ആശുപത്രി വരാന്തയിൽ തളർന്നിരിക്കുകയാണ് മീര. ഇടയ്ക്കിടെ അവൾ ഐ സി യു വിൻ്റെ വാതിൽ തുറക്കുന്നോയെന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. വാതിൽ തുറന്നു ഡോക്ടർ ആഷിക് പുറത്തു വരാൻ കാത്തിരിക്കുകയാണ് മീര.
ചെറുപ്പത്തിൽ ഒരു ബന്ധനവുമില്ലാതെ, കല്യാണം കഴിക്കാതെ, സ്വതന്ത്ര ജീവിതം സ്വപ്നം കണ്ടവളാണ് മീര, ഇപ്പോൾ ആരോരുമില്ലാതെ തനിച്ചുള്ള ഈ ഇരുപ്പു അവളെ വല്ലാതെ ഭയപ്പെടുത്തുന്നു. മീരയുടെ എല്ലാമെല്ലാമായ അമ്മയേയും കാമുകനേയും അവൾക്ക് നഷ്ടപ്പെട്ടു. ഒറ്റക്കിരുന്നാൽ ഓരോന്ന് ആലോചിച്ചു കൂട്ടും എന്നവൾക്കറിയാം അതാണവളുടെ പേടി.
“ഇല്ല അന്നമോൾക്ക് ഒന്നും വരില്ല. “
മീര ഇടനെഞ്ചിൽ കൈ വെച്ച് പറഞ്ഞു.
ഡോക്ടർ വന്ന് പറയാൻ പോകുന്നത് പോസിറ്റീവ് ആയ വാർത്ത തന്നെയാകും. അവൾ ഫോണിൽ നോക്കി, താരേച്ചി എവിടെ? ഒറ്റയ്ക്കിരുന്ന് മടുത്തു. താരേച്ചി കൂട്ടിന് വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു.
താരേച്ചിയെ കുറ്റം പറയാൻ പറ്റില്ല. ചേച്ചിക്കൊരു കുടുംബവും കുട്ടികളും ഉണ്ട്. ചേച്ചിയുടെ ഭർത്താവ് റോഷന് ചില നിർബന്ധങ്ങളുണ്ട്. ചേച്ചി അദ്ദേഹത്തെയും മക്കളെയും അല്ലാതെ വേറെ ആരെയും സ്നേഹിക്കുന്നതും പരിഗണിക്കുന്നതും അദ്ദേഹത്തിന് ഒട്ടും ഇഷ്ടമല്ല, അതിപ്പോൾ സ്വന്തം അനിയത്തിയെ ആയാലും. ഒരു തരം പൊസ്സസ്സീവ്നെസ് ആണ് അയാൾക്ക്.
മീശയില്ലാത്ത ചെറുപ്പക്കാരൻ ഡോക്ടർ ഐ സി യുവിൽ നിന്നും പുറത്തേയ്ക്കു വന്നു. ഡോക്ടർ ആഷിക്കിന്റെ മുഖത്ത് ഗൗരവം ആയിരുന്നു. അയാളുടെ ചിന്തകളുടെ ആഴം ആ മുഖത്ത് പ്രകടമായിരുന്നു.
“മിസ് മീര. “
മീര ഡോക്ടറെ കേൾക്കാൻ തയാറായി.
