അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്കൂളിൽ പോകുന്ന വഴിക്ക് അടുത്ത വീട്ടിലെ കളിക്കൂട്ടുകാരി മണ്ണപ്പം ചുട്ടു കളിക്കുന്നതുകണ്ടു. അവൾ നാലാം ക്ലാസ്സിൽ മറ്റൊരു സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് അവളുടെ സ്കൂളിന് അവധിയായിരുന്നു.
അവളെക്കൂടി എന്റെ സ്കൂളിലേക്ക് കൂട്ടാമോയെന്ന് അവൾ ചോദിച്ചു. ‘വന്നോളൂ’ എന്ന് ഞാനും പറഞ്ഞു. ആരോടും ചോദിക്കാതെ എന്റെ കൂടെ അവൾ വന്നു. അന്ന് യൂണിഫോമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതൊരു പ്രശ്നവുമല്ലായിരുന്നു. എന്റെ ക്ലാസ്സിൽ എന്നോടൊപ്പം ഇരുന്നു. ടീച്ചേഴ്സും ഒന്നും ചോദിച്ചില്ല. സ്കൂളും വീടും തമ്മിൽ ദൂരമുണ്ടായിരുന്നതുകൊണ്ട് ഉച്ചയൂണിന് വീട്ടിൽ പോകാനും സാധിക്കില്ലായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷം ഞങ്ങൾ വീട്ടിലെത്തി.
അത്ഭുതമെന്ന് പറയട്ടെ, അവളുടെ വീട്ടുകാരും അറിഞ്ഞില്ല അവൾ എവിടെയായിരുന്നെന്ന്. വീട്ടിലെത്തി, അവളുടെ അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ ചോദിച്ചു: അയ്യോ! നല്ലൊരു ഉടുപ്പിട്ടിട്ട് പോയാൽ പോരായിരുന്നോ?
അന്നൊക്കെ അമ്മമാർക്ക് പെൺകുട്ടികളെക്കുറിച്ച് വേവലാതികൾ കുറവായിരുന്നു. കൂട്ടുകാരികളുടെ വീട്ടിൽ കളിക്കാൻ പോയാൽ സന്ധ്യക്ക് മുന്നേ ഏതു സമയത്തും വീട്ടിൽ കയറിച്ചെല്ലാം. അത്രയ്ക്ക് വിശ്വാസം അയൽക്കാർ തമ്മിലും കുട്ടികളിലും ഉണ്ടായിരുന്നു.
ഇപ്പോൾ അയൽപക്കത്തെ കുട്ടികൾ തമ്മിൽകാണാറുണ്ടോയെന്ന് സംശയമാണ്.