മണി എത്രയായോ എന്തോ…
ജനലിലൂടെ സൂര്യപ്രകാശം മുറിയിലേക്ക് പതിച്ചുതുടങ്ങി. അടുക്കളയിൽ അമ്മയുടെ പാത്രങ്ങളുടെ ശബ്ദം കേൾക്കാം. പതിവുപോലെ ആകെ കിട്ടുന്ന ഞായറാഴ്ച അവധിയാണ്. എഴുന്നേല്ക്കാൻ തോന്നുന്നില്ല. അമ്മക്കതറിയാം. മടിച്ചിയായ മോളെ കാക്കാതെ അമ്മ അടുക്കളപ്പണി തുടങ്ങി.
തിരിഞ്ഞുകിടന്നു. ജയേട്ടൻ തലമൂടി കിടക്കുന്നു.
തനിക്ക് ചെയ്യേണ്ടതായ ജോലികളുണ്ട്. മേശപ്പുറത്ത് വായിക്കാനായി തുറന്നുവെച്ച പത്രം, അലക്കാനുള്ള തുണികൾ, ചെടികൾക്ക് ഒഴിക്കാനുള്ള വെള്ളം… എല്ലാം അവളെ നോക്കി നിശ്ശബ്ദമായി കാത്തിരുന്നു.
പക്ഷേ, സുമയ്ക്ക് എഴുന്നേല്ക്കാൻ തോന്നിയില്ല.
“അഞ്ചു മിനിറ്റ് കൂടി കിടക്കാം. എന്താ ഇത്ര ധൃതി.”
അവൾ പുതപ്പ് തലയിലൂടെ വലിച്ചിട്ടു. അഞ്ചു മിനിറ്റ് അരമണിക്കൂറായി. അരമണിക്കൂർ ഒരു മണിക്കൂറായി.
ഒടുവിൽ എഴുന്നേറ്റപ്പോൾ പ്രഭാതം ഉച്ചയോടടുത്തിരുന്നു. ജയേട്ടൻ കിടക്കയിൽ തന്നെ. മോൻ പുറത്തെവിടേയോ പോകുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. വന്നോ എന്തോ.
പ്രഭാത ഭക്ഷണം കഴിഞ്ഞ് അമ്മയുടെ വേഷ്ടി തുമ്പിൽ മുഖം തുടച്ച് ഒന്നു കിന്നരിച്ച് റൂമിലെത്തി. എഴുതിത്തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന കഥയുടെ നോട്ടുപുസ്തകം അപ്പോഴും മേശപ്പുറത്ത് തുറന്നുകിടന്നു.
“ഇന്നു മുതൽ കഥ എഴുതി തുടങ്ങണം.” അവൾ സ്വയം പറഞ്ഞു.
“അമ്മേ, അമ്മയുടെ കഥയെഴുത്ത് എവിടെവരെയായി? അമ്മയ്ക്ക് നല്ല കഴിവുണ്ടല്ലോ. എഴുതി തുടങ്ങിയോ” മോൻ വന്ന് ചുറ്റിപ്പിടിച്ചു.
“ഇന്ന് എഴുതണം കുട്ടാ, … പക്ഷേ സമയം കിട്ടുന്നില്ല.” മുഖം ചുളിച്ചു കൊണ്ട് മറുപടി കൊടുത്തു.
സുമയ്ക്ക് ചിരി വന്നു. സമയം കിട്ടുന്നില്ലെന്നോ? രാവിലെ മുതൽ സമയം അവളുടെ മുന്നിൽ കൈകൂപ്പി നിന്നിട്ടും അവൾ തന്നെയല്ലേ അതിനെ തിരിച്ചയച്ചത്!
അവൾ മേശപ്പുറത്തിരുന്ന നോട്ടുപുസ്തകം തുറന്നു. ആദ്യത്തെ പേജിൽ മനോഹരമായ അക്ഷരങ്ങളിൽ താൻ ചെയ്യേണ്ട കുറെ കാര്യങ്ങൾ കുറിച്ചിട്ടുണ്ടായിരുന്നു.
കഥയെഴുതണം, വായനശാലയിൽ പോകണം, ചെടികൾ നന്നായി പരിപാലിക്കണം, പഴയ കൂട്ടുകാരെ വിളിക്കണം. ജയേട്ടനും കുട്ടികളും അമ്മയുമായി പുറത്തു പോകണം.. അങ്ങിനെയങ്ങിനെ. അടുത്ത പേജിൽ കോറിയിട്ടിട്ടുണ്ട്.
