ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി മൂപ്പായ കാലത്ത് ഞാൻ മണ്ണാർക്കാടാണ്. അന്ന് അച്ഛന് ജോലി അവിടെയാണ്. അമ്മയും അച്ഛനും ഞാനും( ഞാനല്ല അച്ഛൻ്റെ രാജകുമാരി) മാത്രം… അങ്ങനെയിരിയ്ക്കെ അച്ഛനെനിയ്ക്ക് സമ്മാനമായൊരു കളിച്ചങ്ങാതിയെ തന്നു. ഒരു കുരങ്ങ്! അച്ഛന് ഏതോ ഫോറസ്റ്റ് ഓഫീസർ കൊടുത്തതാത്രെ! എൻ്റെ സ്വഭാവത്തിനിണങ്ങിയ ( മേയ്ഡ് ഫോർ ഈച്ച് അദർ )ഒന്നിനെ കിട്ടിയ ഞാൻ അമിതമായി ആഹ്ലാദിച്ചു. അന്നും ഇന്നും തലയിൽ അത്യാവശ്യത്തിന് മുടിയുള്ളതിനാൽ അവൻ്റെ ഹോബി എൻ്റെ തല മസ്സാജ് ചെയ്യലും, ഇല്ലാത്ത പൂച്ചികളെ തലയിൽ നിന്ന് വലിയ്ക്കുകയുമായിരുന്നു. തലയനയ്ക്കിയാൽ കുഞ്ഞാണ്, കുട്ടിയാണ് എന്നൊന്നും ഇല്ല. അടിപാർസലായിട്ട് വരും. ഞങ്ങളൊന്നിച്ച് കുളിയ്ക്കാൻ പോകും. കരിങ്കൽ പാറകളിലൂടെ ഒഴുകി വരുന്ന പുഴവെള്ളത്തിലുള്ള നീരാട്ട് ബഹുകേമം. അച്ഛന് സ്ഥലംമാറ്റം. അച്ഛൻ ഉത്തരേന്ത്യയിലേയ്ക്ക്. ഞാനും അമ്മയും കെട്ടും കെട്ടി തെക്കേ ഇന്ത്യയിലെ കേരളമെന്ന പാവയ്ക്കാനാട്ടിലെ കോഴിക്കോടുള്ള…
