ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്‍റെ വാച്ച് പതിനൊന്നു മണിയുടെ ബീപ് ബീപ് അടിച്ചു.
ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി, വിളക്ക് അണഞ്ഞു കഴിഞ്ഞു. ജന്നലില്‍ കൂടി നല്ല തണുത്ത കാറ്റും മിന്നല്‍ വെളിച്ചവും ,പെട്ടെന്ന് ചെവിയോര്‍ത്തപ്പോള്‍ എന്തോ ഒരു ശബ്ദം,കിര്‍ കിര്‍ കിര്‍ര്‍ ആരോ നടക്കുന്ന പോലെ, എന്‍റെ തൊണ്ട വരണ്ടു,
പട്ടാഭീ എന്ന് ഞാന്‍ പതുക്കെ വിളിച്ചു, പക്ഷെ പേടി കാരണം പഴാഫീ എന്നായിപ്പോയി, കൈ നീട്ടി കട്ടിലിനടിയില്‍ തപ്പി നോക്കിയപ്പോള്‍ കട്ടിലിനു താഴെ അവന്‍ ഇല്ല, ഞാന്‍ ഒരു നിമിഷം കൊണ്ട് വിയർത്തു. ദൈവമേ അവനെ പ്രേതം പിടിച്ചു, നാളെ പോയി അവന്‍റെ വീട്ടുകാരോട് എന്ത് സമാധാനം പറയും ഭഗവാനെ…
അപ്പോള്‍ ആണ് ഞാന്‍ കാണുന്നത് ഒരു കറുത്ത രൂപം മുന്‍ വാതിലിനടുത്ത്.
കുട്ടിച്ചാത്തനാണോ ദൈവമേ, ഞാന്‍ പതുക്കെ എണീറ്റിരുന്നു,ചെറിയ വിറയലോടെ തീപ്പെട്ടി തപ്പിപ്പിടിച്ച് ഞാന്‍ വിളക്ക് കത്തിച്ചു, പന്തം കണ്ട പെരുച്ചാഴിയെ പോലെ അതാ നില്ക്കുന്നു പട്ടാഭി, ആ രൂപം അവനായിരുന്നു. വാതിലിന്‍റെ കൊളുത്ത് ഊരി വെച്ചിട്ടുണ്ട്, കള്ളത്തിരുമാലി…സ്ഥലം വിടാന്‍ ഉള്ള പദ്ധതി ആയിരുന്നു, ഞാന്‍ ഒരൊറ്റ അലര്‍ച്ച.
എടാ തിരുട്ടു പയലേ,നീ എന്നെ എമാട്ര പാക്കരിയാ,
ഇല്ല സാര്‍ അത് വന്ത് മൂത്രം…
മൂത്രം, സൂത്രം, കൂടോത്രം ,മിണ്ടിപ്പോകരുത് ഞാന്‍ പറഞ്ഞു, ഒരാഴ്ചത്തേക്ക് നീ ഇനി മൂത്രം ഒഴിക്കണ്ട ഇവിടെ വന്നു കിടക്കെടാ.
അനുസരണാ ശീലം വേണ്ടുവോളം ഉണ്ടായിരുന്ന പട്ടാഭി മര്യാദക്കാരനായി വന്നു കിടന്നു, അന്നിടക്കിടയ്ക്കു ഞാന്‍ പട്ടാഭിയുടെ പേര് വിളിച്ചു കൊണ്ടിരുന്നു,അവന്‍ അതിനൊക്കെ മൂളാനും, അങ്ങനെ ഞങ്ങള്‍ നേരം വെളുപ്പിച്ചു.
കാലത്തേ സ്റ്റേഷനിലേക്ക് സൈക്കിള്‍ ചവിട്ടവേ ഞാന്‍ പറഞ്ഞു,
ടേ തിരുട്ടു മുണ്ടം, പാത്താച്ചാ ഇങ്കെ പേയും കിടയാത് ഒരു മണ്ണാങ്കട്ടയും കിടയാത്, എതുക്കെടാ ഇന്ത മാതിരി കള്ളക്കഥയെല്ലാം പറയുന്നത്?
