ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. അച്ഛമ്മയാണോ? സാധാരണ അച്ഛമ്മ വീട്ടിൽ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വെട്ടം വീഴും മുൻപേ വിളിച്ചുണർത്തും.
“അച്ഛമ്മേ, ഞാൻ എട്ടു മണിയായിട്ടല്ലേ ഉണരൂ എന്നറിയില്ലേ. ശല്യപ്പെടുത്തല്ലേ. “
പുതപ്പ് വലിച്ച് തല വഴിയേ മൂടാൻ തുടങ്ങുപോഴാണ് യദുവേട്ടന്റെ ശബ്ദം കേട്ടത്.
“ചാരൂ, ഇത് നിന്റെ വീടല്ല. ഇന്നലെ നിന്റെ കല്യാണം കഴിഞ്ഞത് മറന്നു പോയോ. “
ശരിയാണല്ലോ. ഇത് യദുവേട്ടന്റെ വീടല്ലേ. ജനലിൽ കൂടി നേർത്ത വെളിച്ചം കടന്നുവരുന്നുണ്ട്. എത്തി വലിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. അയ്യോ മണി ഏഴാവുന്നതല്ലേയുള്ളൂ . എന്തിനാ ഇപ്പോഴേ ഉണർത്തുന്നത്.
“യദുവേട്ടാ, വീട്ടിൽ ഞാൻ എട്ടു മണി കഴിഞ്ഞാണ് എഴുന്നേൽക്കുന്നത്. ഇപ്പോഴേ എഴുന്നേറ്റാൽ എനിക്ക് ക്ഷീണം വരും. ” ഞാൻ ഒന്ന് കൂടി ചുരുണ്ടു കൂടാൻ ശ്രമിച്ചു. അദ്ദേഹം പുതപ്പ് വലിച്ചെടുത്തിട്ട് എന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി.
“ചാരൂ, ഇവിടെ എല്ലാവരും ആറുമണിക്ക് എഴുന്നേൽക്കും. അപ്പോൾ നീ എട്ടുമണി വരെ കിടന്നുറങ്ങുന്നത് മോശമല്ലേ. മടി പിടിച്ചു കിടക്കാതെ എഴുനേറ്റ് മുഖം കഴുകി പുറത്തേക്കിറങ്ങ്. “
പണിയായോ? വർഷങ്ങൾ ചികിത്സയും പ്രാർത്ഥനയുമായി കിട്ടിയ കുട്ടിയായതു കൊണ്ട് അച്ഛനും അമ്മയും ഏറെ കൊഞ്ചിച്ചാണ് വളർത്തിയത്. അതുകൊണ്ട് ഞാൻ നല്ലൊരു മടിച്ചിയാണ്. വീട്ടിൽ എട്ടുമണി കഴിഞ്ഞാണ് ഇപ്പോഴും ഞാൻ എഴുന്നേറ്റിരുന്നത്. പിന്നെയൊരു ബഹളമാണ്. ഒരുങ്ങുന്നതിനിടയിൽ ഭക്ഷണം അമ്മ വായിൽ വച്ച് തരും. എന്നാലും ഒൻപതു മണിക്ക് വരുന്ന കോളേജ് ബസ് പലപ്പോഴും കിട്ടാറില്ല. പിന്നെ അച്ഛൻ ബൈക്കിൽ കൊണ്ടു വിടുകയാണ് ചെയ്യുന്നത്. വൈകിട്ട് വന്നാലും വീട്ടിൽ കുനിഞ്ഞ് ഒരു കുപ്പയെടുക്കില്ല. ഒരു പണിയും ചെയ്യാൻ അച്ഛനും അമ്മയും സമ്മതിക്കുകയുമില്ല. അങ്ങിനെ ജീവിച്ച് ഞാനൊരു കുഴി മടിച്ചിയായി മാറി.
