2007 സെപ്റ്റംബറിലാണ് ഞാൻ ബാംഗ്ലൂർ നഗരം ആദ്യമായി കാണുന്നത്. ആദ്യം വന്നത് പക്ഷേ കർണാടക ബാങ്കിന്റെ ക്ലറിക്കൽ പരീക്ഷ എഴുതാനാണ്. ആ സമയത്ത് ആർ എസ് അഗർവാളിന്റെ ആപ്റ്റിട്യുഡ് ബേസ്ഡ് പുസ്തകങ്ങളുമായി അല്പസ്വല്പം പരിചയം ഉണ്ടായിരുന്നു. ഏതു ബാങ്കിന്റെയും എഴുത്തുപരീക്ഷ(ക്ലറിക്കൽ മാത്രം-പി ഓ നമുക്ക് പറ്റില്ല ,അത് കുത്തിയിരുന്ന് പഠിച്ചു തകർക്കുന്നവർക്കുള്ളതാ 😃) പാസ്സ് ആകും,ഇന്റർവ്യൂ വരുമ്പോൾ എന്തെങ്കിലും ചെറിയ കാര്യത്തിന് അതു കൈയിൽ നിന്നു പോകും. ഒരു മാതിരി വന്താ -സുട്ടാ -സെത്താ- repeat ഈ അവസ്ഥ. അങ്ങനെ കേരളത്തിലെ ഒരു വിധം ബാങ്കുകളുടെ ഒക്കെ ക്ലറിക്കൽ എക്സാം എഴുതി തീർന്നപ്പോൾ നമ്മൾ മെല്ലെ കർണാടകയിലേക്കായി. അയൽ സംസ്ഥാനമല്ലേ? കർണാടക ബാങ്കിന്റെ എക്സാം എഴുതുന്നു, തിരിച്ചു വയനാട്ടിലേക്ക് ബസ് കയറുന്നു. പിന്നെ രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കായി ബാംഗ്ലൂരിലേക്ക്. ബാങ്ക് ജോലിയല്ല കേട്ടോ. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്നു പറഞ്ഞ പോലെ നമ്മൾ വീണ്ടും ഐ ടി തൊഴിലാളി ആവുക എന്ന ലൈൻ ആയി.
അങ്ങനെ അടുത്ത കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു കമ്പനിയിൽ ജോലി ശരിയായി. പേരന്റ് കമ്പനിയിലെ ഒരു മാസത്തെ ട്രെയിനിങ്ങിനു ശേഷം ക്ലയന്റ് ലൊക്കേഷനിൽ ജോലി. കോറമംഗല 6ത് ബ്ലോക്കിലായിരുന്നു ഓഫീസ്. താമസസ്ഥലമായ തവരെക്കരെയിലെ പി ജി യിൽ നിന്നു രാവിലെ 7:30 കഴിയുമ്പോൾ നടക്കാൻ തുടങ്ങും. ഫോറം മാളിന്റെ ഒരു സൈഡിൽ ഓഫീസ്, മറ്റേ സൈഡിൽ പി ജി എന്നൊക്കെ ഗമ പറയാറുണ്ടായിരുന്നെങ്കിലും രണ്ടിടത്തെയും ട്രാഫിക് സിഗ്നലുകൾ ഒക്കെ താണ്ടി ഓഫീസിൽ എത്തുമ്പോഴേക്ക് ക്ഷീണിക്കും. രണ്ട് സ്ഥലങ്ങളെയും കണക്ട് ചെയ്യുന്ന തരത്തിൽ ബസ് സർവീസ് ഇല്ല എന്നതാണ് ഈ നടത്തത്തിനു പിന്നിലെ രഹസ്യം. രാവിലെ പി ജി യിൽ നിന്നിറങ്ങി വഴിക്കുള്ള അയ്യപ്പ ക്ഷേത്രത്തിൽ പോയി പരിക്കും പരാതികളും പറയുക, അവിടെ പ്രസാദമായി കിട്ടുന്ന പുളിയോഗര കഴിക്കുക, നേരെ ഓഫീസിലേക്ക് നടക്കുക. തിരിച്ചു വരുമ്പോഴേക്ക് അവിടെ നട അടച്ചിരിക്കും. ആ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് പാലക്കാട് നിന്നും വന്ന Mr. Sreenivas( ഞാൻ അപ്പൂട്ടൻ എന്ന് വിളിക്കും ) അവിടെ ജോയിൻ ചെയ്യുന്നത്. പിന്നീട് ആള് മ്മടെ ബെസ്റ്റി ആയത് ചരിത്രം. അവനും താമസം മ്മടെ ഏരിയയിൽ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ സന്തോഷമായി. രാവിലെ ഒരുമിച്ച് ഓഫീസിൽ പോകുന്നു. രാത്രി ഒരുമിച്ച് തിരികെ വരുന്നു. എന്നെ പിജി യിൽ കൊണ്ടുപോയി വിടുക എന്നൊരു അധിക ഉത്തരവാദിത്തം അവൻ ഏറ്റെടുത്തിരുന്നു.