അവന്‍റെ അനക്കമില്ല, മുഖവും വലിച്ചു കെട്ടി ഇരിക്കുന്നു,പിണക്കം ആണെന്ന് തോന്നുന്നു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം ഉണ്ട്. പട്ടാഭിയുടെ അച്ഛനും അമ്മയും ബന്ധുക്കളും, കടവുളേ എന്‍ പയ്യന്‍ എന്നും പറഞ്ഞു കൊണ്ട് എല്ലാരും ഓടി വരുന്നു, അവനെ കെട്ടിപ്പിടിക്കുന്നു,ഉമ്മ വെക്കുന്നു, അതിനെല്ലാം പുറമേ അവനെ ഞാന്‍ തട്ടിക്കൊണ്ടു പോയത് പോലെ എന്നെ ദേഷ്യത്തിൽ നോക്കുന്നു കുറെ ഭീകരന്മാർ. ഞാന്‍ ആരെയും വക വെക്കാതെ നേരെ സ്റ്റേഷനകത്തേക്ക് പോയി, രാമചന്ദ്രന്‍ മാഷ് ആണ് ഡ്യൂട്ടി.
അജോയ് താന്‍ എന്തൊരു പണി ആണെടോ കാണിച്ചത്? ആ ചെറുക്കനെ കാണാനില്ല എന്നും പറഞ്ഞു ഇന്നലെ രാത്രി ഇവിടെ വല്ല്യ ബഹളമായിരുന്നു, ആരോ പറഞ്ഞു താന്‍ സൈക്കിളില്‍ അവനെയും ഇരുത്തി അങ്ങോട്ട് പോകുന്നത് കണ്ടെന്നു,പിന്നെ ആ വീടായത് കൊണ്ട് എല്ലാർക്കും രാത്രി അങ്ങോട്ട് വരാന്‍ ഒരു മടി.
ഏത് വീടായതു കൊണ്ട് ? ഞാന്‍ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നുമില്ല, വെറുതെ ഒരോ പഴം കഥകള്‍.
എന്നാലും പറ മാഷേ കേക്കട്ടെ ആ കഥ ഞാനും, ഞാന്‍ പറഞ്ഞു
മാഷ് ചൂടായി ,ഒന്നും പറയാന്‍ ഇല്ല, എനിക്കൊന്നും അറിയില്ല, മാഷ് ഈ ക്വർട്ടേഴ്‌സിൽ വല്ലതും താമസിക്ക് മാഷെ. വെറുതേ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ…
ഞാന്‍ ഒന്നും മിണ്ടിയില്ല, നേരെ പോര്‍ട്ടര്‍ രാജുവിനെ വിളിച്ച് ആഹാരം വാങ്ങിക്കാന്‍ പറഞ്ഞു, എന്നിട്ട് മാഷിനെ നോക്കുക പോലും ചെയ്യാതെ വേറെ ഓരോ ജോലികള്‍ ചെയ്തു കൊണ്ടിരുന്നു.
അല്ല മാഷ് എന്താ ഒന്നും പറയാത്തെ, രാമചന്ദ്രന്‍ മാഷ് വിടുന്ന കോളില്ല.
ഞാന്‍ എന്ത് പറയാന്‍? രണ്ടു മാസത്തെ വാടക ആ വീടിനു ഞാന്‍ കൊടുത്തു. അത് ആ സാർ ഇനി തിരികെ തരില്ല, പ്രശ്നം ഒന്നും ഉള്ളതായി മാഷിനും അറിയില്ല,ഇനി അങ്ങു താമസിക്കാം, അല്ലാതെന്താ?
എന്നാ മാഷ് മാഷിന്‍റെ സൗകര്യം പോലെ ചെയ്യ്!
