നിത്യ ജീവിതത്തിൽ ഒരുപാട് ഉപകരണങ്ങൾ ദിവസവും ഉപയോഗിക്കുന്നവർ ആണ് സ്ത്രീകൾ. എൻ്റെ കുക്കിംഗ് ഏറ്റവും എളുപ്പമാക്കുന്ന കുറെ നൂതന ഉപകരണങ്ങൾ എൻ്റെ അടുക്കളയിലും ഉണ്ട്. പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു ഉപകരണം ആണ് എൻ്റെ Huawei Tab.
ഒരു യാഥാസ്ഥിക കുടുംബത്തിൽ പിറന്ന ഞാൻ 1994 ൽ കല്യാണം കഴിഞ്ഞു സൗദി അറേബ്യയിലേക്ക് ചേക്കേറി. ഒരു മാത്‍സ് ടീച്ചർ ആയ ഞാൻ എൻ്റെ രണ്ടു മക്കളും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ 2005 ൽ വീട്ടിൽ മാത്‍സ് ട്യൂഷൻ ആരംഭിച്ചു. 2010 ആയപ്പോൾ ആണ് എനിക്ക് ആദ്യമായി ഒരു Nokia മൊബൈൽ ഫോൺ കിട്ടുന്നത്. അപ്പോഴേക്കും എൻ്റെ ട്യൂഷൻ മേഖലയിൽ ഞാൻ എൻ്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ദിവസവും 50ഓളം കുട്ടികൾ മാത്‍സ് ട്യൂഷന് വേണ്ടി വീട്ടിൽ എത്തുമായിരുന്നു. 2014 വരെ എൻ്റെ കയ്യിൽ പഴയ Nokia തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ പണം ഇല്ലാഞ്ഞിട്ടല്ല. അത് ഉപയോഗിക്കാൻ അറിയില്ല, പിന്നെ അത് വാങ്ങുന്നത് എന്തിന് എന്ന് ചിന്തിച്ചു.
എൻ്റെ കയ്യിൽ ഇരിക്കുന്ന ചെറിയ ഫോൺ കണ്ട്, എൻ്റെ ബോയ്സ് ബാച്ചിലെ കുട്ടികൾ എന്നെ കളിയാക്കുമായിരുന്നു.
“ടീച്ചർക്ക് ഒരു നല്ല സ്മാർട്ട് ഫോൺ വാങ്ങികൂടെ?ഇത് ഒക്കെ കളയാറായില്ലേ?”
അപ്പൊൾ ഞാൻ പറയും.
“ഫോൺ വിളിക്കാൻ ഈ ഫോൺ പോരെ മക്കളെ? എനിക്ക് എഫ്ബിയോ,വാട്സാപ്പോ ഒന്നും ഉപയോഗിക്കാനും അറിയില്ല, പിന്നെ എന്തിന് സ്മാർട്ട് ഫോൺ?”
ഒടുവിൽ +2 കഴിഞ്ഞു മൂത്തമോൾ നാട്ടിലേക്ക് പഠിക്കാൻ വന്നപ്പോൾ എനിക്ക് സ്മാർട്ട് ഫോൺ ആവശ്യം ആയി വന്നു. അവളോട് ചാറ്റ് ചെയ്യാനും, വീഡിയോ കോൾ ചെയ്യാനും ആയി 2015ഇൽ ഞാൻ സാംസങിൻ്റെ സ്മാർട്ട് ഫോൺ വാങ്ങാൻ നിർബന്ധിത ആയി. അത് എങ്ങനെ ഉപയോഗിക്കണം എന്ന് മോളും മോനുംകൂടി എന്നെ പഠിപ്പിച്ചു.
സ്മാർട്ട്ഫോൺ വാങ്ങിക്കഴിഞ്ഞപ്പോൾ ആണ് അതിൻ്റെ പ്രാധാന്യം എനിക്ക് മനസ്സിലായത്, കുട്ടികൾക്ക് ഓരോ ചാപ്റ്റർ കഴിയുമ്പോൾ, ആവശ്യം ആയ വർക്ക് ഷീറ്റ്, ക്വസ്റ്റ്യൻ പേപ്പർ എന്നിവ ഗൂഗിളിൽ നിന്നും ഡൗൺലോഡ് ചെയ്തു കൊടുത്തു എൻ്റെ ക്ലാസ് കുറച്ചു കൂടി ഭംഗി ആക്കുവാൻ എനിക്ക് സാധിച്ചു..
അങ്ങനെ വളരെ നന്നായി എൻ്റെ ജോലി ചെയ്തു പോകുമ്പോൾ ആണ് 2019 ൽ കോവിഡ് എന്ന മഹാമാരി പടർന്നത്. അതോടെ ഞാൻ ട്യൂഷൻ നിറുത്തി, വീട്ടിൽ വെറുതെ ഇരിപ്പായി.