അപ്പച്ചിയുടെ ഒപ്പം താമസിക്കുന്ന അച്ഛമ്മ ചിലപ്പോഴൊക്കെ ഒരാഴ്ച ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കും. അപ്പോഴാണ് ബുദ്ധിമുട്ട്. നേരം വെട്ടം വീഴുമ്പോഴേ അച്ഛമ്മ വിളിച്ചുണർത്തും. പെൺകുട്ടികൾ ഇങ്ങനെ കിടന്നുറങ്ങിയാലോ, മറ്റൊരു വീട്ടിൽ പോയി താസിക്കേണ്ടതല്ലേ എന്നൊക്കെ ചോദിച്ചു കൊണ്ടാണ് എഴുനേൽപ്പിക്കാൻ ശ്രമിക്കുന്നത്.
എന്താ ആൺകുട്ടികൾക്ക് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാമോ, എവിടെ പോയാലും ഇങ്ങനെ തന്നെയായിരിക്കും എന്നൊക്കെ പറഞ്ഞ് ഞാൻ വഴക്കിടും. അവൾ കിടന്നോട്ടെ അമ്മേയെന്ന് പറഞ്ഞ് അച്ഛൻ ഇടപെട്ട് എന്നെ രക്ഷിക്കും.
നിൽക്കുന്ന അത്രയും ദിവസം എന്റെ മടി മാറ്റാൻ അച്ഛമ്മ ശ്രമിച്ചു കൊണ്ടിരിക്കും. അച്ഛനും അമ്മയും സപ്പോർട്ട് ചെയ്യാനുള്ളതു കൊണ്ട് ഞാനുണ്ടോ അതൊക്കെ സമ്മതിച്ചു കൊടുക്കുന്നു. വഴിയേ പഠിച്ചോളും എന്ന് പറഞ്ഞ് അച്ഛമ്മ തിരിച്ചു പോകും.
അന്നത് കാര്യമാക്കിയില്ലെങ്കിലും ഇപ്പോൾ മടി കുഴപ്പം ചെയ്യുമെന്ന് തോന്നുന്നു. ഒന്ന് കൂടി ചരിഞ്ഞാലോ എന്നോർത്തു കട്ടിലിലിരിക്കുന്ന യദുവേട്ടനെ ഓട്ടക്കണ്ണിട്ടു നോക്കി. മുഖത്തു യാതൊരു അനുകൂല ഭാവവുമില്ല. എഴുനേറ്റു കളയാം.
മുഖമൊക്കെ കഴുകി പതുക്കെ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു.
ബ്രെയ്ക്ഫാസ്റ്റ് റെഡിയായെന്ന് തോന്നുന്നു. കല്യാണം പ്രമാണിച്ചു വന്ന നാത്തൂനും അമ്മായിമാരും കുടുംബവുമൊക്കെ വീട്ടിലുണ്ട്.
എന്നെ കണ്ട് യദുവേട്ടന്റെ അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു.
“ആഹാ, മോൾ എഴുന്നേറ്റോ. ദേ, ചായ എടുത്ത് കുടിച്ചോളൂ. യദു കുടിച്ചു കഴിഞ്ഞു. ”
അപ്പോൾ യദുവേട്ടൻ പറഞ്ഞ പോലെ കുഴപ്പമൊന്നുമില്ല. അമ്മ ഒന്നും പറഞ്ഞില്ലല്ലോ.
ഊണ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് യദുവേട്ടൻ വളരെ സൗമ്യമായി ചില കാര്യങ്ങൾ പറഞ്ഞത്.
“ചാരൂ, ഇതുവരെ നീ ഒരു കളിപ്പിള്ളയായിട്ടാണ് ജീവിച്ചത്. എവിടെയും എല്ലാവർക്കും നിന്നോട് വലിയ സ്നേഹമായിരിക്കും. പക്ഷെ ഇപ്പോൾ നീയൊരു ഭാര്യയാണ്, കുടുംബിനിയാണ്. ഇനി പഴയതു പോലെ ഒരു മടിച്ചിക്കുട്ടിയാവരുത്. അടുത്തയാഴ്ച മുതൽ അച്ഛനും അമ്മയും നമ്മളും മാത്രമാണ് ഇവിടെ. ഞാൻ ചോറും കൊണ്ടാണ് ബാങ്കിൽ പോകുന്നത്. അതുകൊണ്ട് നേരത്തെ എഴുനേറ്റ് അമ്മയെ സഹായിക്കണം. മടി പിടിച്ചിരിക്കരുത്. “
പെട്ടുവെന്നാണ് തോന്നുന്നത്. കല്യാണം കഴിക്കേണ്ടിയിരുന്നില്ല. അല്ലെങ്കിൽ അച്ഛമ്മ പറഞ്ഞപോലെ നേരത്തെ എഴുനേറ്റ് ശീലിക്കണമായിരുന്നു. തൽക്കാലം യദുവേട്ടനോട് എതിർത്തൊന്നും പറയാൻ പോയില്ല.