രാമചന്ദ്രന്‍ മാഷ് മുഖവും വലിച്ചു കെട്ടി ഒറ്റ പോക്ക്. പോട്ടെ സാരമില്ല മാഷ് ശുദ്ധഗതിക്കാരന്‍ ആണ്,വെട്ടൊന്ന് മുറി രണ്ട് അതാണ് സ്വഭാവം. അങ്ങനെ അന്ന് പകല്‍ കാര്യങ്ങള്‍ പതിവ് പോലെ നടന്നു.
രാത്രി എട്ടു മണിക്ക് പോര്‍ട്ടര്‍ ആണ്ടി എനിക്ക് കതിരവന്‍റെ ഹോട്ടലിലെ ചപ്പാത്തി എന്ന വധ ശിക്ഷ നടപ്പിലാക്കി, അതും വിഴുങ്ങി ഞാന്‍ സൈക്കിളില്‍ എന്‍റെ വീട്ടിലേക്ക് യാത്രയായി, എന്തോ അന്ന് എനിക്ക് ഒരു പേടിയും തോന്നിയില്ല, അപ്പോഴേക്കും പിണക്കം മാറിയ രാമചന്ദ്രന്‍ മാഷ് പുറകെ വിളിച്ച് ചോദിച്ചു.
മാഷേ രാജുവിനെ കൂടെ വിടണോ?
ഞാന്‍ പറഞ്ഞു നന്ദി മാഷേ എനിക്ക് ആരുടേയും കൂട്ട് വേണ്ട, ഞാന്‍ രാജാധി രാജന്‍,രാജ രാജ ചോഴൻ.
രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കം എന്ന പാട്ട് ഉറക്കെ പാടി ആണ് ഞാന്‍ നിലാവ് വീണ വഴികളിലൂടെ സൈക്കിള്‍ ചവിട്ടിപ്പോയത്, ആരും കേള്‍ക്കാന്‍ ഇല്ലല്ലോ.
അങ്ങനെ ഞാന്‍ നല്ല കാറ്റും കൊണ്ട് വീട്ടില്‍ എത്തി,
അകത്തു കയറി വേഷം മാറി കിണറിലെ തണുത്ത വെള്ളത്തില്‍ ലക്സ് സോപ്പ് തേച്ചൊരു കുളിയും കഴിഞ്ഞ് പോയി ഒരു അഗർബത്തി കൊളുത്തി വെച്ച ശേഷം മണ്ണെണ്ണവിളക്കിൻറെ വെട്ടത്തിൽ പെട്ടിയില്‍ നിന്നും അമ്മൂമ്മ പണ്ട് തന്ന വിക്രമാദിത്യ കഥകള്‍ എടുത്തു വായിക്കാന്‍ തുടങ്ങി, ജന്നലില്‍ കൂടി നല്ല തണുത്ത കാറ്റ്, പത്തര മണി ആയപ്പോള്‍ എന്‍റെ കണ്ണുകള്‍ താനെ അടഞ്ഞു പോയി, എന്നാല്‍ കിടന്നേക്കാം, ഞാന്‍ വിളക്കണച്ചു,കിടന്നു. ചീവിടുകളുടെ അകമ്പടിയോടെ പനയോലകള്‍ പുറത്തു താരാട്ട് പാടുന്നു,കുറെ പട്ടികൾ അതേറ്റു പാടുന്നു. ഞാൻ ഒരു മിനിറ്റ് കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം ഉറങ്ങാൻ കിടന്നു,എപ്പോളാണ് ഉറങ്ങിപ്പോയത് എന്നെനിക്കറിയില്ല.
എന്തൊക്കെയോ സ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ ഞാന്‍ കണ്ടു. എത്ര സമയം അങ്ങനെ ഉറങ്ങി എന്നും എനിക്കറിയില്ല,ആരോ തട്ടി വിളിച്ചത് പോലെ ആണ് പെട്ടെന്ന് ഞാന്‍ ഉണര്‍ന്നത്. ചുറ്റും വല്ലാത്ത അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത, പനയോലകളുടെ ശബ്ദമോ പട്ടികളുടെ ഓരിയിടലോ ഇല്ല. ചീവീടുകൾ പോലും നിശബ്ദം. ജന്നലിൽ കൂടി കാറ്റു പോലും അടിക്കുന്നില്ല, ഞാൻ നേരെ മുന്നിലേക്ക് നോക്കി ശ്വാസം നിലച്ചു പോയി.
