ഇടമുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയിലെ ഒരു സായാഹ്നം. അടുക്കളപ്പുറത്തെ ചാരുബഞ്ചിൽ താടിക്ക് കൈയ്യും കൊടുത്ത് , വടക്കോട്ട് നോക്കി വെടക്കായിരുന്ന് മഴയുടെ തണുപ്പും കുളിരുമൊക്കെ അനുഭവിച്ച് മഴക്കാഴ്ചകളിൽ മുങ്ങി മടി പിടിച്ചിരിക്കുകയായിരുന്നു.
ഏകാന്തത, മഴ, മഴയിലൂടെ വിദൂരതയിലേയ്ക്കുള്ള നോട്ടം ഇതൊക്കെ സർഗ്ഗാത്മകത മൊട്ടിട്ട് കവിതയോ കഥയോ ആയി പൊട്ടി വിരിയാൻ ഉത്തമമാണെന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു. പക്ഷേ ദിക്ക്പാലകരെപ്പോൽ അതിരിങ്കൽ നെഞ്ച് വിരിച്ചു നിൽക്കുന്ന മഹാഗണികളിൽ തട്ടി എൻ്റെ വിദൂരതയിലേയ്ക്കുള്ള നോട്ടം മഴയിലേയ്ക്ക് ചിന്നിത്തെറിച്ചു.
സർഗാത്മകത പോയെങ്കിൽ പോട്ടെ, സാരമില്ല. കാപ്പിക്കുരു വറുത്ത് ഏലയ്ക്ക, ചുക്ക് ,ജീരകം, ഉലുവ, കുരുമുളക് ആദിയായവ ചേർത്ത് പൊടിച്ചുണ്ടാക്കിയ കാപ്പി ഊതി ഊതി കുടിക്കണമെന്നും, വെളിച്ചെണ്ണ മണമുള്ള ഉപ്പേരിക്കപ്പ വറുത്തത് കറു മുറാന്ന് കടിച്ച് തിന്നണമെന്നും തോന്നി.
സ്കൂളിൽ പഠിച്ചിരുന്ന കാലം എന്നാ ഒരു രസമായിരുന്നു. ഇങ്ങനൊന്നും തോന്നാതെ തന്നെ എല്ലാം മുമ്പിൽ കിട്ടിയിരുന്നു. ഇതിപ്പോ തോന്നൽ യാഥാർത്ഥ്യമാവണമെങ്കിൽ തന്നത്താൻ എണീറ്റ് പോയി ഇതെല്ലാം ഉണ്ടാക്കുന്നതോർമ്മ വന്നത് കൊണ്ട് തോന്നലിന് തൽക്കാലം ‘കട്ട് ‘ പറഞ്ഞ്, മഴയുടെ സൗന്ദര്യം പുനരാസ്വദിക്കാൻ തീരുമാനിച്ചു.
പക്ഷേ വന്ന തോന്നൽ പോകാൻ തയ്യാറാകാതെ എന്നെ ചുറ്റിപ്പറ്റി നിന്നു. പ്രലോഭനത്തിൽ ഉൾപ്പെടാൻ എന്നെ കിട്ടില്ല എന്നുറപ്പിച്ച് ഞാൻ മഴ നനഞ്ഞു നിൽക്കുന്ന മഹാഗണിയിലേയ്ക്കും അതിനെ ചുറ്റിപ്പടർന്നിരിക്കുന്ന കുരുമുളകു വള്ളിയിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. കാരണം ഒരു ഗ്ലാസ്സ് കാപ്പിയിടാൻ പോയാൽ പിന്നെ പലതും ഇടേണ്ടി വരും.
പൊടുന്നനെ, അന്തരീക്ഷത്തിൻ്റെ ഭാവവും രാഗവും താളവുമെല്ലാം മാറി.
