പൊളിറ്റിക്കൽ ലോബ്ബികളുടെ കൈകടത്തുമൂലം തകർന്നു തരിപ്പണമായ ഡൽഹിയിലെ ഒരു ഫിനാൻസ് കമ്പനിയുടെ സീനിയർ മാർക്കറ്റിംഗ് മാനേജരായ എന്റെ ജീവിതം ഇത്രയും വലിയൊരു സർക്കസിൽ വീഴുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. ടാർഗറ്റ് അച്ചീവേമെന്റ് എന്ന കടമ്പ മാസങ്ങളായി പൂർത്തിയാക്കാൻ പാടുപെട്ടുകൊണ്ടിരുന്ന ഞാൻ ഈ പ്രാവശ്യം ക്വാർട്ടർലി ടാർഗറ്റ് തികച്ചില്ലെങ്കിൽ ജോലി തെറിക്കുമെന്ന അവസ്ഥയിലാണ്, കിട്ടാത്ത മുന്തിരി പോലെ ഒരു സായിപ്പിന്റെ ഡീൽ ഉറപ്പിക്കാൻ മുതലാളി എന്നെ കൊച്ചിയിലേക്ക് വിമാനത്തിൽ കയറ്റിവിട്ടത്.
ലണ്ടനിൽ നിന്ന് വരുന്ന ‘മിസ്റ്റർ ആർതർ’ എന്ന അഹങ്കാരിയായ ക്ലയന്റിനെ കൺവിൻസ് ചെയ്ത് അഞ്ചുമില്യൺ പൗണ്ടിന്റെ ഡീൽ ഉറപ്പിക്കണം. അയാൾക്ക് തീരെ താല്പര്യമില്ല എന്ന് പലപ്പോഴായി അറിയിച്ചതാണ്.. മറ്റേതോ കമ്പനിയുമായി സായിപ്പ് ഡീൽ ഉറപ്പിക്കുമെന്നു മുതലാളിക്ക് തന്നെ ഉറപ്പുണ്ടായിരുന്നു. എങ്കിലും അവസാന ശ്രമത്തിനായി എന്നെ പറഞ്ഞു വിട്ടേക്കുവാണ്. ഇത് പരാജയപ്പെട്ടാൽ മുതലാളിക്ക് ഒരു ഗുണം കൂടിയുണ്ട്, ഇതിന്റെ പേരിൽ എന്നെ ജോലിയിൽ നിന്നും തെറുപ്പിക്കാം… 25 വർഷമായി നാട്ടിൽ വരാതിരുന്ന എനിക്ക് മിക്കവാറും അടുത്ത ജോലിക്കു പരിശ്രമിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി..
കൊച്ചിയിലെ അത്യധികമായ ചൂടിൽ ഇറ്റാലിയൻ സ്യൂട്ടും കയ്യിൽ ഐപാഡുമായി ഞാൻ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നടക്കുമ്പോൾ വിമാനത്താവളം തൊട്ട് ഹോട്ടൽ വരെ എന്നെ കാണുന്നവരുടെയും പെരുമാറ്റം വളരെ വിചിത്രമായിരുന്നു. ഏതോ പരിചിതനെ പോലെ എന്നെ കണ്ടു ചിലർ മാറി നിന്ന്, ചിലർ പുഞ്ചിരിച്ചു, ചിലർ ബഹുമാനത്തോടെ കൈ കൂപ്പി. ടാക്സിയിൽ നിന്നും ഇറങ്ങിയതും ഹോട്ടൽ സെക്യൂരിറ്റി വിളിച്ചു പറഞ്ഞു:
“എന്താ ജഗനേട്ടാ ഇത്ര വലിയ കോട്ടൊക്കെ ഇട്ട്? ബാർ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ വന്നതാണോ?”
