തൂവെള്ള പേപ്പറിലെ ഇളം നീല മഷി പടർന്ന വാക്കുകളിലൂടെ കണ്ണുകൾ നീങ്ങി. കത്തുകൾ ഇപ്പോൾ ഒരു നിധിയാണ്. പ്രത്യേകിച്ച് അത് മാഷിന്റെതാകുമ്പോൾ… വാട്സാപ്പിലെ നിർജീവമായ മെസ്സേജ് ആണല്ലോ ഈയിടെ പതിവ്.
“ഒന്നിവിടം വരെ വരാനാകുമോ വിജു. ഒന്ന് കാണണം എന്നൊരു മോഹം. ഇനിയൊരു കൂടിക്കാഴ്ച… “
അപൂർണമായി വരികൾ.
ഒരു മാസം മുൻപ് വന്നതാണ്. ഒരാചാരം പോലെ എന്നും വായിക്കും. മറുപടി അയക്കണമെന്നത് പലതവണ തോന്നിയ കാര്യം. നാളെ നാളെ എന്ന മാറ്റിവക്കലിൽ നടന്നില്ല. വല്ലാത്ത മടുപ്പ്. മടി… ജീവിതത്തോട്, ജോലിയോട്, ലോകത്തോട്…
കഴിഞ്ഞ ദിവസം ഡയറക്ടർ വീണ്ടും ഓർമപ്പെടുത്തി. ഇത് രണ്ടാമത്തെ മെമ്മോയാണ്. ഇനി ചിലപ്പോൾ ജോലി തന്നെ കഷ്ടത്തിലാവും.
ചെവിയിൽ വെറുതെയൊരു മുഴക്കം മാത്രം. ഇടകലരുന്ന ശബ്ദങ്ങൾ. അമ്മയുടെ, ഏട്ടന്റെ…
പരാതികളായിരുന്നു എന്നും അമ്മക്ക് തന്നെക്കുറിച്ച്. റിപ്പോർട്ട് കാർഡിലെ ചുവന്ന വരകൾ ആയിരുന്നു പ്രധാന കാരണം. ചേട്ടനും ചേച്ചിക്കും കിട്ടിയ ട്രോഫികൾ, തന്റെ തകർച്ചയുടെ അളവുകോലായിരുന്നു എല്ലാപേർക്കും.
നൂറുമേനി കൊയ്യുന്ന സ്കൂൾ വിജേഷ് എന്ന തോൽവിക്കാരനെ പുറത്താക്കുന്നതിനു മുൻപേ, പകിട്ടു കുറഞ്ഞ സർക്കാർ സ്കൂളിലേക്ക് അവൻ മാറ്റപ്പെട്ടു.
കൂട്ടുകാരെ നഷ്ടപ്പെട്ട്, ആത്മവിശ്വാസം നഷ്ടപ്പെട്ട്, പിൻബെഞ്ചുകളിൽ ഒന്നിൽ അവൻ ദിവാസ്വപ്നസങ്ങളിലായി. ആരും അവനെ ശ്രദ്ധിച്ചില്ല. എഴുതിയ ഒരു എട്ടുവരി കവിത അലസമായി സൂക്ഷിച്ചിരുന്നത് ഹരിമാഷിന്റെ കൈയിലെത്തിയത് എങ്ങനെയെന്നു അറിഞ്ഞില്ല. ഒരു പുതിയ നോട്ട്ബുക്കും ഒരു പേനയും, അതായിരുന്നു ആദ്യത്തെ അംഗീകാരം. ലോകം കീഴടക്കിയ തോന്നൽ. ആ എട്ടുവരി കവിത അസ്സബ്ലിയിൽ വായിച്ചപ്പോൾ ശരീരം തൂവൽ പോലെ പറന്നു നടക്കുന്നത് പോലെ തോന്നി. മാഷിന്റെ കൈ പിടിച്ചായിരുന്നു പിന്നീടുള്ള നേട്ടങ്ങൾ മുഴുവൻ.
വാരികകളിൽ പ്രത്യക്ഷപ്പെടുന്ന രചനകളൊന്നും വീട്ടുകാരിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. ചുവന്ന വരകളില്ലാത്ത പ്രോഗ്രസ്സ് കാർഡ് മാത്രം അമ്മയെ തൃപ്തിപ്പെടുത്തി.