“സോറി മീര, അന്നയുടെ ശരീരം പുതിയ മരുന്നിനോട് വേണ്ട വിധം പ്രതികരിക്കുന്നില്ല, പതിനായിരത്തിൽ ഒരാൾക്ക് വരുന്ന രോഗമാണവൾക്ക്. ഇപ്പോഴത്തെ അവസ്ഥയിൽ വല്യ പുരോഗതി ഒന്നും കാണുന്നില്ല. ഞങ്ങളുടെ ബോർഡ് ഇന്ന് വൈകിട്ട് മീറ്റിങ്ങ് കൂടുന്നുണ്ട്. അത് കഴിഞ്ഞേ ഞങ്ങൾ ഒരു തീരുമാനത്തിലെത്തൂ. വിദേശത്ത് നിന്നും ഒരു മരുന്ന് കൊണ്ട് വന്ന് കുത്തി വച്ചാൽ അവൾ രക്ഷപ്പെടും. “
“അവളെ ഞാൻ വിദേശത്തെങ്ങാനും കൊണ്ട് പോയി ചികിൽസിച്ചു കൊള്ളാം ഡോക്ടർ. അവളുടെ ആരോഗ്യം ഒന്ന് സ്റ്റേബിൾ ആകണം. അതിനാ ഞാൻ കാത്തിരിക്കുന്നത്. “
“അതിനെ കുറിച്ച് തന്നെയാണ് ഞാനും പറഞ്ഞ് വന്നത്. ഇപ്പോൾ, ഉടനെ ഒരു യാത്ര ആ കുഞ്ഞിന് അപകടമാണ്. മീരയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി അറിയണം. മരുന്ന് നമുക്ക് ഇവിടെ വരുത്താം. “
“അവൾക്കു ഞാൻ മാത്രമേ ഉള്ളൂ. “
“മീര ഒരു സിംഗിൾ പേരൻ്റ് ആണെന്ന് എനിക്കറിയാം. “
പണ്ടേ മീരയ്ക്ക് വിവാഹവും വിവാഹിതരേയും ഇഷ്ടമായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും തകർന്ന ജീവിതം കണ്ട് വളർന്നു വന്നത് കൊണ്ട് എല്ലാത്തരം സ്ത്രീ പുരുഷ ബന്ധങ്ങളേയും അവൾ വെറുത്തിരുന്നു. അവളൊരു ലെസ്ബിയൻ ആകുമോയെന്ന സ്വന്തം അമ്മയുടെ ആശങ്കയെ കാറ്റിൽ പറത്തി കൊണ്ട് അവൾ പഠനം കഴിഞ്ഞ് ഇറ്റലിയിൽ നിന്നും മടങ്ങി വന്നത് സുഹൃത്തായ ലിയോനാർഡോയേയും കൂടെ കൂട്ടിയാണ്.
ഒരിക്കൽ ഒരു ആർട്ട് ഗാലറിയിൽ വച്ച് പരിചയപ്പെട്ട ലിയോനാർഡോയെ വിവാഹം കഴിക്കണമെന്നു അവൾ ആഗ്രഹിച്ചിരുന്നു. നീണ്ടു മെലിഞ്ഞു സുന്ദരനായ ലിയോനാർഡോയ്ക്ക് ഇന്ത്യൻ സുന്ദരികളെ വല്ലാതെ ഇഷ്ടമായിരുന്നു. അയാളുടെ ചിത്രങ്ങൾക്ക് മീര മോഡലായി മാറി.
ലിയോനാർഡോ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു പുരുഷൻ തൻ്റെ സ്ത്രീയെ എങ്ങനെ വേണം സംരക്ഷിക്കേണ്ടതെന്ന് അവൾ മനസ്സിലാക്കിയത്. ശാരീരികമല്ലാത്ത ഒരു തരം സൗന്ദര്യാത്മകമായ സ്നേഹമായിരുന്നു ലിയോയ്ക്ക് അവളോട്. പ്രണയം എന്തെന്ന് മീരയെ പഠിപ്പിച്ചത് അവനായിരുന്നു. ഇറ്റലിക്കാരെ പോലെ നല്ല കമിതാക്കൾ വേറെ കാണില്ല. എന്തൊരു കരുതലാണവർക്ക് തങ്ങളുടെ പ്രേമഭാജനങ്ങളോട്.
” പ്രേമിക്കുന്നതെങ്ങനെയെന്നു ഇറ്റലിക്കാരായ ആണുങ്ങളെ കണ്ടു പഠിക്കണം ചേച്ചീ. അവർക്കു അവരുടെ സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും അറിയാം. നമ്മൾ സ്നേഹിക്കുന്ന ആളുകൾ നമ്മളെയും സ്നേഹിക്കുന്ന അവസ്ഥ അറിയാമല്ലോ, ഇതിൽ കൂടുതൽ ജീവിതത്തിൽ എനിക്ക് എന്താ വേണ്ടത് താരേച്ചി. “
“നീയപ്പോൾ അവനെ കെട്ടാനങ്ങ് തീരുമാനിച്ചോ, നിന്നെക്കാൾ വയസ്സ് വളരെ കൂടുതൽ അല്ലേ അവന്. “
“കല്യാണം ഒന്നുമില്ല. അവൻ എന്റെ പങ്കാളി, അത്ര മാത്രം, പരസ്പരം മടുക്കുന്നത് വരെ മാത്രം. “
ആറ് വർഷങ്ങൾ കഴിഞ്ഞ് ഒരു പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അമ്മ ചോദിച്ചു.
