Author: Shihab

ഞാനൊരു പ്രവാസി.. എഴുതാൻ ഇഷ്ടമാണ്.. ശ്രമിക്കുന്നു.. ഒന്നും ശെരിയാവുന്നില്ല… വായന, സംഗീതം, കുക്കിംഗ്‌, ക്രാഫ്റ്റിംഗ് etc… ഇഷ്ടം.

ഇരുളിനെ വിട്ടു സന്ധ്യ പകലിനു വഴി മാറിയിട്ടും പുലർകാല സൂര്യന്റെ പൊൻ കിരണങ്ങളെ ഭൂമിയെ തഴുകാനയക്കാതെ ആരോടോ വാശിതീർക്കും പോലെ മഴമേഘ പ്രാവുകൾ തടഞ്ഞു നിർത്തിയിരിക്കുന്നു. ഉദിച്ചുവന്ന പൊൻകിരണങ്ങളുടെ ചുടുനിശ്വാസമേൽക്കാഞ്ഞിട്ടെന്ന വണ്ണം പരിഭവകൊഞ്ചലോടെ പ്രകൃതിയും പാതി തുറന്ന മിഴികളുമായി തണുപ്പിൻ മൂടുപടമണിഞ്ഞു പാതി മയക്കത്തിലാണ്. പാതി തുറന്ന ജാലകത്തിൻ വിരി മാറ്റി മന്ദമാരുതൻ വന്നു കവിളിൽ ഉമ്മ തന്നു കുളിരേകിയപ്പോൾ തുറക്കാൻ മടിച്ച മിഴികളെ തള്ളി തുറന്നു പുറത്തോട്ടു നോക്കി. മനസ്സിന് കുളിർമ്മയേകിയാ മഴത്തുള്ളികൾ തുള്ളിത്തെറിച്ചു വീഴുന്നു. ഒഴുകിവന്ന മന്ദ മാരുതൻ മേനിയെ തഴുകി കുളിരേകിയപ്പോൾ അറിയാതെ മിഴികൾ അടഞ്ഞു പോകും അന്നേരം. എന്നാലുമെണീറ്റു മഴയൊന്നാസ്വദിക്കാനായി പൂമുഖപ്പടിയിൽ ചെന്നിരുന്നു, മിഴികളെ പ്രകൃതിയിലോട്ടു മേയാൻ വിട്ടു. മേഘങ്ങളിൽ നിന്നുതിർന്നു വീഴുന്ന പവിഴ തുള്ളികൾ പതിച്ചു തുള്ളിക്കളിക്കുന്ന ഇലത്തുമ്പുകൾ. എത്ര തന്നെ കൂട്ടുകൂടാൻ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത ചേമ്പിലത്താളുകൾ. മഴ കാറ്റിനോട് ചേർന്ന് കുളിരേകി കുസൃതി കാണിച്ചതിനാലാവാം വയലോല പച്ചകൾ പരസ്പരം പുണർന്നു ചാഞ്ഞു കിടക്കുന്നു.…

Read More

എന്തോ ഓർക്കുമ്പോൾ മനസ്സിൽ സുഗന്ധം നിറയും പേര്… ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ആഴ്ന്നു പോവുന്നു. ഓടിട്ട വീട്ടിന് മുറ്റത്തു തന്നെ ഒരു മുത്തശ്ശൻ അമ്പാഴ മരമുണ്ടായിരുന്നു. അതിൽ ചുറ്റിപ്പിടിച്ചു വളർന്നൊരു മുല്ല വള്ളിയും. രണ്ടു പേർക്കും അത്യാവശ്യം പ്രായമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലായിരുന്നു ചില്ലകളും കൂടെ മുല്ല വള്ളിപടർപ്പും.. മുല്ല പൂക്കും കാലമായാൽ പിന്നെ രാത്രികൾ മുല്ലയുടെ സൗരഭ്യം പരിസരം നിറയും.. രാത്രിയുടെ രഹസ്യങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ രാവിന്റെ മറവിൽ വിരിഞ്ഞിറങ്ങുന്ന രാജകുമാരി ആയിരുന്നു അവൾ. കറുത്ത കരിമ്പടം അണിഞ്ഞു നിൽക്കുന്ന പ്രകൃതിയിൽ ഉമ്മറത്തിണ്ണയിൽ മാനം നോക്കി മലർന്നു കിടന്നിട്ടുണ്ടോ… തണുപ്പുള്ള ഇളം കാറ്റു വന്നു മുഖത്ത് തഴുകുമ്പോൾ അതിലലിഞ്ഞ മുല്ലയുടെ സുഗന്ധം. ആകാശത്തു തെളിഞ്ഞു നിൽക്കുന്ന താരകങ്ങൾക്കൊപ്പം വിരിഞ്ഞു തുടങ്ങുന്ന മുല്ല മൊട്ടുകളുടെ വെളുത്ത നിറവും കൂടി പ്രകൃതിയെ വല്ലാതെ സുന്ദരിയാക്കിയിരുന്നു. ഇന്നെല്ലാം ഒരു സ്വപ്നം പോലെ അകന്നു പോയിരിക്കുന്നു.

Read More