മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16 ആം തിയതി തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായാണ് ജനിച്ചത്.
സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ച ഇദ്ദേഹം 1908-ൽ ഒരു രോഗ ബാധയെ തുടർന്ന് ബധിരനായി . ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിക്കുന്നത്.
1913 ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ.
ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു.
മലയാള ഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്.
ഇദ്ദേഹത്തിന്റെ കാവ്യജീവിതം പുഷ്കലമായത് അദ്ദേഹമെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമായിരുന്നു.
1922 ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി.
1924 ൽ വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെ നേരിട്ടുകണ്ടു, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥൻ’ പ്രശസ്തമാണ്.
സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു ഇദ്ദേഹം.
1927 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ, 1928 ലെ കൽക്കത്ത സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.
ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു.
വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകി രാമായണത്തിന് പുറമെ അഭിജ്ഞാന ശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മ പുരാണം, മാർക്കണ്ഡേയപുരാണം, വാമന പുരാണം, മത്സ്യ പുരാണം, ഊരുഭംഗം, മധ്യമ വ്യായോഗം, അഭിഷേക നാടകം, സ്വപ്ന വാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.
1958 മാർച്ച് 13 ആം തിയതി അദ്ദേഹത്തിന്റെ 79 ആം വയസ്സിൽ അന്തരിച്ചു.