അവിടെ എന്‍റെ മുഖത്തിന് തൊട്ടടുത്ത്,അതായതു ഞാന്‍ ശ്വാസം വിട്ടാല്‍ തട്ടുന്ന അകലത്തില്‍ ഒരു മുഖം,ഒരു പെണ്ണിന്‍റെ മുഖം എന്നെത്തന്നെ തുറിച്ചു നോക്കുന്നു.
അതായതു എന്‍റെ മുഖത്തിനെ പറ്റി പഠിക്കുന്ന പോലെ ഒരു തരം നോട്ടം. താഴെ നിന്നും ഒരു മെര്‍ക്കുറി ലാമ്പ് അടിച്ച പോലത്തെ നരച്ച വെളുപ്പുള്ള മുഖം, തുറിച്ച ചുവന്ന കണ്ണുകള്‍.
എനിക്ക് അലറി വിളിക്കണം എന്ന് തോന്നി, പക്ഷെ ഒരു പേശി പോലും അനക്കാന്‍ പറ്റുന്നില്ല, എന്റെ ഓരോ രോമ കൂപങ്ങളില്‍ നിന്നും വിയർപ്പ് പൊടിഞ്ഞു.
ആ മുഖം എന്നെ ഒന്ന് ചരിഞ്ഞു നോക്കി, എന്നിട്ട് പതിയെ എന്‍റെ മുഖത്തിനു തൊട്ട് അടുത്തേക്ക് വന്നു. എണ്ണയുടെയും ഏതോ പൌഡറിന്‍റെയും വാടിയ മുല്ലപ്പൂവിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം എനിക്ക് അനുഭവപ്പെട്ടു. ചുവന്ന ചുണ്ടുകൾ വിടർത്തി ആ രൂപം ശബ്ദം ഇല്ലാത്ത വല്ലാത്ത ഒരു ചിരി ചിരിച്ചു.
ഞാന്‍ വളരെ കഷ്ട്ടപ്പെട്ട് കണ്ണുകള്‍ ഇറുക്കി അടച്ച് മരിക്കാന്‍ തയ്യാറായി കിടന്നു, ഹൃദയമിടിപ്പിന്റെ താളം മാത്രം പെരുമ്പറ മുഴങ്ങുംപോലെ ഞാൻ കേട്ടു, കുറച്ചു കഴിഞ്ഞു മുറിയിലെ ജന്നല്‍ കാറ്റില്‍ അടഞ്ഞ ശബ്ദം കേട്ട് ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുറിയില്‍ ആരുമില്ല.
ഞാന്‍ ചാടി എണീറ്റ് കട്ടിലിൽ നിന്നും നിലത്തു വീണു നിരങ്ങിപ്പോയി മുറിയുടെ മൂലയില്‍ ചാരി അല്‍പ്പനേരം ഇരുന്നു, പിന്നെ പതുക്കെ എണീറ്റ് കുറച്ച് വെള്ളം കുടിച്ചു. സമയം മൂന്നര മണി, അങ്ങനെ ഓരോ ശബ്ദത്തിലും ഞെട്ടി ചുറ്റും നോക്കിയിരുന്ന് ഞാന്‍ നേരം വെളുപ്പിച്ചു.