“നിനക്കിതുവരെ അവനെ മടുത്തില്ലേ. “
മീര മറുപടി പറഞ്ഞില്ല, പകരം ഒരു മറു ചോദ്യം ചോദിച്ചു.
“നീണ്ട മുപ്പത്തിയാറു വർഷങ്ങൾ ആയില്ലേ ?അമ്മയ്ക്ക് അച്ഛൻ മടുത്തോ”
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞൊഴുകി.
“വേണ്ട ഒന്നും പറയണ്ട, എനിക്കെല്ലാം മനസിലായി. അമ്മ ചോദിക്കാറില്ലായിരുന്നോ, ഞാൻ എന്താ കല്യാണത്തിന് സമ്മതിക്കാത്തത് എന്ന്. അതിന്റെ ഉത്തരം അമ്മയുടെ ജീവിതമാണ്. ഈ കണ്ണുകളിലെ മടുപ്പും അസ്വസ്ഥയും കണ്ടല്ലേ ഞാൻ വളർന്നത്. എനിക്ക് ലിയോനാർഡോയെ ഇത് വരെ മടുത്തില്ല അമ്മേ. “
“നല്ലത് മോളേ, ജീവിതത്തിൽ എന്നും പുതുമകൾ കണ്ടെത്താൻ പറ്റിയാൽ… അത്തരം പങ്കാളി ഒരു അനുഗ്രഹമാണ്. നീ ഇത്തവണ വന്നപ്പോൾ അയാളെ കൂടെ കൂട്ടാമായിരുന്നു. അയാളെ പരിചയപ്പെടാൻ ഞാനും ആഗ്രഹിച്ചിരുന്നു. “
“ലിയനാർഡോ അറിയപ്പെടുന്ന ഒരു ചിത്രകാരൻ അല്ലേയമ്മേ, ഈ ഒരാഴ്ച അയാൾ ഫ്രാൻസിലാണ്, അവിടെ അയാളുടെ ചിത്ര പ്രദർശനമുണ്ട്. പിന്നെ ഒരു കാര്യത്തിൽ അമ്മയുടെ അഭിപ്രായമറിയാൻ എനിക്കാഗ്രഹമുണ്ട്. ഞങ്ങൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ അയൽവാസിയായ ഒരു കൗമാരക്കാരി പ്രസവത്തോടെ മരിച്ചിരുന്നു, അവളുടെ മകളാണ് ആ കുഞ്ഞ്. അവൾക്കു ഒരു വയസു മാത്രമേയുള്ളു, അന്നാ എന്നാണ് അവളുടെ പേര്. “
അമ്മ മീരയെ അതിശയത്തോടെ നോക്കി.
“ഞാനും ഒരു അമ്മയാകാൻ ആഗ്രഹിക്കുന്നു. ലിയോനാർഡോയ്ക്കു അതിനു ഒരിക്കലും കഴിയില്ല അമ്മേ. ഞാൻ ഇക്കാര്യത്തിൽ അയാളെ വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദത്തെടുക്കൽ ആണ് ഞങ്ങളുടെ മുന്നിലെ ഏറ്റവും നല്ല ഓപ്ഷൻ. “
“ഇതറിഞ്ഞാൽ താരയുടെ ഭർത്താവിന് നല്ല വിഷമമാകും. “
“എന്തിന്”
“അവിവാഹിതയായ സഹോദരിയുടെ സ്വത്തുക്കളിൽ ചെറിയൊരു കണ്ണ് അയാൾക്കുണ്ട്. “
“എനിക്ക് സ്വത്തൊന്നും വേണ്ട. എനിക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും മാത്രം മതി. “
പിന്നെ അമ്മയെ മീര കാണുന്നത് മരണ കിടക്കയിലാണ്. നിർത്താതെയുള്ള ചർദ്ദി, ആഹാരം കഴിക്കുമ്പോൾ കഠിനമായ വേദന. നേരത്തെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല, അമ്മയ്ക്ക് പെപ്റ്റിക് അൾസർ ആയിരുന്നു. അച്ഛനും അമ്മയുമായി വഴക്കുണ്ടാകുന്ന ദിവസങ്ങളിൽ പട്ടിണി കിടക്കുക അമ്മയുടെ ഹോബി ആയിരുന്നു. അല്ലാത്ത ദിവസങ്ങളിൽ ജലപാനമില്ലാതെ വ്രതങ്ങളും നോറ്റു. സ്വന്തം ശരീരത്തെ അമ്മ വെറുത്തിരുന്നു എന്ന് തോന്നുന്നു. സുന്ദരിയായ അമ്മയെ അച്ഛന് സംശയം ആയിരുന്നു.
