ട്രെയിൻ ഒലവക്കോടു പിന്നിട്ടിരുന്നു. പാലക്കാടിന്റെ മണമുള്ള വല്ലാത്തൊരു ശീതക്കാറ്റ് എന്നെത്തഴുകിയെത്തിത്തുടങ്ങി. ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തിയിട്ടു. നേരം ഇരുട്ടിയിട്ടുകൂടെ ദൂരെകാഴ്ചയിൽ മാനത്തേക്ക് തലയുയർത്തിനിൽക്കുന്ന മലനിരകളും പനയോലകളും കരിംനീലനിറത്തിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. അമാവാസിയായിട്ടാണോ അതോ മഴക്കാറ് കാരണമാണോയെന്നറിയില്ല , വല്ലാത്തൊരു ഇരുട്ടുണ്ടായിരുന്നു പുറത്ത്. എൻ്റെ എതിർവശത്തിരിക്കുന്ന മദ്ധ്യവയസ്കൻ ഉറക്കംതൂങ്ങി ഇപ്പോ വീഴുമെന്ന സ്ഥിതിയിലായിട്ടുണ്ട്: എൻ്റെ തൊട്ടടുത്ത സീറ്റിലെ ചെറുപ്പക്കാരൻ ഒറീസക്കാരനോ മറ്റോ ആണ്. അയാളാണെങ്കിൽ ഒരിടത്ത് അടങ്ങിയിരിക്കാത്ത സ്വഭാവമാണുതാനും. അതുകൊണ്ടുതന്നെ ഒന്നു പരിചയപ്പെടാൻ സാധിച്ചില്ല. അല്ലെങ്കിലും ഇപ്പോ പരിചയപ്പെട്ടിട്ട് എന്തിനാ? ഒരു രാത്രിമാത്രം ഒന്നിച്ചു യാത്രചെയ്യാൻ വിധിക്കപ്പെട്ടവർ!’ ലക്ഷ്യസ്ഥാനത്തെത്തിയാൽ അപരിചിതരായിത്തന്നെ അവരവരുടെ ലോകത്തേക്കു നടന്നകലും. ജീവിതം പോലെതന്നെ. ഓരോരുത്തരെയായി ജീവിതത്തിൻ്റെ ഏതൊക്കെയോ തിരിവുകളിൽവെച്ചു കണ്ടുമുട്ടുന്നു. ചില വേദനകൾ തന്നും ചില പാഠങ്ങൾ തന്നും ഒന്നും സംഭവിക്കാത്തതുപോലെ അവർ നടന്നകലും. ഓർത്തപ്പോൾ അറിയാതൊരു നെടുവീർപ്പ് എന്നിലുയർന്നു. ഞാൻ സീറ്റിലേക്കു ചാഞ്ഞിരുന്നുകൊണ്ട് പുറത്തേക്കുനോക്കി. ഇപ്പോൾ ഏതോ വെളിമ്പ്രദേശത്തു കൂടെയാണ് യാത്ര. ഇരുട്ടായതുകൊണ്ട് പുറംകാഴ്ചകൾക്ക് വിരാമമായിരിക്കുന്നു. എങ്കിലും വെറുതേ…
Author: Neethi Balagopal
മറവി മനുഷ്യന് അനുഗ്രഹമാണ് എന്നൊക്കെ പറയുന്നവർക്ക് അതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോഴെ അറിയൂ, അതൊക്കെ ചുമ്മാ പറയുന്നതാണെന്ന്. പലകാര്യങ്ങളും മറക്കണം എന്നുതന്നെയാണ് എനിക്കും ആഗ്രഹം. പക്ഷേ ചില അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴല്ലെ ഓർമ്മശക്തി എത്രത്തോളം ആവശ്യമാണെന്ന് അറിയുന്നത്.. കുറച്ചുനാളുകൾക്ക് മുമ്പേ സംഭവിച്ചതാണ് കേട്ടോ.. ഞാനും എൻ്റെ കെട്ടിയോൻ പ്രമോദും ചേർന്ന് ടൗണിലേക്ക് പോകാൻ ടു വീലറിൽ കയറി