കറിവെക്കാൻ കാര്യമായി ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ ഏട്ടനോട് സാധനം വാങ്ങണമെന്ന് വിളിച്ചു പറഞ്ഞാൽ ചെവി പൊട്ടുന്ന ചീത്ത കിട്ടും. ഉളളത് എന്തെങ്കിലും എടുത്ത് എന്തേലുമൊക്കെ ഉണ്ടാക്കാം.
ചപ്പാത്തി ചുട്ടു വെച്ചിട്ടുണ്ട്. ചപ്പാത്തിയുടെ കൂടെ പയറ്, പരിപ്പ് ഒന്നും തന്നെ ഏട്ടന് ഇഷ്ടം അല്ല. എരിവ് ഉളള തരം കറി എന്തെങ്കിലും വേണം.
മുട്ട ഇല്ല. ഉണ്ടായിരുന്നെങ്കിൽ പണി എളുപ്പം ആയേനെ. ഏട്ടന് ആണേൽ മുട്ട ഭയങ്കര ഇഷ്ടവും ആണ്.
നോക്കിയപ്പോൾ ഒരു ഉരുളകിഴങ്ങ് കിട്ടി. പാൻ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില ഇട്ടു. അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്ന ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി. ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം പോകും വരെ അതും വഴറ്റി. ഇഞ്ചി ഒരല്പം അധികം വേണം. ഏട്ടന് ചില കറികളിൽ ഇഞ്ചിമണം മുന്നിൽ നില്ക്കുന്നത് ഇഷ്ടം ആണ്. കുഞ്ഞു കഷ്ണങ്ങളായി മുറിച്ചു വെച്ച ഉരുളക്കിഴങ്ങും അതിലേക്ക് ചേർത്ത് ഇളക്കി.
മുളക് പൊടി, കുരുമുളക് പൊടി ഒരല്പം മല്ലിപൊടി, ഉപ്പ്, മഞ്ഞൾ പൊടി എന്നിവ പാനിലിട്ട് ചൂടാക്കി. ഇതിലേക്ക് ഒരു തക്കാളി കൂടി ചേർത്ത് പാത്രം അടച്ചു വെച്ചു. തീ കുറച്ചു വെച്ചു. ഇനി തക്കാളി മെല്ലെ വേവട്ടെ.
അല്പസമയം കഹഴിഞ്ഞു തുറന്ന് നോക്കി, എല്ലാം കൂടെ നന്നായി ഇളക്കി കുറച്ചു വെള്ളം ചേർത്ത് തീ കൂട്ടി വെച്ചു. ഉരുളക്കിഴങ്ങ് വെന്തു കിട്ടണം. വെന്ത ശേഷം അടപ്പ് തുറന്ന് വെച്ച് വെള്ളം വറ്റിച്ചു എടുത്തു.
അങ്ങനെ ഇന്നത്തെ കറിയുടെ പ്രശ്നത്തിന് ഒരു പരിഹാരം ആയി. നാളെ എന്തായാലും വീട്ടിലേക്ക് വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു വിടണം
ഏട്ടൻ വന്നു കഴിക്കാൻ ഇരുന്നു. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നന്നായി ആസ്വദിച്ചു കഴിക്കുന്ന ആളാണ് എന്റെ മനുഷ്യൻ. ഒരു ഗ്ലാസ് കട്ടൻ ചായ ആണെങ്കിലും നല്ലത് ആണേൽ അഭിപ്രായം പറയും. അത്കൊണ്ട് തന്നെ ഏട്ടന് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ എനിക്കും വലിയ താല്പര്യം ആണ്.
കറിയുടെ അടപ്പ് തുറന്ന മനുഷ്യൻ ഉണ്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു.
കണ്ണു ചുവന്നു വരുന്നു.
” കറി കണ്ണിൽ ആയോ ”
ഇല്ലെന്ന് തലയാട്ടി. അദ്ദേഹം ഒരക്ഷരം പോലും മിണ്ടാതെ രണ്ട് ചപ്പാത്തിയും ഒരുപാട് കറിയും ചേർത്ത് കഴിച്ചു. കഴിക്കുന്ന രീതി കണ്ടാൽ ഭക്ഷണം ഇഷ്ടപെട്ടോ ഇല്ലയോ എന്ന് എനിക്കു മനസിലാക്കാൻ കഴിയും.
കഴിച്ചു കഴിഞ്ഞു പത്രങ്ങളെല്ലാം കഴുകി മുറിയിലെക്ക് പോയ ഞാൻ കാണുന്നത് കലങ്ങിയ കണ്ണുമായി കട്ടിലിൽ ഇരിക്കുന്ന ഏട്ടനെ ആണ്. എന്ത് പറ്റിയെന്ന ചോദ്യത്തിന് എന്നെ ചേർത്ത് നിർത്തി കയ്യിലൊരു മുത്തം തന്നു.
” അമ്മയെ ഓർമ്മ വന്നു ”
എന്തിനു എന്ന് എനിക്കു മനസിലായില്ല.
അമ്മ ഉണ്ടാക്കാറുള്ള ഉരുളകിഴങ്ങ് കറിയുടെ അതേ രുചി. പാത്രം തുറന്നപ്പോൾ തന്നെ കറിയുടെ മണം അമ്മയെ ഓർമിപ്പിച്ചു. കറി വെക്കാൻ വീട്ടിൽ ഒന്നും ഇല്ലാതെ ആവുന്ന സമയങ്ങളിൽ അമ്മ ചെയ്തു പോന്ന പറ്റിക്കൽ കറി ആയിരുന്നു ഇത്. ചെറുപ്പത്തിലേ കാര്യങ്ങൾ എന്തൊക്കെയോ ഓർമയിലേക്ക് വന്നെടാ”
എന്റെ കണ്ണും നിറഞ്ഞു. ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു കരയുകയാണ്.
ചില രുചികൾ എന്നും ഓർമകളാണ് അല്ലേ. ചില മണങ്ങൾ പ്രിയപ്പെട്ടവരേ ഓർമിപ്പിക്കും.
12 Comments
നല്ലെഴുത്ത് 🥰
ചിലത് അങ്ങനെയാണ്, ഹൃദ്യമായ എഴുത്ത് 😍
Nice
വളരെ നന്നായിരിക്കുന്നു❤️👌🌷
എനിക്കിഷ്ടായി ട്ടോ😘😘
മനസും നിറച്ചു.
So touching ❤️
ചില രുചികളങ്ങനെയാണ്. ഓർമ്മകളെ ക്ഷണിച്ചു വരുത്തും
ഓർമ്മകൾക്കെന്തൊരു രുചിയാണ്. രണ്ടും വയറു നിറച്ചു.👌👌
Heart touching ❤️
വയറിന്നേക്കാൾ മനസ്സ് നിറക്കണം ഭക്ഷണം 😍
ചെറിയ പാചകം കൊണ്ടു മനസ്സ് നിറച്ചു ❤️