” മ്മാ ഞാൻ ഇവിടേ മരിക്കും.. ന്നെക്കൊണ്ട് പറ്റണില്ല മ്മാ,.
പാതിരാത്രി ഉമ്മാനെ വിളിച്ചു കരയുമ്പോൾ അപ്പുറത്തും ഒരു തേങ്ങൽ ഞാൻ അറിയുന്നുണ്ടായിരുന്നു.
” ല്ലടാ മ്മന്റെ കുട്ടിക്ക് ഒന്നുമില്ല ഈ അസുഗം ദുനിയാവില് അനക്ക് മാത്രം അല്ലല്ലോ വന്നത് ഇയ്യ് ബെസമിക്കണ്ടഅതൊക്കെ മാറിക്കോളും ന്റെ കുട്ടി എന്തേലും കഴിച്ചു കിടക്ക് ട്ടോ.. “
2008 നവംബർ മാസം അബുദാബിയിലെ സംഹയിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിലെ കാന്റീനിൽ ഡ്രൈവർ വരാനായി കാത്തിരിക്കുമ്പോ ഒരു പനിയുടെ തുടക്കമെന്നോണം ശരീരവേദനയും വിറയലും തുടങ്ങിയിരുന്നു. നവംബർ മാസത്തെ മഞ്ഞു വീണ രാത്രിയിൽ തണുപ്പ് സഹിക്കാനാവാതെ വലിയ ഗാർബേജ് കവറിൽ വലിഞ്ഞുകേറി വെള്ളത്തിന്റെ ബോക്സിനുമുകളിൽ കേറി കിടന്നു..
ഡ്രൈവർ വന്ന് റൂമിൽ കൊണ്ട് വിട്ടതും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കേറി ചുരുണ്ടുകൂടി കിടന്നുറങ്ങി.
രാവിലെ എണീറ്റപ്പോ കലശലായ ശരീര വേദന. ചുമലിൽ ചുവന്ന് തുടുത്ത രണ്ട് കുമിളകൾ പൊങ്ങിയിരിക്കുന്നു. സഹമുറിയൻ ഹമീദിക്കയെ കാണിച്ചപ്പോ മൂപ്പരാണ് പറഞ്ഞത് ഇത് പൊട്ടിയാണെന്ന്(ചിക്കൻപോക്സ് ). പനി സഹിക്കാൻ ആവാതെ ഡോക്ടറെ കണ്ടപ്പോ ഡോക്ടറും ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു.
”അതിനർത്ഥം ഞാൻ ഗുളികയും വാങ്ങി വീട്ടിൽ പോയി എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ. അങ്ങിനെ അല്ലാ. ‘
ഇനിയാണ് കഥയുടെ ആരംഭം
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി കൂടെ വന്ന റാശിദ്ക്ക മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു.
” ഹമ് ശരി അങ്ങിനെ ചെയ്യാം. എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത് റഷിദ്ക്ക എന്നേം കൊണ്ട് നേരെ പോയത് മുസഫ്ഫയിലെ അൽ സാവേദ് ഗ്രൂപ്പിന്റെ ഏഴാം നമ്പർ ലേബർ ക്യാമ്പിലേക്കാണ്.
പുറത്ത് സെക്യൂരിറ്റി നിന്ന പഞ്ചാബിയയോട് റാശിദ്ക്ക പോയി എന്തോ സംസാരിച്ചപ്പോ അയാൾ ക്യാമ്പിനുള്ളിലേക്ക് കൈനീട്ടി കാണിച്ചു കൊടുത്തു കയ്യിൽ ഒരു കീയും കൊടുത്തു.
രണ്ടായിരം പേര് തിങ്ങി താമസിക്കുന്ന ആ ക്യാമ്പിന്റെ വലത്തെ അറ്റത്തായി കസ്ട്രക്ഷൻ വർക്കുകളുടെ തുരുമ്പെടുത്ത സാധങ്ങൾ കൂട്ടിയിട്ട സ്ക്രാപ്പ് ഏരിയയിൽ ഒരു കാരവൻ റൂം.
”എടാ അസുഗം മാറുന്നത് വരെ നിന്നോട് ഇവിടേ നിൽക്കാനാണ് മുഹമ്മദ്ക്ക (മുതലാളി ) പറഞ്ഞത്. നിന്റെ ഡ്രെസ്സും കാര്യങ്ങളും ഞാൻ പോയി കൊണ്ട് വരാം. ഭക്ഷണം എന്നും ഞാൻ ഇവിടേക്കുള്ള മെസ്സിന്റെ കൂടെ കൊടുത്ത് വിടാം. ആ ക്യാമ്പിലെ രണ്ടായിരം പേർക്കുള്ള മെസ്സ് അന്ന് മുതലാളി ആണ് കൊടുത്തിരുന്നത്.