യാത്രയായി. പാതിവഴി പിന്നിട്ടുകഴിഞ്ഞിരുന്നു. തലയ്ക്ക് നല്ലോണം കാറ്റടിച്ചപ്പോഴാണ് എനിക്ക് ഓർമ്മവന്നത് എൻ്റെ തലയിൽ ഒന്നുമില്ലായെന്ന്. അതായത് ഹെൽമെറ്റ് ഇടാൻ മറന്നുപോയിയെന്ന്.. നിങ്ങൾക്കൊക്കെ ഇത് നിസ്സാരമായിരിക്കും. പക്ഷേ എനിക്കങ്ങിനെ അല്ലഹേ! “പ്രമോദ് ” എന്ന എൻ്റെ അദ്ദേഹം, എന്നെ ചെറുപ്പം മുതൽ ശീലിപ്പിച്ചതാണ് ഹെൽമെറ്റ് ധരിക്കണം എന്ന്. അതുകണ്ടാണ് കേരളഗവൺമെൻ്റ് പോലും കേരളത്തിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതെന്നാണ് എൻ്റെ ഒരിത്.. അങ്ങിനുള്ള ഞാനാണ് മറന്നുപോയത്. ഓർമ്മവന്നപാടെ ഞാൻ വിളിച്ചുപറഞ്ഞു, “അയ്യോ ഞാൻ ഹെൽമെറ്റ് മറന്നു പോയി” . ശേഷംഭാഗം സ്ക്രീനിൽ.. വെടി, പൊക, അടി, കുത്ത്..ഇതൊക്കെ പ്രതീക്ഷിച്ചു. അദ്ദേഹം…
തോരാതെ പെയ്യുന്ന മഴ അലസതയൂട്ടി വളർത്തുന്നുണ്ടങ്കിലും ചില്ലുജാലകത്തിൽപ്പതിക്കുന്ന മഴച്ചീളുകൾ എന്റെ ഓർമ്മകളെ മാടി വിളിക്കുന്നുണ്ട്, പുഴയോരത്തേക്ക്.. പുഴയോരത്തെ കൊച്ചുവീട്ടിലേക്ക്.. അവിടെ ജനാലക്കമ്പിയിൽ പിടിച്ച് മഴയെ കൊതിയോടെ നോക്കിക്കണ്ടിരുന്ന ഒരു ബാലികയുണ്ടായിരുന്നു. ജനലിനു പുറത്ത് ചെരിഞ്ഞുപെയ്യുന്ന മഴനൂലുകളെപ്പിടിച്ചുകെട്ടി ഒരേണിയാക്കി മാനത്തേക്ക് അള്ളിപ്പിടിച്ചുകയറി ദേവലോകം കാണാൻകൊതിച്ച ബാല്യം. അമ്മയും അടുത്ത വീട്ടിലെ അമ്മുമ്മയും ലളിതേച്ചിയും പറഞ്ഞുതന്നിരുന്ന പുരാണകഥകളിലെ ഓരോ കഥാപാത്രത്തെയും മനതാരിൽ സങ്കൽപിച്ച് ദിവാസ്വപ്നം കണ്ടിരുന്ന ഒരു കൊച്ചുബാലികയെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, കോരിച്ചൊരിയുന്ന മഴയത്ത്, നീലംമുക്കിയ വെള്ളസാരി ചുറ്റി, തുമ്പുകെട്ടിയ ഈറൻമുടിയിൽ ചുവന്നറോസാപ്പൂ ചൂടിയ ലക്ഷമി ടീച്ചർ കുടയും പിടിച്ച് നടന്നുവരുന്നുണ്ട്. ടീച്ചറുടെ കൈയിലെ കറുത്തബാഗു നിറയെ ഞങ്ങൾ കുട്ടികൾക്കുള്ള പ്രതീക്ഷയാണ്. ടീച്ചറുടെ സ്നേഹം ചുവന്നറോസാപ്പൂക്കളായി വർഷിക്കുന്ന ആ നിമിഷങ്ങളിലേക്കുള്ള പ്രതീക്ഷ… എന്നെ സ്കൂളിൽ ചേർക്കുംമുന്നേ തന്നെ ലക്ഷമിട്ടീച്ചറെ എനിക്കറിയാമായിരുന്നു. എനിക്കു മുന്നേ നിഷേച്ചിയും എന്റെ ഏട്ടനും പറളിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള എൽ പി സ്കൂളിൽ പഠിച്ചിരുന്നു. അമ്മൂമ്മയുടെ, അദ്ധ്യാപികയായ ചെറുമകൾ രാജിച്ചേച്ചിയും അവരുടെ…
