പായസമില്ലാതെ എന്ത് ഓണസദ്യ? ഓണസദ്യ എന്നുപറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരം…
സത്യത്തിൽ സദ്യയുടെ ക്ളൈമാക്സ് പായസം തന്നെ.
പൊന്നിൻ നിറമുള്ള ഉരുളിയിൽ പാലും പഞ്ചസാരയും നെയ്യും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വരട്ടിയെടുത്ത് മേമ്പൊടിക്ക് ഏലക്കത്തരി വിതറി എടുക്കുന്ന പായസത്തിന്റെ മണം കേൾക്കുമ്പോൾ തന്നെ നമ്മിൽ ഹർഷോന്മാദം വരും. പയസ് എന്നാൽ പാല് എന്നർത്ഥം. അപ്പോൾ പയസ് ചേർത്തുണ്ടാക്കുന്നതു പായസം.
പൊതുവെ ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങാപ്പാലും പഞ്ചസാര ചേർത്തുണ്ടാക്കുന്ന പായസത്തിൽ പശുവിൻപാലുമാണ് ഉപയോഗിക്കാറുള്ളത്.
അടപ്രഥമൻ, പാലടപ്രഥമൻ പാല്പായസം പരിപ്പ് പ്രഥമൻ എന്നിവയൊക്കെയാണ് സദ്യയിലെ മുൻനിരക്കാർ. എന്നാൽ ഇവയല്ലാതെ പഴം മാങ്ങാ ചക്ക കൈതച്ചക്ക
എന്തിനു ചോക്ലേറ്റ് പായസം വരെ നമുക്കുണ്ടാക്കാം.
പായസത്തിന്റെ മാധുര്യമാണ് സദ്യയുടെ പൂര്ണതക്ക് മിഴിവേകുന്നത്. പപ്പടവും ചെറുപ്പഴവും പായസവും കൂട്ടി കുഴച്ചൊരു പിടി പിടിക്കാം ഈ ഓണത്തിന്.
ഇനി നമുക്ക് കൈതച്ചക്ക പായസം ഉണ്ടാക്കാൻ നോക്കാം.
ഒരു കൈതച്ചക്ക വളരെ നേരിയ കഷണങ്ങൾ ആക്കിയെടുക്കുക. അവ ഒരു കുക്കറിൽ ഇട്ടു വേവിച്ചെടുക്കണം. എന്നിട്ടു അത് ഒരു ഉരുളിയിൽ ഇടുക. അതിലെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കുക. അതിലേക്കു കുറച്ചു നെയ്യൊഴിക്കണം. പഞ്ചസാരയും ചേർക്കണം. ഇവയെല്ലാം ചേർന്നലിയുമ്പോൾ രണ്ടാം പാൽ ചേർക്കുക. ഇളക്കി വറ്റാറാകുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഒന്ന് ചൂടാക്കുക. അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തിടുക. അതോടൊപ്പം കുറച്ചു കൈതച്ചക്ക നെയ്യിൽ വാട്ടിയതും , വേണമെങ്കിൽ ചൗവരി കുതിർത്തിയതും ചേർക്കാം. ഏലക്കാപ്പൊടി വിതറി നമുക്ക് അടുപ്പിൽ നിന്നും ഇറക്കിവെക്കാം.