അഞ്ചു മണി ആയപ്പോള്‍ ഞാന്‍ പ്രഭാത കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാതെ സൈക്കിളില്‍ കയറി അതി വേഗം ചവിട്ടി സ്റ്റേഷനിലേക്ക് പോയി. അവിടെ രാമചന്ദ്രന്‍ മാഷ് ഒരു മങ്കി ക്യാപ് വെച്ച് ഒരു ചൂട് ചായയും കുടിച്ചു ഇരിക്കുന്നു, ഞാന്‍ മാഷിനോട് നടന്ന സംഭവം മുഴുവന്‍ വിവരിച്ചു, പറഞ്ഞു, മാഷ് ആദ്യം ഒന്നും മിണ്ടിയില്ല, അല്‍പ്പം കഴിഞ്ഞപ്പോള്‍ മാഷ് പറഞ്ഞു,
ഒരു പക്ഷെ തന്‍റെ തോന്നല്‍ ആവും, ഓരോന്ന് ആലോചിച്ചു കിടന്നിട്ട് വെറുതെ, അല്ലെങ്കിലേ തനിക്ക് ഭാവന അല്‍പ്പം കൂടുതല്‍ ആണ്,ആട്ടെ താന്‍ എന്ത് തീരുമാനിച്ചു?
ഞാന്‍ പറഞ്ഞു, ഏതായാലും ഞാന്‍ ഈ പൊളിഞ്ഞ ക്വർട്ടേഴ്‌സിൽ താമസിക്കില്ല, ഇനി ആ വീട്ടില്‍ പോകാനും എനിക്ക് ധൈര്യമില്ല, നിങ്ങള്‍ ആരും ഒന്നും വാ തുറന്നു പറയുകയുമില്ല, ഒരു സഹായവും ചെയ്യുകയുമില്ല,ഞാന്‍ ഏതായാലും ലീവില്‍ പോകാന്‍ തീരുമാനിച്ചു, ഇനി തിരികെ വരണോ വേണ്ടേ എന്ന് പിന്നീട് തീരുമാനിക്കാം.
ഉടനെ മാഷ് എണീറ്റു,എടൊ താന്‍ ഇത്ര അപ്‌സെറ്റ് ആയാല്‍ എങ്ങനെ, ഇത്രേ ഉള്ളോ താന്‍,നമുക്ക് വഴിയുണ്ടാക്കാം, ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ ഒരു കാര്യം ചെയ്യ്, ഞാന്‍ വന്നു നില്‍ക്കാം തന്‍റെ കൂടെ രണ്ടു ദിവസം,പോരെ?
എനിക്ക് സത്യത്തില്‍ അപ്പോള്‍ ഭയങ്കര സന്തോഷം ആണ് തോന്നിയത്. ദൈവദൂതനെപ്പോലെ രാമചന്ദ്രൻ മാഷ്. പെട്ടെന്ന് എല്ലാത്തിനും ഒരു പരിഹാരം ആയ പോലെ.
അങ്ങനെ അന്നത്തെ ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തു ഞാനും രാമചന്ദ്രന്‍ മാഷും രാത്രി എന്‍റെ വീട്ടിലേക്ക് പോയി, മാഷ് കൂടെ ഉള്ളപ്പോള്‍ എനിക്ക് ശരിക്കും എന്‍റെ സ്വന്തം വീട്ടില്‍ ചെന്ന പ്രതീതി ആയിരുന്നു. ഞാന്‍ പറഞ്ഞു,
മാഷെ മാഷ് കട്ടിലില്‍ കിടന്നോ,ഞാന്‍ അപ്പുറത്തെ മുറിയിൽ ഷീറ്റ് വിരിച്ചു കിടന്നോളാം.