ഓൺലൈൻ ക്ലാസ് എടുക്കാതെ പറ്റില്ല എന്ന് കുട്ടികളും പേരൻ്റ്സും ഒരുപോലെ പറയാൻ തുടങ്ങി. പക്ഷേ എനിക്ക് ഓൺലൈൻ ക്ലാസ് എന്ന് കേൾക്കുമ്പോൾ മുട്ടു ഇടിക്കാൻ തുടങ്ങി.. അതേക്കുറിച്ച് ഒന്നും തന്നെ അറിയില്ല, ആകെ അറിയുന്നത്, എഫ്ബി നോക്കാനും ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യാനും മാത്രം.
Zoom എന്നും Google Meet എന്നും ഞാൻ അന്നു കേട്ടിട്ടു പോലുമില്ല, ആ സമയത്ത് മോനും നാട്ടിലേക്ക് പഠിക്കാൻ പോയത് കൊണ്ട് എനിക്ക് എന്തെങ്കിലും പറഞ്ഞു തരാൻ ആരുമില്ല. ഹസ്ബൻഡ് ആണെങ്കിൽ പുള്ളിയുടെ ജോലിയുമായി വളരെ തിരക്കിലും. അങ്ങനെ ഞാൻ ട്യൂഷൻ നിർത്തി നാട്ടിലേക്ക് പോരാൻ തീരുമാനിച്ചു. പക്ഷേ അതു എൻ്റെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉൾകൊള്ളാൻ സാധിച്ചില്ല, ഞാൻ ക്ലാസ് നിറുത്തിയാൽ അവരുടെ കുട്ടികളുടെ ഭാവി തകിടം മറിയും എന്ന് പറഞ്ഞുകൊണ്ട് എങ്ങനെ എങ്കിലും ഓൺലൈൻ ക്ലാസ് തുടങ്ങിയേ പറ്റു എന്ന് എല്ലാവരും ശഠിച്ചു. അവരിൽ ചില പേരൻ്റ്സ് തന്നെ അതിനു വേണ്ട Zoom ആപ്പ് എനിക്ക് പരിചയപ്പെടുത്തി തന്നു.
ഗത്യന്തരം ഇല്ലാതെ ഓൺലൈൻ ക്ലാസ് എടുക്കാൻ എനിക്ക് സമ്മതം മൂളേണ്ടി വന്നു.
ആദ്യം മൊബൈൽ വയ്ക്കാൻ ഒരു സ്റ്റാൻഡ് വാങ്ങി. Zoom ലൂടെ കുട്ടികളെ invite ചെയ്തു ആദ്യത്തെ എൻ്റെ ക്ലാസ് ആരംഭിച്ചു. കുട്ടികളെ ഓൺലൈൻ ഇരുത്തി, എൻ്റെ ക്ലാസ് റൂമിൽ വച്ചിട്ടുള്ള വലിയ ബോർഡിൽ ഞാൻ മാത്‍സ് എക്സ്പ്ലൈൻ ചെയ്യാൻ തുടങ്ങി, പക്ഷേ ഒറ്റ ക്ലാസ് കൊണ്ട് അത് എനിക്ക് പറ്റുന്ന പണിയല്ല എന്ന് മനസ്സിലായി. കാരണം ഓൺലൈൻ ഇരിക്കുന്ന ഓരോ കുട്ടിയും, ഓരോ കംപ്ലൈൻ്റ് ക്ലാസ്സിനിടെ വിളിച്ചു പറയാൻ തുടങ്ങി. ചിലർക്ക് ബോർഡ് ദൃശ്യം അല്ല, ചിലർക്ക് എഴുതിയത് കാണുന്നില്ല, ചിലർക്ക് ഞാൻ പറയുന്നത് കേൾക്കുന്നില്ല..
ആദ്യത്തെ ക്ലാസ് കഴിഞ്ഞപ്പോഴേ എനിക്ക് തല കറങ്ങി. എൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പക്ഷേ പിന്മാറാൻ കുട്ടികൾ സമ്മതിക്കില്ല, ഞാൻ ഇല്ലെങ്കിൽ അവരുടെ മാത്‍സ് ഭാവി പോക്കാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ പറ്റൂ. ഞാൻ Youtube ൽ അന്വേഷണം തുടങ്ങി, ചിലർ ടാബ് വച്ച് ഡിജിറ്റൽ ക്ലാസ്സ് എടുക്കുന്നത് ഞാൻ കണ്ടെത്തി. ടാബിൽ തന്നെ pen വച്ച് എഴുതി പഠിപ്പിച്ചാൽ എല്ലാവർക്കും ഒരുപോലെ കാണാൻ പറ്റും. പിന്നെ ഞാൻ അതിനെ കുറിച്ച് ഗവേഷണം തുടങ്ങി.