രോഗം വല്ലാതെ മൂർച്ഛിച്ചെങ്കിലും അമ്മ മക്കളെ അടുത്ത് വിളിച്ചു വരുത്താൻ തയറായില്ല. ഒടുവിൽ ഒരു അജ്ഞാത നമ്പറിൽ നിന്നും മീരയ്ക്കൊരു ഫോൺ കാൾ കിട്ടി.
“മീര ഞാൻ ഡോക്ടർ പ്രകാശ് നായർ, സുകന്യയുടെ സുഹൃത്താണ്. സുകന്യ ആശുപത്രിയിലാണ്. മക്കൾ അമ്മയെ ഓർത്തു കഷ്ടപെടരുത് എന്നാണ് സുകന്യയുടെ ആഗ്രഹം. അമ്മയുടെ അനുമതിയില്ലാതെയാണ് ഞാൻ മീരയെ ഇപ്പോൾ വിളിച്ചത്. “
“പ്രകാശ് നായർ, മെഡിക്കൽ കോളേജിലെ ഡോക്ടർ അല്ലേ, അമ്മയുടെ ബാല്യകാല സുഹൃത്തായ പ്രകാശ്, അങ്കിൾ സത്യം പറയൂ, അമ്മയുടെ അവസ്ഥയെന്താണ്. “
മീര തുറന്ന് ചോദിച്ചു.
“മോളെ അമ്മയുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾക്കിനി ചെയ്യാൻ കഴിയുന്നത് അവളെ സന്തോഷത്തോടെ യാത്ര അയയ്ക്കുക എന്നത് മാത്രമാണ്. ഞാൻ താരയെ വിളിച്ചിരുന്നു, ആ കുട്ടി ഇങ്ങനെയല്ല പ്രതികരിച്ചത്, എന്നെ റോഷൻ വല്ലാതെ ചോദ്യം ചെയ്തു. “
മീര അന്നയെ ലിയോയെ ഏൽപ്പിച്ചു നാട്ടിലെത്തി. അന്നയെ കൊണ്ട് വന്നു അമ്മയെ കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ ഒരവസ്ഥയിൽ അമ്മയെ പരിചരിക്കാൻ അവളൊരു തടസ്സമാകാൻ പാടില്ല. ഒരാഴ്ച കഴിഞ്ഞ് അന്നയെ കൂട്ടി നാട്ടിൽ വരാമെന്നു ലിയോനാർഡോ വാക്ക് തന്നിരുന്നു. അവരെ കാണാൻ നിൽക്കാതെ അമ്മ പോയി
ആശുപത്രിയിൽ അമ്മയോടൊപ്പം പ്രകാശ് അങ്കിൾ ഉണ്ടായിരുന്നു. അങ്കിളിനെ കാണുമ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങുന്നതും, അദ്ദേഹം നിർബന്ധിക്കുമ്പോൾ അമ്മ ഭക്ഷണം കഴിക്കുന്നതും മീര ശ്രദ്ധിച്ചു. മീരയുടെ പരിചരണം അമ്മ ആഗ്രഹിച്ചിരുന്നു.
നാലഞ്ചു ദിവസം അമ്മയുടെ ഒപ്പം നിൽക്കാൻ കഴിഞ്ഞു. പെട്ടെന്നായിരുന്നു അമ്മയുടെ അവസ്ഥ മാറിയത്, നില വഷളായി, അബോധാവസ്ഥയിലായി. പ്രകാശ് അങ്കിൾ അതെ ആശുപത്രിയിൽ തന്നെ ജോലി ചെയ്തിരുന്നത് കൊണ്ട് നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. അമ്മയെ പെട്ടെന്ന് ഐ സി യു വിലേയ്ക്ക് പ്രവേശിപ്പിച്ചു.