അങ്ങനെ മാഷിനെ നിർബന്ധിച്ച് അവിടെ കിടത്തിയിട്ട് ഞാന്‍ അപ്പുറത്തെ മുറിയില്‍ പോയി വിളക്കും വെച്ച് പഞ്ചതന്ത്ര കഥകൾ വായിച്ചു കൊണ്ടിരുന്നു. അമ്മൂമ്മ പറഞ്ഞിട്ടുണ്ട് രാത്രി കിടക്കും മുന്‍പ് നല്ല കഥകള്‍ വായിച്ചാല്‍ നല്ല ചിന്തകളെ വരൂ എന്ന്,വെളിയില്‍ ആണെങ്കില്‍ നല്ല കാറ്റും ഇടിയും, പോരാത്തതിന് രാമചന്ദ്രന്‍ മാഷിന്‍റെ പ്രശസ്തമായ കൂർക്കം വലിയും. കാറ്റത്ത് വിളക്ക് ആടിയുലഞ്ഞ് എന്‍റെ തന്നെ പല നിഴല്‍ രൂപങ്ങള്‍ ചുമരില്‍ വരച്ചു. കഥകൾ വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
കുറെ നേരം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് കാറ്റെല്ലാം നിലച്ചത് പോലെ, ഭീകരമായ നിശബ്ദത,ഒരു ശബ്ദം പോലും കേൾക്കുന്നില്ല. ആരോ എവിടെ നിന്നോ എന്നെത്തന്നെ നോക്കുന്ന പോലെ ഒരു തോന്നല്‍, ചിലപ്പോൾ ഒക്കെ നമുക്ക് അങ്ങനെ തോന്നുമല്ലോ,പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി.
ഹോ ജന്നലിൽ കൂടി അതാ എന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു അതേ വെളുത്ത മുഖം. തല ചരിച്ചുള്ള അതേ ചിരി. കാറ്റിൽ വാടിയ മുല്ലപ്പൂ മണം.
ഞാന്‍ അലറി വിളിച്ചു മാഷേ,രാമചന്ദ്രന്‍ മാഷേ,ആദ്യം ശബ്ദം വെളിയില്‍ വന്നില്ല,ഒടുവില്‍ വിളി കേട്ടപ്പോള്‍ മാഷ് ഓടി വന്നു.
എന്താ എന്താടോ ?
ഞാന്‍ വിറച്ചു കൊണ്ട് ആ ജന്നല്‍ ചൂണ്ടി കാണിച്ചു.
അതാ ആരോ അവിടെ…
മാഷ് പോയി നോക്കിയപ്പോള്‍ അവിടെയെങ്ങും ആരുമില്ല.
ദൈവമേ എനിക്കെന്താണ് സംഭവിക്കുന്നത്, ഓരോ കഥകള്‍ കേട്ടതിന്‍റെ കുഴപ്പം ആണോ,
രാമചന്ദ്രന്‍ മാഷ് പറഞ്ഞു താന്‍ വന്നു കിടക്കു.
ഞാന്‍ മാഷിനോട് പറഞ്ഞു, മാഷെ സത്യമായും ഞാന്‍ കണ്ടതാണ്, ആ മുഖം,ആ എണ്ണയുടെയും പൌഡറിന്റെയും മുല്ലപ്പൂവിന്റെയും മണം പോലും എനിക്ക് അനുഭവപ്പെട്ടു. ഇനി സിനിമയില്‍ ഒക്കെ കാണും പോലെ എന്നെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ വല്ല അയല്‍ക്കാരും ശ്രമിക്കുന്നതാണോ? അങ്ങനെ ആരും ആ പരിസരത്തെങ്ങും ഇല്ലല്ലോ.
ഏതായാലും ഞാന്‍ ഇനി ഇവിടെ താമസിക്കില്ല മാഷെ, ഞാന്‍ തീര്‍ത്തു പറഞ്ഞു.
തന്നോട് ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല, അത് കൊണ്ടാ ഞാന്‍ ഈ കാര്യത്തില്‍ ഒന്നും പറയാതിരുന്നത്.
അപ്പോള്‍ മാഷിന് എന്തോ അറിയാം അല്ലെ,എന്താ മാഷെ കാര്യം പറ, എനിക്ക് ഭയങ്കര ദേഷ്യം വന്നു.
എടൊ ഞാന്‍ പതിമൂന്ന് വർഷം മുന്‍പ് ആദ്യം ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ ഒരു ക്വാര്‍ട്ടെഴ്സ് മാത്രമേ ഉള്ളു, ഞാന്‍ തിരുപ്പത്തൂര്‍ പോകാന്‍ മടിച്ച് ഈ വീട്ടില്‍ ആണ് താമസിച്ചത്, അന്ന് ഇത് വേറൊരു ഗോവിന്ദ രാജിന്‍റെ വീടായിരുന്നു.