ഓൺലൈൻ ക്ലാസ് എങ്ങനെ പഠിക്കാം എന്ന ചിന്തയിൽ എനിക്ക് ഉറക്കം ഇല്ലാതായി… ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരു കാര്യം ആണ് ഓൺലൈൻ ക്ലാസ്, അതും മാത്‍സ് പഠിപ്പിക്കൽ. മുന്നിൽ വന്നു ഇരുന്നാൽ പോലും മാത്‍സ് പഠിക്കാൻ ബുദ്ധിമുട്ടുന്ന ഒരു പാട് കുട്ടികൾ ഉള്ളപ്പോൾ, ഓൺലൈൻ ആയി അവരെ എത്ര മാത്രം ശരി ആക്കാൻ പറ്റും എന്ന ചിന്തയിൽ എൻ്റെ ഉറക്കം നഷ്ടപ്പെട്ടു..
ഒടുവിൽ നീണ്ട ദിവസങ്ങളുടെ അന്വേഷണ പരീക്ഷണങ്ങൾ നടത്തി, എന്നെ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും അവരുടെ പേരൻ്റ്സിനും വേണ്ടി ഞാൻ മുന്നോട്ടു പോകാൻ തിരുമാനിച്ചു. ആദ്യം ചെയ്തത് ഒരു ടാബ് വാങ്ങൽ ആയിരുന്നു.
അങ്ങനെ ദമ്മാം ലുലുവിൽ പോയി ഒരു Huawei Tab സ്വന്തമാക്കി. പിന്നീട് ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു.. എത്ര ഭംഗി ആയി, കുട്ടികൾക്ക് ഏറ്റവും മനസ്സിലാകും വിധം പഠിപ്പിക്കാം എന്നായിരുന്നു ആദ്യത്തെ ചിന്ത. Youtube ൽ ഒരുപാട് വീഡിയോസ് കണ്ട് തനിയെ എല്ലാം പഠിച്ചെടുത്തു.
ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ അത് ഏറ്റവും മനോഹരം ആക്കണം എന്ന ചിന്ത വളരെ കൂടുതൽ ഉള്ള ഞാൻ മാസങ്ങളുടെ പ്രയത്‌നത്തിൽ ഏറ്റവും നന്നായി ക്ലാസ് എടുക്കാൻ പഠിച്ചു.
അപ്പോഴേക്കും Covid സൗദിയിൽ അതിൻ്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തിയിരുന്നു. ഓൺലൈൻ ക്ലാസ് പഠിച്ചത് കൊണ്ട് നാട്ടിലേക്ക് വന്നാലും ക്ലാസ് തുടരാം. മക്കൾ രണ്ടു പേരും നാട്ടിൽ ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു. അതിനാൽ husband ന്റെ ജോലി resign ചെയ്തു കൊണ്ട് ഞങ്ങൾ ഒരുമിച്ചു നാട്ടിലേക്കു പോരാൻ തീരുമാനിച്ചു. 2020 ജൂലൈ നാലിന് ഞങ്ങൾ നാട്ടിൽ എത്തി, ഒരുമാസത്തെ quarantine കഴിഞ്ഞു, കേരളവിഷൻ WiFi connection ശരിയാക്കി ഞാൻ നാട്ടിൽ നിന്നും ഓൺലൈൻ ക്ലാസ് പുനരാരംഭിച്ചു.
ഇന്നും എൻ്റെ Huawei Tab ൽ ഓൺലൈൻ ക്ലാസ് എടുത്തു കൊണ്ട് നാട്ടിലെ ജീവിതം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നു. എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച എൻ്റെ ടാബ് എൻ്റെ ജീവിതത്തിലെ ഒരു നാഴിക കല്ല് തന്നെയാണ്.
ജാനറ്റ് ജെൻസൻ


13 Comments
നിശ്ചയദാർഡ്യത്തോടെ ഇറങ്ങിയാൽ എന്തും സാധിക്കാമെന്ന സന്ദേശം തരുന്ന നല്ല രചന👍❤️
Thank you❤️
നന്നായി എഴുതി 👍
❤️❤️
ഒരു തീരുമാനം എടുത്തു കഴിഞ്ഞ് ആദ്യത്തെ അങ്കലാപ്പ് മാറിക്കിട്ടിയാൽ പിന്നെ എല്ലാം എളുപ്പമാകും, പരിശ്രമം കൂടി ഉണ്ടെങ്കിൽ അല്ലേ. ഓൺലൈൻ ക്ലാസും എഴുത്തും ഒക്കെ മുറപോലെ നടക്കട്ടെ.. 👍👍
Thank you❤️
Well written👏
നല്ല രചന. Motivating 👌👍
Thank you ❤️
നല്ല രചന❤️👌
ഏതു കാര്യവും നാം തനിയെ പഠിച്ചെടുത്താൽ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്. വിജയ പാതയിലൂടെ എന്നും മുന്നേറാൻ ആ tab സഹായകരമാകട്ടെ ആശംസകൾ❤️👌🌹
👍👍
❤️❤️
Thank you ❤️