ഞാൻ തണുപ്പൻ മെട്രോ ശൈലിയിൽ പറഞ്ഞു:
“നോ നോ… ഐ ആം ജെയിംസ്! വൈ യു കാളിങ് മി ജഗൻ ??
“മതി മതിയേ! ജഗനേട്ടൻ ഇടയ്ക്ക് ഇങ്ങനെയുള്ള ഓരോ തമാശകൾ പറയുമെന്ന് ഞങ്ങൾക്ക് അറിയാം!” – പൊട്ടിച്ചിരിച്ചു.
എനിക്ക് ഒന്നും മനസ്സിലായില്ല. ഹോട്ടലിന്റെ സ്വീകരണമുറിയിൽ എത്തിയപ്പോഴും കഥ വ്യത്യസ്തമായിരുന്നില്ല.
എന്നെ കണ്ടതും ഹോട്ടൽ റിസപ്ഷനിസ്റ്റ് പെൺകുട്ടി കണ്ണും തള്ളി സംശയത്തോടെ നോക്കി:
“എന്താ ജഗനേട്ടാ ഇത്? പുതിയ വേഷം കെട്ടാണോ? പെരുമ്പാവൂർ ക്ലബ്ബിലെ അടിപിടി കേസിൽ പോലീസ് തെരയുമ്പോഴാണോ കറുത്ത കോട്ടുമിട്ട് ഹോട്ടൽ ലോബിയിൽ നിൽക്കുന്നത്?”
ഞാൻ അന്തംവിട്ട് ഇംഗ്ലീഷിൽ പറഞ്ഞു:
“Excuse me? I am James, Senior Marketing Manager from Delhi office… I am here for an international business conference; my booking reference is DE57896!”
എന്റെ ഇംഗ്ലീഷ് കേട്ടതും റിസപ്ഷനിസ്റ്റ് ആകെ കൺഫ്യൂഷൻ ആയി.
“അയ്യോ സാറേ… സാറിനെ കണ്ടാൽ അച്ചട്ടായി നമ്മുടെ ജഗനേട്ടനെപ്പോലെ തന്നെയുണ്ട്! കൊച്ചിയിലെയും കോട്ടയത്തെയും കുപ്രസിദ്ധ റൗഡിയാ പുള്ളി. പക്ഷേ സാറിന്റെ ഈ ഇംഗ്ലീഷ് കേട്ടപ്പോഴാ മനസ്സിലായത് ആള് മാറിപ്പോയതാണെന്ന്. സാറേ… പിന്നെ പുറത്തിറങ്ങുമ്പോൾ ഒന്ന് സൂക്ഷിച്ചേക്കണേ, ജഗനേട്ടനു മൊത്തം ശത്രുക്കളാണെ! ആളുമാറി അടി വീഴാൻ സാധ്യത കൂടുതലാ!”
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്, എന്റെ അതേ മുഖമുള്ള ‘ജഗൻ’ എന്ന അപരൻ ഈ നാട്ടിലെ വലിയൊരു തലവേദനയാണെന്ന്! ഈശ്വര ഞാനിനി എന്ത് ചെയ്യും!
സംഗതി വഷളായത് മിസ്റ്റർ ആർതറിന്റെ കാർ വരുന്നതും കാത്ത് ഹോട്ടലിന് പുറത്ത് നിൽക്കുമ്പോഴാണ്. പെട്ടെന്നാണ് രണ്ട് കറുത്ത ജീപ്പുകൾ സഡൻ ബ്രേക്കിട്ട് എന്റെ മുന്നിൽ നിന്നത്! ജീപ്പിൽ നിന്ന് കോട്ടയം ശൈലിയിൽ മുണ്ടുമടക്കിക്കുത്തി, കയ്യിൽ മരവടിയും ഇരുമ്പ് പൈപ്പുമായി നാലഞ്ചുപേർ ചാടിയിറങ്ങി.