ഓഹോ എന്നിട്ടാണോ ഒരു അക്ഷരം ഇത് വരെ പറയാതിരുന്നത്? ഞാന്‍ ചോദിച്ചു.
ഞാന്‍ എന്തിനു പറയണം തനിക്ക് എന്തെങ്കിലും അനുഭവം ഉണ്ടായാലേ താന്‍ വിശ്വസിക്കൂ, അത് കൊണ്ട് തന്നെ ആണ് ഞാന്‍ ഒന്നും പറയാത്തത്.
അപ്പൊ മാഷിനും ഉണ്ടായിട്ടുണ്ടോ ഈ അനുഭവം?
അതെ എന്ന അര്‍ഥത്തില്‍ മാഷ് തല കുലുക്കി, ഞാന്‍ പതുക്കെ ഭയത്തോടെ ചുറ്റും തിരിഞ്ഞു നോക്കി.
എന്താണ് മാഷെ ഇത്, വെറും ഒരു ഹാലൂസിനേഷന്‍ ആണോ?
അല്ല ,മാഷ് പറഞ്ഞു, അത് കണ്ണമ്മ ആണ്, താന്‍ കണ്ടത് ഇരുപത്തെട്ടു വര്‍ഷം മുന്‍പ് ഇതേ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ട കണ്ണമ്മയെ ആണ്.
ദൈവമേ, എന്‍റെ ഉള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു, ഊത്തങ്കര നിന്നും ഈ വീടിന്റെ ഉടമസ്ഥനായിരുന്ന ഗോവിന്ദ രാജും ഭാര്യയും കൂടി തങ്ങളുടെ മന്ദബുദ്ധി ആയ ഏകമകന് വേണ്ടി കല്യാണം കഴിപ്പിച്ചു കൊണ്ട് വന്നതാണ് നിർധന കുടുംബത്തിലെ അംഗമായ ,സുന്ദരിയായ കണ്ണമ്മയെ. എന്തിനോ വേണ്ടി ഉണ്ടായ വഴക്കില്‍ അഞ്ചു മാസം ഗർഭിണി ആയിരുന്ന അവളെ തലക്കടിച്ചു കൊന്നിട്ട് അവര്‍ കെട്ടി തൂക്കി ഇതേ കിടപ്പ് മുറിയില്‍!
അന്ന് മുതല്‍ കണ്ണമ്മ ഇവിടെ ഈ വീടിനുള്ളിൽ കറങ്ങി നടക്കുന്നുണ്ട്. രണ്ടു മാസത്തിനു ശേഷം ഗോവിന്ദ രാജിന്‍റെ ഭാര്യ ഇതേ മുറിയില്‍ തന്നെ തൂങ്ങി മരിച്ചു, ഗോവിന്ദരാജ് പിന്നീട് ട്രെയിന്‍ ഇടിച്ചു മരിച്ചു, മന്ദ ബുദ്ധി ഭര്‍ത്താവ് എവിടേക്കോ ഇറങ്ങി പോയി. അന്ന് മുതൽ ഈ വീട് അനാഥമായി കിടക്കുകയാണ്. ആരും ഇതിലെ നടക്കാറ് പോലുമില്ല.
അതാണ് കണ്ണമ്മയുടെ കഥ ,കേസിന്‍റെ നൂലാ മാലകള്‍ക്ക് ശേഷം ഏതോ അകന്ന ബന്ധുവിന് കിട്ടിയ വീടാണ് പാണ്ടി ദുരൈ സര്‍ ചുളു വിലക്ക് വാങ്ങിച്ചത്. എന്നിട്ട് ആൾക്കാരെ പേടിപ്പിച്ചു കൊല്ലാന്‍ അത് വാടകക്കും കൊടുത്തു കൊണ്ടിരിക്കുന്നു.
എന്നാലും എന്‍റെ കണ്ണമ്മേ ഈ ചതി എന്നോട് വേണ്ടായിരുന്നു!