മഹാഗണികളും തെങ്ങും പ്ലാവും തേക്കും പൊങ്ങല്യവും പേരയും കപ്പളവുമൊക്കെ, പൂക്കുലയേന്തി കളത്തിലിരിക്കുന്ന പെൺകിടാങ്ങളെപ്പോലെ തുമ്പിതുള്ളാൻ തുടങ്ങി. കാറ്റിൻ്റെ താളം മുറുകുന്നതിനൊപ്പം തുള്ളൽ ശക്തിയാർജ്ജിച്ചു. ചെറിയൊരു ഭയമെന്നെ വന്ന് തൊട്ട് വിളിച്ചെങ്കിലും ഞാനത് ശ്രദ്ധിക്കാത്തത് പോലിരുന്നു. കോഴികൾ പലയിടത്തു നിന്നും ഓടി വന്ന് ‘നനഞ്ഞ കോഴി’ എങ്ങനെയിരിക്കുമെന്ന് എനിക്ക് കാണിച്ചു തന്ന് കോഴിക്കൂടിനടിയിൽ അഭയം പ്രാപിച്ചു.
കണ്ണഞ്ചും മാതിരിയൊരു മിന്നലും വലിയൊരിടിയും അന്തരീക്ഷത്തിനെ അതീവ ഭീകരമാക്കി. പെട്ടെന്നാണത് സംഭവിച്ചത്! കോഴിക്കൂടിൻ്റെ പിറകിൽ നിന്നിരുന്ന സുമുഖിയായൊരു കപ്പളശ്രേഷ്ഠ വലിയൊരാർത്തനാദത്തോടെ ഭൂമീദേവിയെ സാഷ്ടാംഗം പ്രണമിച്ചു. അതിലുണ്ടായിരുന്ന ആബാലവൃദ്ധം കപ്പളങ്ങകൾ മഴവെള്ളത്തിൽ കരണം കുത്തിമറിഞ്ഞു.
കോഴികൾ കൂകിക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു. അറിയാതെ എന്നിൽ നിന്നും ഒരു നിലവിളി ശബ്ദം ഉയർന്നു. കൂടെക്കൂടെ വരുന്ന ഇടിയും മിന്നലും എന്നെ അവിടെ നിന്ന് എണീറ്റ് പോകാൻ തീവ്രമായി പ്രേരിപ്പിച്ചു. പക്ഷേ സുഖം പിടിച്ചുള്ള ആ തനിച്ചിരുപ്പ് , നീയിപ്പം എണീറ്റ് പോകണ്ടാന്നും പറഞ്ഞു.
ഈ കപ്പളത്തിൽ ഇത്രയും കപ്പളങ്ങകൾ ഉണ്ടായിരുന്നോ എന്നോർത്ത് ഞാൻ അവയുടെ എണ്ണം എടുക്കാൻ തുടങ്ങി. പണ്ട്, മഴക്കാലത്ത് സ്കൂളിലേയ്ക്ക് നടന്ന് പോകുന്ന വഴിക്ക് വഴിയരികിലെ കയ്യാലകളിൽ ഞാന്ന് കിടക്കുന്ന കണ്ണീർത്തുള്ളികളുടെ എണ്ണമെടുക്കുന്ന ഒരു കളി ഞങ്ങൾ കളിക്കുമായിരുന്നു. ആ ഓർമ്മയിൽ മനസ്സു കുളിർന്ന് ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ എണ്ണൽ തുടർന്നു.
എണ്ണലിനിടയിൽ ,പണ്ട് ഐസക് ന്യൂട്ടൻ്റെ മുമ്പിൽ ഒരേയൊരാപ്പിൾ വീണപ്പോൾ അദ്ദേഹം എന്നാ വലിയ കണ്ടുപിടിത്തമാ നടത്തിയത്? ഇത്രേം കപ്പളങ്ങകൾ കൺമുൻപിൽ വീണിട്ടും എനിക്കൊന്നും തോന്നുന്നില്ലല്ലോ ദൈവമേ എന്ന് ഞാൻ വെറുതെയങ്ങ് പരിതപിച്ചു. വീണ്ടും, വീണ്ടും പരിതപിച്ചു. പെട്ടെന്ന് എൻ്റെ തലച്ചോറിൻ്റെ ഏതോ അറകളിൽ ഏതൊക്കെയോ ന്യൂറോണുകൾ തമ്മിൽത്തമ്മിൽ സംവദിച്ചു.