“എന്തൂട്ടാടെയ് ഇത്!” മുന്നിൽ നിന്ന കോട്ടയംകാരൻ ഗുണ്ട അലറി:
“നീയെന്നാഡേ വിചാരിച്ചേ? വെസ്റ്റ് സ്കൂളിന്റെ ഫ്രണ്ടിൽ കിടന്ന് ഞങ്ങളുടെ ചെക്കന്മാരെ തല്ലിയിട്ട്, ഇവിടുത്തെ എസി ഹോട്ടലിൽ കോട്ടുമിട്ട് വിലാസമെന്നു കരുതിയോ? അവന്റെയൊരു ഡെക്കറേഷൻ!
അവരിലൊരാൾ ഒരു വടിവാൾ എന്റെ നേരെ ഓങ്ങി. എന്റെ നെഞ്ചിലൂടെ മിന്നൽ പിണർ കടന്നുപോയി. ആ വെട്ടു ഞാൻ ഒരു വിധം ഒഴിഞ്ഞു മാറി. കയ്യിലിരിക്കുന്നത് അഞ്ചുമില്യൺ പൗണ്ടിന്റെ ഫയലാണ്, അല്ലാതെ തോക്കല്ല! ഞാൻ പെട്ടെന്ന് ഐപാഡ് മാറോടടക്കി പിടിച്ച് എന്റെ മുഴുവൻ മാർക്കറ്റിംഗ് സ്ട്രാറ്റജിയും പുറത്തെടുത്തു.
“ഡീയർ ടീം!” ഞാൻ ഉച്ചത്തിൽ പറഞ്ഞു
“കൺഫ്ലിക്റ്റ് റെസല്യൂഷന്റെ ആദ്യ പടി പ്രൊഫഷണൽ കമ്മ്യൂണിക്കേഷനാണ്! ലെറ്റ്സ് നോട്ട് ബി ഇമോഷണൽ! നമ്മുക്ക് ഈ പ്രോബ്ലം ഒന്ന് ‘സർക്കിൾ ബാക്ക്’ ചെയ്യാം. നിങ്ങളുടെ കസ്റ്റമർ അക്വിസിഷൻ കോസ്റ്റും പൈപ്പ്ലൈൻ ഫണലും ഇല്ലാതാക്കുന്ന ഒരു സ്ട്രാറ്റജിയാണ് നിങ്ങൾ ഇപ്പോൾ എക്സിക്യൂട്ട് ചെയ്യുന്നത്”
കോട്ടയം ഗുണ്ടകൾ പകച്ചുപോയി.
“എന്നാമ്പാ താൻ ഈ പറയുന്നേ?” കൂട്ടത്തിലൊരുത്തൻ തല ചൊറിഞ്ഞു:
” അമ്മച്ചിയാണേ തോട്ടിൽ നിന്ന് പച്ചക്കള്ളു കുടിച്ച പോലെ തല കറങ്ങുന്നല്ലോടോ! ഇവനെന്തൂട്ടാ ഈ ഇംഗ്ലീഷിൽ മന്ത്രവാദം ചൊല്ലുന്നേ?”
“ലുക്ക്!” ഞാൻ ശബ്ദമുയർത്തി:
“സിനർജി ഇല്ലാതെ പ്രവർത്തിച്ചാൽ നിങ്ങളുടെ ആർ.ഒ.ഐ പൂജ്യമാകും! ബിടുബി ലെവലിൽ സംസാരിച്ച് ഒരു വിൻ-വിൻ സിറ്റുവേഷൻ ഉണ്ടാക്കാം! പ്ലീസ് ഫോളോ ദി കെപി” ഭയം മൂത്തു ഞാനെന്തൊക്കെയോ പുലമ്പി.
എന്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഭാഷ കേട്ട ഗുണ്ടകളുടെ കിളി പോയി.
