സിനിമ മോഹം എപ്പോ മുതലാണ് എന്റെ ഉള്ളിന്റെ ഉള്ളിൽ കയറിക്കൂടിയതെന്ന് എനിക്കറിയില്ല. കുട്ടിക്കാലം തൊട്ടേ മനസ്സിൽ നിറഞ്ഞത് ആ ഒരൊറ്റ സ്വപ്നം മാത്രമായിരുന്നു. ചുറ്റുമുള്ളവരോട് ഇത് പറഞ്ഞപ്പോഴൊക്കെ ഒരേ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ.
“അതിന്റെ പുറകെ പോയി ജീവിതം കളയരുത്, അതൊക്കെ വേറെ ആർക്കെങ്കിലും ഉള്ളതാണ്.”
പക്ഷേ, എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും എനിക്ക് കവചമായി, താങ്ങായി അമ്മ ഒപ്പമുണ്ടായിരുന്നു. ജീവന് തുല്യമായി സ്നേഹിച്ച ആ ലക്ഷ്യത്തിലേക്ക് എത്താൻ കിട്ടിയ ചെറിയ ചെറിയ ജോലികൾ ചെയ്തു. വണ്ടിക്കൂലിക്കുള്ള പണം പോലും കഷ്ടപ്പെട്ട് ഒപ്പിച്ചു വച്ച് നിരന്തരം ഓഡിഷനുകൾക്ക് പുറകെ ഓടിക്കൊണ്ടിരുന്നു.
പക്ഷേ, മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും എവിടെയും എനിക്കായി ഒരു പച്ചവെളിച്ചം തെളിഞ്ഞില്ല. വാതിലുകളെല്ലാം മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ഒടുവിൽ, അഹോരാത്രം പരിശ്രമിച്ചിട്ടും തോൽവികൾ മാത്രം ബാക്കിയായപ്പോൾ ആ സിനിമ മോഹത്തോട് തന്നെ എനിക്ക് വല്ലാത്തൊരു മടുപ്പും വെറുപ്പും തോന്നിത്തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാനസികമായി പൂർണ്ണമായി തകർന്നുപോയ ഞാൻ, എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തീരുമാനിച്ചു. ആരും എന്നെ തിരിച്ചറിയാത്ത ഏതോ ഒരു അന്യദേശത്തേക്ക് ഞാൻ വണ്ടി കയറി. വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കി. ഇടയ്ക്കൊന്ന് അമ്മയെ വിളിക്കും, ആ ശബ്ദം കേൾക്കുമ്പോൾ ഉള്ളൊന്ന് ശാന്തമാകും.
അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി എനിക്കൊരു ചെറിയ അപകടം പറ്റി. വലിയ പരിക്കൊന്നുമില്ല, കൈ ഒന്ന് ചെറുതായി ഉരഞ്ഞുപോയതേയുള്ളൂ. റോഡരികിൽ നിന്ന് പരിഭ്രമിച്ചു നിന്ന എന്നിലേക്ക് ഓടിവന്ന ചില ചെറുപ്പക്കാർ പതറിപ്പോയി സോറി പറഞ്ഞു: “സോറി ബ്രോ… ഒരു സിനിമയുടെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് ഇത് സംഭവിച്ചത്. ഹോസ്പിറ്റലിൽ പോകണോ?”
ഞാൻ ഒന്നും പറ്റിയില്ലെന്ന് തലയാട്ടി നടക്കാൻ തുനിഞ്ഞപ്പോൾ അവർ എനിക്കൊരു ഫോൺ നമ്പർ തന്നു: “ഞങ്ങളുടെ കൂടെ ഒരു ചെറിയ വേഷത്തിൽ കൂടുന്നോ?” എന്ന് ചോദിച്ചു. പക്ഷേ, മുൻകാലങ്ങളിലെ തോൽവികൾ തന്ന നിരാശയും, വല്ലാത്തൊരു മടിയും കാരണം ഞാൻ അത് സ്നേഹപൂർവ്വം നിരസിച്ചു. ‘ഇനി സിനിമയുമില്ല ഒന്നുമില്ല’ എന്ന് മനസ്സിൽ ഉറപ്പിച്ച് ആ മോഹം പൂർണ്ണമായി ഉപേക്ഷിച്ച് ഞാൻ തിരികെ അമ്മയുടെ അടുത്തേക്ക് തന്നെ മടങ്ങി.
നാട്ടിലെത്തിയ ഞാൻ തളർന്നുറങ്ങിയപ്പോൾ, അമ്മയാണ് ഫോണിൽ കണ്ട ഒരു പുതിയ ഓഡിഷന്റെ പോസ്റ്റർ എന്റെ കയ്യിൽ തന്ന് അങ്ങോട്ട് പോകാൻ പറഞ്ഞത്. അന്ന് എനിക്ക് പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല; മനസ്സ് മുഴുവൻ മടിയും നിരാശയുമായിരുന്നു. അത് കണ്ട് അമ്മ എന്നെ ചേർത്തുപിടിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. “ടാ, ഇത് ശരിയാകും… ഇതുകൂടി ഒന്നു ശ്രമിച്ചു നോക്ക്, ഇതും കൂടി കഴിഞ്ഞിട്ട് നീ എങ്ങോട്ടും പോകണ്ട” എന്ന് പറഞ്ഞ് അമ്മ തന്ന ആ ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് എന്റെ കണ്ണ് തുറപ്പിച്ചു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി, മനസ്സില്ലാ മനസ്സോടെ ഞാൻ ആ ഓഡിഷനിൽ പങ്കെടുത്തു. ദൈവത്തിന്റെ അനുഗ്രഹം പോലെ എനിക്ക് അതിൽ തരക്കേടില്ലാത്ത ഒരു നല്ല വേഷം തന്നെ ലഭിച്ചു! അന്ന് തുടങ്ങിയ ആ യാത്ര—പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് സിനിമ അഭിനയവും അമ്മയോടൊപ്പമുള്ള തട്ടുകടയും ഒക്കെയായി ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.
നമ്മുടെ ആഗ്രഹങ്ങൾക്ക് ദൈവം പൂ ചോദിച്ചാൽ പൂക്കാലം തന്നെ തന്നിരിക്കും. അതിനാൽ മടിവിട്ട് പരിശ്രമിച്ചു കൊണ്ടിരിക്കുക… ഇന്നല്ലെങ്കിൽ നാളെ നമ്മൾ ജയിച്ചിരിക്കും! നമുക്കായി ഒരു ഡേ വന്നിരിക്കും..
#കൂട്ടക്ഷരങ്ങൾ #എന്റെ രചന #മടി