അങ്ങനെ ഓഫീസിലെ 10-12 മണിക്കൂർ ജോലി, പി ജി യിലെ അറുബോറൻ ഫുഡ് ഒക്കെയായി ബാംഗ്ലൂർ ലൈഫ് പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം വൈകുന്നേരം പതിവു പോലെ ഓഫീസിൽ നിന്നുമിറങ്ങി പിജിയിലേക്കുള്ള നടപ്പാണ്. അന്ന് Mr.അപ്പൂട്ടൻ കൂടെയില്ല. അവൻ നാട്ടിൽ പോയിരിക്കുന്ന സമയം. കൂടെ ആരുമില്ലാത്തതു കൊണ്ടു തന്നെ പതിവിലും നേരത്തെ ഇറങ്ങി. ഓഫീസിൽ ഗേറ്റിൽ നിന്നു നേരെ ഇറങ്ങി ലെഫ്റ്റ്, പിന്നെ കാണുന്ന റോഡിലേക്കിറങ്ങി അവിടെന്ന് റൈറ്റ്, പിന്നെ മെയിൻ റോഡിലേക്ക് എത്തിയിട്ട് ലെഫ്റ്റ് പിടിച്ചു നേരെ ഒറ്റ നടത്തം. പറ്റാവുന്നത്ര വേഗത്തിൽ നടന്നുകൊണ്ട് ഞാൻ വഴി മനസ്സിൽ തിട്ടപ്പെടുത്തുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ട് ചെന്ന ശേഷം റോഡിന്റെ മറുവശത്തേക്ക് കടന്നു. ഓരോന്ന് ആലോചിച്ചു കൊണ്ട് മുന്നോട്ട് അല്പം കൂടി പോയപ്പോൾ എന്തിലോ ചെന്ന് ഇടിച്ചു നിന്നു. എന്താ ഇതെന്ന് അമ്പരന്നു നോക്കുമ്പോൾ കണ്ട കാഴ്ച എഴുതി ഫലിപ്പിക്കാൻ പറ്റുമോ എന്നറിയില്ല.
എനിക്ക് മുന്നിലായി നല്ല ഉയരത്തിൽ ഒരു മരമുണ്ടായിരുന്നു. ആ മരത്തിന്റെ ഒരു കൊമ്പിൽ നിന്നു താഴേക്ക് നീളുന്ന ഒരു തുണിത്തൊട്ടിൽ. അതിൽ കിടക്കുന്ന ഒരു ചെറിയ കുട്ടി. കണ്ടാൽ ഉറങ്ങുകയാണെന്നേ തോന്നൂ. പക്ഷേ ഞാൻ അത്ര ശക്തിയിൽ ചെന്നിടിച്ചിട്ടും ആ കുട്ടിക്ക് ഒരു അനക്കവുമില്ല.അതെന്നെ ഭയപ്പെടുത്തി.ആ ഏരിയയിൽ അത്തരം തുണിത്തൊട്ടിലുകളിൽ കുട്ടികളെ ഉറക്കി കിടത്തിയിട്ട് റോഡ് നന്നാക്കുന്ന സ്ത്രീ തൊഴിലാളികളെ ഞാൻ പകൽ സമയത്ത് അവിടെ കണ്ടിട്ടുണ്ട്. എന്നാൽ സന്ധ്യയായ സമയത്ത് അങ്ങനെ ഒരു തൊട്ടിലിൽ ഒരു കുട്ടി എങ്ങനെ വരും? അടുത്താണെങ്കിൽ ആരുമില്ല താനും. റോഡിന്റെ മറുവശത്തു കൂടി ആൾക്കാർ തിരക്കിട്ടു നടന്നു പോകുന്നുണ്ട്. എന്റെ കൈയും കാലും തളരുന്ന പോലെ തോന്നി.അവിടെ നിന്ന് എങ്ങനെയാണ് ഫോറം മാളിന്റെ അടുത്ത് വരെ എത്തിയതെന്ന് ഇപ്പോഴും അറിയില്ല. പിജിയിൽ എത്തി ഡ്രസ്സ് പോലും മാറാതെ കുറെയേറെ വെള്ളവും കുടിച്ചു ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു.
അന്നു തന്നെ അപ്പൂട്ടനോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. അടുത്ത ദിവസത്തേക്ക് നല്ല പനി. അവൻ നാട്ടിലെ ക്ഷേത്രത്തിൽ പോയി പൂജിച്ചു കൊണ്ടുവന്ന ചരട് കൈയിൽ കെട്ടും വരെ പനി മാറിയിരുന്നില്ല. ആ സംഭവത്തിന് ശേഷം ഒറ്റയ്ക്ക് ഓഫീസിൽ നിന്ന് തിരിച്ചു പോകാൻ പേടി ആയിരുന്നു. അപ്പൂട്ടൻ വേറെ കമ്പനിയിലേക്ക് മാറിയ ശേഷവും വൈകുന്നേരം എന്നെ കൂട്ടിക്കൊണ്ടു പോയി പി ജി യിൽ വിടാറുണ്ടായിരുന്നു. എല്ലാത്തിനും അന്നത്തെ ആ സംഭവമാണ് കാരണം. കുട്ടികൾ ഒരുപാട് നേരം കിടന്നുറങ്ങാനായി എന്തെങ്കിലും ലഹരി പദാർത്ഥങ്ങൾ അവർക്ക് കൊടുക്കുന്നതാവാം എന്നൊക്കെ ഈ സംഭവം കേട്ട പലരും പറഞ്ഞു. എന്തോ എനിക്ക് അങ്ങോട്ട് വിശ്വാസം വന്നില്ല.
ഒടുവിൽ ആ കമ്പനിയിൽ നിന്ന് മാറിയപ്പോൾ ഭയങ്കര ആശ്വാസമായിരുന്നു.
ഇപ്പോഴും ഇതുപോലെ സിംപിൾ ആയ കാര്യത്തിന് പേടിയോ എന്ന് ചിന്തിക്കുന്നവരോടാണ്. ഇപ്പൊ ഈശ്വര വിശ്വാസം തീരെ ഇല്ലെന്ന് പറയാം.അതുകൊണ്ട് ഇപ്പോൾ ഭൂത പ്രേത പിശാചുക്കളിലും വിശ്വാസം ഇല്ല. സിനിമയിലെ ജമ്പ് scare സീൻ കണ്ടെങ്ങാനും പേടിച്ചാലായി.