ഏതാനും നിമിഷങ്ങൾക്കകം ഒരജ്ഞാത പ്രേരണയാൽ ,ഒരു ചെറിയ തുണിക്കഷണം തലയിൽ ഇട്ട് ഇടി, മിന്നൽ,മഴ ഇവയെയൊക്കെ തൃണവൽഗണിച്ച് മുറ്റത്തിറങ്ങിയ ഞാൻ രണ്ട് കപ്പളങ്ങകൾ പെറുക്കിയെടുത്തു. ശേഷം അവ കഴുകി വൃത്തിയാക്കി .അകത്ത് കയറി അത് മുറിച്ച് ഗ്രേറ്റ് ചെയ്ത് തുടങ്ങി. അപ്പോഴും കറൻറ് പോയിട്ടില്ല എന്നുള്ളത് ഒരു അത്യദ്ഭുതമായി എനിക്ക് തോന്നി.
ശേഷം സവോള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇതൊക്കെ കുനുകുനാന്ന് അരിഞ്ഞു. ഇതെല്ലാം കഴിഞ്ഞ ദിവസം കുട്ടികളെക്കൊണ്ട് നന്നാക്കിച്ച് ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ വച്ചിരുന്നത് കൊണ്ട് ജോലി വളരെ എളുപ്പമായി തോന്നി. അരിഞ്ഞവ എല്ലാം കൂടി ഉപ്പും ചേർത്ത് നന്നായിട്ടങ്ങ് കൂട്ടിത്തിരുമ്മി. രുചിച്ചു നോക്കിയപ്പോൾ ‘ ആഹാ ‘ എന്നോ ‘ വൗ ‘ എന്നോ പറയാൻ തോന്നിയില്ല.
കുറച്ച് മുളക് പൊടി, മഞ്ഞൾപ്പൊടി, ഇച്ചിരി കായപ്പൊടി എല്ലാം വാരി വിതറി പിന്നേം കുഴച്ചു. ഇപ്പോൾ ‘ആഹാ ‘ വേണമെങ്കിൽ പറയാം. ഞാനെന്താണീ ചെയ്യുന്നതെന്ന് എനിക്കു തന്നെ നിശ്ചയമില്ലായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അൽപം പോലും അതിശയോക്തിയില്ല സുഹൃത്തുക്കളെ.
ഓടി ചെന്ന് സ്റ്റോറിലേയ്ക്ക് കയറി കപ്പളങ്ങയുടെ ഏകദേശം അതേ അളവിൽ മൈദയും, അരിപ്പൊടിയും എടുത്ത് കപ്പളങ്ങാക്കൂട്ടിൻ്റെ മുകളിലേയ്ക്കിട്ടു. ഷാൻ ജിയോ എന്ന ഒരു പ്രശസ്ത പാചകശാസ്ത്രജ്ഞൻ പഴംപൊരി ഉണ്ടാക്കിയപ്പോൾ അങ്ങനെയാണ് ചെയ്തത്. എല്ലാം കൂടി കൂട്ടിക്കുഴച്ച് ഒരു പരുവത്തിലാക്കി വീണ്ടും രുചിച്ച് നോക്കി. അപാകതകളൊന്നും തോന്നിയില്ല.
സ്റ്റൗവ് കത്തിച്ച് ,പാത്രം വച്ച് എണ്ണയൊഴിച്ചു. തിളച്ച എണ്ണയിൽ കപ്പളങ്ങാക്കൂട്ട് കുറേശ്ശേ വാരിയിട്ട് ഇരുവശവും ബ്രൗൺ നിറമായപ്പോൾ വറുത്ത്കോരി മാറ്റി വച്ചു. വറുത്തെടുത്ത കപ്പളങ്ങാക്കൂട്ട് ഏകകോശ ജീവിയായ അമീബയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പോലിരുന്നു.
എങ്ങനെ വരച്ചാലും അടയാളപ്പെടുത്തലിൽ എല്ലാമുണ്ടെങ്കിൽ മാർക്ക് കിട്ടുന്ന ഒരേയൊരു പടമാണ് അമീബയുടേത്. ങാ, അത്രേയുള്ളൂ ഇതും. അപ്പോഴേയ്ക്കും ‘നല്ല മണം’ എന്നും പറഞ്ഞ് അടുക്കളയിൽ ആൾക്കാരുടെ അംഗസംഖ്യ കൂടിയിരുന്നു.