ഊണ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് യദുവേട്ടൻ വളരെ സൗമ്യമായി ചില കാര്യങ്ങൾ പറഞ്ഞത്.
“ചാരൂ, ഇതുവരെ നീ ഒരു കളിപ്പിള്ളയായിട്ടാണ് അവിടെ ജീവിച്ചത്. ഇവിടെയും എല്ലാവർക്കും നിന്നോട് വലിയ സ്നേഹമായിരിക്കും. പക്ഷെ ഇപ്പോൾ നീയൊരു ഭാര്യയാണ്, കുടുംബിനിയാണ് . ഇനി പഴയതു പോലെ ഒരു മടിച്ചിക്കുട്ടിയാവരുത്. അടുത്തയാഴ്ച്ച മുതൽ അച്ഛനും അമ്മയും നമ്മളും മാത്രമാണ് ഇവിടെ. ഞാൻ ചോറും കൊണ്ടാണ് ബാങ്കിൽ പോകുന്നത്. അതുകൊണ്ട് നേരത്തെ എഴുനേറ്റ് അമ്മയെ സഹായിക്കണം. മടി പിടിച്ചിരിക്കരുത്. “
പെട്ടുവെന്നാണ് തോന്നുന്നത്. കല്യാണം കഴിക്കേണ്ടിയിരുന്നില്ല. അച്ഛമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. തൽക്കാലം യദുവേട്ടനോട് എതിർത്തൊന്നും പറയാൻ പോയില്ല.
പിറ്റേന്ന് പതിവിലും അര മണിക്കൂർ നേരത്തെ എഴുന്നേറ്റു. ഏട്ടൻ നടക്കാൻ പോയിരിക്കുന്നു. അടുക്കളയിലേക്ക് പതുങ്ങി ചെന്നപ്പോൾ അച്ഛനും അമ്മയും പാചകത്തിലാണ്. അത് കണ്ടപ്പോൾ ഒരു ചമ്മൽ തോന്നി.
“മോൾ എഴുന്നേറ്റോ, ദേ ചായ ഇരിക്കുന്നു, കുടിച്ചോളൂ. ” ‘അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ബ്രെയ്ക് ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറുമാണ്. ചാരുവിന് ഇഷ്ടമാണോ. ” യദുവേട്ടനുള്ള ചോറ് പൊതിയുന്നതിനിടയിൽ അച്ഛൻ ചോദിച്ചു.
ഞാൻ എഴുനേറ്റു ചെല്ലാഞ്ഞതിൽ ഇവർക്ക് ഒരു പരിഭവവുമില്ലല്ലോ. അതാണ് എനിക്ക് ഒത്തിരി നാണക്കേടുണ്ടാക്കിയത്.
രാത്രിയിൽ ഏട്ടൻ എങ്ങിനെയുണ്ടായിരുന്നു ഇന്നത്തെ ദിവസമെന്നു ചോദിച്ചപ്പോൾ ഒരു കാര്യം മാത്രമേ ഞാൻ പറഞ്ഞുള്ളൂ.
” നാളെ ഏട്ടൻ ഉണരുമ്പോൾ എന്നെയും വിളിക്കണേ. ” എല്ലാം മനസ്സിലായതു പോലെ അദ്ദേഹം കണ്ണിറുക്കി ചിരിച്ചു.
പിറ്റേന്ന് രാവിലെ ഏട്ടൻ കുലുക്കി വിളിച്ചപ്പോൾ ഞാൻ ഒരു മടിയും കൂടാതെ എഴുന്നേറ്റു.
വെട്ടം വീണു വരുന്നതേയുള്ളൂ.