“എന്റെ സ്വപ്നങ്ങൾ.” രചന:- സുമ ജയൻ
അവൾ പേനയെടുത്തു. അപ്പോഴാണ് പുറത്തുനിന്ന് ഒരു ചെറിയ ശബ്ദം കേട്ടത്.
അയൽവീട്ടിലെ ദേവകിയമ്മ മുറ്റത്തെ ചെടികൾ നനയ്ക്കുന്നു. എഴുപത്തഞ്ചു വയസ്സുണ്ടാകും. പതുക്കെ നടന്ന് ഓരോ ചെടിയുടെയും ചുവട്ടിൽ വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. സുമ ജനലിലൂടെ അവരെ നോക്കിയിരുന്നു.
അവളെ കണ്ട ദേവകിയമ്മ ചോദിച്ചു “മോളേ, നിന്റെ മുറ്റത്തെ മുല്ലയ്ക്ക് കുറച്ചു വെള്ളം ഒഴിക്കൂ. വാടിത്തുടങ്ങിയിരിക്കുന്നു.
സുമയ്ക്ക് എന്തോ വല്ലായ്മ തോന്നി. “അയ്യോ, അമ്മേ! ഞാൻ ഒഴിക്കേണ്ടതായിരുന്നു. മറന്നു പോയി”
ദേവകിയമ്മ ചിരിച്ചു. “ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റിയാൽ നമുക്ക് നഷ്ടമാകുന്നത് ഇന്നത്തെ ദിവസമാണ്. ആ വാക്കുകൾ സുമയുടെ മനസ്സിൽ തറച്ചു. നോട്ടു പുസ്തകം മടക്കി വച്ച് സുമ എഴുന്നേറ്റു. അമ്മ ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്നൂ.. സുമ അടുക്കളയിലെത്തി അവിടം വൃത്തിയാക്കി. തുണികൾ അലക്കാനിട്ട് മുറിയിലെത്തി നോട്ടുപുസ്തകവുമായി ഇരുന്നു. ആദ്യത്തെ വരി എഴുതാൻ അവൾക്ക് കുറച്ചു സമയമെടുത്തു. പിന്നെ വാക്കുകൾ പതുക്കെ പതുക്കെ ഒഴുകിത്തുടങ്ങി. വൈകുന്നേരത്തോടെ അവൾ എഴുതിത്തീർത്തത് ഒരു ചെറുകഥയായിരുന്നു. കഥയുടെ പേര് “മടി.” കഥയുടെ അവസാനവരി എഴുതിയപ്പോൾ അവൾ സ്വയം ചിരിച്ചു. മടിയെക്കുറിച്ച് എഴുതാൻ തുടങ്ങിയ അവൾ മടിയെ തോൽപ്പിച്ചിരിക്കുന്നു! അവൾക്ക് ഒരു കാര്യം മനസ്സിലായി.
നമ്മുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നത് പലപ്പോഴും കഴിവില്ലായ്മയല്ല; നാളെ ചെയ്യാമെന്നു പറഞ്ഞ് ഇന്നിനെ പാഴാക്കുന്ന മടിയാണ്,
എന്ന് തീർച്ചയാണ്. ദിവസവും ഒരു ചെറിയ കാര്യം ചെയ്യാൻ മാത്രം തീരുമാനിച്ചു. കാരണം അവൾ തിരിച്ചറിഞ്ഞിരുന്നു, ജീവിതം മാറുന്നത് വലിയ ചുവടുകളിലൂടെയല്ല; എടുക്കാൻ മടിച്ച ചെറിയ ചുവടുകളിലൂടെയാണ് പലപ്പോഴും ജീവിതം നിശ്ചലമാകുന്നത് എന്ന് നമ്മുടെ സ്വപ്നങ്ങളെ തകർക്കുന്നത് എല്ലായ്പ്പോഴും പരാജയങ്ങളല്ല. ചിലപ്പോൾ ശ്രമിക്കാതെ മാറ്റിവെച്ച ഓരോ ദിവസവും കൂടിച്ചേർന്നാണ് ആ സ്വപ്നങ്ങളെ നമ്മിൽനിന്ന് അകറ്റുന്നത്.