ഒരു സർപ്രൈസ് ആണെന്ന് പറഞ്ഞ് എല്ലാവരെയും പുറത്താക്കി ഞാൻ വാതിലടച്ചു. ശേഷം വിറയ്ക്കുന്ന കൈകളോടെ ഞാനതിൽ നിന്നും ഒരെണ്ണമെടുത്ത് മുറിച്ചു വായിലിട്ടു. ആഹാ.. ഓഹോ… നാവിലെ രസമുകുളങ്ങൾ ആനന്ദനടനം ആടിനാൽ… ഒന്നും വിചാരിക്കരുത്. ആദ്യ ട്രിപ്പ് വറുത്തു മാറ്റിയ വടകൾ ഒന്ന് പോലും കുറയാതെ കട്ടൻ കാപ്പിയുടെ കൂടെ പരബ്രഹ്മം പൂകി .
അപ്പോഴും തോരാത്ത മഴയിലേയ്ക്ക്, മുന്നിലെ ജനാലയിലൂടെ എൻ്റെ മിഴികൾ നിർവൃതിയോടെ ഇറങ്ങിച്ചെന്നു. നമ്മൾ എന്തൊരു ഭക്ഷണമുണ്ടാക്കിയാലും വേറൊരാളുടെ മുന്നിൽ എത്തും മുൻപേ ഉണ്ടാക്കിയ ആൾ അത് രുചിച്ചു നോക്കിയിരിക്കണം എന്നത് പപ്പ പറഞ്ഞു തന്നൊരലിഖിത നിയമം. ഞാനിത്തിരി കൂടുതൽ രുചിച്ചുപോയി .അതൊരു തെറ്റൊന്നുമല്ല. ഒന്നുമില്ലേലും ഞാൻ സ്വന്തമായി കണ്ടു പിടിച്ചതല്ലേ!
ബാക്കി വടകൾ അത്യാവേശത്തോടെ ഞാൻ ഉണ്ടാക്കി. കാത്തിരുന്നവർക്ക് മുൻപിൽ ചായയും വടയും അഭിമാന പുരസ്സരം വിളമ്പി. കഴിച്ചവർക്കാർക്കും അതിലെ പ്രധാനി ആരെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. പാത്രം കാലിയായതിന് ശേഷം ഇത് കപ്പളങ്ങ വടയായിരുന്നെന്ന് ഞാൻ പ്രഖ്യാപിച്ചു. എല്ലാവരും അദ്ഭുതത്തോടെ കണ്ണ് മിഴിച്ചു. അല്ലാത്തപ്പോൾ പരമപുച്ഛം, പരിഹാസം ഇതൊക്കെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കപ്പളങ്ങ അഭിമാനത്താൽ വിജൃംഭിക്കുന്നത് ഞാൻ ഉൾക്കണ്ണാൽ കണ്ടാനന്ദിച്ചു.
അതിന് ശേഷം നിരവധി തവണ ഞാൻ കപ്പളങ്ങ വടയുണ്ടാക്കി. ഇപ്പോൾ ഇങ്ങോട്ട് ആവശ്യപ്പെടുകയാണ് കുട്ടികൾ. അരിയാനുള്ളതെല്ലാം തയ്യാറാക്കി തരികയും ചെയ്യും. അതിഥികൾക്ക് കൊടുത്ത് അവരെക്കൊണ്ട്, ഇത് എന്ത് വടയാണ് എന്ന് പറയിക്കാൻ ശ്രമിച്ചു പല തവണ. ദാ, ഇന്നുവരെ ഒരൊറ്റ മനുഷ്യന് പോലും വടയിലെ കപ്പളങ്ങയെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല . കാരണം തനി നാടൻ കപ്പളങ്ങയെ അവിടെ ആരും പ്രതീക്ഷിക്കുന്നില്ലന്നേ. വല്ല തോരനോ, മെഴുക്ക് പുരട്ടിയോ, മോരുകറിയിലെയോ മറ്റ് തേങ്ങാക്കറികളിലെയോ കഷണമായോ ഒക്കെയോ നമ്മൾ അതിനെ കണക്കാക്കിയിട്ടുള്ളൂ.
