കൊപ്പമല്ലേ, എന്നാൽ നാം സുഹൃത്തുക്കളേ അല്ല, ശത്രു, വെറും ശത്രു. ബന്ധുവെന്നോ, സുഹൃത്തെന്നോ, സഹപാഠിയെന്നോ ഒക്കെ പറഞ്ഞു എന്നെത്തേടി വരരുത്.
അകലം, നമുക്കിടയിൽ ഏറിക്കൊണ്ടേയിരിക്കുന്ന അകലം, നാം അറിഞ്ഞു സൃഷ്ടിക്കുന്നതോ, അറിയാതെ വളർന്നു വലുതാകുന്നതോ ആയ അകലങ്ങൾ. തൊട്ടടുത്ത് നിൽക്കുമ്പോഴും നാം വളരെവളരെ അകലെയാണ്. ഇത്തരം അനുഭൂതികൾ മനസ്സിൽ വളർത്തിയെടുക്കുന്നതിൽ നാം വിജയിച്ചുകൊണ്ടേയിരിക്കുകയാണ്.
ഏതു തത്വസംഹിതയിൽ വിശ്വസിച്ചാലും, മനുഷ്യൻ മനുഷ്യൻ തന്നെയല്ലേ. വ്യതസ്ത നിലപാടുകൾ ഇല്ലെങ്കിൽ ഇനി ക്ളോണിങ് (ജൈവ പകർപ്പുകൾ) മാത്രം മതിയാകും. അപ്പോൾ വ്യതസ്തമായ ചിന്താധാരകൾ വളർന്നു വരികയില്ലല്ലോ.
ഒരേരൂപം, ഒരേചിന്ത. നമ്മൾ റോബോട്ടുകൾ ആകുന്ന കാലം വിദൂരമല്ല.
പെട്ടെന്നാണ് ഫോണടിച്ചത്, അയാൾ ഫോണെടുത്ത് നോക്കി, പ്രിയയാണ്, സുഹൃത്ത്. “നീ ഏവിടെയാണ്”
ഞാൻ പറഞ്ഞു, “നീ ഇന്നലെ പറഞ്ഞില്ലേ, എന്റെ തലയൊന്ന് പരിശോധിക്കണമെന്ന്, ഡോക്ടറെ കാണാൻ ഇരിക്കുകയാണ്”.
ഡോക്ടറോട് പറയണം, പറ്റുമെങ്കിൽ നിന്റെ തലച്ചോറ് കൂടി മാറ്റിവെയ്ക്കാൻ.
@കാവല്ലൂർ മുരളീധരൻ