കീ എടുത്ത് ഡോർ തുറന്നതും അടഞ്ഞു റൂമിൽ നിന്നും പഴകിഴ പ്ലൈവുഡ് മണമുള്ള ചൂട് കാറ്റ് മുഖത്തേക്ക് അടിച്ചു. റൂമിന്റെ മൂലയിൽ ആയി ഒരു കട്ടിൽ, ഭക്ഷണം കഴിക്കാനായി ഒരു ചെറിയ മേശയും കസേരയും. പിന്നൊരു ബാത്റൂമും. A\C ഇട്ട് റൂം ഒന്ന് തണുത്തപ്പോ പനിയുടെ ക്ഷീണത്തിൽ ഞാൻ ഉറങ്ങിപോയിരുന്നു..
വൈകിട്ട് റാശിദ്ക്ക വന്ന് ഡ്രെസ്സും പുതപ്പും ഒരു പാത്രത്തിൽ ഉപ്പിടാത്ത കഞ്ഞിയും കൊണ്ട് തന്ന് തിരിച്ചു പോയി.
അന്ന് രാത്രി നല്ല തലവേദന ഒപ്പം പനിയും A\C ഇട്ടതുകൊണ്ട് തണുത്ത് വിറക്കുന്നു. A\C ഓഫ് ചെയ്താൽ അപ്പൊ ചൂട് എടുക്കാൻ തുടങ്ങും. ഒന്ന് പുറത്തിറങ്ങാനും പറ്റില്ല. റൂമിന്റെ വാതിൽ പോലും തുറന്നിടരുത് എന്ന് പറഞ്ഞാണ് സെക്യൂരിറ്റി കീ തന്നത്.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മൊബൈലിലെ പാമ്പ് ഉണ്ട തിന്നുന്ന ഗെയിം കളിച്ചു തലവേദനകൂടിയപ്പോ ക്ഷീണത്തിൽ ഞാൻ ഉറങ്ങിപോയിരുന്നു. രാവിലെ കതകിനു മുട്ടുന്ന ശബ്ദം കേട്ട് ഡോർ തുറന്നപ്പോ പുറത്ത് രണ്ട് പാത്രങ്ങൾ ഒന്നിൽ നിറച്ചു കഞ്ഞിയും മറ്റൊന്നിൽ തണ്ണിമത്തനും. മൂന്ന് നേരംകഴിക്കാൻ അത് മാത്രം. അപ്പോഴേക്കും കൈകളിൽ കുമിളകൾ കൂടുതൽ പൊങ്ങി വന്ന് തുടങ്ങിയിരുന്നു..
പിന്നീടങ്ങോട്ട് രാത്രി ഉറങ്ങാത്തത്തിന്റെ ക്ഷീണത്തിൽ പകൽ നന്നായുറങ്ങും. രാത്രി കലശലായ ചൊറിച്ചിലും ശരീര വേദനയും കാരണം ഉറങ്ങാൻ പറ്റാതെ കരയും. ആര് കേൾക്കാൻ ആര് കാണാൻ. വീട്ടിൽ ആണേൽ ഒരാശ്വാസമായി ഉമ്മയെങ്കിലും കൂട്ടിന് ഉണ്ടായേനെ.
നാല് ദിവസം കൊണ്ട് ശരീരം മുഴുവൻ കുമിളകൾ നിറഞ്ഞു. മലർന്നും കുമ്പിട്ടും കിടക്കാൻ പറ്റാത്ത അവസ്ഥ. ഏകാന്തമായ ഒരു മുറിക്കുള്ളിൽ ഒന്നും ചെയ്യാനില്ലാതെ വേദനയും ചൊറിച്ചിലും സഹിച്ചു കഴിഞ്ഞു കൂടേണ്ട അവസ്ഥ.
ആറാം ദിവസം രാത്രി ബാത്റൂമിലെ പാതി പൊളിഞ്ഞ കണ്ണാടിയിൽ ഞാൻ എന്റെ വികൃത മുഖം കാണുന്നത്. ചക്കയുടെ പുറം തൊലി പോലെ നിറേ കുമിളകൾ. പേടിച്ചരണ്ട് ബാത്റൂമിൽ നിന്നും ഇറങ്ങി ബെഡ്ഡിൽപോയിരുന്നു അലറി കരഞ്ഞു. മനസ്സിൽ ഓരോന്ന് ആലോചിക്കാൻ തുടങ്ങി. ഈ കുമിളകൾ ഇനി മാറിയില്ലെങ്കിൽ ഞാൻ എങ്ങിനെ പുറത്തിറങ്ങി നടക്കും എന്നൊക്കെ ആലോചിച്ചു ഉമ്മാനെ വിളിച്ചുകരഞ്ഞുകൊണ്ട് ഞാൻ മരിക്കും എന്ന് പറഞ്ഞപ്പോ ഉമ്മ എന്നെ സമാധാനിപ്പിക്കാൻ ഉമ്മ എന്തൊക്കെയോ പറഞ്ഞു തന്നു..