ഓർമ്മകൾ, വ്യത്യസ്തമായ പരിമളംതൂകുന്ന സുഗന്ധദ്രവ്യങ്ങൾ നിറച്ച ചില്ലുകുപ്പികൾപോലെയാണ്. വൈവിധ്യമാർന്ന വാസനകൾ നിറഞ്ഞകുപ്പികൾ. കർപ്പൂരത്തിന്റ, കളഭത്തിന്റെ, കൈതപ്പുവിന്റെ പനിനീർപ്പൂവിന്റെ, മാമ്പൂവിന്റെ, പപ്പടമാവിന്റെ. അങ്ങനെയങ്ങനെ അനേകം സൗരഭ്യമുള്ളഓർമ്മകൾ നിറഞ്ഞ പലതരംകുപ്പികൾ. മനസിന്റെ അടപ്പുതുറന്ന് പുറത്തേക്കൊഴുകിവരുന്ന സുഗന്ധമുള്ള ഓർമ്മകൾ. മൗനംനിറഞ്ഞ ഇടനാഴിയുടെ ജാലകത്തിനരികിൽ ഈറനോടെത്തിയ കാറ്റേറ്റ് ഇരിക്കുമ്പോൾ ഓർമ്മകളുടെ കളിയോടംതുഴഞ്ഞെത്തിയത് സൗരഭ്യം ഏറെയുള്ള മനസിന്റെതുരുത്തിലാണ്. ആ കാറ്റിൽ ഒഴുകിയെത്തുന്ന മാമ്പൂമണത്തോടൊപ്പം എവിടെയോനിന്ന് ശരണംവിളികൾ ഉയരുന്നുണ്ടോ? ഒന്നു കാതോർത്താൽ എനിക്കതു കേൾക്കാം. സുഖകരമായ ഓർമകളാണെല്ലാം.. അച്ഛനു സ്ഥലംമാറ്റംകിട്ടി, അമ്മയുടെ ഒക്കത്തേറി പറളിയിലേക്കു താമസംമാറിയത്, എനിക്കു മൂന്നുവയസുള്ളപ്പോഴാണ്. കണ്ണൂരിൽനിന്നു പറളിയിലേക്കൊരു പറിച്ചുനടൽ. നിളയുടെ പാട്ടുകേട്ടുറങ്ങാൻ പറ്റുന്നദിക്കിലായിരുന്നു വാടകവീടു കിട്ടിയത്. സുന്ദരമായ സ്ഥലം!. അതിലേറെ നന്മനിറഞ്ഞ ആൾക്കാർ : അത്രയേറെ സ്നേഹം നമുക്കവിടെനിന്നു കിട്ടിയിട്ടുണ്ടായിരുന്നു. അയൽപക്കത്തെ അമ്മൂമ്മയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഒരുവലിയകുടുംബത്തിലേക്ക് ഞങ്ങളുംകൂടെ എത്തിച്ചേരുകയായിരുന്നു എന്നുപറയാം. ആ കൊച്ചുമക്കളുടെ കൂട്ടുകാരോ സഹോദരങ്ങളോ എല്ലാമായി ഞങ്ങളും.. ആഹ്ലാദത്തിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വൈകുന്നേരങ്ങളിൽ ഞങ്ങൾ പുഴയിൽകുളിക്കാൻ പോകുമായിരുന്നു. അവിടമാകെ കൈതപ്പൂവിരിഞ്ഞു നിൽപ്പുണ്ടാവും.…
അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചവെയിലിന് കടുപ്പമേറിവരുന്ന തേയുണ്ടായിരുന്നുള്ളൂ.. അവധിദിവസത്തിൻ്റെ ആലസ്യമകറ്റിക്കൊണ്ട് സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു ജോമോൻ. ഓർക്കാപ്പുറത്ത് രണ്ടുഭാഗത്തുകൂടെയും നീണ്ടുവന്ന രണ്ടുകൈകളിലേക്ക്, ധൃതഗതിയിൽ താളമിടുന്ന ഹൃദയമിടിപ്പ് നേരേയാക്കാൻ ശ്രമിച്ചുകൊണ്ട് ജോമോൻ തുറിച്ചുനോക്കി. ഒരുഭാഗത്ത് മാമ്പഴം, മറുഭാഗത്ത് മുന്തിരി. ആദ്യം ഏതെടുക്കണം? ആദ്യം മാമ്പഴമെടുത്താൽ ഭാര്യ എൽസി കോപിക്കും, അതല്ല മുന്തിരിയെടുത്താൽ അമ്മച്ചി ഏലിയാമ്മ കോപിക്കും. രണ്ടായാലും വഴക്ക് ഉറപ്പാണ്. രണ്ടുംകൂടി ഒന്നിച്ച് എടുത്താലോന്നും അയാളോർത്തു. പെട്ടെന്നെഴുന്നേറ്റ അയാൾ പറഞ്ഞു, “എന്നാ കാര്യം എന്നറിഞ്ഞൂടാ. വയറ്റിനകത്തുകിടന്ന് എന്തോ ഉരുണ്ടുമറിയുന്നു. ഒന്ന് ഫ്രഷ് ആയേച്ചും വരാവേ “. എന്നുംപറഞ്ഞ് ജോമോൻ മെല്ലെ എഴുന്നേറ്റ് ടോയ്ലറ്റിലേക്കുനടന്നു. അവിടെനിന്ന് രണ്ടുപേരും കാണാതെ പുറത്തിറങ്ങി, വണ്ടിയെടുത്ത് ലക്ഷ്യമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു.. ഈയിടെയായി അയാൾക്ക് അനാവശ്യ കറക്കം കൂടുതലാണ്. വേറെ രക്ഷയില്ലാഞ്ഞിട്ടാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. അന്നത്തെ കറക്കം കഴിഞ്ഞു വീട്ടിലെത്തി, മുറ്റത്ത് സ്കൂട്ടി നിർത്തി ഇറങ്ങുമ്പോഴേക്കും ജോമോൻ അകത്തുനിന്നുയർന്നു വന്ന കോലാഹലം കേട്ടു. അകത്തേക്കു കയറണോ എന്ന് ഒരുനിമിഷം സംശയിച്ചുനിന്നു. ഇന്നിപ്പോ…
ഗുൽമോഹർ പൂത്തുലഞ്ഞ താഴ്വരയിലൂടെ റുഹാനിയുടെ കൈയിൽപിടിച്ച് നടന്നുവരികയായിരുന്നു അശോക്. തടാകത്തിന്റെ വടക്കുനിന്നെത്തിയ തണുത്തുമരച്ച കാറ്റ് അവരെ തൊട്ടുകടന്നുപോയി. അവൾ അശോകിന്റെ കൈവിടുവിച്ച് സ്കൂൾബാഗിൽനിന്നും കൈയുറകൾ എടുത്തുധരിച്ചു. കാറ്റിൽപറക്കുന്ന അവളുടെ തട്ടം നോക്കി അവൻപറഞ്ഞു. ”ഞാനപ്പോഴേ പറഞ്ഞതല്ലേ.. നിന്റെ കൈ തണുത്തുമരവിച്ചുപോകുമെന്ന് “. തണുപ്പുകാരണം അവളുടെ ചുണ്ടുകൾ നീലിച്ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്നവരെല്ലാം തണുപ്പകറ്റാനെന്നോണം കൈകൾ കൂട്ടിത്തിരുമ്മുകയും അതിന്റെ ചൂട് മുഖത്ത് പുരട്ടുകയും ചെയ്തു. അശോകും റുഹാനിയും സഹപാഠികളാണ്. അവരുടെതന്നെ സ്കൂളിലെ മൂന്നുകുട്ടികളുംചേർന്ന് എന്നും ഒരുമിച്ചാണ് തടാകത്തിന് അപ്പുറത്തുള്ള സ്കൂളിൽ പോക്കുവരവ്. ദിവസവും കാലത്ത് റൂഹാനിയുടെ അബ്ബ റസാഖ് , കുട്ടികളെ ഷിക്കാരയിൽ കയറ്റി സ്കൂളിലേക്ക് പോകാൻ കരയിൽ ഇറക്കിക്കൊടുക്കും. എന്നിട്ട് അയാൾ ജോലിക്കുപോകും.. തിരിച്ചുവരുന്നത് മിക്കവാറും