“ചാരൂ, ആ ബാൽക്കണിയിലേക്ക് ഇറങ്ങി ഉണർന്നു വരുന്ന പുലരിയുടെ സൗന്ദര്യം കാണുകയും ആസ്വദിക്കുകയും ചെയ്യൂ. “
ഞാൻ പുറത്തേക്കിറഞ്ഞി. ഒരു കുളിർകാറ്റ് എന്നെ വന്നു പൊതിഞ്ഞു. കാറ്റിനെന്തൊരു മണമാണ്. മുറ്റത്തെ പൂന്തോട്ടം നിറയെ പലവിധത്തിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കയല്ലേ. ദൂരെ മലനിരകളുടെ നിഴലിപ്പ് കാണാം. സൂര്യൻ തല പൊക്കുന്നത് കാണാൻ എന്തൊരു ഭംഗി. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ എല്ലാ ക്ഷീണവുമകറ്റി. പിന്നെ എത്ര വിലക്കിയിട്ടും അടുക്കളയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കൂടി. പൂന്തോട്ടം നന്നാക്കുന്ന യദുവേട്ടന്റെ കൂടെയും.
ഏട്ടൻ പോയിക്കഴിഞ്ഞപ്പോൾ മോളിനി പോയി വിശ്രമിക്കൂ എന്ന് അമ്മ പറഞ്ഞു.
നിങ്ങൾ ഇനി എന്ത് ചെയ്യാൻ പോകുന്നുവെന്ന് ചോദിച്ചപ്പോൾ അടുക്കള മുറ്റത്തെ പച്ചക്കറി തോട്ടത്തിൽ ഇത്തിരി പണിയുണ്ടെന്ന് അച്ഛൻ പറഞ്ഞു. മോൾ വരേണ്ടയെന്നു പറഞ്ഞെങ്കിലും ഞാനും കൂടെ ചെന്നു.
ആഹാ, എല്ലാ പച്ചക്കറിയും ഇവിടെയുണ്ടല്ലോ. വെറുതെയല്ല ഇവിടത്തെ കറികൾക്കെല്ലാം ഇത്ര രുചി. പിന്നെ ഉച്ചവരെ തോട്ടത്തിലായിരുന്നു. പണി കഴിഞ്ഞ് കുളിച്ച് ഊണും കഴിഞ്ഞപ്പോൾ അമ്മ എന്നെ നിർബന്ധമായി വിശ്രമിക്കാൻ പറഞ്ഞു വിട്ടു. വൈകിട്ട് യദുവേട്ടൻ വന്നിട്ട് ഞങ്ങൾ പുറത്തേക്ക് പോയി. ഒരു സിനിമയും കണ്ട് ഭക്ഷണവും കഴിച്ചിട്ടാണ് തിരിച്ചു വന്നത്. സിനിമക്കഥ കേട്ടു കൊണ്ട് എന്റെ മുന്നിൽ കുട്ടികളെപ്പോലെ ഇരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് സംതൃപ്തിയോടെ ഏട്ടൻ അകത്തേക്ക് പോയി.
ആ വീട്ടിലുള്ളവരുടെ പക്വമായ ഇടപെടീൽ കൊണ്ട് എന്റെ ഉള്ളിലെ മടിച്ചി ചാരുവിനെ ഞാൻ തന്നെ എന്നെന്നേക്കുമായി ഇറക്കിവിട്ടു.
ആദ്യമൊക്കെ ഫോൺ വിളിക്കുമ്പോൾ അമ്മക്ക് പരിഭ്രമമായിരുന്നു.
“കൊച്ചെ, നിന്റെ മടിയൊന്നും അവിടെ കാണിക്കല്ലേ. അവിടെയുള്ളവരെക്കൊണ്ട് മോശം പറയിപ്പിക്കരുത്” എന്നൊക്കെയാണ് ഉപദേശം. പക്ഷെ ഇവിടത്തെ എന്റെ ജീവിതം വന്നുകണ്ട അച്ഛനും അമ്മയും നിറഞ്ഞ സന്തോഷത്തോടെയാണ് തിരിച്ചു പോയത്.
വഴിയേ പഠിച്ചോളുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കിയ അച്ഛമ്മയെ ഇനി കാണുമ്പൊൾ പറയണം
ഇതാണ് ചാരു.
#എന്റെരചന ബ്ലോഗ് മത്സരം #മടി