പിന്നീടുള്ള ദിവസങ്ങൾഎത്ര തന്നെ കണ്ണാടിയിൽ നോക്കരുതെന്ന് കരുതിയാലും അറിയാതെ അതിലേക്ക്നോക്കിപ്പോകും. ചുണ്ടിലും നാവിലും വരെ കുമിളകൾ പൊങ്ങിയിരുന്നു.
ദ്രെസ്സിദന് പറ്റാതെ അടിവസ്ത്രം മാത്രം ധരിച്ചു കിടക്കുമ്പോൾ കുമിളകൾ നിറഞ്ഞ സ്വന്തം ശരീരംകാണാതിരിക്കാൻ റൂമിൽ ലൈറ്റ് പോലും ഇടാതെ ഇരുട്ടിൽ കഴിഞ്ഞു കൂടിയ ദിനരാത്രങ്ങൾ. ഇന്നും ആരെങ്കിലും ചിക്കൻപോക്സ് എന്ന് പറഞ്ഞാൽ പ്ലൈവുഡ് മണമുള്ള ആ മുറി മനസ്സിൽ തെളിയും. പാതി പൊളിഞ്ഞകണ്ണാടിയിൽ തെളിഞ്ഞ വികൃത മുഖം കണ്മുന്നിൽ വീണ്ടും മിന്നി മായും. വെറുതെ കണ്ണ് നിറയും.
എട്ടാം ദിവസം മുതലാണ് കുമിളകൾ താണ് തുടങ്ങിയത്.
ശരീരത്തിൽ എവിടെ തടവിയാലും ചക്കയിൽ തഴുകിയ പോലെ കുമിളകൾ മാത്രം.
ഒടുക്കം പന്ത്രണ്ടാം ദിവസം ഒന്ന് കുളിച്ചപ്പോ വല്ലാത്തൊരാശ്വാസം കിട്ടി..
പതിനഞ്ചാം ദിവസം അവസാന കുമിളയുടെ തൊലിയും പൊളിച്ചെടുത്ത് കുളിച്ചിറങ്ങുമ്പോ, ഒരിക്കലും മറക്കാത്ത ഒരോർമയായി മുഖത്ത് നാല് കുഴികൾ സമ്മാനിച്ച് ചിക്കൻ പോക്സ് എന്നിൽ നിന്നും മുഴുവനായി വിടപറഞ്ഞിരുന്നു..
സൽമാൻ സാലി..
5 Comments
നേരിട്ടനുനുഭവിച്ച പോലെ. ഈയവസ്ഥയിലൊക്കെ ഒറ്റയ്ക്കായി പോയാൽ…… സങ്കടം തന്നെ
ചിക്കൻ പോക്സ് വന്നതിന്റെ ക്ഷീണവും അസ്വസ്ഥയും ഒഴിച്ചാൽ ങ്ങൾ ജോലി ചെയ്തിരുന്നിടത്ത് ചിക്കൻ പോക്സ്കാർക്ക് സുഖമായിരുന്നു എന്ന് പറയാം. 3 നേരവും ജ്യൂസും ഫ്രൂട്ട്സും കരിക്കും. 6 പേരുള്ള ഇടുങ്ങിയ മുറിയിൽ നിന്നും മാറ്റി നല്ല അടിപൊളി റൂമിൽ താമസം. ഇടവേളകളിൽ, മുൻപ് ചിക്കൻ പോക്സ് വന്ന് പോയവർ ചെല്ലും അവരുടെ അടുത്ത്. സംസാരിച്ചിരിക്കാൻ. 15 ദിവസം കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാവരും ഒന്ന് തുടുക്കുമായിരുന്നു. ഇരു കിലോ എങ്കിലും തൂക്കവും കൂടും 😃
എഴുത്തിലൂടെ ചിരിപ്പിക്കുന്ന താങ്കൾക്ക് മിഴി നനക്കാനും അറിയാം അല്ലേ 😢🥰
ഹമ്മേ .. വല്ലാത്ത കഷ്ടമാണേല്ലേ ഈ ചിക്കൻ പോക്സ്😥😥
🥲🥲