“അളിയന്മാരെ വണ്ടി വിട്ടോ, ഇവാൻ എന്തോ കൂടോത്രം ഒപ്പിക്കുവാണ്.. നമുക്കിനി സമയമുണ്ട്…!” ഗുണ്ട തലവൻ ആകെ ഭയന്ന് രംഗത്ത് നിന്നും സ്കൂട്ട് ആയി ജീപ്പിൽ കയറി പാഞ്ഞുപോയി!
അതേ സമയം, ലണ്ടൻ ക്ലയന്റ് മിസ്റ്റർ ആർതർ തന്റെ റോൾസ് റോയ്സ് കാറിൽ നിന്നും ഇറങ്ങി കുറച്ചു നേരമായി ഭയന്ന് ഹോട്ടൽ ലോബ്ബിയിൽ വിറച്ചു നിൽക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഈ കോലാഹലത്തിനിടക്ക് അയാൾ വന്നതും നിന്നതുമൊന്നും ഞാനും കണ്ടില്ല.
റിസെപ്ഷനിസ്റ് അയാളോട് പറഞ്ഞു പോലും ഞാനാണ് അയാൾ കാണാൻ വന്ന മാർക്കറ്റിംഗ് ജീനിയസ് ഫ്രം ഡൽഹി പോലും…
‘ആയുധധാരികളായ അഞ്ചാറു ഗുണ്ടകളെ വെറും വാക്കുകൾ കൊണ്ട് ഓടിക്കുന്ന ഒരു ‘മാർക്കറ്റിംഗ് ജീനിയസിനെ’യാണ് സായിപ്പിനവിടെ കാണാൻ കഴിഞ്ഞത്.
ഗുണ്ടകൾ പോയതും അയാളുടെ ഭയമൊക്കെ മാറി ഓടി എന്റെ അടുത്തെത്തി.. സ്ഥലകാല ബോധം നഷ്ടപ്പെട്ട ഞാൻ എന്തിനു ഈ ഹോട്ടലിൽ വന്നെന്നു പോലും മറന്നു പോയ എന്റെ കൈ പിടിച്ച് കുലുക്കി..
ആർതർ അത്ഭുതത്തോടെ:
“Bloody hell, James, unbelievable street dominance! What a command over the ground-level force! If you can handle these dangerous guys so effortlessly, I am sure that my product will rule India! Where is the contract? I am signing it right now!”
മിനിറ്റുകൾക്കുള്ളിൽ അയാൾ എന്റെ മുതലാളിയെ ഫോൺ ചെയ്തു, സന്തോഷത്തോടെ അഞ്ചുമില്യൺ പൗണ്ടിന്റെ കോൺട്രാക്റ്റിൽ ഒപ്പുവെക്കപ്പെട്ടു! ഡൽഹിയിൽ നിന്ന് തുടരെ തുടരെ ബോസ് ഫോൺ വിളിച്ചു, “ജെയിംസ്, നീ മഹാനാണ്! കടക്കെണിയിലായിരുന്ന നമ്മുടെ കമ്പനിയെ നീയാണ് രക്ഷിച്ചത്.. നിനക്ക് ഞാൻ നമ്മുടെ കമ്പനിയിൽ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പ്രൊമോഷനും 200% ബോണസും തരുകയാണ്, നിനക്കെന്തു വേണം എന്നോട് പറ”..
അഞ്ചുമില്യൺ പൗണ്ടിന്റെ കോൺട്രാക്റ്റിൽ ഒപ്പുവെച്ച്, ഡൽഹിയിലെ ബോസിന്റെ കൈയടിയും വാങ്ങി ഹോട്ടൽ ലോബിയിലെ എസി തണുപ്പിൽ കരിക്കിൻ വെള്ളവും കുടിച്ച് ഭാവി പരിപാടികൾ പ്ലാൻ ചെയ്യുകയായിരുന്നു ഞാൻ.