ഒരു രാത്രി മാത്രം, ആരെയും അധികം കഷ്ടപെടുത്താതെ, താരേച്ചിയെ ഒന്ന് കാണാൻ പോലും കാത്ത് നില്ക്കാതെ അമ്മ മടങ്ങി. വിഷമം സഹിക്കാൻ വയ്യാതെ പ്രകാശ് അങ്കിളിനെ കെട്ടി പിടിച്ച് കരയുമ്പോൾ മീര ഒന്നേ പറഞ്ഞുള്ളു.
“എന്റെ അമ്മയ്ക്ക് ഒരു ജീവിതം കൊടുത്തു കൂടായിരുന്നോ അങ്കിളിന്?ഇത്ര പെട്ടെന്ന് പോകില്ലായിരുന്നു ആ പാവം. “
മറുപടി പറയാതെ അങ്കിൾ മീരയുടെ ഒപ്പം നിന്ന് കരയുകയായിരുന്നു. അമ്മയുടെ മരണം രണ്ടു തരത്തിൽ ബാധിച്ചവരാണെങ്കിലും ആ സമയത്ത് അവർ ഒരേ തൂവൽ പക്ഷികളായി. മീരയെ തഴുകി ആശ്വസിപ്പിക്കുമ്പോൾ പ്രകാശ് അങ്കിൾ ഒന്നേ പറഞ്ഞുള്ളു.
“എനിക്ക് ജനിക്കാതെ പോയ മകളാണ് നീ. നിന്നെ കാണുമ്പോൾ എനിക്കെന്റെ സുകന്യയെ ഓർമ്മ വരുന്നു, അതേ കണ്ണുകൾ, അതേ മുഖഭാവം. “
താരേച്ചിയെ കാത്ത് അമ്മയുടെ ശരീരം വിറങ്ങലിച്ചു മോർച്ചറിയിലിരിക്കുമ്പോൾ അവൾ പ്രകാശ് അങ്കിളിന്റെ വീട്ടിൽ ആന്റിക്കൊപ്പം പഴയ കഥകൾ പറയുകയായിരുന്നു.
“ഞങ്ങൾ മൂന്ന് പേരും ഒരേ ക്ലാസിൽ ആയിരുന്നു പഠിച്ചത്. ഇവരുടെ സ്നേഹം തിരിച്ചറിയാൻ ഞാൻ വൈകി പോയി, ഇല്ലെങ്കിൽ പ്രകാശിനെ ഞാൻ സുകന്യയ്ക്കു വിട്ടു കൊടുത്തേനെ. ക്രിമിനൽ വക്കീലായ എനിക്ക് പ്രകാശിനെ പോലെ സാത്വികനായ ഒരാളെ ആയിരുന്നില്ല അർഹിച്ചിരുന്നത്. “
അനുപമയാൻ്റി കണ്ണുകൾ തുടച്ചു.
അമ്മയുടെ ചിതാഭസ്മവുമായി കാശിയിൽ പോയപ്പോഴും ഒരു അച്ഛനെ പോലെ അങ്കിൾ കൂടെ വന്നു. ചിതാ ഭസ്മം നിറച്ച കുടം അദ്ദേഹത്തിന്റെ നേരെ നീട്ടി മീര ഇങ്ങനെ പറഞ്ഞു.
“നമ്മളൊന്നിച്ചു ഒഴുക്കുന്നതാകും അമ്മയ്ക്ക് കൂടുതൽ ഇഷ്ടം. “
ചടങ്ങുകൾ കഴിഞ്ഞു ഇറ്റലിയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം എയർപോർട്ടിൽ വരെ കൂടെ വന്നു.
“‘അമ്മ പോയി എന്ന് കരുതി വിഷമിക്കരുത്. ഞാൻ ഇവിടെ ഉണ്ട്. എന്ത് ആവശ്യത്തിനും എന്നെ വിളിച്ചോളൂ. ഞാൻ മരിക്കുന്നത് വരെ സുകന്യയുടെ മക്കൾ എന്നോടൊപ്പം ഉണ്ടാകണം. “
ലിയോനാർഡോയുടെ ദാരുണമായ മുങ്ങി മരണവും താരേച്ചിയെ അറിയിക്കുന്നതിന് മുൻപ് മീര വിളിച്ചു അറിയിച്ചത് ഡോക്ടർ പ്രകാശ് നായരെയാണ്. ചൈനയിലെ യാങ്സേ നദിയിലൂടെയൊരു സവാരി ലിയോനാർഡോയെ വളരെ അധികം സന്തോഷിപ്പിച്ചിരുന്നു. ബോട്ടിൽ കയറുന്നതിനു തൊട്ട് മുൻപ് മീരയും അന്നയുമായി ലിയോ നടത്തിയ വീഡിയോ കാൾ അവസാനത്തേത് ആയിരുന്നുവെന്നു മീരയ്ക്ക് അപ്പോൾ മനസിലായിരുന്നില്ല.
