ഭക്ഷണപ്രിയരെ,
ജന്മദേശമായ അറബിനാട്ടിൽ നിന്നാണ് ഞാനിത് എഴുതുന്നത്. നിങ്ങളുടെ നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധാരോപണങ്ങൾ അകാരണമായി എൻ്റെ മേൽ വന്ന് വീഴുന്ന സാഹചര്യത്തിൽ മനം നൊന്താണ് എഴുതേണ്ടി വരുന്നത്.
ഇവിടുന്ന് 10 കൊല്ലം മുമ്പാണ് ഞാൻ കേരളത്തിൽ വന്നിറങ്ങിയത്. പാക്കറ്റ് മാവ് കൊണ്ട് ദോശയുണ്ടാക്കി, പാക്കറ്റ് പാലും കുടിച്ച് രാവിലെ ഓഫീസിലേക്കും സ്കൂളിലേക്കും പോകുന്ന നിങ്ങളുടെ നാട്ടിൽ ഫുഡ് സേഫ്റ്റി എന്നത് വല്യ പ്രഹസനമാണെന്ന് വന്നപ്പോഴേ മനസ്സിലായി. വിദ്യാഭ്യാസത്തിൽ അങ്ങ് മുമ്പിലെന്ന് കരുതുന്ന നിങ്ങൾ മലയാളികൾ, ഇൻസ്റ്റൻ്റ് ആയിട്ട് കിട്ടുന്ന എന്ത് ഫുഡിനോടും വല്ലാതെ പ്രിയം കാണിക്കുന്നവരാണല്ലോ. ഫാസ്റ്റ് ഫുഡ് അല്ലാഞ്ഞിട്ടും എന്നെ എങ്ങനെ സ്വീകരിക്കും എന്നൊരു ഭയം ഉള്ളിലുണ്ടായെങ്കിലൂം, പേടിച്ച പോലൊന്നും സംഭവിച്ചില്ല. ഷവർമയും അൽഫാമും ഒക്കെ പോലെ എന്നെയും നിങ്ങൾ മെനു ബോർഡിൽ കയറ്റി.
പക്ഷേ എന്നെ മടുപ്പിച്ച കാര്യം, കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ നിങ്ങൾ എൻ്റെ റെസിപി എടുത്ത് വെച്ച് നിങ്ങളുടേതായ രീതിയിൽ പരീക്ഷണം ചെയ്യാൻ തുടങ്ങി. ഈ മയൊന്നൈസ് ചേർത്ത് വെച്ചു കഴിക്കാൻ ഞാൻ ഒരു ഫ്യൂഷൻ ഡിഷ് ഒന്നുമല്ല. അവനെ എന്ന് നിങ്ങൾ ചേർത്ത് തുടങ്ങിയോ അന്ന് തൊട്ട് എനിക്ക് കഷ്ടകാലമാണ്. മന്തി എന്ന പേരിൽ നിങ്ങടെ ഹോട്ടൽകാർ മിച്ചം വന്ന മാംസം, വൃത്തിഹീനമായ ഇടങ്ങളിൽ വെച്ച് പുഴുങ്ങി കൊടുക്കാനും തുടങ്ങി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
1000 രൂപ വെള്ളിയാഴ്ച ഫാമിലി യോടൊപ്പം ഹോട്ടലിൽ ചിലവഴിച്ച് 2000 രൂപ പിറ്റേന്ന് ഹോസ്പിറ്റലിൽ ഫുഡ് പോയിസൻ്റെ മരുന്ന് മേടിക്കാൻ ഒരു മടിയുമില്ലാ നിങ്ങൾക്ക് എന്നറിയാം. എന്നാലും കുഞ്ഞുങ്ങളുമായി ഒക്കെ ഹോട്ടലിൽ പോകുന്നതിന് മുമ്പ് ഹോട്ടലിനെ പറ്റി ഒന്ന് കേട്ടറിഞ്ഞ് പോകുക… രുചിയോടൊപ്പം വൃത്തിയും നോക്കുക… മയൊന്നൈസും സോസ്സും ഒക്കെ കൂട്ടിക്കുഴച്ച് വൃത്തികേടാക്കാതിരിക്കുക.
എന്ന് ചില ഹോട്ടലുകാർ കാരണം ചീത്തപ്പേര് വീണ ഷവർമയോടൊപ്പം നിങ്ങളുടെ സ്വന്തം
കുഴിമന്തി..