അപ്പോഴാണ് അടുത്ത തലവേദന വലിഞ്ഞു കേറി വന്നത്.. ഹോട്ടലിന് മുന്നിലേക്ക് മൂന്ന് കറുത്ത മഹീന്ദ്ര ജീപ്പുകൾ ഇരമ്പിപ്പാഞ്ഞെത്തി സഡൻ ബ്രേക്കിട്ടു. വണ്ടിയിൽ നിന്ന് കറുത്ത ഷർട്ടും മുണ്ടുമടക്കിക്കുത്തി, കണ്ണിൽ കറുത്ത റെയ്ബാൻ ഗ്ലാസുവെച്ച് സാക്ഷാൽ ‘ജഗൻ‘ ഇറങ്ങി വന്നു! കൂടെ അഞ്ചാറു വാലാട്ടികളും.
റിസപ്ഷനിസ്റ്റ് പെൺകുട്ടി പേടിച്ച് മേശക്കടിയിലേക്ക് ഒളിച്ചു. ഹോട്ടലിലേക്ക് ഗെറ്റപ്പിൽ കയറിവന്ന ജഗൻ, ലോബിയിൽ കറുത്ത കോട്ടുമിട്ട് കയ്യിൽ ഐപാഡും പിടിച്ചിരിക്കുന്ന എന്നെ കണ്ടതും ആകെ തരിച്ചുനിന്നു. കണ്ണട ഊരി, എടുത്തു തിരുമ്മി, എന്നെയും നോക്കി തന്റെ കയ്യിലെ സ്റ്റീൽ വളയം കയ്യിലിട്ട് കറക്കി.
“എന്തൂട്ടാടെയ് ഇത്?” ജഗൻ തന്റെ വാലാട്ടികളോട് ചോദിച്ചു:
“എന്റെ ഫോട്ടോ എടുത്ത് ത്രീഡി പ്രിന്റർ വഴി ആരെയെങ്കിലും കൊണ്ടുവന്ന് ഇവിടെ വെച്ചിരിക്കുവാണോടാ? അതും ഒരു കോട്ടും ഇടിച്ച്!”
ഞാൻ പതുക്കെ എഴുന്നേറ്റ്, ഗ്ലാസ് മാറ്റി വെച്ച് പറഞ്ഞു:
“ഹലോ മിസ്റ്റർ ജഗൻ! ഐ ആം ജെയിംസ്. ഡൽഹിയിൽ നിന്നുള്ള സീനിയർ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആണ്.”
“ഡൽഹിയോ? മാർക്കറ്റിംഗോ?” ജഗൻ അമ്പരന്നു. “അളിയാ… ഇയാളുടെ ഈ ഇംഗ്ലീഷ് അഹങ്കാരം കണ്ടിട്ട് കേട്ട് എനിക്ക് ആകെ ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ!
റിസെപ്ഷനിലേക്കു തിരിഞ്ഞു, അയാൾ “പെണ്ണെ ” എന്റെ പിള്ളേര് പറഞ്ഞു ഇവിടെ ആരോ ഒരുത്തൻ ഇന്നലെ കട്ടപ്പന സുഗുണന്റെ പിള്ളേരെ ഇംഗ്ലീഷ് മന്ത്രവാദം ചൊല്ലി ഓടിച്ചെന്നു കൊച്ചെ ഞാൻ അവനെ തിരക്കി വന്നതാണ്, കക്ഷി ഇവിടെയെവിടെ?”
“അതെ,” അത് ഞാൻ തന്നെ, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “അവരുടെ കസ്റ്റമർ അക്വിസിഷൻ കോസ്റ്റും കെപിഐയും അനലൈസ് ചെയ്ത് ഒരു വിൻ-വിൻ സിറ്റുവേഷൻ ഉണ്ടാക്കിയതാണ്”
ജഗൻ അക്ഷരാർത്ഥത്തിൽ തലക്ക് കൈവെച്ച് ഇരുന്നുപോയി.