“മോൾക്കു ഇനി നാട്ടിലേയ്ക്ക് മടങ്ങി വന്നു കൂടെ. അവിടെ ഇനി ആരാ ഉള്ളത്. ഇവിടെ അമ്മയുടെ തറവാട് മോൾക്കുള്ളതാണല്ലോ. “
“മടങ്ങി വരാൻ തന്നെയാണ് എൻ്റെ തീരുമാനം. ലിയോയും ഞാനും വിവാഹം ചെയ്തിരുന്നില്ല. അന്നയ്ക്കായി ലിയോ കുറച്ചു നിക്ഷേപങ്ങൾ നടത്തിയിരുന്നു. അത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന കുറച്ചു ബന്ധുക്കൾ ലിയോയ്ക്കുണ്ട്. അത് കൊണ്ട് അന്നയുമായി അവിടെ ജീവിക്കുന്നത് വളരെ റിസ്കാണ്. കേസ് നടത്താൻ ഒരു ലീഗൽ അഡ്വൈസറിനെ നിയമിച്ചു കൊണ്ട് ഇന്ത്യയിലേയ്ക്ക് മടങ്ങാനാണ് എന്റെ തീരുമാനം. “
“അതാണ് നല്ലത് മോളെ. അന്യ നാട്ടിൽ നീ തനിയെ. “
“പക്ഷെ ഞാൻ തറവാട്ടിലേക്ക് ഇല്ല അങ്കിൾ. എന്റെ സ്വത്തിൻ്റെ പങ്കും കൂടെ വേണമെന്ന് പറഞ്ഞാണ് റോഷൻ ചേട്ടൻ അമ്മയുമായി വഴക്കുണ്ടാക്കിയത്. എനിക്ക് അതൊന്നും വേണ്ട അയാൾ എടുത്ത് കൊള്ളട്ടേ, അന്നയുമായി തല്ക്കാലം ഒരു വാടക ഫ്ലാറ്റിലേക്ക് മാറാനാണ് എന്റെ തീരുമാനം. “
മീരയ്ക്ക് നാട്ടിലെ ഒരു കോളേജിൽ കൗൺസിലർ ആയി ജോലി വാങ്ങി നൽകിയതും ഡോക്ടർ പ്രകാശ് ആണ്. അദ്ദേഹത്തിന്റെ വീട്ടിൽ അന്നയുമായി വല്ലപ്പോഴും ഒരു സന്ദർശനം, അല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്താൻ ഒരിക്കലും മീര ആഗ്രഹിച്ചിരുന്നില്ല.
നാട്ടിൽ വന്നു നാലു വർഷങ്ങൾ കഴിഞ്ഞു. അന്നയ്ക്കിപ്പോൾ ആറു വയസ്സായി. അവളെ നഗരത്തിലെ പ്രധാന സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. അന്ന മിടുക്കിയായ പെൺകുട്ടിയായിരുന്നു. അവളുടെ വെളുത്തു തുടുത്ത നിറം ആയിരുന്നു എല്ലാവരുടെയും സംസാര വിഷയം. അവളുടെ പരേതനായ അച്ഛൻ ഒരു ഇറ്റലിക്കാരൻ എന്നറിഞ്ഞപ്പോഴാണ് ക്ലാസ് ടീച്ചറിന് പോലും സമാധാനം കിട്ടിയുള്ളൂ.
നിയമപരമായ തർക്കങ്ങൾക്കൊടുവിൽ അന്നയുടെ പേരിൽ ലിയോനാർഡോയുടെ സമ്പാദ്യങ്ങൾ വന്നു ചേർന്നു. അവൾക്കു വേണ്ടി ഒരു ഫ്ലാറ്റ് മാത്രം വാങ്ങി, ബാക്കി പണം അവളുടെ തുടർ വിദ്യാഭ്യാസത്തിനായി മാറ്റി വച്ചു.
