“മടിയും പേടിയും ഒരുമിച്ചു വന്നാൽ മരിക്കാൻ പറ്റുമോ??
കിറുക്കുകൾ എനിക്ക് ഇടയ്ക്കൊക്കെ ഉണ്ട്. ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല! ചെറുപ്പത്തിൽ ‘മരണം’ എന്നതിനെ കൗതുകത്തോടെയാണ് അറിയാൻ ശ്രമിച്ചിട്ടുള്ളത്. അമ്മുമ്മ പറഞ്ഞിട്ടുണ്ട്, മരിക്കുന്നവർ ആകാശത്തിലെ മിന്നും നക്ഷത്രമാകുമെന്ന്… മിന്നും നക്ഷത്രമോ? അതൊക്കെ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.
ജീവിതത്തിൽ ചില തിരിച്ചടികൾ വരുമ്പോഴാണ് മരണത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്. ആ പാതയിലൂടെ സഞ്ചരിക്കുമ്പോൾ പ്രണയത്തിൽ നിന്ന് ലഭിക്കുന്ന ധൈര്യം തന്നെയാണ് ആ സമയത്തും ലഭിക്കുന്നത്… അത് എങ്ങനെയാണ് പറഞ്ഞു തരേണ്ടതെന്ന് അറിയില്ല. അതിലൂടെ ഒരിക്കൽ സഞ്ചരിച്ചവർക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ…
വായിക്കുമ്പോൾ കിറുക്കുകളായി തോന്നാമെങ്കിലും, ആ വഴിയിലൂടെ സഞ്ചരിക്കാത്തവർ ആരാണുള്ളത്… അല്ലേ? ആ സമയങ്ങളിലെ ഒരു തനി വട്ട്! 😃😅
പഠിക്കുന്ന സമയത്ത് പ്രസാദ് സാർ പറഞ്ഞതാണ് ഓർമ്മ വന്നത്. ഒരാൾക്ക് മരിക്കണം, പക്ഷെ മടിയുള്ള കൂട്ടത്തിലാണ്! എങ്ങനെ മരിക്കണം എന്നായി ആലോചന… അങ്ങനെ ആലോചിച്ചു തീരുമാനിച്ചു, തൂങ്ങി മരിക്കാൻ! ‘കുരുക്ക് മുറുകിയാൽ ശ്വാസം കിട്ടില്ല, അത് കൊണ്ട് അത് വേണ്ട…’ മടി ആ ചിന്തയെ പുറകോട്ട് വലിച്ചു.
എങ്കിൽ പിന്നെ തീവണ്ടിയിൽ തല വെയ്ക്കാം! അങ്ങനെ അയാൾ നടന്ന് റെയിൽവേ പാളത്തിൽ എത്തി. തലവെച്ചു കിടന്നു. ‘ഇന്നത്തോടെ ഞാൻ അവസാനിക്കും’ എന്ന് വിചാരിച്ചപ്പോഴാണ് ട്രെയിന്റെ ഒച്ച കേൾക്കുന്നത്… അയാൾക്ക് പേടിയായി. ‘അയ്യോ! തല മുറിഞ്ഞു പോകും, ആർക്കും തിരിച്ചറിയാൻ കഴിയാതെ വരും… പോരാത്തതിന് എനിക്ക് ട്രെയിനെ പേടിയുമാണ്, അതു കൊണ്ട് അതും വേണ്ട!’
ഇനി വിഷം കഴിച്ചിട്ട് മുങ്ങി മരിക്കാം, അതാണ് നല്ലത്. അങ്ങനെ അയാൾ നല്ല ഒഴുക്കുള്ള പുഴയുടെ പാലത്തിനു മുകളിലെത്തി. അപ്പോൾ ആലോചിച്ചു, ‘വിഷം കഴിച്ചിട്ട് ചാടിയാൽ വെള്ളം കുടിക്കുമ്പോൾ അത് പുറത്തേക്ക് പോകില്ലേ? വെള്ളത്തെയാണെങ്കിൽ എനിക്ക് പേടിയുമാണ്… അതും വേണ്ട!’
അങ്ങനെ അയാളുടെ ഒരു ദിവസം കടന്നു പോയത് അയാൾ അറിഞ്ഞില്ല. ആ ദിവസത്തിന്റെ അവസാനത്തിലാണ് അയാൾക്ക് ആ സത്യം മനസ്സിലായത്—പേടിയും മടിയും ഉണ്ടായാൽ ആത്മഹത്യ ചെയ്യാൻ കഴിയില്ല!
അതിലൊരു ഗുണപാഠവുമുണ്ട്. തിരിച്ചടികൾ കിട്ടുമ്പോൾ പേടിച്ചോടുകയല്ല വേണ്ടത്, അതിനോട് പോരാടി ജീവിക്കുമ്പോഴാണ് ജീവിതത്തിൽ അർത്ഥമുണ്ടാകുന്നത്. മടിയും പേടിയും ഉണ്ടെങ്കിൽ ഒന്നും ചെയ്യാനും കഴിയില്ല, ഒരു ദിവസം വെറുതെ പോകും… എന്താണല്ലേ?!
വെറുതെ ഇരുന്നപ്പോൾ എഴുതിയതാണ്. പ്രസാദ് സാർ ഇങ്ങനെയുള്ള കഥകളുടെ കാര്യത്തിൽ സൂപ്പറാ… സീരിയസ് ആയി പഠിപ്പിക്കാൻ വന്നാലും ഈ കഥയോ അല്ലെങ്കിൽ കൈയിൽ സ്റ്റോക്കുള്ള രണ്ടു കഥയോ പറയാതെ ആ ക്ലാസ്സ് തുടങ്ങില്ല!
മടിയും പേടിയും ഒരു സംഭവം തന്നെയാണല്ലേ??”