ചേട്ടന്റെ ഐ ഐ ടി പഠനത്തിന്റെ പകിട്ടിൽ മങ്ങിപ്പോയ നേട്ടങ്ങൾ. വിദേശത്തെ വലിയ ജോലിയും കുടുംബവും ഒക്കെയായപ്പോൾ അങ്ങോട്ടേക്ക് ചെല്ലാൻ ഇരുവരും നിർബന്ധിച്ചു. പക്ഷെ ഇനിയും തോൽക്കാനാവാത്തതിനാൽ, “സർക്കാർ ഗുമസ്തപണി” എന്ന കളിയാക്കലിനെ അവഗണിച്ചു. ‘അഹങ്കാരി ‘എന്ന ലേബലുകളിൽ തളർന്നില്ല.
ലച്ചു എന്ന പുതിയ സ്വപ്നവും ആയിടെ കൂടിയിരുന്നു. ലച്ചുവിന്റെ സ്വപ്നങ്ങൾ വലുതായിരുന്നു. അവൾക്കൊപ്പം പല പല സ്വപ്നങ്ങൾ നെയ്തുകൂട്ടി. പക്ഷെ പ്രണയിക്കാനും അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങൾ നൽകാനുമാവാതെ അവൻ കുഴങ്ങി.
അവൾ കരഞ്ഞു. യാചിച്ചു… ശപിച്ചു. അവൻ പഴയ വിജേഷായി. മടി വീണ്ടും പിടികൂടി. ഇനിയെന്തിന് എന്ന ചിന്ത…
അവളുമായി തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും ഉദാസീനമായി തള്ളിക്കളഞ്ഞു. തന്റെ മുറിയും അതിലൂടെ കാണാവുന്ന ചതുരജാലകത്തിലെ ആകാശവും മാത്രം കൂട്ടായി. ജോലിക്കുപോലും പോകാൻ മടിയായി.
ലച്ചുവിന്റെ വിവാഹ ക്ഷണക്കത്തു പോലും നിർവികാരതയോടാണ് കൈപ്പറ്റിയത്.
പക്ഷെ, മാഷിന്റെ കത്തിനു മറുപടിക്കു പകരം ഒരു സർപ്രൈസായി മുന്നിലെത്തണം എന്ന് വല്ലാത്തൊരു മോഹമുണ്ടായി. പണ്ടേ മാഷിനുള്ള ഒരു ആഗ്രഹമുണ്ട്. പല കുറി കേട്ടിട്ടുള്ള ആശ, വാരാണസി യാത്ര. എം ടി വരച്ചിട്ട ആ വാരാണസിയിലൂടെ ഒരു യാത്ര. മാഷിനൊപ്പം വാരാണസിയിൽ അലഞ്ഞു നടക്കുന്നത് സ്വപ്നം കണ്ടു തുടങ്ങി.
ഒരു യാത്ര അനിവാര്യം ആണ്. ജീവിതത്തിലേക്കുള്ള രണ്ടാം തിരിച്ചുവരവ്.
രണ്ടു ഒന്നാം ക്ലാസ്സ് തീവണ്ടി ടിക്കറ്റ് ഭദ്രമായി പോക്കറ്റിൽ വച്ചു. രണ്ടാഴ്ച ത്തെ യാത്രക്ക് ലീവ് ചോദിക്കുമ്പോൾ ‘ഇത് അവസാനത്തേത് ‘എന്ന് കിട്ടിയ താക്കീത് തല കുലുക്കി അംഗീകരിച്ചു.
മാഷിന്റെ വീടിന്റെ മുറ്റത്ത് എത്തുമ്പോൾ എന്തോ ഒരു ഘനം തോന്നി, കാരണമില്ലാതെ… പക്ഷെ. ഉണങ്ങി കരിഞ്ഞ റീത്തുകളും മൺ കൂനയും. അയാൾ വിറങ്ങലിച്ചു നിന്നു.. അയാൾ ആ ടിക്കറ്റുകൾ വിറയലോടെ പുറത്തെടുത്തു. മൺകൂനയുടെ കാൽക്കൽ അവ ഭദ്രമായി വെച്ചു. മഴവെള്ളം വീണു നനഞ്ഞ മാഷിന്റെ ചിത്രം ഫ്ലെക്സ് ബോർഡിൽ നിന്നും അയാളെ നോക്കിചിരിച്ചു.
– അനിത ജഗന്നാഥ്