പഴയ കാര്യങ്ങളൊക്കെ ഒരു സിനിമയിൽ എന്ന പോലെ മീരയുടെ മനസ്സിൽ മിന്നി മറഞ്ഞു. ഇന്നലെ രാവിലെ സ്കൂളിൽ നിന്നും അവളുടെ ക്ലാസ് ടീച്ചറുടെ വിളി വരുന്നത് വരെ എല്ലാം ശാന്തമായിരുന്നു.
“അന്നക്കുട്ടി ക്ലാസിൽ ബോധം കെട്ട് വീണു. “
കേട്ടപാതി കേൾക്കാത്ത പാതി കാറെടുത്ത് ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ അമ്മയെ ഓർത്തു. തനിക്കു പനി വന്നിരുന്ന ദിവസങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ, ഉറങ്ങാതെ, ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ നനച്ച തുണി നെറ്റിയിൽ തുടച്ചു, താടിയിൽ കൈവച്ചു കട്ടിലിനടുത്തിരിക്കുന്ന അമ്മയുടെ പേടിച്ച മുഖം.
പ്രസവിച്ചില്ലെങ്കിലും അന്ന മീരയുടെ പൊന്നുമോളാണ്. ലിയോനാർഡോയുടെ ഓർമ്മകളുമായി ജീവിക്കുന്നത് തന്നെ അന്ന മോൾക്ക് വേണ്ടിയാണ്.
അന്നയുടെ ആരോഗ്യനിലയെ പറ്റി ഡോക്ടർ വന്നു പറയുന്നത് വരെ മീര വളരെയധികം
ശാന്തതയിലായിരുന്നു. പതിനായിരത്തിലൊരാൾക്കു മാത്രം വരാറുള്ള ബ്രെയിൻ ഡിസീസ് ആണ് അന്നയ്ക്ക് എന്നറിഞ്ഞപ്പോൾ മീര തകർന്നുപോയി.
താരേച്ചിയെ വിളിച്ചു.
“ചേച്ചി എന്റെ മോൾ?”
“നീ വിഷമിക്കാതെ, ഞാൻ ഉടൻ വരാം, എല്ലാം ശരിയാകും, അമ്മ നമ്മോടു പറയാറില്ലേ. അവൾ അസുഖം ഭേദമായി നിന്നിലേക്ക് മടങ്ങി വരുന്നത് മാത്രം നീ ചിന്തിക്കൂ. നിങ്ങളൊന്നിച്ചുള്ള ആ നല്ല സമയങ്ങൾ മനസിലേയ്ക്ക് കൊണ്ട് വരൂ. “
പ്രകാശ് അങ്കിളിനെ വിളിച്ചു.,
“അങ്കിൾ എന്റെ അന്ന മോൾ, ഇവിടെ സ്റ്റാർ ആശുപത്രിയിൽ അഡ്മിറ്റാണ്. “
അദ്ദേഹം സ്ഥലത്തില്ല. ചെന്നൈയിലാണ്, ഒരു കോൺഫറൻസ്. നാളെ മടങ്ങി വരും എന്ന് മാത്രം അറിയിച്ചു. അത് കൊണ്ട് കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞില്ല.
അടുത്ത് ആരുമില്ലാത്ത അവസ്ഥ. കസേരയിൽ ചാരിയിരുന്നു കണ്ണുകളടച്ചു. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ ചാലുകൾ. എന്തും വരട്ടെ. താങ്ങാനുള്ള കഴിവ് തനിക്കുണ്ട്. അവൾ കണ്ണുനീർ തുടച്ചു ചാടിയെഴുന്നേറ്റു. തൊട്ടു മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് പ്രകാശ് അങ്കിൾ.
“അന്നയെ അങ്കിൾ കണ്ടുവോ. “
“ഞാൻ കണ്ടു, അവൾക്കു ഒരു കുഴപ്പവുമില്ല. മരുന്നുണ്ട്, ഞാൻ ഡോക്ടറെ കണ്ട് സംസാരിച്ചു, പതിനാറ് മണിക്കൂർ, മരുന്നിവിടെ പറന്ന് വരും. അഞ്ച് ഇഞ്ചക്ഷൻ, അവൾ ജീവനോടെ മടങ്ങി വരും. “
മീര അതിശയത്തോടെ ഡോക്ടറെ നോക്കി.
“നിനക്ക് എന്നെ വിശ്വാസമില്ലേ. “
“അവൾക്കു അങ്കിളിനെ മാത്രമേ വിശ്വാസമുള്ളൂ. “
പിന്നിൽ താരയാണ്.