മാഷ് പറഞ്ഞു ഏതായാലും ഇനി ഈ വീട്ടിൽ താന്‍ താമസിക്കണ്ട. അവള്‍ ആരെയും ഇത് വരെ ഉപദ്രവിച്ചതായി കേട്ടിട്ടില്ല. എന്നാലും വേണ്ട, താന്‍ തല്ക്കാലം എന്‍റെ കൂടെ കൂട്, അടുത്ത ആഴ്ച വേറെ വഴിയുണ്ടാക്കാം.
മാഷിന്‍റെ വാക്ക് ധിക്കരിക്കാന്‍ എനിക്ക് എന്തോ തോന്നിയില്ല, അപ്പോള്‍ തന്നെ ഞങ്ങള്‍ വീട് പൂട്ടി ഇറങ്ങി, തന്റെ കിടക്കയും മറ്റും നാളെ പകല്‍ നമുക്ക് ആരെയെങ്കിലും വിട്ടു എടുപ്പിക്കാം.
പൂട്ടാന്‍ നേരം ഞാന്‍ ചോദിച്ചു, മാഷെ ഒരു സംശയം. അങ്ങനെ ആണെങ്കില്‍ കണ്ണമ്മയുടെ അമ്മായി അമ്മയുടെയും ഗോവിന്ദ രാജിന്റെയും പ്രേതങ്ങളും കാണണ്ടേ ഇവിടെയൊക്കെ?
അപ്പോള്‍ മാഷ് ചിരിച്ചു, അങ്ങനെ നോക്കിയാൽ ഇത് വരെ മരിച്ചവരുടെ എല്ലാം പ്രേതങ്ങളെ മുട്ടിയിട്ടു നമുക്ക് നടക്കാന്‍ പറ്റില്ലലോ, ജീവിക്കാന്‍ അതി ഭയങ്കരമായ ആസക്തി ഉള്ളവരും അപാരമായ, മനശക്തി ഉള്ളവരും ഒക്കെ ആണ് പ്രേതാത്മാക്കള്‍ ആവുന്നത് എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്.
ഹോ ആവശ്യമില്ലാത്തതെല്ലാം വായിച്ചു വെച്ചിട്ടുണ്ട്, ഞാന്‍ പറഞ്ഞു.
പുറത്തിറങ്ങി വീട്ടിലേക്കു അവസാനമായി ഒന്ന് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.
ജന്നലില്‍ കൂടി അതാ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു കണ്ണമ്മയുടെ മുഖം, ഇക്കുറി തുറിച്ച കണ്ണുകളുമായല്ല, വിഷാദം തളം കെട്ടി നില്‍ക്കുന്ന കണ്ണുകളുമായി. എന്നെ ഉപേക്ഷിച്ചു പോവല്ലേ എന്ന് എന്നോട് പറയുന്ന പോലെ ഒരു നോട്ടം. രണ്ടാമതൊന്നു കൂടി നോക്കിയപ്പോൾ ആരുമില്ല. തുറന്നടയുന്ന ജന്നൽപാളികൾ മാത്രം.
വർഷങ്ങൾ അതിനു ശേഷം ഏറെ കഴിഞ്ഞു. ഒരു പക്ഷെ ഇന്നും അവൾ ഉണ്ടാവും സാമൽപട്ടിയിൽ…. മടങ്ങി വരാത്ത ആരെയോ കാത്ത്… നഷ്ട്ടപ്പെട്ടതെന്തോ ഓർത്ത്… നിലാവ് വീണ വഴികളിൽ കണ്ണ് നട്ട്… ഒരു വീടിനുള്ളിൽ കാലങ്ങളായി തളച്ചിടപ്പെട്ട്….. അവൾ…. കണ്ണമ്മ…
അജോയ് കുമാർ
3 Comments
👌👌👌
👌👌
Pingback: കണ്ണമ്മയുടെ കഥ - By Ajoy Kumar - കൂട്ടക്ഷരങ്ങൾ