വട ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
അരിപ്പൊടി, ഗോതമ്പ് പൊടി, മൈദാ മാവ്, കടലമാവ് ഇതിലേത് വേണമെങ്കിലും ഉപയോഗിക്കാം. എല്ലാം കൂടി വേണമെങ്കിലും അൽപാൽപ്പം ചേർക്കാം. ഓരോ പൊടിയുടെയും സ്വഭാവം അനുസരിച്ച് രുചി, ഘടന, നിറം, ഗന്ധം ഇതെല്ലാം വ്യത്യാസം വരും. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. കപ്പളങ്ങ, സവാള ഇതിലൊക്കെ വെള്ളമുണ്ട്. വേണ്ടി വന്നാൽ അല്പം മാത്രം ചേർക്കാം. കൂട്ട് നീണ്ട് പോകരുത്. തൈര് വേണമെങ്കിലും ചേർക്കാം വെള്ളത്തിന് പകരം. തൈര് കൂടുതൽ ചേർത്താൽ മൊരുമൊരാ.. കറുമുറാ വട കിട്ടില്ല കേട്ടോ.
ഞാനീ രൂപത്തിൽ മാത്രമേ എണ്ണയിൽ കിടക്കൂ എന്ന് യാതൊരു നിർബന്ധവുമില്ലാത്ത ഒരു പഞ്ചപാവത്താൻ വടയാണിത്. വട എന്ന് തന്നെ വിളിക്കണം എന്നൊന്നുമില്ല. ഇഷ്ടമുള്ള പേരിട്ട് വിളിച്ച്, നിങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ ഉണ്ടാക്കിക്കഴിക്കൂ. റ്റൊമാറ്റോ സോസ് ചേർത്ത് കഴിക്കാൻ താൽപര്യമുള്ളവർക്ക് പരീക്ഷിക്കാം. എരിവ് കൂട്ടി ഉണ്ടാക്കിയാൽ ടച്ചിംങ്ങ്സ് വിഭാഗത്തിലും ഉൾപ്പെടുത്താം. (മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, പക്ഷേ പറയുമ്പോൾ എല്ലാം പറയണ്ടേ.)
പ്രത്യേക മുന്നറിയിപ്പ്: ചില ആൾക്കാർക്കുണ്ടാക്കി കൊടുത്താൽ (പ്രത്യേകിച്ച് മലയാളികൾക്ക്, വിദേശികളാണെങ്കിൽ കപ്പളങ്ങ എന്ന് തന്നെ പറയാം.) കഴിച്ച് കഴിയാതെ കപ്പളങ്ങയുടെ പേര് പറയരുത്. കാരണം, നിങ്ങളുണ്ടാക്കുന്ന സാധനം വായിൽ വയ്ക്കാൻ കൊള്ളില്ലാന്നേ അഭിപ്രായം വരൂ. അന്തരീക്ഷം പുഛമയമായിരിക്കും. ചില പരാദ ജീവികളെയൊക്കെ സ്മരിക്കുകയും ചെയ്യും.
കഴിച്ചു കഴിയുന്നത് വരെ വല്ല ബ്രൊക്കോളിയോ, ലെറ്റ്യൂസോ ആണെന്നൊക്കെ പറഞ്ഞോണം. അഭിനന്ദനം ഒരു പ്രവാഹമായി ഒഴുകാൻ തുടങ്ങുമ്പോൾ മാത്രമേ നിങ്ങളാ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്താവൂ. അപ്പോ, പറ്റുന്നവരൊക്കെ തയ്യാറാക്കി നോക്കൂ. ഉണ്ടാക്കി കഴിക്കുമ്പോൾ എന്നെക്കൂടി ഓർത്തേക്കണം. അത് നിർബന്ധമാണ് കേട്ടോ.
കപ്പളങ്ങ, പപ്പായ, ഓമയ്ക്ക ഇത് മൂന്നും മൂന്നല്ല ഒന്നാണ്. അപരനാമങ്ങൾ ഉണ്ടെങ്കിൽ അഭിപ്രായങ്ങളിൽ രേഖപ്പെടുത്തണേ.
Happy Cooking dears.
2 Comments
മനോഹരം 👍
മനോഹരം. രസകരം. രുചികരം..