“മീരയെ മുറിയിൽ കൊണ്ട് പോകൂ. 24മണിക്കൂർ സമയം ഞങ്ങൾക്ക് വേണം. ആദ്യത്തെ മൂന്ന് ഇഞ്ചക്ഷൻ കഴിയുമ്പോൾ അവൾ കണ്ണ് തുറക്കണം. അതാണ് നല്ല ലക്ഷണം. നിങ്ങൾ മുറിയിൽ പോയി അന്ന മോൾക്ക് വേണ്ടി പ്രാർത്ഥിക്കുക. മീരയ്ക്ക് നല്ലൊരു ഉറക്കം ആവശ്യമാണ്. “
ഡോക്ടർ പ്രകാശ് നിർദ്ദേശിച്ചത് പോലെ മീര മുറിയിലേക്ക് നടന്നു. വളരെ നാളുകൾക്ക് ശേഷം മീര നല്ലത് പോലെ ഒന്നുറങ്ങി.
ഉറക്കത്തിൽ അമ്മയുടെ സാമീപ്യം അവളറിഞ്ഞു. അമ്മ തൂവെള്ള വസ്ത്രത്തിൽ തിളങ്ങിയിരുന്നു. അമ്മയുടെ മടിയിൽ അവൾ ശാന്തമായി കിടന്നു.
അമ്മ മടങ്ങിയപ്പോൾ കൂടെ അന്ന മോളെ കയ്യിൽ പിടിച്ചിരുന്നു. അമ്മയുടെ ഒപ്പം അന്നയേയും കൊണ്ട് പോകുന്നത് മീരയ്ക്ക് സഹിച്ചില്ല.
“അമ്മാ… “
“നീ ഇത് വരെ അന്ന മോളെ കൊണ്ട് വന്നു എന്നെ കാണിച്ചില്ലല്ലോ. ആദ്യമായിട്ടല്ലേ ഞാൻ കാണുന്നത്, എനിക്ക് ഇവളെ ഇഷ്ടമായി. “
“അമ്മാ, അവളെ കൊണ്ട് പോകല്ലേ. “
അമ്മ ചിരിച്ചു കൊണ്ട് അന്നയെ മടക്കി തന്നു.
താര വിളിച്ചപ്പോൾ മീര ഉറക്കത്തിൽ നിന്നും ഉണർന്നു.
“മീരാ… ഐ സി യു വിൽ നിന്നും വിളിച്ചിരുന്നു. അന്ന മോൾ കണ്ണ് തുറന്നു. നമുക്ക് പോയി കാണാം. “
അന്നയെ നേരിട്ട് കണ്ടപ്പോഴാണ് മീരയ്ക്ക് ആശ്വാസമായത്.
“ഇനി പേടിക്കാനൊന്നുമില്ല മീര, എന്നാലും സൂക്ഷിക്കണം, ആറേഴു മാസം നല്ലത് പോലെ അവളെ സംരക്ഷിക്കണം. “
ഒരച്ഛൻ്റെ വാൽസല്യം അവൾ അനുഭവിച്ചത് ഡോക്ടർ പ്രകാശിൽ നിന്നാണ്.
“ഞാൻ അച്ഛാ എന്നൊന്ന് വിളിച്ചോട്ടേ. “
“നിനക്ക് എല്ലാത്തിനുമുള്ള അവകാശമുണ്ട് മോളേ. “
അദ്ദേഹം നടന്ന് മറയുന്നത് മീര നോക്കി നിന്നു.
” മീര, ഇദ്ദേഹത്തിൻ്റെ സ്നേഹം ലഭിയ്ക്കാനുള്ള ഭാഗ്യം നമുക്കില്ലാതായി പോയി. “
“ജീവിതത്തിൽ ആശിക്കുന്നതൊന്നും അതേ പോലെ ലഭിയ്ക്കില്ല താരേച്ചി. ചേച്ചി നമ്മുടെ അമ്മയെ പോലെ, ചേച്ചിയുടെ മക്കൾക്ക് താങ്ങും തണലുമാകണം. ഈ ലോകത്തിൻ്റെ അനാവശ്യ ജൽപ്പനങ്ങൾ തള്ളി കളയണം. “
അതേയെന്ന് തലയാട്ടി സമ്മതിച്ചു കൊണ്ട് താര മീരയെ തന്നോട് ചേർത്ത് പിടിച്ചു
✍️നിഷ പിള്ള