അശോകിൻ്റെ അച്ഛന്റെ കൂടെയാവും . തണുപ്പ് കൂടുതലുള്ള ദിവസങ്ങളിൽ വെയിൽ ചായുന്നതിനുമുൻപ് മാസ്റ്റർജി സ്കൂൾ വിടുമായിരുന്നു. തണുപ്പുകാലത്ത് ദിവസങ്ങളോളം , സൂര്യനുദിക്കാത്തതുപോലെ ആ പ്രദേശം മുഴുവൻ കോടയിൽ പുതഞ്ഞ് ഇരുണ്ടുകിടന്നു. ആ ദിവസങ്ങളിൽ സ്കൂൾ അടഞ്ഞുകിടന്നു.…
“ടേക് യുവർ ഓൺ വെയ്റ്റ് ” വളരെ വർഷങ്ങൾക്കുമുൻപ് സീ ടിവിയിൽ വന്നുകൊണ്ടിരുന്ന ‘ഡാൻസ് ഇൻഡ്യ ഡാൻസ് (DID) ‘ എന്ന റിയാലിറ്റി ഷോയിലെ നർത്തകൻ നർത്തകിയെ എടുത്തുപൊക്കിയപ്പോൾ ബാലൻസ് തെറ്റി ചെറുതായൊന്നിടറിയതു കണ്ട് ജഡ്ജിമാരിലൊരാളായ ടെറൻസ് ലൂയിസ് അവർക്ക് കൊടുത്ത ഉപദേശമായിരുന്നത്. ഒരാൾ മറ്റൊരാളെ എടുത്തു പൊക്കുമ്പോൾ അവർ സ്വയം അവരുടെ ഭാരംതാങ്ങുക എന്ന ടെക്നിക്.. അപ്പോൾ എടുത്തു പൊക്കുന്നയാൾക്ക് ഭാരക്കൂടുതൽ അനുഭവപ്പെടില്ല എന്ന്. അതെങ്ങനെയെന്നും എന്താണ് സ്വയം ഭാരം താങ്ങുന്നതിലെ വ്യത്യാസം എന്നും എനിക്ക് മനസിലായില്ല, എന്റെ അമ്മ വീണു കൈയൊടിഞ്ഞ് ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിക്കിടക്കയിലാവും വരേയ്ക്കും. അമ്മയ്ക്ക് സർജറി കഴിഞ്ഞദിവസം, എഴുന്നേൽക്കാനോ മറ്റൊന്നിനും സാധിക്കാതെവന്നപ്പോൾ കൂടെയുണ്ടായിരുന്ന ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അഡ്ജസ്റ്റ് ചെയ്യുന്ന തരം ബെഡ് അല്ലാത്തതുകൊണ്ട് അമ്മയ്ക്ക് വെള്ളം കുടിക്കണമെങ്കിൽ തല പൊക്കിക്കൊടുക്കണം. അമ്മ സ്വയം ഒട്ടും ശ്രമിക്കില്ല. വയ്യായിട്ടാവും. മുഴുവൻ ഭാരവും താങ്ങേണ്ടിവരുമ്പോൾ തലപോലും പൊക്കാൻ വയ്യാത്ത അവസ്ഥ. കൈയിലൊരു സർജറി കഴിഞ്ഞ ഒരാൾക്ക്…
പുതിയ വീട്ടിലേക്ക് താമസം മാറി അധിക നാളുകളായിട്ടുണ്ടായിരുന്നില്ല.. ചുറ്റുപാടും ഉളളവരെയൊക്കെ പരിചയപെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ . അയൽപക്കത്തുള്ള ചേട്ടൻമാരെയും ചേച്ചിമാരെയും സമപ്രായക്കാരെയും പരിചയപ്പെട്ട് ഒരുവിധം പുതിയനാടുമായി ഇണങ്ങിവരുന്ന നാളുകളിലൊന്നിലാണ് ഒരു രാത്രിയിൽ രണ്ടു പുരുഷൻമാരുടെ ഉറക്കെയുള്ള സംസാരം കേൾക്കാനിടയായത് . ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് , സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടത്തിന് കീഴെനിന്ന് രണ്ടുപേർ തമ്മിൽ വഴക്കു കൂടുന്നതാണ് ! .. മദ്യപിച്ച് മദോന്മത്തരായ രണ്ടുപേർ , കണ്ടാൽ എഴുപതിനുമേൽ പ്രായം, മെ ലിഞ്ഞ ശരീരം.. ലുങ്കിയും ഷർട്ടും വേഷം. പലപ്പോഴും ശബ്ദമുയർത്തി സംസാരിക്കുന്നതിനിടയിൽ അവർ വേച്ചുവീഴാൻ പോകുന്നുണ്ടായിരു ന്നു. വഴക്കു കൂടുന്നതിനിടയിലും ഒരാൾ വീഴുമ്പോൾ മറ്റേയാൾ താങ്ങാവുന്നത് ഞങ്ങളിൽ കൗതുകമുണർത്തി . അരമണിക്കൂർ നേരത്തെ വഴക്കിനൊടുവിൽ രണ്ടുപേരും കോംപ്രമൈസ് ചെയ്ത് തോളിൽ കൈയിട്ട് ആടിയാടി ഇരുട്ടിൻ മറവിൽ അലിഞ്ഞുചേരുംവരേയ്ക്കും ഞങ്ങൾ നോക്കിനിന്നു . എല്ലാ കണ്ണുകളിലും അത്ഭുതമായിരുന്നു. ആദ്യമായാണ് ഇങ്ങനൊരു കാഴ്ച കാണുന്നത് . രണ്ടു മദ്യപാനികളുടെ വിചിത്രമായ പെരുമാറ്റമെന്ന് ഞങ്ങൾ…
നാലാമത്തെ പീരിയഡുംകഴിഞ്ഞ് ലഞ്ച് ബ്രേക്കിനു ബെല്ലടിച്ചപ്പോൾ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് തൂണിന്റെ ഒരു കോണിൽ ഇന്ദുവിന്റെ കാലുതട്ടിയതും ചെരുപ്പിന്റെ വാറു പൊട്ടിയതും. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ അവിടെനിന്നു. കടന്നുപോകുന്ന വിദ്യാർത്ഥികളെ നോക്കി ചെറിയ ചമ്മലടക്കി, ഒന്നു പുഞ്ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളിലൊരു സ്പർശനത്തോടൊപ്പം ഗീതടീച്ചറുടെ ശബ്ദവും കാതിൽപ്പതിഞ്ഞു. “ഇന്ദു പ്രിൻസിപ്പലിന്റെ ഓഫീസിലേക്കാണോ?” “അല്ല. സ്റ്റാഫ്റൂമിലേക്ക്. എന്തേ?” “പങ്കജാക്ഷൻ പറഞ്ഞില്ലേ ഓഫീസിൽ ചെല്ലാൻ. ഒരുപക്ഷേ നിന്നെ കണ്ടു കാണില്ല. ഏതായാലും നീ വാ. ഞാനും അങ്ങോട്ടേക്കു തന്നെയാ” പങ്കജാക്ഷൻ സ്കൂളിലെ പ്യൂൺ ആണ്. ഇന്ദുവും ഗീതയുംകൂടെ ഓഫീസിലേക്കു നടന്നു. കാലുവലിച്ചുള്ള ഇന്ദുവിന്റെ നടപ്പുകണ്ട് ഗീതടീച്ചർ പറഞ്ഞു “പൊട്ടിയോ? എന്റെ ഇന്ദു ഈ ചെരുപ്പൊന്നു മാറ്റാൻ ഞാൻ ഇന്നലെക്കൂടെ പറഞ്ഞതല്ലേ? പൊട്ടാറായി എന്ന് ഏതു കണ്ണുപൊട്ടനും പറയും ” അതിന് മറുപടി പറയാതെ, താലിമാലയിൽ കൊരുത്തിരുന്ന സേഫ്റ്റിപിൻ ഊരി ചെരുപ്പിന്റെ സ്ട്രാപ്പിൽ ഘടിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും പാഴായി. അപ്പോഴേക്കും ഓഫീസ്റൂമെത്തി. പുറത്ത് ചെരുപ്പൂരിയിട്ട് പ്രിൻസിപ്പാളിനോട്…