മൂന്ന് കുറ്റാന്വേഷണ നോവലുകളുടെ സമാഹാരമാണ് “ദ മെറ്റിൽഡ മർഡർ കേസ് ” എന്ന ബുക്ക്. മുപ്പതിലധികം ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിചിക്കുകയും, സോഷ്യൽ മീഡിയയിലും മറ്റുമായി ഗാന സംബന്ധമായ നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള Retd. Professor അബ്ദുൾ നിസാർ ആദ്യമായി എഴുതി പബ്ലിഷ് ചെയ്യുന്ന ബുക്കാണ് ദ മെറ്റിൽഡ മർഡർ കേസ്.
ദ മെറ്റിൽഡ മർഡർ കേസ്, ദ വീക്കെൻഡ് മർഡർ, സൈൻസ് ഓഫ് മർഡർ എന്നീ മൂന്ന് ചെറിയ നോവലുകളാണ് പുസ്തകത്തിലുള്ളത്. മുരളികൃഷ്ണ എന്ന ക്രിമിനോളജിസ്റ്റിന്റെ അന്വേഷണ വഴികളിലൂടെയാണ് കഥകൾ മുന്നോട്ട് പോകുന്നത്. കൃത്യമായി ഓരോ കാര്യങ്ങളും വിശകലനം ചെയ്ത് കുറ്റവാളിയിലേക്ക് മുരളികൃഷ്ണ എത്തുന്നതൊക്കെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.
ഡിറ്റക്ടീവ് നോവലുകൾ ഉദ്വേഗജനകമാകണമെങ്കിൽ, ആരാണ് ക്രൈം ചെയ്തത്, എന്തിന് വേണ്ടിയാണ് ചെയ്തത് എന്നറിയാനുള്ള ആഗ്രഹം വായനക്കാരിൽ അവസാനം വരേയും നിലനിർത്താൻ കഴിയണം. ഒരോ പേജ് കഴിയുമ്പോഴും ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷയുണ്ടെങ്കിൽ മാത്രമേ നോവൽ മികച്ച വായനാനുഭവം തരുകയുള്ളൂ. ആ കാര്യത്തിൽ രചയിതാവ് വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
പോലീസ് അന്വേഷണ രീതികൾ, ക്ളിനിക്കൽ, ഫോറൻസിക് വിവരങ്ങൾ എല്ലാം കൃത്യമായി പഠിച്ചിട്ടു തന്നെയാണ് ശ്രീ അബ്ദുൽ നിസാർ ഈ നോവൽ എഴുതിയിരിക്കുന്നത്. കുറ്റാന്വേഷണ നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് ദ മെറ്റിൽഡ മർഡർ കേസ് നല്ലൊരു വായനാനുഭവം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. എഴുത്തുകാരനിൽ നിന്നും ഇനിയും മികച്ച രചനകൾ നമുക്ക് പ്രതീക്ഷിക്കാം.
ദ മെറ്റിൽഡ മർഡർ കേസ് നാഷണൽ ബുക്ക് സ്റ്റാൾ ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