“എന്റെ സാറേ… ഈ സുഗുണന്റെ പിള്ളേരെ പേടിപ്പിക്കാൻ ഞങ്ങൾ കഴിഞ്ഞ മൂന്നു മാസമായി ഇരുമ്പുവടിയും കൊണ്ട് നടക്കുവാ! താൻ എന്തോന്ന് പറഞ്ഞാണടോ അവന്മാരെ ജീപ്പിൽ കേറ്റി ഓടിച്ചേ? എന്തൊരു അപാര തന്ത്രമാടോ ഇത്?”
“ഇതിനെയാണ് കോർപ്പറേറ്റ് സ്ട്രാറ്റജി എന്ന് പറയുന്നത് ജഗൻ” ഞാൻ ഐപാഡ് കാണിച്ചു കൊടുത്തു.
ജഗൻ എന്റെ കൈ പിടിച്ച് ആവേശത്തോടെ കുലുക്കി:
“എങ്കിൽ നമുക്കൊരു ഡീലാകാം സാറേ! ഡൽഹിയിൽ സാറിന് ടാർഗറ്റ് തികയ്ക്കാൻ ബുദ്ധിമുട്ടുള്ള ശത്രുക്കൾ ഉണ്ടാകുമ്പോൾ എന്നെ വിളിക്കുക, പൂ പോലെ പുഷ്പം പോലെ അവന്മാരെക്കൊണ്ട് ഡീൽ ഒപ്പിടുവിക്കാം. പകരം കൊച്ചിയിൽ എന്റെ ശത്രുക്കൾ വരുമ്പോൾ സാറ് ഈ കറുത്ത കോട്ടുമിട്ട് ഇറങ്ങി രണ്ട് ഇംഗ്ലീഷ് മന്ത്രവാദം ചൊല്ലിയാൽ മതി! എന്താ ഡീൽ ഉറപ്പല്ലേ?”
അഞ്ചുമില്യൺ പൗണ്ടിന്റെ ലണ്ടൻ ക്ലയന്റിനേക്കാൾ വലിയൊരു ‘ജോയിന്റ് വെഞ്ചർ’ ഓഫറാണ് എന്റെ മുന്നിൽ നിൽക്കുന്നത്! ഞാൻ ചിരിച്ചുകൊണ്ട് ജഗന്റെ കൈ പിടിച്ച് കുലുക്കി:
“ഡീൽ OK! ബട്ട് പ്ലീസ്, ഫോളോ ദി പ്രൊഫഷണൽ എത്തിക്സ്, ഓക്കേ ജഗൻ!”
“അതിനെന്താ സാറേ… നാളെ മുതൽ ആ സുഗുണനെ കാണുമ്പോൾ ഞാൻ ആദ്യം ഈ സാനം എറിഞ്ഞു കൊടുക്കാം” ജഗൻ പൊട്ടിച്ചിരിച്ചു.
ഡൽഹിയിലെ ഐഐഎം ബിസിനസ്സ് സ്കൂളുകൾ പഠിപ്പിക്കാത്ത മാർക്കറ്റിംഗ് തന്ത്രം ‘കൊച്ചിയിലെ ജഗനും കോട്ടയം ഗുണ്ടകളുമാണെന്ന്’ തിരിച്ചറിഞ്ഞ സന്തോഷത്തിൽ ഞാൻ തിരികെ ഐര്പോര്ട്ടിലേക്കുള്ള ടാക്സി കാറിലേക്ക് കയറി.
“വണ്ടി നേരെ ഐര്പോര്ട്ടിലേക്കു വിട്ടോ…”
എന്റെയും ജഗന്റെയും ഒരു പുതിയ കോർപ്പറേറ്റ്-ഗുണ്ടാ ബിസിനസ്സ് പാർട്ട്ണർഷിപ്പിന് അങ്ങനെ തുടക്കമായി സൂഹൃത്തുക്കളെ തുടക്കമായി…

